ഓട്ടോമേഷൻ കോഴ്സും അതിൻ്റെ സാധ്യതകളും
മനുഷ്യാധ്വാനം കഴിയുന്നത്ര കുറച്ച്, സോഫ്റ്റ്‌വെയർ, സെൻസറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ സഹായത്തോടെ പ്രവർത്തനങ്ങൾ ലഘൂകരിക്കുന്ന സാങ്കേതികവിദ്യയ്ക്കാണ് ഓട്ടോമേഷൻ എന്നു പറയുന്നത്. ഓട്ടോമാറ്റിക് പാർക്കിങ് ലൈറ്റുകൾ, റഫ്രിജറേറ്ററിലെ താപനിയന്ത്രണ സംവിധാനം, കാറുകളിലെ പാർക്കിങ് അസിസ്റ്റ്, റിവേഴ്സ് സെൻസർ തുടങ്ങിയവ നിത്യജീവിതത്തിൽ നാം കാണുന്ന ഓട്ടോമേഷൻ സംവിധാനങ്ങൾക്ക് ഉദാഹരണങ്ങളാണ്.
▪️വിവിധ മേഖലകളുടെ സങ്കലനമാണ് ഓട്ടോമേഷൻ ടെക്നോളജി. ഇലക്ട്രോണിക്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് തുടങ്ങിയ എൻജിനീയറിങ് ശാഖകൾ മുതൽ റോബട്ടിക്സ് ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ വരെ ഓട്ടോമേഷന്റെ ഭാഗമാണ്. ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ എൻജിനീയർമാരാണു നേരത്തെ ഓട്ടോമേഷൻ കോഴ്സുകൾ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇന്ന് എല്ലാ എൻജിനീയറിങ് മേഖലകളിലുള്ളവരും ഇതിലേക്കു തിരിയുന്നുണ്ട്.
▪️താഴെ പറയുന്നവയിലുള്ള പരിശീലനമാണ് ഓട്ടോമേഷൻ കോഴ്സുകളിൽ പ്രധാനമായുള്ളത്:
1. പിഎൽസി:
പ്രോഗ്രാമബിൾ ലോജിക് കൺട്രോളർ എന്നാണു മുഴുവൻ പേര്. ഓപ്പറേറ്റർ കൊടുക്കുന്ന ‘ഇൻപുട്ട്’ അനുസരിച്ച് മെഷീനുകളെയും പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന ഡിജിറ്റൽ കംപ്യൂട്ടർ ആണു പിഎൽസി.
മിത്‌സുബിഷി, ഷ്നീഡർ തുടങ്ങി ഒട്ടേറെ പിഎൽസികൾ ഇന്നു വിപണിയിലുണ്ട്. ഇതിന്റെ പ്രോഗ്രാമിങ്, ഓപ്പറേഷൻ, മെയിന്റനൻസ് തുടങ്ങിയവയിലുള്ള പരിശീലനം മിക്ക കോഴ്സുകളിലുമുണ്ട്.
2. സ്കാഡ:
‘സൂപ്പർവൈസറി കൺട്രോൾ ആൻഡ് ഡേറ്റ അക്വിസിഷൻ’ എന്നതിന്റെ ചുരുക്കെഴുത്താണു സ്കാഡ.
ആധുനിക വ്യവസായങ്ങളുടെ നട്ടെല്ല് എന്നു വിളിക്കാവുന്ന നിയന്ത്രണ സംവിധാനം. വിദൂരസ്ഥലങ്ങളിലുള്ള പ്ലാന്റുകൾ, ഫാക്ടറികൾ എന്നിവയിൽനിന്നു പോലും വിവരങ്ങൾ ശേഖരിച്ച് വ്യവസായങ്ങളെ മുന്നോട്ടു നയിക്കുന്നതു സ്കാഡയാണ്. സെൻസറുകൾ, പ്രത്യേക സോഫ്റ്റ്‌വെയറുകൾ, ഹാർഡ്‌വെയറുകൾ എന്നിവ കൂടിച്ചേർന്നതാണു സ്കാഡയുടെ ഘടന.
താപനിലയങ്ങൾ, എണ്ണ–വാതക വ്യവസായങ്ങൾ, ടെലികോം മേഖലകളിൽ സ്കാഡ ഉപയോഗിക്കുന്നുണ്ട്.
3. വിഎഫ്ഡി:
വേരിയബിൾ ഫ്രീക്വൻസി ഡ്രൈവ്. മോട്ടോറുകളുടെ വേഗം നിയന്ത്രിക്കുന്ന ഈ ഉപകരണം ഓട്ടോമേഷനിൽ വളരെ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇതിന്റെ കോൺഫിഗറേഷൻ, വയറിങ് എന്നിവയിൽ പരിശീലനം പല ഓട്ടോമേഷൻ കോഴ്സുകളിലുമുണ്ട്. ഇതു കൂടാതെ മോട്ടോറുകൾ, കൺവേയറുകൾ തുടങ്ങിയവയുടെ നിയന്ത്രണം, ഹൈഡ്രോളിക്സ്, ന്യൂമാറ്റിക്സ്, ഓട്ടോമേഷനുമായി ബന്ധപ്പെട്ട കോഡുകൾ, പ്രോട്ടക്കോളുകൾ തുടങ്ങിയവയുടെ പരിശീലനവും ഇതിൽപ്പെടും.
തൊഴിൽ സാധ്യതകളേറെ..
വ്യവസായങ്ങളിൽ ഓട്ടോമേഷൻ വിദഗ്ധരെ എക്കാലവും ആവശ്യമാണ്. തൊഴിൽസുരക്ഷ നിലനിൽക്കുന്ന ജോലികളിലൊന്നാണെന്നത് ഇതിന്റെ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇന്ത്യൻ കമ്പനികളും പതിയെപ്പതിയെ പൂർണമായും ‘ഓട്ടോമേറ്റഡ്’ ആയിക്കൊണ്ടിരിക്കുകയാണു എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
അതിനാൽ തന്നെ ഇന്ത്യയിൽ ധാരാളം തൊഴിലവസരങ്ങളാണ് ഈ മേഖലയിൽ പ്രവചിക്കപ്പെടുന്നത്.
▪️പ്രധാനമായും മൂന്നു തരം കമ്പനികളാണ് ഇന്ത്യയിൽ ഓട്ടോമേഷൻ രംഗത്തുള്ളത്.
1. ഓട്ടോമേഷൻ ഉപകരണങ്ങൾ, സ്പെയർപാർട്ടുകൾ തുടങ്ങിയവ വിതരണം ചെയ്യുന്ന കമ്പനികൾ.
2. ഓട്ടോമേഷൻ സംവിധാനങ്ങൾ ഉപയോഗിക്കുന്ന കമ്പനികൾ.
3. ഓട്ടോമേഷൻ കൺസൽറ്റൻസികൾ.
ഇവയിൽ ഓട്ടോമേഷൻ സംവിധാനങ്ങളുടെ പരിപാലനം മുതൽ ഡിസൈൻ മോഡലിങ് വരെയുള്ള മേഖലകളിൽ ഏറെ അവസരങ്ങളാണു കാത്തിരിക്കുന്നത്.
സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ താൽപര്യമുള്ളവർക്കും ശ്രമിച്ചുനോക്കാൻ പറ്റിയ മേഖലയാണിത്.
ഓട്ടോമേഷൻ ഐടിയിലും
ഐടി രംഗത്തേക്കുള്ള ഓട്ടോമേഷന്റെ കടന്നുവരവ് ഇന്നു വ്യാപകമായി ചർച്ച ചെയ്യപ്പെടുന്നു. വൈദഗ്ധ്യം ഏറെ വേണ്ടിയിരുന്ന പല ഐടി–അനുബന്ധ ജോലികളും ഓട്ടോമേഷൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ വളരെ എളുപ്പത്തിൽ ചെയ്യാമെന്നായി.
മുൻപ്, ഒരു വെബ്പേജ് ഉണ്ടാക്കാൻ എച്ച്ടിഎംഎൽ സാങ്കേതികപരിജ്ഞാനമുള്ളവർക്കേ കഴിയുമായിരുന്നുള്ളൂ. എന്നാൽ ഇന്നാകട്ടെ, സാധാരണക്കാർക്കും വെബ്സൈറ്റ് ഉണ്ടാക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയറുകൾ വിപണിയിൽ സുലഭം.
ഇത് ഐടി രംഗത്തെ ഓട്ടോമേഷന്റെ ഉദാഹരണമാണ്.
ഇവിടെ ഉപഭോക്താവിനു വേണ്ടി പ്രോഗ്രാം തന്നെ കോഡിങ് നിർവഹിക്കുന്നതിനാൽ മറ്റു വൈദഗ്ധ്യമൊന്നും ആവശ്യമില്ല.
ഐടിയിലെ കോഡിങ്, ടെസ്റ്റിങ് രംഗങ്ങളിലേക്ക് ഓട്ടോമേഷൻ കടന്നു വരുന്നത് ഇന്ത്യയിൽനിന്നുള്ള ഐടി പ്രഫഷനലുകൾക്കു വൻ തിരിച്ചടിയാകുമെന്നു വിലയിരുത്തലുണ്ട്.
എന്നാൽ ഓട്ടോമേഷനുമായി ബന്ധപ്പെട്ട പുതിയ തൊഴിൽ സാധ്യതകൾ ഐടിയിൽ തുറന്നുകിട്ടുമെന്ന മറുവാദവുമുണ്ട്.
കേരളത്തിലും പഠിക്കാം
വിദേശരാജ്യങ്ങളിൽ ഓട്ടോമേഷൻ സാങ്കേതികവിദ്യ കൂടുതൽ പുരോഗമിച്ചിരിക്കുന്നതിനാൽ അവിടെ ഈ മേഖലയുമായി ബന്ധപ്പെട്ട കോഴ്സുകളും ഏറെയാണ്.
യുഎസ്, ജർമനി, ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ പല സർവകലാശാലകളും ഓട്ടോമേഷനിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ നടത്തുന്നുണ്ട്.
ഇന്ത്യ ഈ രംഗത്തു ശൈശവ ദശയിലാണ്.
ചില വ്യവസായ സ്ഥാപനങ്ങൾ ഓട്ടോമേഷൻ പരിശീലന കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ലാർസൻ ആൻ ടൂബ്രോയുടെ (എൽ ആൻഡ് ടി) ഓട്ടോമേഷൻ അക്കാദമി,
സീമെൻസിന്റെ ‘സിട്രെയിൻ’ തുടങ്ങിയവ ഉദാഹരണങ്ങളാണ്.
എസ്എംഇസി ലാബുകൾ തുടങ്ങിയ സ്വകാര്യ പരിശീലന സ്ഥാപനങ്ങളും രംഗത്തുണ്ട്.
കേരളത്തിൽ
കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ ഓട്ടോമേഷനിൽ വിവിധ കോഴ്സുകൾ നടത്തുന്നുണ്ട്.
കേന്ദ്രസർക്കാർ സ്ഥാപനമായ കോഴിക്കോട് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജിയിലും (നീലിറ്റ്) ഡിപ്ലോമ പഠനസൗകര്യമുണ്ട്.
റോബോട്ടിക്സ് & ഓട്ടോമേഷൻ ബിടെക്ക് അവസരങ്ങൾ കേരളത്തിൽ
▪️ ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ട് കാലടി
▪️ ജ്യോതി എഞ്ചിനിയറിങ് ചെറുതുരുത്തി
▪️ MEA Eng കോളേജ് മലപ്പുറം
▪️ സെയിൻ്റ് ഗിറ്റ്സ് കോട്ടയം
▪️ രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ആറ്റിങ്ങൽ
▪️ ശ്രീ ബുദ്ധ കോളേജ് ഓഫ് എഞ്ചിനീയറിങ്ങ് പന്തളം
▪️ ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് എറണാകുളം
➖ഇന്ത്യൻ വ്യവസായരംഗത്ത് ഓട്ടോമേഷൻ സാങ്കേതികവിദ്യകളുടെ ഉപയോഗം വർധിക്കുന്നതനുസരിച്ച് ഇനിയും കൂടുതൽ പഠനസാധ്യതകൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.
ചില സ്വകാര്യ സ്ഥാപനങ്ങളുടെ വെബ്സൈറ്റുകൾ
▪️starautomation.in
▪️gotosage.in
▪️ambiautomation.in
▪️cromacampus.com
▪️ipcsautomation.com
▪️smeclabs.com
▪️ictkerala.org
(മുജീബുല്ല KM
സിജി കരിയർ ടീം
കോ ഡയരക്ടർ
00971509220561
www.cigi.org
www.cigii.org
www.cigicareer.com)
Leave A Comment