ശംസ് തബ്‌രീസിയുടെ ദിവ്യാനുരാഗ പ്രമാണങ്ങള്‍

പതിമൂന്നാം നൂറ്റാില്‍ ജീവിച്ചിരുന്ന പേര്‍ഷ്യന്‍ സൂഫിവര്യനും മൗലാനാ
ജലാലുദ്ദീന്‍ റൂമിയുടെ ഗുരുവര്യനുമായിരുന്ന ശംസ് തബ്‌രീസിയുടെ
ദിവ്യാനുരാഗ പ്രമാണങ്ങള്‍ ഹൃസ്വമായി അവതിരപ്പിക്കുന്ന രചനയാണ്
അബ്ദുല്‍ ഗഫൂര്‍ ഹുദവി കൊമ്പങ്കല്ല് രചിച്ച ശംസ് തബ്‌രീസി, പ്രണയത്തിന്‍റെ പ്രമാണങ്ങള്‍ എന്ന ചെറു ഗ്രന്ഥം. മലയാളത്തില്‍ ശംസിനെ കുറിച്ച് കനപ്പെട്ട രചനകളോ അദ്ദേഹത്തിന്‍റെ ആശയ പ്രപഞ്ചത്തെക്കുറിച്ച് വസ്തുനിഷ്ഠമായ വിശകലനങ്ങളോ ലഭ്യമല്ലെന്ന പരിതമിതിക്ക് പരിഹാരമാകുന്ന രചനയാണിതെന്ന് പറയാം.

സൂഫി സാഹിത്യത്തിലെ അവിസ്മരണീയ നാമമാണ് ശംസ് തബ്‌രീസിയും അദ്ദേഹത്തിന്‍റെ ഭാഷണങ്ങളും. ശംസിന്‍റെ രേഖപ്പെട്ടു കിടക്കുന്ന ഏറ്റവും പ്രശസ്ത കൃതിയായ മഖാലാത്ത് അടിസ്ഥാനമാക്കി അദ്ദേഹത്തെ വായിക്കാനുള്ള എളിയ ശ്രമമാണ് പ്രസ്തുത ഗ്രന്ഥത്തിലൂടെ രചയിതാവ് നടത്തുന്നത്. മഖാലാത്തിന്‍റെ പേര്‍ഷ്യന്‍, തുര്‍ക്കിഷ് പതിപ്പുകളാണ് പ്രധാന അവലംബം. ശംസ് കൊനിയയില്‍ ഉണ്ടായിരുന്നപ്പോള്‍ നടത്തിയ പ്രഭാഷണങ്ങള്‍ റൂമിയടക്കമുള്ള ശിഷ്യന്മാര്‍ പിന്നീട് സമാഹരിച്ച പുസ്തകമാണ് മഖാലാതേ ശംസ് തബ്‌രീസി എന്ന പേരില്‍ അറിയപ്പെടുന്നത്.

കൊനിയയില്‍ ആത്മീയ ലോകത്തിന്‍റെ ശില്‍പ്പിയായി റൂമി അവതരിക്കുന്നതിന് മുമ്പുള്ള ശംസിന്‍റെ ജീവിത യാത്രകള്‍ ലഭ്യമായ രീതിയില്‍ അവതരിപ്പിച്ചു കൊണ്ടാണ് പുസ്തകം തുടങ്ങുന്നത്. തന്‍റെ അറിവുകള്‍ പകര്‍ന്നു നല്‍കാന്‍ യോഗ്യനായ ഒരു ശിഷ്യനെ തേടിയുള്ള ശംസിന്‍റെ യാത്രകള്‍ കൊനിയയിലെ ജലാലുദ്ദീന്‍ റൂമിയുമായുള്ള സംഗമത്തിലാണ് പര്യാവസാനിച്ചത്. റൂമിയുടെ ജീവിത്തിന്‍റെ ഗതി മാറ്റിമറിച്ച ഈ സംഗമം ഏറെ ചരിത്രപ്രസിദ്ധമാണ്. സൂഫിവര്യരായ രണ്ട് മഹത്തുക്കളുടെ ആത്മീയ സംഗമമായിരുന്നു അത് എന്നത് തന്നെ കാരണം.

ശംസ് ആദ്യമായി റൂമിയെ കണ്ടുമുട്ടുന്നതും അനന്തരം അവര്‍ക്കിടയില്‍ നടന്ന സംഭവവികാസങ്ങളും രണ്ട് സമുദ്രങ്ങളുടെ സംഗമം എന്ന ശീര്‍ഷകത്തില്‍ രചയിതാവ് അവതരിപ്പിച്ചിട്ടുണ്ട്. റൂമിയെ പ്രേമഭിക്ഷു എന്ന അവസ്ഥയില്‍നിന്ന് ദിവ്യാനുരാഗിയാക്കി മാറ്റിയത് ശംസ് തബ്‌രീസിയായിരുന്നു. തന്‍റെ സാനിധ്യത്തില്‍ ഒരുപാട് പാഠങ്ങള്‍ പകര്‍ന്നു
നല്‍കിയശേഷം റൂമിയെ അറബികള്‍ക്കോ അനറബികള്‍ക്കോ പരിചയമില്ലാത്ത അത്ഭുതലോകത്തേക്കാണ് ശംസ് ആനയിച്ചു കൊണ്ടുപോയത്.

എല്ലാം ത്യജിച്ച് സ്വന്തമായൊരു വാസസ്ഥലമില്ലാതെ സകലര്‍ക്കും ആത്മജ്ഞാനം ഉപദേശിച്ചു കൊണ്ട് എല്ലായിടത്തും സഞ്ചരിക്കുന്ന ഭക്തനായിരുതിനാല്‍ സര്‍വസംഗ പരിത്യാഗിയായ പരിവ്രാചകനായിരുന്നു ശംസ് തബ്‌രീസിയെന്ന് പുസ്തകം വിശദീകരിക്കുന്നു. അദ്ദേഹത്തിന്‍റെ യാത്രയിലെ വ്യത്യസ്തവും വിചിത്രവുമായ ദൃഷ്ടാന്ത കഥകളും രചയിതാവ് കൊണ്ടുവന്നിട്ടുണ്ട്. ദൈവത്തില്‍ പൂര്‍ണ്ണമായും ലയിച്ചു കഴിഞ്ഞ് പരമവും മഹത്വപൂര്‍ണ്ണവുമായ ആത്മീയ നേട്ടങ്ങള്‍ കൈവരിച്ച അവധൂതനായും ശംസിനെ ഗ്രന്ഥകാരന്‍ പരിചയപ്പെടുത്തുന്നു.

കുഴക്കുന്ന കടങ്കഥകള്‍ പോലെ കണ്ടുപിടിക്കാന്‍ പ്രയാസകരമായ സംഭാഷണശകലങ്ങളാണ് ശംസിന്റെ മഖാലാത്തില്‍ സമാഹരിക്കപ്പെട്ടിട്ടുള്ളത്. അതില്‍ നിന്നും ധര്‍മ്മോപദേശപരവും അദ്ദേഹത്തിന്‍റെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതും റൂമിയുമായുള്ള ബന്ധം വിവരിക്കുതും ആയ ചില ഭാഗങ്ങള്‍ ശംസ് തബ്‌രീസിയുടെ അധ്യാപനങ്ങള്‍ എന്ന ശീര്‍ഷകത്തില്‍ ഗ്രന്ഥകാരന്‍ അവതരിപ്പിച്ചിട്ടുണ്ട്. ദിവ്യാനുരാഗ സംബന്ധമായ പ്രമാണങ്ങളാണ് കൂടുതലും തന്‍റെ അധ്യാപനങ്ങളിലൂടെ ശംസ് സമര്‍പ്പിക്കുന്നത്. നാസ്തികരുടെ വസ്തുതാവിരുദ്ധമായ ആശയങ്ങള്‍ക്കുള്ള മറുപടികളും ശംസിന്‍റെ അധ്യാപനങ്ങളില്‍ പലയിടങ്ങളിലായി കടുവരുന്നുണ്ട്.

ദിവ്യദര്‍ശനത്തെക്കുറിച്ച് മഖാലാത്തില്‍ പറയപ്പെടുന്ന ശംസിന്‍റെ ഉദ്ധരണി പുസ്തകത്തില്‍ അവതരിപ്പിച്ചത് ഇപ്രകാരമാണ്. അദ്ദേഹം പറയുന്നു:
“പ്രകാശ പൂരിതവും ഇരുള്‍മുറ്റിയതുമായ അനവധി യവനികള്‍ക്കപ്പുറമാണ്ദൈവം. ഒരുപാട് കാലം നിരവധി പുസ്തകങ്ങള്‍ വായിച്ച് പഠിച്ചാലൊന്നും ആ തിരശ്ശീലകള്‍ നീങ്ങുകയില്ല. ആര്‍ക്കും പൂര്‍ണമായി അവനെ മനസ്സിലാവില്ല. പുസ്തകം പഠിക്കുന്നത് കൊണ്ട് ദിവ്യദര്‍ശനം സാധ്യവുമല്ല. കഴുതപുറത്ത് ഭാരം കയറ്റുത് പോലൊയാണ് ഈ ലക്ഷ്യത്തിന് വേണ്ടി കുറേ പുസ്തകങ്ങള്‍ വായിക്കുന്നത്. ഭാരം ചുമന്നിട്ട് കഴുതക്കെന്ത് കിട്ടാനാണ്? 
നിങ്ങള്‍ എന്തെങ്കിലും പറയുമ്പോള്‍ ശ്രോതാവ് ശ്രദ്ധിക്കുന്നില്ലെങ്കില്‍, നിങ്ങളെ പോലെ വിചാരപ്പെടുന്നില്ലെങ്കില്‍ അവനോട് സംസാരിച്ചിട്ട് എന്താണ് കാര്യം. കാര്യങ്ങള്‍ മനസ്സിലാകുന്നവനോടല്ലേ സംസാരിക്കേണ്ടത്. അല്ലെങ്കില്‍ അത് കേവലം അധരവ്യായാമമാകും. നിങ്ങളോട് ഒരാള്‍ സംസാരിക്കുമ്പോള്‍ അറിയാവുന്ന വിവരവും തത്വചിന്തയും ഉപയോഗിച്ച് നിങ്ങളത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. അപ്പോഴല്ലേ പ്രസ്തുത സംസാരം ആസ്വാദ്യകരമാവുക? പലരും ഒരുപാട് കാലം കൂടെ ജീവിക്കും, പക്ഷേ പരസ്പരം മനസ്സിലാക്കില്ല. എന്തായാലും സ്വന്തം അഭിരുചി തിരിച്ചറിയുന്ന മറ്റൊരാളെ കിട്ടിയാല്‍ നീ ഭാഗ്യവാന്‍ തന്നെ”.

ശംസ് തബ്‌രീസിയുടെ ആശയലോകം കെട്ടിപ്പടുത്ത സമകാലികരായ മഹാമനീഷികളുടെ സഹവാസവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ് പുസ്തകത്തിന്‍റെ അവസാന ഭാഗത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നത്. ബായസീദ്, അഹ്മദുല്‍ ഗസ്സാലി, ഉമര്‍ ഖയ്യാം, റാബിഅത്തുല്‍ അദവിയ്യ, ഹക്കീം സന, ശിഹാബുദ്ദീന്‍ സുഹ്‌റവര്‍ദി, ഹല്ലാജുല്‍ മന്‍സൂര്‍, മുഹയുദ്ദീന്‍ ബ്‌നു അറബി തുടങ്ങി സൂഫി ലോകത്തെ എക്കാലത്തെയും മികച്ച പണ്ഡിതപ്രഭുക്കളാണ് പ്രസ്തുത ഭാഗത്ത് കടന്നുവരുന്ന മഹല്‍ വ്യക്തിത്വങ്ങള്‍. പ്രത്യക്ഷ്യ വായനയില്‍ വസ്തുതാ വിരുദ്ധമെന്ന് തോന്നുന്ന പലതും സൂക്ഷ്മ വായനയില്‍ ചിന്തനീയമായ കാര്യങ്ങളാണെ് വായനക്കാര്‍ക്ക് ബോധ്യപ്പെടും.

ശംസ് തബ്‌രീസിയുടെ ആശയനിര്‍ഭരമായ ഭാഷണങ്ങളും ചിന്തനീയമായ ആശയങ്ങളും സുഖകരമായ ഭാഷയില്‍ വായനക്കാര്‍ക്ക് മുമ്പില്‍ അവതരിപ്പിക്കാനുള്ള എളിയ ശ്രമമാണ് ഗ്രന്ഥകാരന്‍ തന്‍റെ ചെറു കൃതിയിലൂടെ നടത്തിയിരിക്കുന്നത്. ശംസിന്‍റെ ആശയങ്ങളും കാഴ്ച്ചപ്പാടുകളും പ്രത്യക്ഷത്തില്‍ വേദവ്യതിചലനമായി തോന്നാമെങ്കിലും അവ യഥാര്‍ത്ഥത്തില്‍ മത ദര്‍ശനങ്ങളുടെ ഉദാത്ത നിദര്‍ശനങ്ങളാണെന്നാണ് പുസ്തകം വ്യക്തമാക്കുന്നത്. അദ്ദേഹത്തിന്‍റെ ആശയങ്ങളെ സ്വീകരിക്കാനുള്ള ആത്മീയജ്ഞാനം ലഭിച്ചവരുടെ അഭാവം മൂലമാണ് ശംസിനെതിരെ പല ആരോപണങ്ങളും ഉയിക്കപ്പെടുന്നത്. ഇവയിലെ നല്ല വശങ്ങളെ വിശകലനം ചെയ്യുകയും അപാകതകളുണ്ടെങ്കില്‍ പരിഹരിച്ച ശേഷം സ്വീകരിക്കുകയും ചെയ്യുന്നതാണ് യഥാര്‍ത്ഥ ജ്ഞാനം എന്നാണ് രചയിതാവ് പറഞ്ഞുവെക്കുന്നത്.

ചുരുക്കത്തില്‍ ശംസ് തബ്‌രീസിയുടെ ആശയാദര്‍ശങ്ങളും ദിവ്യാനുരാഗ പ്രമാണങ്ങളും എളിയ രീതിയില്‍ മനസ്സിലാക്കാന്‍ ആഗ്രഹിക്കുവര്‍ക്ക് ഈ പുസ്തകം ഉപകരിക്കുമെന്നത് തീര്‍ച്ചയാണ്. പ്രസാധന രംഗത്ത് പുത്തന്‍ ചുവടുവെപ്പുകളുമായി മുാന്നോട്ടു പോകുന്ന ബുക്ക് പ്ലസ്സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter