മൗലാന മുഹമ്മദ് ഷബീറലി ഹസ്രത്ത് അറിവിന്റെ ആഴങ്ങളിലൂടെ സഞ്ചരിച്ച മഹാന്‍
തമിഴ്‌നാട് വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്തിലെ ദീര്‍ഘകാലം അധ്യാപകനായിരുന്ന മൗലാന ശബീറലി ഹസ്‌റത്ത് കഴിഞ്ഞ ദിവസം നാഥന്റെ വിളിക്ക് ഉത്തരം നല്‍കി യാത്രയായിരുന്നു,മൂന്ന് പതിറ്റാണ്ടോളം ബാഖിയാത്തില്‍ തന്റെ ശിഷ്യന്മാര്‍ക്ക് അറിവ് പകര്‍ന്ന് കൊടുത്ത പണ്ഡിതനായിരുന്നു മൗലാന ശബീറലി ഹസ്‌റത്ത്.
ബാഖിയത്ത് സ്വാലിഹാത്തിലെ ബാനീ ഹസ്‌റത്തിന്റെ ശിഷ്യരും വലിയ പണ്ഡിതരുമായ മൗലാനശൈഖ് ആദം ഹസ്‌റത്തിന്റെയും ശൈഖ് അബ്ദുറഹീം ഹസ്‌റത്തിന്റെയും ശൈഖ് അബ്ദുസ്സമദ് പട്ട് ഹസ്‌റത്തിന്റെയും ശിഷ്യനായാണ് മൗലാന ശബീറലി ഹസ്‌റത്ത് പഠിച്ച് വളര്‍ന്നത്, അത് കൊണ്ട് തന്നെ അവരില്‍ നിന്ന് ലഭിച്ച നന്മകളെല്ലാം ശബീറലി ഹസ്‌റത്തിന്റെ ജീവിതത്തിലുടനീളം പകര്‍ത്തുകയും ചെയ്തിരുന്നു.
ഉസ്താദുമാരുടെ ചരിത്രമെല്ലാം ശബീറലി ഹസ്‌റത്തിന്റെ ശിഷ്യന്മാര്‍ക്ക് പറഞ്ഞു കൊടുക്കുന്ന സന്ദര്‍ഭങ്ങളില്‍ ശബീറലി ഹസ്‌റത്തിന്റെ കണ്ണ് കലങ്ങുമായിരുന്നു. അവരുടെ തഖ്‌വയുടെയും ഇല്‍മിന്റെയും ആഴം ആലോചിച്ച് അവരെ കുറിച്ച് ആലോചിച്ച് കണ്ണ് കലങ്ങി,ചുവന്ന് തുടുക്കുമായിരുന്നു. അല്ലാമ അബ്ദുറഹീം ഹസ്‌റത്ത്, ശൈഖ് ആദം ഹസ്‌റത്ത്, അല്ലാമ അബ്ദു സമദ് ഹസ്‌റത്ത് ബീരാന്‍ ഹസ്‌റത്ത്, ശൈഖ് ഹസന്‍ ഹസ്‌റത്ത് തുടങ്ങിയവരില്‍ നിന്നെല്ലാം ശബീറലി ഹസ്‌റത്ത് വിജ്ഞാനം നുകര്‍ന്നു.ഉസ്ദാതുമരെ കുറിച്ച് പറഞ്ഞ് അവാസാനം ഉലാഇക ആബാഈ, (അവര്‍ എന്റെ പിതാക്കളാണ്) എന്ന് തന്റെ ശിഷ്യന്മാരോട് പറയുകയും ചെയ്തിരുന്നു.
ശബീറലി ഹസ്‌റത്ത് ക്ലാസ് നിറുത്തിയാല്‍ ഇനിയും പറയണം എന്ന് കൊതിക്കുന്ന രീതിയിലുള്ള ക്ലാസായിരുന്നുവെന്ന് ശിഷ്യന്മാര്‍ രേഖപ്പെടുത്തുന്നു. ക്ലാസില്‍ ഒരു ലഫ്‌ള്(പദം) എടുക്കുമ്പോള്‍ തന്നെ അതിന്റെ അര്‍ത്ഥ തലങ്ങളിലേക്കിറങ്ങിച്ചെന്ന് അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളെയും സംവാദങ്ങളെയും ഇമാമുമാരുടെ അഭിപ്രായങ്ങളെയുമെല്ലാം വേര്‍തിരിച്ച് കൃത്യമായി മനസ്സിലാക്കി നല്‍കുന്ന ക്ലാസായിരുന്നു ശബീറലി ഹസ്‌റത്തിന്റേത്.
ശൈഖ് ആദം ഹസ്‌റത്തുമായി അഭേദ്യമായ ബന്ധമായിരുന്നു ശബീറലി ഹസ്‌റത്ത് പുലര്‍ത്തിയരുന്നത്.ശൈഖ് ശബീറലി ഹസ്‌റത്ത് തന്റെ ജീവിതത്തിലെ വലിയ തൗഫീഖായി (ഭാഗ്യമായി) തന്റെ ശിഷ്യരോട് പറയാറുണ്ടായിരുന്നത് ശൈഖ് ആദം ഹസ്‌റത്തിന്റെ അടുത്ത് നിന്ന് ലഭിച്ച ഒരു ദുആയെ കുറിച്ചായിരന്നു. ശബീറലി ഹസ്‌റത്ത് ആറാം ക്ലാസില്‍ പഠിക്കുന്ന കാലം, അക്കാലത്ത് ശൈഖ് ആദം ഹസ്‌റത്തിന്റെ അടുത്ത് നിന്ന് ലഭിച്ച ദുആ ആയിരുന്നു സര്‍വ്വ മേഖലകളില്‍ ഉന്നമനങ്ങള്‍ ലഭിക്കാനും ഏത് മജ്‌ലിസില്‍ കയറിയാലും ധൈര്യത്തോട് കൂടി പ്രസംഗിക്കാനും കാരണമായതെന്ന് ശബീറലി ഹസ്‌റത്ത് ശിഷ്യരോട് പറയാറുണ്ടായിരുന്നു. (ശൈഖ് ആദം ഹസ്‌റത്തിനെ ബാഖിയാത്ത് സ്വാലിഹാത്തില്‍ ശൈഖുന എന്നായിരുന്നു വിളിച്ചിരുന്നത്).
ആ സംഭവം ഇങ്ങനെ സംഗ്രഹിക്കാം
ശബീറലി ഹസ്‌റത്ത് ആറാം ക്ലാസില്‍ പഠിക്കുന്ന കാലം, അവിടെ ക്രിസ്ത്യാനികളും മുസ്‌ലിംകളും തമ്മില്‍ ഒരു സംവാദം നടന്നു. ക്രിസ്ത്യാനിസം സജീവമായ കാലമായിരുന്നു അത്. അന്ന് ക്രിസ്ത്യാനികളും പുരോഹിതന്മാരും ചേര്‍ന്ന് സംവാദത്തിന് ഒരു തിയ്യതി നിശ്ചയിക്കുകയും വലിയ സ്‌റ്റേജ് സജ്ജമാക്കുകയും ചെയ്തു. ക്രിസ്ത്യന്‍ ഭാഗക്കാരോട് മറുപടി പറയേണ്ടതും മറു ചോദ്യം ചോദിക്കേണ്ടതും ഇസ്‌ലാമിന്റെ കൃത്യമായ ആശയങ്ങള്‍ അവതരിപ്പിക്കേണ്ടതുമായ ഉത്തരവാദിത്വം ശൈഖ് ആദം ഹസ്‌റത്തിനായിരുന്നു. ശൈഖ് ആദം ഹസ്‌റത്തിന്റെ കൂടെ ശിഷ്യന്മാരും ഉണ്ടായിരുന്നു, ബാഖിയാത്ത് മുതല്‍ സിഎംസ് വരെ ജനനിബിഢമായി ഇരു സ്റ്റേജുകളും ഉയര്‍ന്നു, ശൈഖ് ആദം ഹസ്‌റത്തും ശിഷ്യന്മാരും ഒരു വേദിയില്‍ മറു വേദിയില്‍ ക്രിസ്ത്യന്‍ പുരോഹിതരും, ഈ സമയം ശൈഖ് ആദം ഹസ്‌റത്ത് തന്റെ ശിഷ്യന്മാരൈ നോക്കി പറഞ്ഞു, ഞാന്‍ അവതരിപ്പിക്കുന്നതിന് മുമ്പ് ആരെങ്കിലും ഒരാള്‍ ഈവിഷയം ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞ് ശൈഖ് ആദം ഹസ്‌റത്ത് വിരല്‍ ചൂണ്ടിയത് ശൈഖ് ശബീറലി ഹസ്‌റത്തിലേക്കായിരുന്നു.
ശബീറലി ഹസ്‌റത്ത് ബാഖിയാത്തില്‍ ആറാം ക്ലാസ് ഓതുന്ന സമയം, ആദ്യമായാണ് ഈ വിഷയം അവതരിപ്പിക്കുന്നത്. വലിയ സ്റ്റേജില്‍ ക്രിസ്ത്യാനിസത്തെ കുറിച്ചുമെല്ലാം ശബീറലി ഹസ്‌റത്തിന്റെ ഗഹനമായ അവതരണം. ത്രിഏകത്വത്തെ കുറിച്ച് ,ഓരോന്നും ഇഴകീറി പരിശോധിച്ച അവതരണം, ഓരോന്നിനെയുംവാദങ്ങളെ പൊളിച്ച് ശരിയായ തൗഹീദ് എന്താണെന്നും ഈസ നബി (അ) കൊണ്ട് വന്ന ദീന്‍ എന്താണെന്നും സ്ഥിരപ്പെടുത്തി, ഒരു മണിക്കൂറോളം ആണ് ശബീറലി ഹസ്‌റത്ത് അതിന് സമയം ചെലവഴിച്ചത്. അതിന് ശേഷം ശൈഖ് ആദംഹസ്‌റത്ത് പിന്നെ ചോദ്യങ്ങളിലേക്ക് കടന്നു അതിന് മറുപടിയും അധികവും ശബീറലി ഹസ്‌റത്ത് തന്നെ പറഞ്ഞുകൊണ്ടിരുന്നു. ഇതെല്ലാം കണ്ടിട്ട് ശൈഖ് ആദം ഹസ്‌റത്ത് ശൈഖ് ശബീറലി ഹസ്‌റത്തിന് വേണ്ടി ഒരു ദൂആ ചെയ്തു.
അല്ലാഹു സുബ്ഹാനഹു വതആല ന്റെമോനെ ദര്‍സിലും ദഅ്‌വത്തിലും എല്ലാ മേഖലയിലും നല്ല അസറുള്ള(ഫലമുള്ള) ദീനിന്റെ സൈഫായി(വാളായി) വലിയ ദാഈ(പ്രബോധകനായി) അല്ലാഹു ആക്കട്ടെ എന്ന് ആ സദസ്സില്‍ വെച്ച് ശൈഖ് ആദം ഹസ്‌റത്ത് ദൂആ ചെയ്തു. ആ ദുആയാണ്ജീവത്തില്‍ വലിയ സുകൃതമെന്ന് ശബീറലി ഹസ്‌റത്ത് എപ്പോഴും പറയാറുണ്ടായിരുന്നുവത്രെ.
ബാഖിയാത്ത് സ്വാലിഹാത്ത് സനദ് സമ്മേളനത്തിലെ മുഖ്യ പ്രഭാഷണം പലപ്പോഴും ശബീറലി ഹസ്‌റത്തായിരുന്നു, ആ പ്രസംഗം ഏറെ ശ്രദ്ധയോടെ വീക്ഷിക്കുമായിരുന്നു, കാരണം അത് അറബിയിലും മലയാളത്തിലും തമിഴിലും ഉറുദുവിലും കൂടിച്ചേര്‍ന്ന പ്രസംഗമായിരുന്നുവത്രെ,
ശൈഖ് ജബ്ബാര്‍ ഹ്‌സറത്ത് ഏത് പരിപാടിക്ക് പോവുകയാണെങ്കിലും കൂടെ ശബീറലി ഹസ്‌റത്തിനെ കൂടി വിളിക്കുമായിരുന്നു.തന്റെ ശിഷ്യരോട് ഖുര്‍ആന്‍ ഓതാന്‍ പ്രത്യേകം ഉപദേശം നല്‍കിയിരുന്നു.
ബാനി ഹസ്‌റത്ത് വിടാതെ ചെയ്ത ഇബാദത്തുകളിലൊന്ന് ഖുര്‍ആന്‍ , എല്ലാ ദിവസവും ചുരുങ്ങിയത് മുക്കാല്‍ ജുസ്അ എങ്കിലും ഓതണം, അത് ഹാഫിളുല്‍ ഖുര്‍ആന്‍ ഉസ്മാനുബ്‌നു അഫ്ഫാന്‍ (റ) ന്റെ ഇജാസത്ത് ബാനി ഹസ്‌റത്തിനുണ്ട്. (ഉസ്മാന്‍ (റ) ന്റെ ഇജാസത്തിന്റെ പരമ്പര അവരുടെ ശിഷ്യരിലൂടെ ബാനി ഹസ്‌റത്തിലേക്ക എത്തുന്നുണ്ട്)ബാനീ ഹസ്‌റത്തിന്റെ പല ഇജാസത്തുകളും ശൈഖ് ആദംഹസ്‌റത്തിലൂടെ അബ്ദുറഹീം ഹസ്‌റത്തിലൂടെ ശൈഖ് ശബീറലി ഹസ്‌റത്തിന് ലഭിച്ചിരുന്നു. ബാനീ ഹസ്‌റത്തിന് ഉസ്മാന്‍ (റ) ലേക്ക് എത്തുന്ന കുടുംബ പരമ്പര ഉള്ളത് പോലെ ശബീറലി ഹസ്‌റത്തിനും ഉസ്മാന്‍(റ) ലേക്ക എത്തുന്ന കുടുംബ പരമ്പര ഉണ്ടായിരുന്നു.
മൗലാന ശബീറലി ഹസ്‌റത്തിന്റെ ഒരുപാട് പ്രഭാഷണങ്ങള്‍ ഇപ്പോഴും യൂട്യൂബില്‍ ലഭ്യമാണ്. ഈമാനികാവേശം നല്‍കുന്ന പ്രഭാഷണങ്ങള്‍, വിഷയത്തെ കൃത്യമായി അപഗ്രഥിച്ച് പ്രഭാഷണം നടത്തുന്ന ശൈലിയാണ് അദ്ദേഹം ഭാഷണങ്ങളില്‍ സ്വീകരിച്ചിരുന്നത്. പ്രഭാഷണത്തിന് വേണ്ടി തയ്യാറാവുകയാണെങ്കില്‍ വിഷയത്തെ കൃത്യമായി പഠിച്ച് വിഷയത്തില്‍ ഊന്നി പ്രഭാഷണം നടത്തണമെന്ന് തന്റെ ശിഷ്യന്മാരോട് അദ്ദേഹം ഉണര്‍ത്തുകയും ചെയ്തിരുന്നു. പ്രഭാഷകര്‍ എങ്ങനെ പ്രഭാഷണം നടത്തെമെന്നും അതിന്റെ നിബന്ധനകള്‍ എന്തൊക്കെയാണെന്നും ശബീറലി ഹസ്‌റത്ത് വെല്ലൂര്‍ ബാഖിയാത്തിലെ സമാജ വേദികളില്‍ തന്റെ ശിഷ്യന്മാരുമായി പങ്ക് വെച്ചിരുന്നു. ഏതൊരു വിഷയത്തെ കുറിച്ച് ക്ലാസെടുക്കുകയാണെങ്കിലും അതെ കുറിച്ച് ഗഹനമായി പഠിക്കുകയും വിഷയത്തില്‍ നിന്ന് തെന്നിമാറാതെ ക്ലാസെടുക്കാന്‍ പ്രഭാഷണത്തില്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറയുമായിരുന്നു.
83 വയസ്സ് കാലത്തും യുവത്വകാലത്തുള്ളത് പോലെ രോഗങ്ങളൊന്നുമില്ലാതെയാണ് ശബീറലി ഹസ്‌റത്ത് നാഥനിലേക്ക മടങ്ങിയത്, അദ്ദേഹത്തോടെ കൂടെ നമ്മെയും നാഥന്‍ നാളെ സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടട്ടെ ആമീന്‍.
Leave A Comment