അരനൂറ്റാണ്ടിലേറെക്കാലമായി ഗാസയിലെ പുരാതന മസ്ജിദില്‍ ബാങ്ക് വിളിക്കുന്ന അബൂഹുസാം ഹനിയ്യ
അരനൂറ്റാണ്ടിലേറെക്കാലമായി ഫലസ്ഥീനിലെ ഏറ്റവും പഴക്കമുള്ള ഗ്രേറ്റ് ഒമരി മസ്ജിദില്‍ ബാങ്കുവിളിക്കുന്ന എണ്‍പത്തിയഞ്ചുകാരനായ അബൂ ഹുസാം ഹനിയയെ പരിചയപ്പെടാം.
ജറൂസലമിലെ അല്‍ അഖ്‌സ മസ്ജിദ് കഴിഞ്ഞാല്‍ പിന്നീട് ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ പള്ളിയാണ് ഗാസ സിറ്റിയിലെ ഗ്രേറ്റ് ഒമരി മസ്ജിദ്. മസ്ജിദിനും മുഅദ്ദിനും ഏറെ പ്രായമുണ്ടെന്നതാണ് ഇവിടത്തെ സവിശേഷത. വഖഫ് മന്ത്രാലയത്തിന്റെയും മതകാര്യ വകുപ്പിന്റെയും കണക്കുകള്‍ പ്രകാരം ഏറ്റവും പ്രായംകൂടിയ മുഅദ്ദിന്‍ കൂടിയാണ് ഹനിയ്യ.
5000ത്തോളം ആരാധകര്‍ക്ക് ഒരുമിച്ചിരിക്കാന്‍ സൌകര്യമുള്ളതാണ് ഒമരി മസ്ജിദ്. റമദാനിലെ അവസാനപത്തില്‍ ഈ മസ്ജിദ് ജനനിബിഢമായി മാറുന്നു. 4,100 ചതുരശ്രമീറ്ററാണ് ഒമരി മസ്ജിദിന്റെ വിസ്തീര്‍ണ്ണം. ഈ പ്രദേശത്തെ ഏറ്റവും പുരാതന കെട്ടിടം 3,700 വര്‍ഷം പഴക്കമുള്ള ഒരു ക്ഷേത്രമാണ്. എഡി 407 ല്‍ ലെവന്റ് അധിനിവേശത്തിനു ശേഷം റോമക്കാര്‍ അതിന്റെ അവശിഷ്ടങ്ങളില്‍ ചര്‍ച്ച് സ്ഥാപിക്കുന്നത് വരെ അത് അങ്ങനെത്തന്നെ തുടര്‍ന്നു. പിന്നീട് എഡി 634 ല്‍ മുസ്‌ലിംകള്‍ ഗാസ കീഴടക്കുന്നതുവരെ ആ ചര്‍ച്ച് നിലനിന്നു. കുറഞ്ഞ പേരൊഴികെ ഭൂരിപക്ഷം പേരും ഇസ്‌ലാമിലേക്ക് കടന്നുവന്നു. കുറഞ്ഞ ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ഒരു ചെറിയ ചര്‍ച്ചും ഭൂരിപക്ഷത്തിന് വേണ്ടി ഒരു പള്ളിയും നിര്‍മിക്കാന്‍ ഇരു സമൂഹത്തിനിടയില്‍ അന്ന് ധാരണയായതാണ്. അത് ഇന്നും അങ്ങിനെ തന്നെ നിലനില്‍ക്കുന്നു.
85 കാരനായ ഹനിയ സന്നദ്ധ പ്രവര്‍ത്തകനായാണ് ബാങ്ക് വിളി ആരംഭിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ആദ്യമായി താന്‍ മൈക്കില്‍ ബാങ്കുവിളിച്ചത് ഹനിയ്യുടെ. ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. അബു അല്‍ സെയ്ദിന്റെ പിന്‍ഗാമിയായാണ് അദ്ധേഹം മുഅദ്ദിനായി ഇവിടെ എത്തുന്നത്. ഒമരി മസ്ജിദുമായി പതിറ്റാണ്ടുകളുടെ ബന്ധമുള്ള ഹനിയ്യ, പള്ളിയുടെ ചരിത്രകാരന്‍ കൂടിയാണ്. അക്റ നഗരത്തില്‍ വലുപ്പത്തില്‍ അല്‍ അഖ്‌സക്കും അഹ്മദ് പാഷ അല്‍ ജസര്‍ മസ്ജിദിനും ശേഷം മൂന്നാം സ്ഥാനവുമാണ് ഒമരി മസ്ജിദിന്.
1994 ല്‍ ഫലസ്ഥീന്‍ അതോറിറ്റി സ്ഥാപിക്കുന്നത് വരെ അദ്ധേഹം സന്നദ്ധ സേവകനായി തന്നെയാണ് ബാങ്ക് വിളിയില്‍ തുടര്‍ന്നത്. പിന്നീട് മാത്രമാണ് വഖ്ഫ് മന്ത്രാലയത്തില്‍നിന്ന് അദ്ദേഹത്തിന് വേതനം ലഭിച്ച് തുടങ്ങിയത്. അതേ കുറിച്ച് ചോദിച്ചാല്‍ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്,
'ഇതിനെ ഞാന്‍ കാണുന്നത് ജോലി ആയിട്ടല്ല. അത് കൊണ്ട് തന്നെ പ്രതിഫലം നോക്കാറുമില്ല. കാരണം മുഅദ്ദിന്റെ പ്രതിഫലം അല്ലാഹുവിന്റെ പക്കലാണ്, ഉയിര്‍ത്തെഴുനേല്‍പ്പിന്റെ നാളിലെ പ്രതിഫലമാണ് പരമലക്ഷ്യം. മുഅദ്ദിനുകള്‍ ഭൂമിയിലെ അല്ലാഹുവിന്റെ ശബ്ദമാണ്, ആരാധിക്കാനും ഈ ജീവിതത്തിന്റെ സുഖങ്ങള്‍ ഉപേക്ഷിച്ച് അല്ലാഹുവിലേക്ക് വരാനുമാണ് ഞങ്ങള്‍ ആളുകളെ വിളിക്കുന്നത്, അതൊരു ചെറിയ ഭാഗ്യമല്ലല്ലോ.'
പഴയ ഗാസയിലെ ദറാജിലെ വീടിനോട് ചേര്‍ന്നുള്ള ഒമരി മസ്ജിദില്‍ ഒരു ദിനത്തില്‍ അഞ്ച് നേരവും ബാങ്ക് വിളിച്ച് പള്ളിയില്‍ തന്നെയാണ് അബൂ ഹുസാം ഹനിയ്യ കഴിച്ച് കൂട്ടുന്നത്. വളരെ പരിമിതമായ സമയങ്ങളില്‍ മാത്രമേ കുടുംബത്തോടപ്പം അദ്ധേഹം ചെലവഴിക്കാറുള്ളൂ.
പള്ളിയില്‍ കഴിയുന്നതിലാണ് അദ്ദേഹം ആശ്വാസം കണ്ടെത്തുന്നത്. പ്രത്യേകിച്ചും റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണം ചെയ്ത് സമയം മുഴുവന്‍ പള്ളിയില്‍ തന്നെ ചെലവഴിക്കുന്നു. തന്റെ തലമുറയിലുള്ളവരുമായി സംസാരിക്കുന്നതും പുതുതലമുറക്ക് ഭൂതകാലത്തെ പരിചയപ്പെടുത്തുന്നതും ഹനിയ്യയുടെ പ്രത്യേക താല്പര്യങ്ങളാണ്. കുടുംബം താമസിച്ചിരുന്ന ജാഫയിലെ വീട്, ജാഫയില്‍ കഴിച്ച് കൂട്ടിയ നാളുകള്‍, ഹജ്ജ്, ഇഫ്താര്‍ സംഗമങ്ങള്‍, ഈജിപ്തിലേക്കും അതുവഴി സൗദി അറേബ്യയിലേക്കും ട്രെയിന്‍ മാര്‍ഗമുള്ള പിതാവിന്റെ യാത്രകള്‍, സുഹൃത്തുക്കള്‍ എല്ലാം അദ്ദേഹം ഇന്നും ഓര്‍ക്കുന്നു. അന്ന് ആസ്വദിച്ച ജീവിതം കഴിച്ച ഇടവഴികളും കടല്‍ തീരങ്ങളുമെല്ലാം എണ്‍പത്തഞ്ച് പിന്നിട്ട ഹനിയയുടെ ഓര്‍മ്മകളില്‍ ഇന്നും തെളിഞ്ഞ് കിടക്കുന്നുണ്ട്. അവയെ കുറിച്ച് പറയുമ്പോള്‍ അദ്ദേഹത്തിന് ഇന്നും ആയിരം നാവാണ്.
1948 ല്‍ നക്ബയില്‍ ജാഫ വിട്ടുപോകാന്‍ നിര്‍ബന്ധിതമായ ഒരു അഭയാര്‍ത്ഥി കുടുംബത്തിലെ അംഗമാണ് ഹനിയ. നക്ബ പ്രതിസന്ധിക്ക് ശേഷം കുടുംബം ഗാസയില്‍ അഭയം തേടിയതോടെ, വിദ്യാഭ്യാസം നിര്‍ത്തേണ്ടിവരുകയും ശേഷം ഒരു മരപ്പണിക്കാരനായി ജോലി ചെയ്യുകയുമായിരുന്നു ഹനിയ്യ. ശേഷം വിവാഹം കഴിച്ച് മക്കളുമായി ജീവിതം കഴിച്ച് കൂട്ടി.
തിരിഞ്ഞുനോക്കുമ്പോള്‍ എന്ത് തോന്നുന്നു എന്ന ചോദ്യത്തിന് ഇതാണ് അദ്ദേഹത്തിന്റെ ഉത്തരം, 'ഒരു മുഅദ്ദിനായി തുടങ്ങിയ കാലത്ത് എന്റെ ജീവിതം ഇത്രയും വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും ഈ മഹത്തായ പുരാതന പള്ളിയുമായി എന്റെ ചരിത്രവും ജീവിതവും ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല'. ഇത് പറയുമ്പോള്‍ ഹനിയ്യയുടെ കണ്ണുകളില്‍ ആത്മനിര്‍വൃതിയുടെ ഒരായിരം പൂത്തിരികള്‍ കത്തുന്നതുപോലെ തോന്നും.
ജീവിതത്തില്‍ ഇനി എന്താണ് ആഗ്രഹമുള്ളതെന്ന ചോദ്യത്തിന് ഹനിയ്യയുടെ മറുപടി ഇങ്ങനെയാണ്, 'ജാഫയിലേക്ക് മടങ്ങാനും അനുഗ്രഹീതമായ അല്‍ അഖ്‌സ മസ്ജിദില്‍ ബാങ്ക് വിളിക്കാനും ആഗ്രഹിക്കുന്നു'.
Leave A Comment