അല്‍അസ്ഹര്‍ സര്‍വകലാശാല:കാലത്തിനൊപ്പം മുന്നോട്ട്
സര്‍വ്വകലാശാലകളില്‍ ഏറ്റവും പഴക്കമേറിയ രണ്ടാമത്തേതാണ് ഈജിപ്തിലെ അല്‍അസ്ഹര്‍. ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക സര്‍വ്വകലാശാലയെന്നാണ് അല്‍അസ്ഹര്‍ ഇന്നും അറിയപ്പെടുന്നത്. കൈറോ ജുമാമസ്ജിദ് എന്ന പേരിലായിരുന്നു ഇതിന്റെ സ്ഥാപനം. ഫാതിമി ഭരണകാലത്ത്, ഹിജ്റ 359 (ക്രി.970)ലായിരുന്നു അത്. പ്രമുഖരായ പണ്ഡിതരുടെ അധ്യാപനത്തിലൂടെ ഇത് വളരെ വേഗം പ്രസിദ്ധിയാര്‍ജ്ജിച്ചു. ഈജിപ്തില്‍ ശേഷം മാറിമാറി വന്ന ഭരണകൂടങ്ങളെല്ലാം അല്‍അസ്ഹറിനെ വളര്‍ത്തുകയും സമൃദ്ധമാക്കുകയും ചെയ്തു. അസ്ഹറില്‍നിന്ന് പഠിച്ചിറങ്ങുന്ന പണ്ഡിതര്‍ക്ക് കാലാകാലങ്ങളിലും ഈജിപ്ഷ്യന്‍ സമൂഹം പ്രത്യേക പരിഗണനയും അംഗീകാരവും നല്‍കിപ്പോന്നു. അവിടത്തെ രാഷ്ട്രീയ കാര്യങ്ങള്‍ വരെ തീരുമാനിക്കുന്നത് ഒരു കാലത്ത് അസ്ഹറും അവിടത്തെ പണ്ഡിതരുമായിരുന്നു. ഹിജ്റ പതിനൊന്നാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് ശൈഖുല്‍അസ്ഹര്‍ എന്ന പദവി നിലവില്‍ വരുന്നത്. ഇന്നും ലോകതലത്തില്‍ ശ്രദ്ധിക്കപ്പെടുന്നതാണ് ആ സ്ഥാനം. ഈജിപ്തിന് നേരെ ഫ്രഞ്ച് ആക്രമണമുണ്ടായപ്പോഴും അസ്ഹര്‍ സുരക്ഷിതമായി നിലകൊണ്ടു. ഫ്രഞ്ച് സൈന്യാധിപന് അസ്ഹറിനെക്കുറിച്ചും അതിന് സമൂഹത്തിലുള്ള സ്വാധീനത്തെക്കുറിച്ചും നന്നായറിയാമായിരുന്നു. അത്കൊണ്ട് തന്നെ അവരുമായി നല്ല ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. പക്ഷേ, ഫ്രഞ്ച്കാരുടേത് വഞ്ചനാധിഷ്ഠിതമായ രാഷ്ട്രീയമാണെന്ന് തിരിച്ചറിഞ്ഞതോടെ അവര്‍ക്കെതിരെയുള്ള സമരത്തിന് അസ്ഹര്‍ തന്നെ നേതൃത്വം കൊടുക്കുന്നതാണ് പിന്നീട് ചരിത്രം കാണുന്നത്. ശേഷം മുഹമ്മദ് അലിഅല്‍കബീറിന്റെ ഭരണം വന്നപ്പോഴും അസ്ഹര്‍ വൈജ്ഞാനികചലനങ്ങളാല്‍ സമ്പന്നമായിരുന്നു. ഇറ്റലി, ഫ്രാന്‍സ്, റഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിലേക്ക് അദ്ദേഹം അയച്ച സംഘങ്ങളിലെല്ലാം അസ്ഹറിന്റെ ഉല്‍പന്നങ്ങളായിരുന്നു ഭൂരിഭാഗവും. അവര്‍ തിരിച്ചെത്തിയതോടെ വിവിധ വിജ്ഞാനശാഖകളും ആധുനിക പഠനരീതികളും അസ്ഹറിലും നടപ്പിലാക്കപ്പെട്ടു. അതിനെതുടര്‍ന്ന് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും തെരഞ്ഞെടുക്കുന്നതിലും പഠനസമ്പ്രദായങ്ങളിലും കാര്യമായ മാറ്റങ്ങള്‍ തന്നെ നിലവില്‍വന്നു. 1908 ല്‍ അസ്ഹറിന് മാനേജിംഗ് ബോഡ് നിലവില്‍വന്നു. ശൈഖുല്‍ അസല്ഹറിന് പുറമേ, വിവിധ ഈജിപ്ഷ്യന്‍ പ്രവിശ്യകളിലെ മുഫ്തിമാരും നാല് മദ്ഹബുകളിലെ പണ്ഡിതരും അടങ്ങുന്നതായിരുന്നു. ബോഡ്. പ്രൈമറി, സെക്കണ്ടറി, ഡിഗ്രി എന്നിങ്ങനെ പാഠ്യപദ്ധതിയെ നാല് വര്‍ഷം വീതമുള്ള മൂന്നായി തിരിച്ചതും അന്നായിരുന്നു. പാഠ്യഘട്ടങ്ങളെ നാലായി തിരിച്ചുള്ള 1931 ലെ നിയമഭേദഗതിയാണ് ആധുനിക അസ്ഹറിന് അടിത്തറ പാകിയത്. അതെതുടര്‍ന്ന് ഒട്ടേറെ പരിഷ്കാരങ്ങളും പഠന രീതികളും അവലംബിക്കപ്പെട്ടു. പ്രത്യേക വിഷയങ്ങള്‍ തെരഞ്ഞെടുത്ത് സ്പെഷ്യലൈസ് ചെയ്യുന്ന രീതി തുടങ്ങിയതും അതോടെയാണ്. 1961ഓട് കൂടി ആധുനിക അസ്ഹറിന്റെ രൂപം പൂര്‍ണ്ണമായി. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു പോലെ സ്ഥാപനത്തിലേക്ക് ഒഴുകാന്‍‍ തുടങ്ങി. അറബി, ശരീഅ തുടങ്ങിയവക്കൊപ്പം വൈദ്യശാസ്ത്രം, ദന്തവൈദ്യം, ഫാര്‍മസി, എന്‍ജിനീയറിംഗ്, മാനേജ്മെന്റ്, ബിസിനസ്, ഭാഷകള്‍, ഭാഷാന്തരം തുടങ്ങിയവയും പാഠ്യപദ്ധതിയിലേക്ക് ചേര്‍ക്കപ്പെട്ടു. അതോടെ അസ്ഹര്‍ ആധുനിക സര്‍വ്വകലാശാലകള്‍ക്കൊപ്പവും തലയുയര്‍ത്തി തന്നെ നിലകൊണ്ടു. ഇന്നും ലോകമുസ്ലിംകളുടെ വൈജ്ഞാനികനാഴികക്കല്ലുകള്‍ കണക്കെടുക്കുമ്പോള്‍ അസ്ഹറിന്റെ പേര് തന്നെയാണ് മുന്‍പന്തിയില്‍ വരുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter