കോഴ്സുകളുടെ തെരഞ്ഞെടുപ്പും പറ്റുന്ന അബദ്ധങ്ങളും
ഉപരിപഠനത്തിനായി കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ പലപ്പോഴും അബദ്ധങ്ങൾ ഉണ്ടാവാറുണ്ട്. ഇത് ഭാവിയിൽ നമ്മുടെ കരിയറിനെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാവുന്ന കാര്യങ്ങളാണ്.
പൊതുവായ അബദ്ധങ്ങൾ:
- പരസ്യങ്ങളുടെയും മറ്റുള്ളവരുടെയും സ്വാധീനം: പരസ്യങ്ങളിലും മറ്റുള്ളവരുടെ അഭിപ്രായങ്ങളിലും ആകൃഷ്ടരായി, സ്വന്തം കഴിവുകളും താൽപ്പര്യങ്ങളും പരിഗണിക്കാതെ കോഴ്സുകള്‍ തിരഞ്ഞെടുക്കുന്നത് വലിയ അബദ്ധമാണ്. കൂടാതെ സുഹൃത്തുക്കളുടെയോ ബന്ധുക്കളുടെയോ സമ്മർദ്ദത്തിന് വഴങ്ങി സ്വന്തം താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കോഴ്സുകൾ തിരഞ്ഞെടുക്കുന്നതും അങ്ങനെ തന്നെ.
- തിരിച്ചറിവിന്റെ അഭാവം: സ്വന്തം കഴിവുകൾ, താൽപ്പര്യങ്ങൾ, മൂല്യങ്ങൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത്.
- കരിയർ സാധ്യതകളെക്കുറിച്ചുള്ള അജ്ഞത: തിരഞ്ഞെടുക്കുന്ന കോഴ്സ് ഏതൊക്കെ തൊഴിൽ മേഖലകളിലേക്ക് നയിക്കുമെന്ന് അറിയാതെ സ്വയം ഒരു തീരുമാനത്തിലെത്തുന്നത്.
- വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഗുണനിലവാരം പരിഗണിക്കാതിരിക്കുക: കോഴ്സിന്റെ പേര് മാത്രം നോക്കി തീരുമാനമെടുക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അംഗീകാരം, അധ്യാപകരുടെ യോഗ്യത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയൊന്നും നോക്കാതെയുള്ള തിരഞ്ഞെടുപ്പ് വലിയ അപകടമാണ്.
- സാമ്പത്തിക ബുദ്ധിമുട്ടുകൾ: കോഴ്സിന്റെ ഫീസ്, താമസ ചെലവ്, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ കണക്കിലെടുക്കാതെ കോഴ്സുകൾ തെരഞ്ഞെടുക്കുന്നത്.
- കോഴ്സിന്റെ ഘടനയും ഉള്ളടക്കവും മനസ്സിലാക്കാതിരിക്കുക: കോഴ്സിന്റെ സിലബസ്, പഠന രീതി, വിലയിരുത്തൽ രീതികൾ എന്നിവയെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ കോഴ്സുകൾ തെരഞ്ഞെടുക്കുന്നത്.
- ഉയർന്ന പ്രതീക്ഷകൾ: കോഴ്സ് പൂർത്തിയാക്കിയ ഉടൻ തന്നെ ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത്.
- താല്ക്കാലിക താൽപര്യങ്ങൾക്ക് മുൻഗണന നൽകുക: ചില കോഴ്സുകൾക്ക് താല്ക്കാലികമായി ഡിമാൻഡ് കൂടുതലായിരിക്കാം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ ഈ കോഴ്സുകൾക്ക് സാധ്യതകൾ കുറവായിരിക്കാം.
കോഴ്സ് തെരഞ്ഞെടുപ്പിൽ ജാഗ്രത കാണിക്കേണ്ട ചില കാര്യങ്ങൾ
- സ്വയം തിരിച്ചറിവ് വളർത്തിയെടുക്കുക: കുട്ടികളുടെ കഴിവുകൾ, താൽപ്പര്യങ്ങൾ, മൂല്യങ്ങൾ എന്നിവ തിരിച്ചറിയുക.
- കരിയർ കൗൺസിലിംഗ്: പരിചയസമ്പന്നനായ ഒരു കരിയർ കൗൺസിലറുടെ സഹായം തേടുക.
- വിവരങ്ങൾ ശേഖരിക്കുക: വ്യത്യസ്ത കോഴ്സുകളെക്കുറിച്ചും കരിയർ സാധ്യതകളെക്കുറിച്ചും കൃത്യമായ വിവരങ്ങൾ ശേഖരിക്കുക. വിശ്വസനീയമായ സ്രോതസ്സുകളിൽ നിന്ന് മാത്രമാവണം വിവരങ്ങൾ ശേഖരിക്കേണ്ടത്. ഇന്റർനെറ്റ് സർഫിങ്, റഫറൻസ് പുസ്തകങ്ങൾ, വിദഗ്ധരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയിലൂടെ വിവരങ്ങൾ ശേഖരിക്കാം.
- വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുക: കോഴ്സുകൾ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച് അവിടെത്തെ അധ്യാപകരുമായും വിദ്യാർത്ഥികളുമായും കോഴ്സ് കഴിഞ്ഞിറങ്ങിയ അലൂംനികളുമായും സംസാരിക്കുക.
- അംഗീകാരങ്ങൾ: യൂണിവേഴ്സിറ്റികൾ, കോഴ്സുകൾക്ക് അംഗീകാരങ്ങൾ നൽകുന്ന ബോഡികൾ, NAAC, NBA, UGC, AlCTE, കേന്ദ്ര സംസ്ഥാന സർക്കാരുകൾ തുടങ്ങിയവയുടെ അംഗീകാരങ്ങൾ ഉണ്ടോ എന്നും PSC പരീക്ഷ എഴുതാനും സർക്കാർ പൊതുമേഖലാ വിദേശ ജോലികൾക്കും ഉപരി പഠനത്തിനും അവസരം നൽകുന്നതുമായ കോഴ്സാണോ എന്നും നോക്കണം.
- സാമ്പത്തിക ആസൂത്രണം: കോഴ്സിനുള്ള സാമ്പത്തിക ആസൂത്രണം നടത്തിയിരിക്കണം. ഫിനാൻഷ്യൽ പ്ലാനിങ്ങും ഫോർകാസ്റ്റിങ്ങും നടത്താതെ വരുന്നിടത്ത് കാണാം എന്ന ചിന്ത അരുത്. സ്കോളർഷിപ്പുകൾ, പലിശ രഹിത വിദ്യാഭ്യാസ വായ്പകൾ എന്നിവ കിട്ടാൻ സാധ്യതയുണ്ടോ എന്ന് അറിഞ്ഞ് വെക്കണം.
- യാഥാർത്ഥ്യബോധം: കോഴ്സ് പൂർത്തിയാക്കിയ ഉടൻ തന്നെ ഉയർന്ന ശമ്പളമുള്ള ജോലി ലഭിക്കണമെന്നില്ല എന്ന് അറിഞ്ഞിരിക്കുക. കോഴ്സ് കഴിഞ്ഞാൽ പ്രവൃത്തി പരിചയത്തിന് ശമ്പളമില്ലാതെ പണിയെടുക്കേണ്ടി വന്നേക്കാം. ചില ജോലികൾക്ക് ഇൻ്റേൺഷിപ്, അപ്രൻ്റീസ്ഷിപ് അവസരങ്ങൾ തേടേണ്ടി വരും
- ദീർഘകാലാടിസ്ഥാനത്തിലുള്ള കരിയർ സാധ്യതകൾ പരിഗണിക്കുക: താല്ക്കാലിക ഡിമാൻഡിനു പകരം ദീർഘകാലാടിസ്ഥാനത്തിൽ ഏറ്റവും സാധ്യതയുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുക.
ലാസ്റ്റ് പോയൻ്റ്
ശരിയായ കോഴ്സ് തിരഞ്ഞെടുക്കുന്നത് കുട്ടികളുടെ ഭാവിയെ നിർണ്ണയിക്കുന്ന ഒരു പ്രധാന ഘട്ടമാണ്. ശരിയായ കോഴ്സ് തിരഞ്ഞെടുക്കുന്നതിന് കുറച്ചധികം സമയമെടുത്തേക്കാം. ഒരിക്കലും തിടുക്കത്തിൽ തീരുമാനങ്ങളെടുക്കാതിരിക്കുക.
സിജി ഇൻ്റർനാഷനൽ കരിയർ ടീം അംഗമാണ് ലേഖകന്‍
Leave A Comment