കടായിക്കൽ മൊയ്തീൻകുട്ടി ഹാജിയുടെ സൂഫീ കവിതകൾ

കേരളീയ സൂഫി ചരിത്രത്തിൽ അധികം ശ്രദ്ധ ലഭിക്കാതെ കടന്നുപോയ മഹാനായ സൂഫി കവിയാണ് കടായിക്കൽ മൊയ്തീൻകുട്ടി ഹാജി. മലയാളത്തിലെ ആധ്യാത്മിക കവികളിൽ എടുത്തു പറയേണ്ട ഒരു നാമമാണ് മൊയ്തീൻകുട്ടി ഹാജിയുടേത്. അർത്ഥ ഗർഭമായ നിരവധി കവിതകളുടെ രചയിതാവായ ഒരു ജ്ഞാന പ്രതിഭയായിരുന്നു അദ്ദേഹം. 

കടായിക്കൽ മൊയ്തീൻകുട്ടി ഹാജിയുടെ ജീവിതവും കവിതകളും അടിസ്ഥാനമാക്കി നടത്തിയിട്ടുള്ള പഠനത്തിൻറെ ഫലം എന്നോണം രചിക്കപ്പെട്ട ഗ്രന്ഥമാണ് സ്വലാഹുദ്ദീൻ അയ്യൂബി രചിച്ച് ബുക്ക് പ്ലസ് പുറത്തിറക്കിയിട്ടുള്ള "കടായിക്കൽ നല്ലാപറമ്പൻ പുലവൻ മൊയ്തീൻകുട്ടി ഹാജി" എന്ന ചെറുപുസ്തകം. അധികം ശ്രദ്ധിക്കപ്പെടാതെ പോയ അദ്ദേഹത്തിൻറെ ജീവിതവും രചനകളും ആഴത്തിൽ വിശകലനം ചെയ്യുന്ന ഒരു രചനയാണിത്. വ്യത്യസ്ത ഭാഷാ പദങ്ങൾ സമ്മേളിക്കുകയും ദ്രാവിഡീയ ശൈലിയിൽ വിരചിതമാവുകയും ചെയ്ത അദ്ദേഹത്തിൻറെ കവിതകളുടെ ഉൾസാരങ്ങൾ രചയിതാവ് കൊണ്ടുവന്നിട്ടുണ്ട്. ഹാജി അവറുകളുടെ അവിസ്മരണീയമായ ജീവിതത്തെ ലഭ്യമായ വിവരങ്ങളിൽ നിന്നും കണ്ടെടുക്കാനുള്ള ഒരു എളിയ ശ്രമമാണ് ഗ്രന്ഥകർത്താവ് നടത്തിയിരിക്കുന്നത്.

1883 റജബ് 23 നാണ് കടായിക്കൽ മൊയ്തീൻകുട്ടി ഹാജി ജനിക്കുന്നത്. മലപ്പുറം ജില്ലയിലെ തിരൂരിനടുത്ത് കന്മനം തൂവക്കാട് എന്ന സ്ഥലത്ത് നല്ലാ പറമ്പിലായിരുന്നു അദ്ദേഹത്തിൻറെ ജനനം. 1961 ഡിസംബർ 31ന് ആയിരുന്നു അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.

മലബാർ സമരങ്ങളിൽ അവിസ്മരണീയമാം വിധമുള്ള ഒരു പങ്ക് മൊയ്തീൻകുട്ടി ഹാജി വഹിച്ചതായി ഗ്രന്ഥകാരൻ വിശദീകരിക്കുന്നുണ്ട്. സമരങ്ങളിലെ ഒരു രഹസ്യ പോരാളിയായിരുന്നു അദ്ദേഹം. ബ്രിട്ടീഷുകാരോട് നേരിട്ട് ഏറ്റുമുട്ടുന്നതിന് പകരം അവരുടെ നീക്കങ്ങളെ കുറിച്ചുള്ള രഹസ്യ വിവരങ്ങൾ മനസ്സിലാക്കി ഒളിയാക്രമണങ്ങളിലൂടെ പ്രത്യക്ഷപ്പെടൽ ആയിരുന്നുവെത്ര അദ്ദേഹത്തിൻറെ രീതി. ഒളിയാക്രമണങ്ങളിൽ അദ്ദേഹത്തിന് നല്ല വൈദഗ്ധ്യമുണ്ടായിരുന്നു. ബ്രിട്ടീഷുകാരുടെ ഒഫീഷ്യല്‍ രേഖകൾ നശിപ്പിക്കൽ ആയിരുന്നു അദ്ദേഹത്തിൻറെ മറ്റൊരു സമര രീതി. ഇത്തരത്തിലുള്ള വ്യത്യസ്ത കാരണങ്ങളാൽ നിരവധിതവണ അദ്ദേഹം ജയിലിൽ അടക്കപ്പെട്ടിട്ടുണ്ട്. 1921 കാലത്ത് മലബാറിനെ ഇളക്കിമറിച്ച ധാരാളം കവിതകൾ അദ്ദേഹം രചിച്ചിരുന്നു.

കടുകട്ടിയായ ഭാഷയിൽ ഉള്ളതായിരുന്നു മൊയ്തീൻകുട്ടി ഹാജിയുടെ കവിതകൾ. പ്രത്യക്ഷ വായനയിലൂടെ അവയിലെ ഉൾസാരങ്ങൾ മനസ്സിലാക്കുക പ്രയാസകരമാണ്. മനസ്സിരുത്തി ശ്രമിക്കുന്നവര്‍ക്ക് മാത്രം മനസ്സിലാവുന്നവിധം കടുകട്ടിയായി തന്നെ പകരണം എന്നതായിരുന്നു അദ്ദേഹത്തിൻറെ നയം എന്ന് ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. മഹാനവർകളുടെ അഭിപ്രായത്തിൽ "അധ്വാനിച്ചും പടവെട്ടിയും അക്ഷരപർവ്വതങ്ങളെ കീഴടക്കിയും നേടേണ്ട അഭിജ്ഞാനപരതയാണ്" കവിത എന്ന് പറയാം. 

1920 കളുടെ അവസാനത്തിൽ മൊയ്തീൻകുട്ടി ഹാജി എഴുതിയ പദം എന്ന ഇശലിലെ "ഖുതുബു ശ്ശൂഹദാക്കളിലും ബന്താർ" എന്ന ഗാനം ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. പ്രസ്തുത ഗാനവും അതിൻറെ അർത്ഥ വിശദീകരണവും "കടായിക്കലിന്റെ രഹസ്യപ്പണികൾ" എന്ന ശീർഷകത്തിന്റെ കീഴിൽ രചയിതാവ് അവതരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഭാഷാപ്രയോഗങ്ങളും അവയുടെ അർത്ഥങ്ങളും എത്രത്തോളം വ്യത്യസ്തവും മനോഹരവും ആയിരുന്നു എന്നത് ഈ അധ്യായത്തിലൂടെ കടന്നു പോകുമ്പോൾ വായനക്കാർക്ക് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും.

മഹാകവി മോയിൻകുട്ടി വൈദ്യരോടും അദ്ദേഹത്തിൻറെ കൃതികളോടും അങ്ങേയറ്റം ബന്ധം പുലർത്തിയ ഒരു വ്യക്തി കൂടിയായിരുന്നു കടായിക്കൽ. വൈദ്യരുടെ കവിതകളിൽ പലർക്കും മനസ്സിലാകാതെ കടന്നുപോയ ചില രചനകളുടെ വിശദീകരണങ്ങൾ മൊയ്തീൻകുട്ടി ഹാജി പലപ്പോഴായി നൽകിയിട്ടുണ്ട്. അതുപോലെതന്നെ മോയിൻകുട്ടി വൈദ്യരുടെ പല പ്രശസ്ത രചനകളും മനോഹരമായ ശൈലിയിൽ പാടുകയും ഘനഗംഭീര സ്വരത്തിൽ വിശദീകരിക്കുകയും ചെയ്യുക എന്നതും അദ്ദേഹത്തിൻറെ പതിവായിരുന്നു.

മൊയ്തീൻകുട്ടി ഹാജിയുടെ വ്യത്യസ്ത കവിതാശകലങ്ങളുടെ വിശദീകരണം രചയിതാവ് കൊണ്ടുവന്നിട്ടുണ്ട്. അർത്ഥവത്തായ ഒരുപിടി കവിതകളും അവയുടെ ഉദ്ദേശ്യങ്ങളുമാണ് "സമരം കെസ്സു കെട്ടിയ വരികൾ" എന്ന അധ്യായത്തിലൂടെ രചയിതാവ് വായനക്കാർക്ക് മുമ്പിൽ അവതരിപ്പിച്ചിരിക്കുന്നത്. അവയിൽ പലതും അദ്ദേഹം ജയിലിൽ ആയിരിക്കെ രചിച്ചവയാണ്. കാരണം അവയിലൊക്കെ ജയിൽവാസത്തെ സൂചിപ്പിക്കുന്നതും മോചനത്തിനായി ഇരവോതുന്നതുമാണ് പ്രതിപാദ്യം. പ്രസ്തുത കവിതകളിലൂടെ കടന്നുപോകുമ്പോൾ മലബാർ സമരങ്ങളിലെ ഹാജിയാരുടെ പങ്കാളിത്തത്തെ കുറിച്ച് വായനക്കാർക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിക്കും.

ചുരുക്കത്തിൽ കടായിക്കൽ നല്ലാ പറമ്പൻ പുലവർ മൊയ്തീൻകുട്ടി ഹാജി എന്ന മലയാള സൂഫി കവിയുടെ ജീവിതവും അദ്ദേഹത്തിൻറെ രചനകളും ചെറിയ രീതിയിൽ മനസ്സിലാക്കാനും വിശകലനം ചെയ്യാനും ഈ പുസ്തകം സഹായകമാവും എന്നതിൽ സംശയമില്ല.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter