എസ്.എസ്.എല്‍.സി, പ്ലസ്ടു, ശേഷം...
വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കരണങ്ങളുടെ ഗതി പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത് എസ്.എസ്.എല്‍.സി. കോഴ്‌സിന് പ്രാധാന്യം കുറയുകയും തല്‍സ്ഥാനം പ്ലസ് ടു സര്‍ട്ടിഫിക്കറ്റ് കയ്യടക്കുമെന്നുമാണ്. അങ്ങനെ നോക്കുമ്പോള്‍ സമീപകാല ഭാവിയില്‍ ഹയര്‍ സെക്കണ്ടറി എന്ന പ്ലസ്ടു കോഴ്‌സ് ഏതൊരു ജോലിയുടെയും തുടര്‍ പഠനത്തിന്റെയും അടിസ്ഥാന രേഖയായി മാറിയേക്കും. ഉന്നത പഠനം; തൊഴില്‍ പ്ലസ്ടു കോഴ്‌സിന് സയന്‍സ് സ്ട്രീം തെരഞ്ഞെടുക്കുന്നവര്‍ക്ക് തുടര്‍പഠനത്തിന് മെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയിലേക്ക് പ്രവേശിക്കാം. എന്നാല്‍ ഈ രംഗത്ത് എത്തിപ്പെടണമെങ്കില്‍ എന്‍ട്രന്‍സ് പരീക്ഷ എന്ന കടമ്പ കടക്കണം. എന്‍ട്രന്‍സ് പരീക്ഷയിലെ റാങ്കിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി സിവില്‍, മെക്കാനിക്കല്‍, കെമിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഓട്ടോ മൊബൈല്‍, കമ്പ്യൂട്ടര്‍, കമ്മ്യൂണിക്കേഷന്‍, എയറോനോട്ടിക്‌സ്, പെട്രോ കെമിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, പ്രൊഡക്ഷന്‍, നേവല്‍, ആര്‍ക്കിടെക്ചര്‍, ടെക്‌നിക്കല്‍ വിഭാഗങ്ങളിലുള്ള പരശ്ശതം എഞ്ചിനീയറിംഗ് കോഴ്‌സുകള്‍ക്കും എം.ബി.ബി.എസ്, ബി.ഡി.എസ്. ബി.എ. എം.എസ്.ബി., എച്ഛ്.എം.എസ്., ബി.യു.എം.എസ്, ബി.എസ്.സി. നഴ്‌സിംഗ്, ബി.ഫാം തുടങ്ങിയ മെഡിക്കല്‍ കോഴ്‌സുകള്‍ക്കും ചേരാവുന്നതാണ്. ബി.എസ്.സി. അഗ്രികള്‍ച്ചര്‍, ബി.വി.എസ്.സി.& എനിമല്‍ ഹസ്ബന്‍ട്രി, ബി.എഫ്.എസ്.സി. തുടങ്ങിയ അഗ്രികള്‍ച്ചര്‍ കോഴ്‌സുകളിലും ചേരണമെങ്കില്‍ പ്ലസ്.ടു. സയന്‍സ് ഗ്രൂപ്പെടുത്ത് എന്‍ട്രന്‍സ് പാസാകണം. എന്‍ട്രന്‍സ് പരീക്ഷയില്ലാതെ ഈ വിഭാഗക്കാര്‍ക്ക് ചേരാവുന്നതാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍, നഴ്‌സിംഗ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഡെന്റല്‍ റേഡിയേഷന്‍ എക്‌സ്‌റേ, ഇ.സി.ജി. സ്‌കാനിംഗ് ടെക്‌നീഷ്യന്‍, സ്പീച്ച്-ബിഹേവിയറല്‍-സൈക്കോ-ഓക്കുപ്പേഷനല്‍-ഫിസിയോ തെറാപ്പിസ്റ്റ് തുടങ്ങിയവയാണ് പാരാമെഡിക്കല്‍ കോഴ്‌സുകള്‍. നേവി, എയര്‍ ഫോഴ്‌സ്, ആര്‍മി മെര്‍ച്ചന്റ് നേവി തുടങ്ങിയ ഡിപ്പാര്‍ട്ടുമെന്റുകളിലെ ടെക്‌നിക്കല്‍ അപ്രന്റീസ്/ട്രെയിനീസ് വിഭാഗത്തിനും വേണ്ടത് പ്ലസ് ടൂ സയന്‍സ് സ്ട്രീമിലെ വിജയം തന്നെ. പ്ലസ്ടുവില്‍ മുഖ്യമായെടുത്ത് പഠിച്ച വിഷയങ്ങളില്‍ ബി.എസ്.സി.ക്ക് ചേര്‍ന്ന് പഠിച്ച് അധ്യാപന-ഗവേഷണ മേഖലകളിലേക്ക് എത്തിച്ചേരാനും സയന്‍സ് സ്ട്രീമുകാര്‍ക്ക് സാധിക്കും. മെഡിക്കല്‍ എഞ്ചിനീയറിംഗ് കോഴ്‌സുകളില്‍ തന്നെ നൂറുക്കണക്കിന് സ്‌പെഷ്യലൈസേഷന്‍ സാധ്യതകളും ഇവരെ കാത്തിരിക്കുന്നു. ഹ്യൂമാനിറ്റീസ് മുഖ്യ വിഷയമായെടുത്ത് പ്ലസ്ടു വിജയിക്കുന്നവര്‍ക്ക് ഉപരിപഠനത്തിനും തൊഴിലിനും അനന്ത സാധ്യതകളാണ് നിലവിലുള്ളത്. ആര്‍ക്കിയോളജി, ഹിസ്റ്ററി, സോഷ്യോളജി, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ഫിലോസഫി, സൈക്കോളജി, എക്കണോമിക്‌സ്, ക്രിമിനോളജി, ജ്യോഗ്രഫി തുടങ്ങിയ വിഷയങ്ങളില്‍ ഉപരിപഠനത്തിനും തുടര്‍ന്ന് അധ്യാപന-ഗവേഷണ രംഗത്ത് എത്തിപ്പെടാനും ഹ്യൂമാനിറ്റീസ് ഗ്രൂപ്പുകാര്‍ക്ക്സാധിക്കും. എം.ബി.എ., ബി.ബി.എ. ബി.ബി.എം, എം.എസ്. ഡബ്ലിയു, ഐ.സി.എ.ഐ. സി.എ. ബി.കോം തുടങ്ങിയ ബിസിനസ് മാനേജ്‌മെന്റ് ഫിനാന്‍സ് രംഗത്തെ ഒട്ടേറെ കോഴ്‌സുകളും തുടര്‍ന്നുള്ള തൊഴില്‍ സാധ്യതകളും പ്ലസ്ടുവിലെ കൊമേഴ്‌സ് വിഭാഗക്കാര്‍ക്കുള്ളതാണ.് മാര്‍ക്കറ്റിംഗ്, ഫിനാന്‍സ് മാനേജ്‌മെന്റ്, ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ സ്‌പെഷ്യലൈസ് ചെയ്യാനും ഇവര്‍ക്ക് സൗകര്യമുണ്ട്. കൊമേഴ്‌സ് ഗ്രൂപ്പില്‍ കമ്പ്യൂട്ടര്‍ മുഖ്യ വിഷയമായി പഠിച്ചവര്‍ക്ക് ബി.എസ്.സി., കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ., എം.സി.എ., ഡി.സി.എ., പി.ജി.ഡി.സി.എ. തുടങ്ങിയ കമ്പ്യൂട്ടര്‍ മേഖലയിലെ കോഴ്‌സുകള്‍ക്ക് ചേരാം. സിസ്റ്റം സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍ നെറ്റ്‌വര്‍ക്ക്, കമ്പ്യൂട്ടര്‍ മാര്‍ക്കറ്റിംഗ് ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ എന്നിവ ഈ രംഗത്തെ സ്‌പെഷ്യലൈസേഷന്‍ കോഴ്‌സുകളാണ്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കുതിച്ചു കയറിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ കമ്പ്യൂട്ടര്‍ മേഖലയില്‍ അനന്തമായ തൊഴില്‍ സാധ്യതകളുണ്ടെന്നറിയുക. പ്ലസ്ടുവില്‍ ഏത് സ്ട്രീമെടുത്തവര്‍ക്കും ചേരാവുന്ന കോഴ്‌സുകളാണ് ഭാഷാധ്യയന-അധ്യാപന മേഖലയിലുള്ളത്. ഇംഗ്ലീഷിലെയും ഓരോരുത്തരും തെരഞ്ഞെടുക്കുന്ന സെക്കന്റ് ലാംഗ്വേജിലെയും അഭിരുചിയുടെയും മാര്‍ക്കിന്റെയും അടിസ്ഥാനത്തില്‍ അതാത് ഭാഷകളിലെ ഉപരിപഠനത്തിന് ഒട്ടേറെ അവസരങ്ങളുണ്ട്. പ്രൈമറി സ്‌കൂളിലെ ഭാഷാധ്യാപകന്‍ മുതല്‍ അന്താരാഷ്ട്ര രംഗത്ത് നയതന്ത്ര വിഭാഗത്തിലെ ട്രാന്‍സ്‌ലേറ്റര്‍ വരെയായി ജോലി ചെയ്യാന്‍ ഭാഷാരംഗത്ത് ഉപരിപഠനം നടത്തുന്നവര്‍ക്ക് സാധിക്കുമെന്നത് വസ്തുതയാണ്. സ്വദേശ-വിദേശ ഭാഷകള്‍ പഠിപ്പിക്കുന്ന ഒട്ടേറെ ഇന്‍സ്റ്റിറ്റിയൂട്ടുകളും കോളേജുകളും ഇന്ത്യയിലുടനീളമുണ്ട്. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടുകളിലും മറ്റും ഉന്നത ഉദ്യോഗങ്ങള്‍ വഹിക്കുവാന്‍ ഈ മേഖലയിലുള്ളവരെ ആവശ്യമാണ്. ഏത് സ്ട്രീമുകാര്‍ക്കും ചേരാവുന്ന ഒട്ടേറെ കോഴ്‌സുകളും തൊഴിലവസരങ്ങളും വേറെയുമുണ്ട്. പ്ലസ്ടുവിന് ശേഷം താല്‍പര്യമുള്ള ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രിയെടുത്ത് ബി.എഡ്. അല്ലെങ്കില്‍ എം.എ. അല്ലെങ്കില്‍ എം.എഡ്. നേടിക്കഴിഞ്ഞാല്‍ ഹൈസ്‌കൂള്‍-ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ – കോളേജ് – യൂണിവേഴ്‌സിറ്റി തലങ്ങളില്‍ അധ്യാപകരായി ജോലി ചെയ്യാം. യോഗ്യത പരീക്ഷകളും എം.ഫില്‍/പി.എച്ച്.ഡി. എന്നിവയും ഈ രംഗത്തെ അനിവാര്യതയായിത്തീര്‍ന്നിരിക്കയാണു ഇപ്പോഴെന്നത് പ്രസ്താവ്യമാണ്. നിയമ പഠനത്തിനും ഏത് പ്ലസ്ടു വിജയിക്കും ചേരാവുന്നതാണ്. പ്ലസ്ടുകാര്‍ക്കുള്ള പഞ്ച വര്‍ഷ എല്‍.എല്‍.ബി.യും ഡിഗ്രി (ബി.എ./ ബി.എസ്.സി./ബി.കോം.) കാര്‍ക്കുള്ള ത്രിവത്സര എല്‍.എല്‍.ബി.യും നിലവിലുണ്ട്. എല്‍.എല്‍.എം. തുടങ്ങിയ കോഴ്‌സിലൂടെയും ഗവേഷണത്തിലൂടെയും ഈ രംഗത്ത് മുന്നോട്ടുപോകാനും സാധിക്കുന്നതാണ്. വിവര സാങ്കേതിക മേഖല പുരോഗമിക്കുന്ന ഇക്കാലത്ത് ഇന്‍ഫര്‍മേഷന്‍ സയന്‍സ് കോഴ്‌സുകള്‍ക്കും വര്‍ദ്ധിത പ്രസക്തിയുണ്ട്. കേരള ഗ്രന്ഥശാല സംഘം നടത്തുന്ന ലൈബ്രറി സര്‍ട്ടിഫിക്കറ്റ് കോഴ്‌സും വിവിധ യൂണിവേഴ്‌സിറ്റികള്‍ നടത്തുന്ന ലി.ലിബ്, എസ്.സി. കോഴ്‌സുകളും ഈ രംഗത്ത് തൊഴില്‍ നേടാന്‍ സഹായിക്കും. (ലൈബ്രറി സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് എസ്.എസ്.എല്‍.സി. കാര്‍ക്കുള്ളതാണ്.) മീഡിയ-അഡ്വര്‍ടൈസ്‌മെന്റ് രംഗത്ത് വളരെ പെട്ടെന്ന് തൊഴില്‍ നേടാവുന്ന പല കോഴ്‌സുകളും എല്ലാ വിഭാഗം പ്ലസ്ടുകാരെയും പ്രതീക്ഷിച്ചിരിക്കുന്നുണ്ട്. പത്ര മാധ്യമങ്ങളിലും റേഡിയോ, ടി.വി. തുടങ്ങിയ സര്‍ക്കാര്‍-സര്‍ക്കാരേതര മാധ്യമങ്ങളിലും ജോലി നേടാന്‍ സഹായിക്കുന്ന കോഴ്‌സുകളാണ് ഡി.എഫ്.എ., ഡി.സി.ജെ., ബി.എം.സി., എം.സി.ജെ., എം.എഡ്.ടെക്, എം.എഫ്.എ. തുടങ്ങിയ ഡിപ്ലോമകളും ബിരുദങ്ങളും. പബ്ലിക് റിലേഷന്‍ അഡ്വര്‍ടൈസിംഗ്, ബുക് പബ്ലിഷിംഗ്, വീഡിയോ ഫോട്ടോഗ്രാഫി, സൗണ്ട് എഞ്ചിനീയറിംഗ്, മ്യൂസിക് എഡിറ്റിംഗ് തുടങ്ങി ഈ രംഗത്തും സ്‌പെഷ്യലൈസേഷന്‍ സാധ്യതകളേറെയുണ്ട്. ടൂറിസ്റ്റ് അഡ്മിനിസ്‌ട്രേഷന്‍, അക്കമഡേഷന്‍ മാനേജ്‌മെന്റ്, ടൂറിസം ഡവലപ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ടിംഗ്, ലാംഗ്വേജ് ട്രൈനിംഗ്, എയര്‍ഫെയര്‍ ടിക്കറ്റിംഗ്, എസ്റ്റേറ്റ് മാനേജ്‌മെന്റ്, കാര്‍ഗോ ക്ലിയറിംഗ് തുടങ്ങിയ ട്രാവല്‍ ആന്റ് ടൂറിസം രംഗത്തെ വിവിധ ഡിപ്ലോമകളും ഡിഗ്രികളും പഠിച്ച് നേടാന്‍ ഏത് വിഭാഗം പ്ലസ്ടുവില്‍ ജയിച്ചാലും സാധിക്കും. വിമാനക്കമ്പനികളിലും എംബസികളിലും പ്രമുഖ ട്രാവല്‍ ഏജന്‍സികളിലും യാത്രയുമായി ബന്ധപ്പെട്ട സുപ്രധാന ഡിപ്പാര്‍ട്ടുമെന്റുകളിലും തൊഴില്‍ നേടാന്‍ ഈ കോഴ്‌സുകള്‍ പൂര്‍ത്തിയാക്കുന്നതിലൂടെ സാധിക്കും. പ്ലസ്ടുവും ഡിഗ്രിയും കഴിഞ്ഞ ഏതൊരാള്‍ക്കും എത്തിച്ചേരാവുന്ന ഒന്നാണ് ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് മേഖല. രാജ്യത്തെ അത്യുന്നത സര്‍വീസായ ഇതിന്ന് വേണ്ട യോഗ്യത ഏതെങ്കിലുമൊരു ബിരുദത്തിനൊപ്പം ഇരുപത്തൊന്നിനും ഇരുപത്തെട്ടിനും മധ്യേ പ്രായമുണ്ടായിരിക്കുക എന്നതാണ്. സിവില്‍ സര്‍വീസ് പരീക്ഷകളില്‍ വിജയിക്കാന്‍ നല്ല കഴിവും നിരന്തര പരിശീലനവും വേണം. ഐ.എ.എസ്, ഐ.സി.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്, ഐ.എ.എ.എസ്, ഐ.ആര്‍.എസ്, ഐ.ഐ.എസ്, ഐ.ആര്‍.പി.എസ്. തുടങ്ങി ഇരുപത്തിനാല് കേന്ദ്ര സര്‍വീസുകള്‍ ഈ വിഭാഗത്തിലുള്‍പ്പെടുന്നു. മൂന്ന് അവസരങ്ങളില്‍ മാത്രമേ പരമാവധി ഒരാളെ പരീക്ഷക്കിരിക്കാന്‍ അനുവദിക്കുകയുള്ളൂ. സിവില്‍ സര്‍വീസ് മേഖല നമ്മുടെ സമുദായം പാടെ അവഗണിച്ചതിനാല്‍ നാം അനുഭവിക്കുന്ന ദുരിതങ്ങള്‍ ചില്ലറയല്ല. രാജ്യത്തെ പല ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ സംവരണ ക്വാട്ടയില്‍ പോലും തികയ്ക്കാന്‍ സമുദായാംഗങ്ങള്‍ ഇല്ലാത്ത അവസ്ഥയാണിപ്പോള്‍. മെഡിക്കല്‍ എഞ്ചിനീയറിംഗ് മേഖലയ്ക്ക് നല്‍കുന്നതിലേറെ പ്രാധാന്യം സിവില്‍ സര്‍വീസ് രംഗത്തിന് നല്‍കേണ്ടിയിരിക്കുന്നു. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരുമായവര്‍ക്കും ഇക്കാര്യത്തില്‍ ശ്രമം നടത്താവുന്നതേയുള്ളൂ. എല്ലാ രംഗത്തും പ്രാവീണ്യം നേടിയവരെ സമുദായത്തിനാവശ്യമായതിനാല്‍ ഈ മേഖലയും അവഗണിച്ചുകൂടാ. അംഗുലീ പരിമിതമെങ്കിലും സമുദായാംഗങ്ങളില്‍ ചിലരും ചില സംഘടനകളും സിവില്‍ സര്‍വീസ് പഠിക്കാനും പഠിപ്പിക്കാനും രംഗത്ത് വരുന്നുവെന്നത് ശുഭ സൂചകം തന്നെ. അറബി, ഉര്‍ദു, ഹിന്ദി ഭാഷാധ്യാപകരാകാന്‍ സാധിക്കുന്ന അഫ്‌സലുല്‍ ഉലമ, അദീബെ ഫാസില്‍, രാഷ്ട്ര ഭാഷ കോഴ്‌സുകള്‍ അധ്യാപന രംഗത്ത് താല്‍പര്യമുള്ളവര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഇതിന് വേണ്ട യോഗ്യത എസ്.എസ്.എല്‍.സി.യാണ്. പ്രൈമറി സ്‌കൂളില്‍ അധ്യാപകരാകാന്‍ ടി.ടി.സി. കോഴ്‌സ് പാസ്സാകണം. ടി.ടി.സി.ക്ക് അഡ്മിഷന്‍ ലഭിക്കണമെങ്കില്‍ ഇപ്പോള്‍ പ്ലസ്ടു വിജയിക്കല്‍ അനിവാര്യമാണ്. മാര്‍ച്ച് മാസത്തിലാണ് സാധാരണയായി അപേക്ഷ ക്ഷണിക്കുന്നത്. എസ്.എസ്.എല്‍.സി. കഴിഞ്ഞവര്‍ക്കുള്ള സാങ്കേതിക രംഗത്തെ കോഴ്‌സുകളെയും തൊഴിലവസരങ്ങളെയും സംബന്ധിച്ചും ഇനി നമുക്ക് പരിശോധിക്കാം. എസ്.എസ്.എല്‍.സി. പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് മാത്രമല്ല, പരാജയപ്പെട്ടവര്‍ക്കും സാങ്കേതിക രംഗത്ത് ഉപരിപഠന-തൊഴില്‍ സാധ്യതകളൊട്ടേറെയുണ്ട്. പ്ലസ്ടുവിനു ശേഷം പ്രതീക്ഷയോടെ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് എഴുതി വിജയിക്കാന്‍ കഴിയാതെ വന്നവരും നിരാശപ്പെടേണ്ടതില്ല. അവരെയും കാത്ത് വിവിധ ട്രേഡുകളിലായി വളരെയധികം കോഴ്‌സുകള്‍ നമ്മുടെ രാജ്യത്തുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ ഐ.ടി.ഐ.കളിലെയും സ്വകാര്യ മേഖലയില്‍ ഐ.ടി.സി.കളിലെയും മെട്രിക്ക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ എസ്.എസ്.എല്‍.സി. വിജയിച്ചവര്‍ക്കുള്ളതും നോണ്‍ മെട്രിക് കോഴ്‌സ് പത്താം ക്ലാസ് പൂര്‍ത്തിയാക്കിയവര്‍ക്കുള്ളതുമാണ്. ചില കോഴ്‌സുകള്‍ ഏകവര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും മറ്റുചിലത് ദ്വിവര്‍ഷ കോഴ്‌സുകളുമാണ്. ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍-മെക്കാനിക്കല്‍), സര്‍വേയര്‍, ഇലക്ട്രീഷ്യന്‍, റേഡിയോ-ടി.വി. മെക്കാനിക്ക്, ഇലക്‌ട്രോണിക്-എ.സി. – റഫ്രിജറേഷന്‍ – വാച്ച് & ക്ലോക്ക് മെക്കാനിക്ക്, മെഷീനിസ്റ്റ് ഫിറ്റര്‍, ടര്‍ണര്‍, ഇലക്‌ട്രോ പ്ലേയ്റ്റര്‍ എന്നിവ എഞ്ചിനീയറിംഗ് മെട്രിക് ദ്വിവത്സര കോഴ്‌സുകളാണ്. ഈ വിഭാഗത്തിലെ ഏക വത്സര കോഴ്‌സുകളാണ് ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, പ്ലാസ്റ്റിക് പ്രൊസസിംഗ് ഓപ്പറേറ്റര്‍, ഫോര്‍ജര്‍ എന്നിവ. മെട്രിക് വിഭാഗത്തില്‍ നോണ്‍ എഞ്ചിനീയറിംഗ് ട്രേഡുകളിലായി ഇംഗ്ലീഷ്, ഹിന്ദി സ്റ്റെനോഗ്രാഫി, സെക്രട്ടേറിയല്‍ പ്രാക്ടീസ്, ഡസ്റ്റ് മെയ്ക്കിംഗ് തുടങ്ങിയ കോഴ്‌സുകളുണ്ട്. പത്താം ക്ലാസില്‍ പരാജയപ്പെട്ടവര്‍ക്കും ചേരാവുന്നവയാണ് നോണ്‍ മെട്രിക് കോഴ്‌സുകള്‍. ഈ വിഭാഗത്തിലെ ദ്വിവത്സര കോഴ്‌സുകളാണ് മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക്ക്, വയര്‍മാന്‍, അഗ്രികള്‍ച്ചറല്‍ മെഷിനറി മെക്കാനിക്ക്, പെയിന്റര്‍ ജനറല്‍ എന്നിവ മൗള്‍ഡര്‍, പ്ലംബര്‍, അഫോള്‍സ്റ്റര്‍, ഡീസല്‍ മെക്കാനിക്, ട്രാക്ടര്‍ മെക്കാനിക് എന്നിവ ഏക വര്‍ഷ നോണ്‍ മെട്രിക് കോഴ്‌സുകളാണ്. കേരളത്തിലെ മുഴുവന്‍ ജില്ലകളിലുമായി മുപ്പതിലധികം ഗവണ്‍മെന്റ് ഐ.ടി.ഐ.കളുണ്ട്. ഇതില്‍ എട്ടെണ്ണം വനിതാ ഐ.ടി.ഐ.കളാണ്. സ്വകാര്യ മേഖലയില്‍ ഐ.ടി.സി.കള്‍ എന്നറിയപ്പെടുന്ന ഇത്തരം സ്ഥാപനങ്ങളില്‍ പലതിനും ഗവണ്‍മെന്റ് അംഗീകാരമില്ല. ഇവിടങ്ങളില്‍ ചേരുന്നതിന് മുമ്പായി അംഗീകാരത്തെക്കുറിച്ച് അന്വേഷിക്കുന്നത് നല്ലതാണ്. പോളി ടെക്‌നിക്കുകള്‍ എസ്.എസ്.എല്‍.സി.ക്കാര്‍ക്കും പ്ലസ്ടു വിജയിച്ചവര്‍ക്കും ഡിപ്ലോമ കോഴ്‌സുകള്‍ നടത്തുന്ന സ്ഥാപനങ്ങളാണ് പോളി ടെക്‌നിക്കുകള്‍. ത്രിവത്സര കോഴ്‌സുകളാണിവിടങ്ങളിലുള്ളത്. ഫിസിക്‌സ്, കെമിസ്ട്രി, മാത്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് പോളി ടെക്‌നിക്കുകളിലെ പ്രവേശനം. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, കെമിക്കല്‍, ഓട്ടോമൊബൈല്‍, കമ്പ്യൂട്ടര്‍ വിഭാഗങ്ങളിലായി വളരെയധികം ഡിപ്ലോമ കോഴ്‌സുകള്‍ നിലവിലുണ്ട്. ഈ രംഗത്ത് തന്നെ ഇരുപതോളം സ്‌പെഷ്യലൈസേഷന്‍ കോഴ്‌സുകളുമുണ്ട്. ഉദാരഹരണമായി ടെക്‌സ്റ്റൈല്‍ ടെക്‌നോളജി, പ്രിന്റിംഗ് ടെക്‌നോളജി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ മെയിന്റനന്‍സ്, ടൂള്‍ ആന്റ് ഡൈ മെയ്ക്കിംഗ് ആര്‍ക്കിടെക്ച്വര്‍ മുതലായവ. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമായി നാല്‍പ്പതോളം പോളിടെക്‌നിക്കുകള്‍ നമ്മുടെ സംസ്ഥാനത്തുണ്ട്. ഇവയില്‍ ചിലത് വനിതകള്‍ക്ക് മാത്രമുള്ളവയാണ്. ഐ.ടി.ഐ.കളിലെ ഏതെങ്കിലും ട്രെയ്ഡിലുള്ള സര്‍ട്ടിഫിക്കറ്റോ പോളിയില്‍ നിന്നുള്ള ഏതെങ്കിലും ഡിപ്ലോമയോ നേടിക്കഴിഞ്ഞാല്‍ റെയില്‍വേ, ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, കോസ്റ്റ് ഗാര്‍ഡ് എന്നിവയില്‍ അപ്രന്റീസുമാരായോ ടെക്‌നീഷ്യന്മാരായോ ജോലി നേടാന്‍ സഹായകമാകും. ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, റിഫൈനറി, ഷിപ്പ്‌യാര്‍ഡ്, പോര്‍ട്ട്, പോളിടെക്‌നിക്കുകള്‍, ഫാക്ടറികള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ സമ്പാദിക്കാനും ഏതെങ്കിലും സര്‍ട്ടിഫിക്കറ്റോ ഡിപ്പോമായോ അനിവാര്യമാണ്. കേന്ദ്ര ഗവണ്‍മെന്റിന്റെ കീഴില്‍ (ഐ.എച്ച്.ആര്‍.ഡി.സി.) നടത്തപ്പെടുന്ന ടെക്‌നിക്കല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലും സാങ്കേതിക കോഴ്‌സുകളുണ്ട്. കമ്പ്യൂട്ടര്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ലൈഫ് സയന്‍സ് എന്നിവ പാഠ്യ വിഷയങ്ങളായുള്ള ഈ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനം എസ്.എസ്.എല്‍.സി.യുടെ സയന്‍സ്, മാത്സ് വിഷയങ്ങളുടെ മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ്. മുകളില്‍ പ്രസ്താവിച്ച സ്ഥാപനങ്ങളിലെ തൊഴില്‍ സമ്പാദനത്തിന് ഈ കോഴ്‌സുകള്‍ ഉപകരിക്കും. കളമശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് പാചക സംബന്ധമായ വിഷയങ്ങളില്‍ എസ്.എസ്.എല്‍.സി.ക്കാര്‍ക്ക് (40% മാര്‍ക്കെങ്കിലും വേണം) പരിശീലനം നല്‍കുന്നുണ്ട്. മിക്ക ജില്ലകളിലും ഇതിനായി എക്സ്റ്റന്‍ഷന്‍ സെന്ററുകളുമുണ്ട്. ഹോട്ടല്‍ വ്യവസായം, ടൂറിസം മാനേജ്‌മെന്റ് രംഗങ്ങളില്‍ തൊഴില്‍ നേടാന്‍ ഇവിടങ്ങളില്‍ പഠിച്ചു പാസായവര്‍ക്ക് സാധിക്കുന്നതാണ്. ഷൊര്‍ണൂരിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പ്രിന്റിംഗ് ടെക്‌നോളജി നടത്തുന്ന ഡിപ്ലോമ കോഴ്‌സിന് ചേരാന്‍ എസ്.എസ്.എല്‍.സി.ക്ക് 60 ശതമാനമെങ്കിലും മാര്‍ക്ക് വേണം. ചില വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകളിലും ഈ കോഴ്‌സുണ്ട്. പ്ലസ്ടുവിന് തുല്യമായിത്തന്നെ അംഗീകരിക്കപ്പെട്ട സ്ഥാപനങ്ങളാണ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളുകള്‍. ഏതെങ്കിലും ഒരു സാങ്കേതിക വിഷയത്തില്‍ തൊഴില്‍ പരിശീലനം നേടുന്നന്നതോടൊപ്പം പ്ലസ്ടുവും പൂര്‍ത്തിയാക്കാന്‍ വി.എച്ച്.എസ്.സി.ക്കാര്‍ക്ക് സാധിക്കുന്നു. എ,ബി,സി,ഡി ഗ്രൂപ്പുകളിലായി യഥാക്രമം എഞ്ചിനീയറിംഗ്/ടെക്‌നോളജി, അഗ്രികള്‍ച്ചര്‍/ഫിഷറീസ്/അനിമല്‍ ഹസ്ബന്‍ഡ്രി, പാരാമെഡിക്കല്‍/ഹോം സയന്‍സ്, ട്രാവല്‍& ടൂറിസം, ബിസിനസ് & കൊമേഴ്‌സ് എന്നീ നാല് വിഭാഗങ്ങളാണ് വി.എച്ച്.എസ്.സി.യിലുള്ളത്. സംസ്ഥാനത്തെ നൂറുക്കണക്കിന് സ്‌കൂളുകളില്‍ വി.എച്ച്.എസ്.സി.യുണ്ട്. കേരള സ്റ്റേറ്റ് ഓഡിയോ വിഷ്വല്‍ & റിപ്രോഗ്രാഫിക് സെന്റര്‍ , എല്‍.ബി.എസ്. സെന്റര്‍ എന്നിവിടങ്ങളില്‍ മൂന്ന് മാസ-ആറ് മാസ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളും നടത്തുന്നുണ്ട്. ഓഫ്‌സെറ്റ് പ്രന്റിംഗ്, ഓഫീസ് ഓട്ടോമേഷന്‍, ഡി.ടി.പി, ഇലക്‌ട്രോണിക്‌സ് ടൈപ്പിംഗ്, വേര്‍ഡ് പ്രൊസസിംഗ് & ഡാറ്റാ എന്‍ട്രി ഓപ്പറേഷന്‍, അലൂമിനിയം ഫാബ്രിക്കേഷന്‍ തുടങ്ങിയവ ഈ സെന്ററുകളിലെ കോഴ്‌സുകളാണ്. ഗവണ്‍മെന്റ് അംഗീകാരത്തോടെ നടത്തപ്പെടുന്ന നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ നടത്തുന്ന ഡിപ്ലോമ-സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. കേരളത്തില്‍ തലശ്ശേരിക്കടുത്ത നെട്ടൂരിലാണ് സെന്റര്‍. ടൂള്‍&ഡൈ മെയ്ക്കിംഗ്, ഡിസൈനിംഗ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തുടങ്ങി വിവിധ ഡിപ്ലോമകള്‍ ഇവിടെ നല്‍കപ്പെടുന്നു. കേരള ഗവണ്‍മെന്റ് അംഗീകാരത്തോടെ നടത്തപ്പെടുന്ന കെ.ജി.സി.ഇ./കെ.ജി.ടി.ഇ. പരീക്ഷകള്‍ സ്വകാര്യ മേഖലയില്‍ വിവിധ വിഷയങ്ങളില്‍ സാങ്കേതിക പരിശീലനം നേടിയവര്‍ക്കുള്ളതാണ്. ചിത്രകല, ടൈപ്പ് റൈറ്റിംഗ്, നീഡില്‍ വര്‍ക്ക്, ഓട്ടോ മൊബൈല്‍, എ.സി. റഫ്രിജറേഷന്‍, ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് തുടങ്ങിയ കോഴ്‌സുകള്‍ക്കാണ് ഈ പരീക്ഷ നടത്തി സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത്. വിവിധ കോഴ്‌സുകളുടെയും തൊഴില്‍ സാധ്യതകളുടെയും അറിയിപ്പുകള്‍ സാധാരണയായി ദിനപത്രങ്ങളില്‍ നിശ്ചിത സമയങ്ങളിലായി പ്രസിദ്ധപ്പെടുത്താറുണ്ട്. സ്ഥിരമായി അക്കാര്യങ്ങള്‍ ശ്രദ്ധിച്ച് വേണ്ടത് ചെയ്യാന്‍ നാം ഓരോരുത്തരും തയ്യാറെടുക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter