ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍ (റ)

ഹമ്പലി മദ്ഹബിന്റെ ഇമാം. അബൂ അബ്ദില്ല അഹ്മദ് ബ്‌നു മുഹമ്മദ് ബ്‌നു ഹമ്പല്‍ അശ്ശൈബാനി എന്ന് പൂര്‍ണ നാമം. ഇമാമു സ്സുന്ന എന്ന അപരനാമത്തില്‍ അറിയപ്പെട്ടു. ഹിജ്‌റ 164 ല്‍ ബഗ്ദാദില്‍ ജനിച്ചു. മൂന്നാം വയസ്സില്‍ പിതാവ് മുഹമ്മദ് ബ്‌നു ഹമ്പല്‍ ദിവംഗതനായി. മാതാവിന്റെ ശിക്ഷണത്തിലായിരുന്നു വിളര്‍ച്ചയും വിദ്യാഭ്യാസവും.

വിദ്യാസമ്പന്നയും മതഭക്തയുമായിരുന്നു മാതാവ്. സ്വതന്ത്രഗവേഷകനായ കര്‍മശാസ്ത്ര വിശാരദനും വിഖ്യാതനായ ഹദീസ് പണ്ഡിതനുമായിരുന്നു അഹ്മദ് ബ്‌നു ഹമ്പല്‍ (റ). ദരിദ്രകുടുംബത്തിലാണ് പിറന്നത് എന്നതിനാല്‍ ക്ലേശപൂര്‍ണമായിരുന്നു ജീവിതം. അറിവ് തേടിയുള്ള യാത്രകള്‍ വളരെ ചെറുപ്പത്തില്‍തന്നെ ആരംഭിച്ചു. ഇബ്‌റാഹീം ബിന്‍ സഅദ്, സുഫ്‌യാന്‍ ബിന്‍ ഉയൈന തുടങ്ങിയവരില്‍ നിന്നും പഠനം തുടങ്ങി. ഇമാം ശാഫിഈ (റ) നെപോലെയുള്ള വിശ്വോത്തര പണ്ഡിതരില്‍നിന്നും ഫിഖ്ഹില്‍ പരിജ്ഞാനം നേടി. അന്ന് നിലവിലുണ്ടായിരുന്ന വിജ്ഞാന കേന്ദ്രങ്ങളിലെല്ലാം ചുറ്റിക്കറങ്ങുകയും വിവിധ വിഷയങ്ങളില്‍ അവഗാഹം നേടുകയും ചെയ്തു. ഇമാം അബൂയൂസുഫ്, യസീദുബ്‌നു ഹാറൂന്‍ തുടങ്ങി തന്റെ യുഗത്തിലെ എല്ലാ പണ്ഡിതന്മാരില്‍ നിന്നും വിജ്ഞാനമാര്‍ജ്ജിച്ചു. ഹൃദിസ്ഥമാക്കാനുള്ള കഴിവില്‍ കിടയറ്റവരായിരുന്നു അദ്ദേഹം. 10 ലക്ഷം ഹദീസ് സനദ് സഹിതം മനഃപാഠമാക്കിയിരുന്നു. ഇമാം ബുഖാരി, ഇമാം മുസ്‌ലിം, അബൂദാവൂദ്(റ) തുടങ്ങിയ ഹദീസ് വിജ്ഞാന വേദിയിലെ ദിവ്യജ്യോതിസ്സുകളെല്ലാം അവരുടെ ശിഷ്യസമ്പത്താണ്. ജീവിതം വളരെ ലളിതമായിരുന്നു. ഉണക്കറൊട്ടി മാത്രമായിരുന്നു ഭക്ഷണം. ആരുടെയും പാരിതോഷികങ്ങള്‍ സ്വീകരിച്ചിരുന്നില്ല. ദിനേന 300 റക്അത്ത് സുന്നത്ത് നമസ്‌കരിച്ചിരുന്നു. ജയിലിലെ അടിയേറ്റ് കാലില്‍ വ്രണം വന്നപ്പോഴും 150 റക്അത്തില്‍ ചുരുങ്ങിയില്ല. ഭൗതിക സുഖവും പ്രതാപവും ആഗ്രഹിക്കാത്ത പരമ സാത്വികനായിരുന്നു അദ്ദേഹം. ഭൗതിക ജീവിതത്തിലെ വിലോഭനീയമായ ബദ്ധപ്പാടുകളില്‍ അശേഷം താല്‍പര്യം പ്രകടിപ്പിച്ചിരുന്നില്ല. പ്രലോഭനീയമായ പദവികളും പാരിതോഷികങ്ങളും അവജ്ഞയോടെ തിരസ്‌കരിച്ചിരുന്നു. ഹാറൂന്‍ റശീദിന്റെ കാലം. യമനില്‍ ഒരു ജഡ്ജിയെ നിയമിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച വന്നു.

ഖലീഫ ശാഫിഈ ഇമാമിനെ വിവരമറിയിക്കുകയും അനുയോജ്യനായ ഒരാളെ നിര്‍ദ്ദേശിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. തന്റെ ശിഷ്യനായ അഹ്മദിനെ നിര്‍ദ്ദേശിക്കുന്നതിനെക്കുറിച്ച് ശാഫീ ഇമാം ചിന്തിച്ചു. പക്ഷെ, ഇവ്വിഷയകമായി സംസാരിച്ചപ്പോള്‍ അഹ്മദ് ബ്‌നു ഹമ്പല്‍ അത് സ്വീകരിക്കാതെ തള്ളിക്കളയുകയായിരുന്നു. ഞാന്‍ അങ്ങയുടെ അടുത്തു വന്നത് വിദ്യ അഭ്യസിക്കാന്‍ വേണ്ടിയാണെന്നും ഇപ്പോള്‍ അതു മാത്രമാണ് ഉദ്ദേശമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പഠന കാലം തുടര്‍ച്ചയായി മൂന്നു ദിവസം വരെ ഭക്ഷണം കഴിക്കാത്ത സമയങ്ങളുണ്ടായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തില്‍. ഖുര്‍ആന്‍ സൃഷ്ടി വാദവുമായി ബന്ധപ്പെട്ട മുഅ്തസിലി ചിന്തകള്‍ പ്രചരിച്ച കാലമായിരുന്നു ഇത്. മുഅ്തസിലി പണ്ഡിതനായ അഹ്മദ് ബ്‌നു അബീ ദുആദാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്. ഒടുവിലവര്‍ ഭരണത്തെ സ്വാധീനിക്കുകയും ഖലീഫാ മഅ്മൂനെ ഈ ആശയക്കാരനാക്കി മാറ്റുകയും ചെയ്തു. അതുകൊണ്ടുതന്നെ, നാടിന്റെ പൊതു വിശ്വാസം ഇതാവണമെന്ന അവസ്ഥാവിശേഷം വന്നു. പലരും അത് വിശ്വസിച്ചു. പലരും മാറി നിന്നു. പലരും മൗനികളായി. എന്നാല്‍ അഹ്മദ് ബ്‌നു ഹമ്പല്‍ ഈ വിഷയത്തില്‍ അചഞ്ചല ചിത്തനായിരുന്നു. വിശുദ്ധ ഖുര്‍ആന്‍ സൃഷ്ടിയല്ലെന്നും അത് അല്ലാഹുവിന്റെ അനാദി വചനങ്ങളാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇതു കേട്ട മഅ്മൂന്‍ രോഷാകുലനാവുകയും അഹ്മദ് ബ്‌നു ഹമ്പലിനെ ഹാജരാക്കാന്‍ ഉത്തരവിടുകയും ചെയ്തു. പക്ഷെ, അദ്ദേഹം കൊട്ടാരത്തിലെത്തിയപ്പോഴേക്കും മഅ്മൂന്‍ മരണപ്പെടുകയായിരുന്നു. മുഅ്തസിമാണ് ശേഷം ഭരണത്തില്‍ വന്നത്. അഹ്മദ് ബ്‌നു ഹമ്പലിനെ അദ്ദേഹം ബന്ധിയാക്കുകയും ഇരുപത്തിയേഴ് മാസക്കാലം ശക്തമായി പീഢിപ്പിക്കുകയും ചെയ്തു. ശേഷം ഖലീഫയുടെ മുമ്പിലേക്ക് വിളിക്കപ്പെടുകയും ഇവ്വിഷയകമായി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന സംവാദം നടക്കുകയുമുണ്ടായി. മുഅ്തസിലി വാദങ്ങളെ കവച്ചുവെക്കുംവിധം അഹ്മദ് ബ്‌നു ഹമ്പല്‍ വിഷയമവതരിപ്പിച്ചു.

ഖലീഫക്ക് ചെറിയ മനം മാറ്റമുണ്ടായെങ്കിലും മുഅ്തസിലി നേതാക്കള്‍ അദ്ദേഹത്തെ സ്വാധീനിച്ചു. അഹ്മദ് ബ്‌നു ഹമ്പലിന്റെ വിഷയത്തില്‍ ശിക്ഷ നടപ്പാക്കിയേ പറ്റൂവെന്ന് അവര്‍ ശഠിച്ചു. അതനുസരിച്ച് ഖലീഫ അദ്ദേഹത്തെ ചാട്ടവാര്‍ കൊണ്ടടിക്കാന്‍ ഉത്തരവിറക്കി. അഹ്മദ് ബ്‌നു ഹമ്പലിന്റെ കൈകള്‍ ബന്ധിക്കപ്പെടുകയു ശക്തമായി പ്രഹരിക്കപ്പെടുകയും ചെയ്തു. വേദനകൊണ്ടു പുളഞ്ഞ അദ്ദേഹം ഒരല്‍പം പോലും തന്റെ വാദത്തില്‍നിന്നും പിന്നോട്ടു പോയില്ല. ഒടുവില്‍, ഫലം കാണില്ലായെന്നറിഞ്ഞ സൈന്യം ഇതില്‍നിന്നും പിന്‍മാറുകയാണുണ്ടായത്.ഹിജ്‌റ 221 റമദാന്‍ 25 നായിരുന്നു ഈ സംഭവം. ഹിജ്‌റ 241 ബാഗ്ദാദില്‍ അദ്ദേഹം അന്ത്യം വരിച്ചു. അവരുടെ മരണവാര്‍ത്ത കേട്ട് ജനങ്ങള്‍ വിങ്ങിപ്പൊട്ടി. ജനാസയില്‍ 8 ലക്ഷം പേര്‍ പങ്കെടുത്തിരുന്നു! ഇത്രയും വലിയ ജനക്കൂട്ടം കണ്ട് നിരവധി അഗ്നിയാരാധകരും ക്രിസ്ത്യാനികളും ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി. മഹാനവര്‍കളില്‍ നിന്ന് നിരവധി കറാമത്തുകളും ഉണ്ടായിട്ടുണ്ട്.

Leave A Comment

2 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter