അഫ്ഗാനിസ്താന്‍

മധ്യേഷ്യയിലും തെക്കനേഷ്യയിലുമായി പരന്നു കിടക്കുന്ന പരമാധികാര മുസ്ലിം രാഷ്ട്രം. ഔദ്യോഗിക നാമം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് അഫ്ഗാനിസ്താന്‍. കാബൂള്‍ ആണ് തലസ്ഥാനം. പാക്കിസ്താന്‍, തുര്‍കുമാനിസ്താന്‍, ഉസ്ബെക്കിസ്ഥാന്‍, താജിക്കിസ്താന്‍, ചൈന എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. പുശ്തു, പേര്‍ഷ്യന്‍, ദാരി, ബലൂചി എന്നിവ പ്രധാന ഭാഷകളാണ്. ജനസംഖ്യ: (അമേരിക്കന്‍ അധിനിവേശത്തിനുമുമ്പ്) 2,60,00,000. 60.5% പത്താനികളും, 30.7% താജിക്കുകളും, 5% ഉസ്ബെക്കുകളും ബാക്കി ഹസാറകളുമാണ്. മതം: ഭൂരി പക്ഷവും ഹനഫീ മദ്ഹബുകാരായ മുസ്ലിംകള്‍. ബാക്കി ശിഈ, ഹിന്ദു, സിക്ക് വിഭാഗങ്ങളുമാണ്. അഫ്ഗാനിയാണ് കറന്‍സി.

ചരിത്രം

വ്യത്യസ്ത രാജ വംശങ്ങളുടെ കഥ പറയാനുണ്ട് അഫ്ഗാനിസ്ഥാന്‍. ഇതില്‍ പുരാതന പെഷ്ഡാഡി, കവി, അസ്പാ, തുടങ്ങിയ രാജ വംശങ്ങളും സൌരാഷ്ട്രര്‍, പേര്‍ഷ്യക്കാര്‍, അലക്സാണ്ടര്‍, മൌര്യ വംശക്കാര്‍, സാസാനികള്‍, ഹൂണന്മാര്‍, തുര്‍ക്കികള്‍ എല്ലാം പെടുന്നു. 1820- കള്‍ക്ക് ശേഷം ബ്രിട്ടീഷുകാര്‍ അധിനിവേശം നടത്തിയതോടെയാണ് ആധുനിക അഫ്ഗാന്റെ ചരിത്രം ആരംഭിക്കുന്നത്. ബ്രിട്ടീഷ് കോളനിയായി മാറിയ അഫ്ഗാന്‍ 1921- ല്‍ സ്വാതന്ത്ര നേടി. സ്വാതന്ത്ര്യം നേടിയ ആഗസ്റ്റ് 19- നാണ് അഫ്ഗാനികള്‍ ദേശീയ ദിനമായി ആചരിക്കുന്നത്. 1934- ല്‍ ലീഗ് ഓഫ് നാഷണ്‍സില്‍ അഫ്ഗാന്‍ അംഗമായി. 1973- ല്‍ രാജ്യത്ത് ശക്തമായ ജനസ്വാധീനമുണ്ടായിരുന്ന പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് അഫ്ഗാനിസ്താന്‍ (പി.ഡി.പി.എ) നേതാവായ നൂര്‍ മുഹമ്മദ് തറാകി അഫ്ഗാനെ ഡെമോക്രാറ്റിക് റിപ്പബ്ളിക്കായി പ്രഖ്യാപിച്ച് പ്രസിഡന്റുപദത്തില്‍ സ്വയം അവരോധിച്ചു. 1979-ല്‍ തറാക്കി സ്ഥാനഭ്രഷ്ടനായി വധിക്കപ്പെട്ടു. 1979 ഡിസംബര്‍ 25-ന് സോവിയറ്റ് സൈന്യം അഫ്ഗാനിസ്താനിലേക്ക് ഇരച്ചുകയറുകയും കാബൂള്‍ പിടിച്ചെടുക്കുകയും ചെയ്തു. 1988-89 ആയപ്പോഴേക്കും സോവിയറ്റ് സേന പിന്‍വാങ്ങി. 1992-ല്‍ നജീബുല്ല സര്‍ക്കാര്‍ നിലംപതിച്ചതോടെ ഭരണത്തിലെത്തിയ അഫ്ഗാന്‍ പോരാളികള്‍ ചേരിതിരിഞ്ഞ് പോരാടാന്‍ തുടങ്ങി. 1996-ല്‍ താലിബാന്‍ മിലീഷ്യ ഒരു അട്ടിമറിഭരണത്തിലൂടെ ഭരണം പിടിക്കുകയും നജീബുല്ലയെ വധിക്കുകയും ചെയ്തു. 2001-ല്‍ ഭീകരവിരുദ്ധ പോരാട്ടത്തിന്റെ പേരില്‍ അഫ്ഗാനെ ആക്രമിച്ച അമേരിക്കയും സഖ്യകക്ഷികളും താലിബാനെ ഉന്മൂലനം ചെയ്ത് ഹാമിദ് കര്‍സായിയുടെ നേതൃത്വത്തില്‍ ഇടക്കാല ഗവണ്‍മെന്റിന് രൂപം നല്‍കി.

മതരംഗം

സാസാനിയരുടെ കാലം വരെ സൊറോസ്ട്രിയന്‍ മതത്തിന് ഇവിടെ ശക്തമായ വേരോട്ടമുണ്ടായിരുന്നു. കുശാനരുടെ കാലത്ത് പ്രത്യേകിച്ച് അഫ്ഗാനിസ്താന്റെ കിഴക്കുഭാഗത്ത് ബുദ്ധമതം ശക്തമായി. ബുദ്ധമതത്തിന്റെ പ്രോത്സാഹകരായിരുന്ന കുശാനരുടെ ഭരണം മൂന്നാം നൂറ്റാണ്ടോടെ അവസാനിച്ചെങ്കിലും ആറാം നൂറ്റാണ്ടോടെയാണ് ബുദ്ധമതത്തിന്റെ അധഃപതനം ആരംഭിച്ചത്. മദ്ധ്യേഷ്യയില്‍ നിന്നുള്ള തുര്‍ക്കിക്ക് വിഭാഗക്കാരുടെ വരവ് ബുദ്ധമതകേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടാനും ബുദ്ധമതത്തിന്റെ മേഖലയിലെ ക്ഷയത്തിനും കാരണമായി‌.

ബുദ്ധമതത്തിന്റെ ക്ഷയത്തോടെ കിഴക്കന്‍ മേഖലയില്‍ ഹിന്ദുമതം അല്പം ഉയര്‍ച്ച പ്രാപിച്ചെങ്കിലും അറബികളുടെ വരവോടെ ഇസ്ലാം മതം വ്യാപകമായി.  ഹിജ്റ 20-ാം ആണ്ടില്‍ തന്നെ അഫ്ഗാനില്‍ ഇസ്ലാം എത്തിയിട്ടുണ്ട്. ഖലീഫ ഉസ്മാന്റെ കാലത്ത് അഹ്നഫു ബ്നു ഖൈസിന്റെ നേതൃത്വത്തിലാണ് മുസ്ലിം സൈന്യം ആദ്യമായി അഫ്ഗാനിലെത്തുന്നത്. പിന്നീട് ഉമവി, അബ്ബാസി കാലങ്ങളില്‍ അഫ്ഗാനികള്‍ മുസ്ലിംകളായി മാറി. ഗസ്നവികള്‍, മംഗോളിയര്‍, തിമൂരികള്‍, മുഗളന്മാര്‍ എന്നീ വംശങ്ങളാണ് പിന്നീട് അഫ്ഗാനില്‍ അധികാരം വാണത്. ഇന്നത്തെ അഫ്ഗാനിസ്താനിലെ ജനങ്ങളില്‍ ഏറിയ പങ്കും ഇസ്ലാം മതവിശ്വാസികളാണ്.

രാഷ്ട്രീയ രംഗം

താലിബാന്റെ പതന ശേഷം 2001 ന് ഹാമിദ് കര്‍സായിയുടെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. ഭരണപരമായി അഫ്ഗാനിസ്താനെ 34 പ്രവിശ്യകളായാണ് ഭാഗിച്ചിരിക്കുന്നത്. ഓരോ പ്രവിശ്യകളെയും വിവിധ ജില്ലകളായും തിരിച്ചിരുക്കുന്നു. ഇപ്പോഴും ഹാമിദ് കര്‍സായിയാണ് ഭരണാധികാരി.

റശീദ് ഹുദവി വയനാട്

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter