സയ്യിദ് അബ്ദു റഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഹൈദറുസ് അല്‍ അസ്ഹരി

 സയ്യിദ് അബ്ദു റഹ്‌മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ഹൈദറുസ് അല്‍ അസ്ഹരി

പിറവികൊണ്ട കേരള ദേശത്തേക്കാള്‍ അറേബ്യന്‍ ലോകത്ത് പ്രസിദ്ധി ലഭിച്ച മഹാപ്രതിഭയാണ് സമസ്ത മുശാവറ അംഗമായ അസ്ഹരി തങ്ങള്‍. പൂര്‍ണ്ണ നാമം സയ്യിദ് അബ്ദുറഹ്‌മാന് ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അസ്ഹരി. 1930-ല്‍ കുന്ദംകുളത്തിനടുത്ത് മരത്തംകോട് പ്രദേശത്ത് ജനിച്ച തങ്ങളുടെ ഖബീല ഹൈദറൂസ് ഖബീലയാണ്. പന്നിത്തടം ജുമാ മസ്ജിദ് പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് മുഹമ്മദ് കൊച്ചു കോയ തങ്ങളാണ് പിതാവ്. കേരള തങ്ങള്‍മാരില്‍ ആദ്യം ബാഖവി ബിരുദമെടുത്തത് (1921) കൊച്ചു കോയ തങ്ങളാണ്.

ദര്‍സ് പഠന ശേഷം വെല്ലൂരില്‍ നിന്നും ബാഖവി ബിരുദം നേടിയ അസ്ഹരി തങ്ങള്‍ തലക്കടത്തൂരില്‍ ആദ്യമായി ദര്‍സ് നടത്തി. പിന്നീട് മഹാന്‍ വിജ്ഞാന സമ്പാദന രംഗത്ത് ഉയര്‍ച്ചകള്‍ ആഗ്രഹിച്ചു ദയൂബന്ത് ദാറുല്‍ ഉലൂമില്‍ നിന്നും ഖാസിമി ബിരുദം നേടി.

ജ്ഞാന മധുവില്‍ ആര്‍ത്തി പൂണ്ട തങ്ങള്‍ ഖാസിമിയിലും അവസാനിപ്പിച്ചില്ല. ഈജിപ്തിലെ അല്‍ അസ്ഹര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നും, കൈറോ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബ് ലീഗിന്റെ കീഴില്‍ നടത്തപ്പെടുന്ന ഉന്നത കലാലയങ്ങളില്‍ നിന്നും ഉന്നത ബിരുദങ്ങള്‍ കരസ്ഥമാക്കി. അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ ശേഷമാണ് അസ്ഹരി തങ്ങള്‍ എന്ന പേരില്‍ പ്രസിദ്ധനായത്.

പി. എച്ച്. ഡിക്ക് തയ്യാറായിക്കൊണ്ടിരിക്കുമ്പോഴാണ് തങ്ങളുടെ പ്രതിഭാധനത്വം തിരിച്ചറിഞ്ഞ് ലിബിയയിലെ സനൂസി യൂണിവേഴ്‌സിറ്റിയില്‍ പ്രഫസറായി നിയമിതനാക്കപ്പെട്ടത്. മൂന്ന് കൊല്ലം അവിടെ അധ്യാപനം നടത്തി.

പിന്നീട് സഊദിഅറേബ്യയിലെ റിയാദ് യൂണിവേഴ്‌സിറ്റിയില്‍ 23 വര്‍ഷത്തെ നീണ്ട കാലം അധ്യപക രംഗത്ത് ശോഭന സേവനങ്ങളര്‍പ്പിച്ചു. 5 വര്‍ഷം നജ്ദ് ഭാഗത്തും ബാക്കി വര്‍ഷം വിശുദ്ധ മക്കയിലെ ഖുലൈസാക്ക് എന്ന സ്ഥലത്തും തങ്ങള്‍ സേവനം ചെയ്തു.

അദ്ധ്യാപന രംഗത്തെ പോലെ തന്നെ സാഹിത്യ ലോകത്തും അസ്ഹരി തങ്ങളുടെ കൈയൊപ്പ് അവാച്യമാണ്. നിരവധി ചരിത്ര ഗ്രന്ഥങ്ങള്‍ മഹാന്‍ സംഭാവന ചെയ്തിട്ടുണ്ട്. അറേബ്യയുടെയും അറബികളുടെയും ശോഭനമായ ചരിത്രം അനാവരരണം ചെയ്യുന്ന താരീഖുല്‍ അറബി വല്‍ അറബിയ്യ എന്ന ഗ്രന്ഥം ആഗോള പസിദ്ധമാണ്.

മിന്‍ നബാബിഇ ഉമാഈ മലബാര്‍ ആണ് മറ്റൊരു പ്രധാന ഗ്രന്ഥം. കേരളത്തിലെ പൗരാണിക വിജ്ഞാന കേന്ദ്രങ്ങളെയും മസ്ജിദുകളെയും പഠന രീതികളെയും ആലിമീങ്ങളെയും സാരമായി പ്രതിപാദിക്കുന്ന മൂല്യഗ്രന്ഥം ചരിത്ര ലോകത്തിന് വലിയ സംഭാവനയാണ്. സ്വാതന്ത്ര്യ സമരചരിത്രത്തില്‍ മായ്ക്കപ്പെടാത്ത നാമങ്ങളായ വാരയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി, ആലി മുസ്‌ലിയാര്‍, മൊയ്തു മൗലവി, ഗന്ധിജി തുടങ്ങിയ ധീര ജീവിതങ്ങളുടെ ലഘു ചിത്രവും കൂടി പറഞ്ഞ് തരുന്ന ഈ കൃതിയുടെ സാഹിത്യ ചാരുത അറേബ്യന്‍ സാഹിത്യകാരന്‍മാര്‍ക്കിടയിപ്പോലും ചര്‍ച്ചാ വിഷയമായിട്ടുണ്ട്. യു. എ. ഇയിലെ ഔഖാഫ് മിനിസ്റ്ററി വഴിയാണ് ഈ ഗ്രന്ഥം അച്ചടിച്ച് വിതരണം ചെയ്യുന്നത്.
 
ഒരു മലയാളിയുടെ അറബി രചനയോടുള്ള അറബി ലോകത്തിന്റെ സുന്ദരമായ പ്രതികരണം തന്നെ ആ വ്യക്തിയുടെ ഭാഷാമികവും അറിവിന്റെ ആഴവും ബോധ്യപ്പെടുത്തുന്നുണ്ട്. 2003 ല്‍ പ്രകാശിതമായ മമ്പുറം തങ്ങളുടെ ചരിത്ര ഗ്രന്ഥവും അസ്ഹരി തങ്ങള്‍ അറബിയിലാണ് രചിച്ചത്. വിദേശത്തും സ്വദേശത്തുമായി അസ്ഹരി തങ്ങളിലൂടെ ജന്മം കൊണ്ട കനപ്പെട്ട ആലിമുകള്‍ നിരവധിയാണ്. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് വടുതല പി. എം. മൂസ മൗലവി തങ്ങളുടെ പ്രധാന ശിഷ്യരില്‍പ്പെട്ട മഹാനാണ്.

മഹാനായ സയ്യിദ് മഹ്‌ളര്‍ തങ്ങള്‍, സയ്യിദ് മുത്തുക്കോയ തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സയ്യിദ് കുഞ്ഞാറ്റ ബീവിയാണ് ഏക സഹോദരി. രണ്ടാമത്തെ പുത്രനാണ് കഥാ പുരുഷന്‍ അസ്ഹരി തങ്ങള്‍. 

വിജ്ഞാനത്തിന്റെ ആഴം തൊട്ട മഹാ പണ്ഡിതന്‍, ചിന്തകന്‍, ബഹുഭാഷാ വിചക്ഷകന്‍, ചിന്തകന്‍, രചയിതാവ് തുടങ്ങി വിജ്ഞാന രംഗത്തെ ബഹുമുഖ പ്രതിഭയാണ് മഹാന്‍. നബി(സ) തങ്ങളുടെ 38 ാമത്തെ പേരമകനാണ് അസ്ഹരി തങ്ങള്‍

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter