അഫ്ഗാന്‍ സ്ത്രീകളുടെ കഥ പറയുന്ന "തിളക്കമാര്‍ന്ന ആയിരം സൂര്യന്മാര്‍"
1960 നും 2005 നു മിടയിലെ അഫ്ഗാനിസ്ഥാന്റെ ദയനീയ കഥ പറയുന്ന നോവലാണ് പ്രശസ്ത അഫ്ഗാൻ- അമേരിക്കൻ നോവലിസ്റ്റായ ഖാലിദ് ഹുസൈനിയുടെ എ തൗസൻഡ് സ്പ്ളെൻഡിഡ് സൺസ് (തിളക്കമാർന്ന ഒരായിരം സൂര്യന്മാർ). അഫ്ഗാന്‍റെ തന്നെ കഥ പറയുന്ന ഏറെ വിറ്റഴിക്കപ്പെട്ടതും തന്‍റെ പ്രഥമ നോവലുമായ ദി കൈറ്റ് റണ്ണറിനു (പട്ടം പറത്തുന്നവൻ) ശേഷം ഹുസൈനിയുടെ രണ്ടാമത്തെ നോവലാണിത്. സോവിയറ്റ് യൂണിയന്‍റെയും അനന്തരം താലിബാന്‍റെയും അധികാര കാലത്തെ രണ്ട് സ്ത്രീ ജീവിതങ്ങളെ വരച്ചിടുന്ന നോവൽ, സംഘർഷ സാഹചര്യങ്ങളിൽ സ്ത്രീസമൂഹം അനുഭവിക്കേണ്ടിവരുന്ന ദുർവിധികളാണ് പറയാൻ ശ്രമിക്കുന്നത്.
മറിയം എന്ന സ്ത്രീയെ കേന്ദ്രീകരിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത്. തന്‍റെ പിതാവ് ധനികനും പ്രശസ്തനുമായിട്ടും ഉമ്മയോടൊത്ത് വിദൂരത്താണ് മറിയം വളരുന്നത്. ഒരു ജാര സന്ധതി ആയിട്ടാണ് താൻ പിറന്നെതെന്ന് തിരിച്ചറിയാത്ത മറിയം സ്കൂൾ പ്രവേശനവും മറ്റു സ്വപ്നങ്ങളുമായി കഴിയുന്നു. എന്നാൽ പതിനഞ്ചാം വയസ്സിൽ തന്നെ, തന്നേക്കാൾ മുപ്പതു വയസ്സ് പ്രായമുള്ള ഷൂ വില്പനക്കാരനായ റഷീദിനെ വിവാഹം ചെയ്യാൻ അവൾ നിർബന്ധിതയാവുന്നു.
വിവാഹ ശേഷം റഷീദിന്‍റെ നാടായ കാബൂളിൽ വന്ന ശേഷമാണ് യഥാർത്ഥ കഥ ആരംഭിക്കുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു സന്താനം ഉണ്ടായില്ല എന്ന കാരണത്താൽ മറിയമിന് ഒരുപാട് ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വരുന്നു. റഷീദിന്‍റെ മൃഗീയ സ്വഭാവങ്ങൾക്കിരയായി ജീവിക്കേണ്ടിവരുന്ന മറിയമാണ് കഥയിലുടനീളം നിറഞ്ഞു നിൽക്കുന്നത്.
നോവലിലെ രണ്ടാമത്തെ പ്രധാന കഥാപാത്രമാണ് ലൈല. വിദ്യാഭ്യാസത്തെ ഏറെ പ്രോത്സാഹിപ്പിക്കുകയും എപ്പോഴും കൂടെ നിൽക്കുകയും ചെയ്യുന്ന ഒരു സാധാരണ പിതാവായിരുന്നു ലൈലയുടേത്. ലൈലയുടെ സ്നേഹിതനായ താരിഖാണ് കഥയിലെ മറ്റൊരു മുഖ്യ കഥാപാത്രം. ലൈലയുടെ കുടുംബം പാകിസ്ഥാനിലേക്ക് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിൽ അപ്രതീക്ഷിത ആക്രമണം നടക്കുകയും അവൾക്ക് എല്ലാവരെയും നഷ്ടപ്പെടുകയും ചെയ്യുന്നു.
സർവ്വം നഷ്ടപ്പെട്ട പതിനാലു വയസ്സുകാരിയായ ലൈലയുടെ സംരക്ഷണ ചുമതല മറിയമിന്‍റെ ഭർത്താവായ റഷീദ് ഏറ്റെടുക്കുന്നു. ലൈലയെ ഭാര്യയാക്കാമെന്നും അവളിലൂടെ തനിക്ക് സന്താനങ്ങൾ ലഭിച്ചേക്കാം എന്നതുമായിരുന്നു റഷീദിന്‍റെ കണക്ക് കൂട്ടല്‍. ലൈലയും റഷീദിന്‍റെ ഭാര്യയാകുന്നത് മുതലാണ് മറിയമിന്‍റെയും ലൈലയുടെയും ഒരുമിച്ചുള്ള ജീവിതം തുടങ്ങുന്നത്.
ഇരുവരുടെയും ഉറച്ച ബന്ധവും അനീതിക്കെതിരെ അടിയുറച്ചു നിൽക്കാനുള്ള ആത്മധൈര്യവുമാണ് നോവൽ അവതരിപ്പിക്കുന്നത്. അഫ്‌ഗാനിസ്ഥാനിലെ സംഘർഷഭരിതമായ അവസ്ഥകളുടെ പശ്ചാത്തലത്തിൽ ഈ രണ്ടു യുവതികളുടെ ദുരിതമയമായ ജീവിതങ്ങൾ കോരിയിടുകയാണ് നോവലിൽ. വ്യക്തിസ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്ന അവസ്ഥകളിലും ഇരുവരും ജീവിതത്തെ എങ്ങനെ പ്രതീക്ഷകളോടെ സ്നേഹനിർഭരമായി കാണുന്നു എന്നത് നോവലിൽ ഭംഗിയായി ചിത്രീകരിക്കുന്നുണ്ട്.
ജീവിതം നിർദയമാകുമ്പോഴും പരസ്പര സ്നേഹവും വാത്സല്യവും നിലനിർത്തുക വഴി അത്ഭുതങ്ങൾ സൃഷ്ടിക്കാമെന്ന സന്ദേശവും നോവലിസ്റ്റ് കൈമാറുന്നുണ്ട്. താലിബാൻ അധികാരമേറിയ ശേഷം അഫ്ഗാനിലെ സ്ത്രീ ജീവിതം എത്രമാത്രം ദുസ്സഹമായിരുന്നു എന്ന് ഇവരുടെ അനുഭവങ്ങളിലൂടെ നോവലിസ്റ്റ് തുറന്നു കാട്ടുന്നു.
നാല് ഭാഗങ്ങള്‍ ആയിട്ടാണ് നോവൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്. ആദ്യഭാഗത്ത് മറിയമിന്‍റെയും രണ്ടാം ഭാഗത്ത് ലൈലയുടെയും കഥയാണ് വിവരിക്കുന്നത്. പിന്നീട് താലിബാന്‍റെ പരാക്രമങ്ങളുടെ ഫലമായി ഇരുവരും ഒന്നിച്ചു വരുന്നിടത്താണ് മൂന്നാം ഭാഗം ആരംഭിക്കുന്നത്. ലൈലയുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് വേണ്ടി മറിയം തന്‍റെ ജീവിതം ബലിയർപ്പിക്കുന്നിടത്ത് ഈ ഭാഗം അവസാനിക്കുന്നു. കഥയുടെ ഉപസംഹാരമായ നാലാം ഭാഗത്ത് കുട്ടികൾക്കൊപ്പം അഫ്ഗാൻ വിട്ട ലൈല പിന്നീട് മറിയമിനെ അന്വേഷിച്ചു അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചുവരുന്നിടത്താണ് കഥ അവസാനിക്കുന്നത്.
നിരന്തര യുദ്ധങ്ങൾക്കും പോരാട്ടങ്ങൾക്കുമിടയിൽ അതിന്‍റെ ഫലമെന്നോണം സംഭവിക്കുന്ന അതിതീവ്രമായ അനുഭവങ്ങൾ തന്‍റെ കഥാപാത്രങ്ങളിലൂടെ വരച്ചു കാണിക്കുന്നു എന്നതാണ് ഖാലിദ് ഹുസൈനിയുടെ എഴുത്തിനെ വ്യത്യസ്തമാക്കുന്നത്. സോവിയറ്റ് യൂണിയൻ അഫ്ഗാനിസ്ഥാനെ ആക്രമിക്കുന്നതും അഫ്ഗാൻ ഭരിച്ചിരുന്ന ബറാക് കാർമൽ അവരുടെ പാവയായി മാറുന്നതും അതിനുശേഷം താലിബാൻ അധികാരം പിടിച്ചെടുക്കുന്നതും നോവൽ അവതരിപ്പിക്കുന്നുണ്ട്. ഈ സംഭവവികാസങ്ങളയെല്ലാം അതിമനോഹരമായി വരച്ചിടുന്നതിൽ നോവലിസ്റ്റ് വിജയിച്ചിട്ടുണ്ട്. വൈകാരികമായ വായനാനുഭവം സൃഷ്ടിക്കുന്നു എന്നതിനാലാണ് ഹുസൈനിയുടെ എഴുത്തുകൾ ഏറെ വായിക്കപ്പെടുന്നത്. അതോടൊപ്പം അഫ്ഗാനിസ്ഥാനിലെ വിലാപ കഥകളാണ് ഹുസൈനിയുടെ ഓരോ നോവലുകളിലും നിഴലിച്ചു നിൽക്കുന്നത്.
അഫ്ഗാനിസ്ഥാനിലെ കാബൂളിലായിരുന്നു ഖാലിദ് ഹുസൈനിയുടെ ജനനം. അഫ്ഗാനിലെ റഷ്യൻ അധിനിവേശത്തെ തുടർന്ന് അമേരിക്കയിൽ രാഷ്ട്രീയ അഭയം തേടുകയായിരുന്നു ഹുസൈനിയുടെ കുടുംബം. അമേരിക്കൻ പൗരത്വം സ്വീകരിച്ച ശേഷം വടക്കൻ കാലിഫോർണിയയിലാണ് ഹുസൈനി താമസമാക്കിയത്. ഇദ്ദേഹത്തിന്‍റെ എഴുത്തുകളെല്ലാം അഫ്ഗാൻ കേന്ദ്രീകരിച്ചു കൊണ്ടാണ് രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യ നോവലായ ദി കൈറ്റ് റണ്ണർ അന്തർദേശീയ ബെസ്റ്റ് സെല്ലർ ആയിരുന്നു.
ചുരുക്കത്തിൽ അഫ്ഗാനിസ്ഥാന്റെ വിലാപ കഥകളിലേക്ക് രണ്ടു സ്ത്രീജീവിതങ്ങളിലൂടെ സഞ്ചരിക്കുന്നതാണ് നോവലിന്‍റെ ഉള്ളടക്കം. തിളക്കമാർന്ന ഒരായിരം സൂര്യന്മാർ എന്ന പേരിൽ പുസ്തകത്തിന്‍റെ മലയാള പരിഭാഷയും നിലവിൽ ലഭ്യമാണ്.
Leave A Comment