ട്രംപ് വീണ്ടും വൈറ്റ് ഹൗസിലെത്തുമ്പോള്‍
ലോകമെമ്പാടുമുള്ള രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളെയും പ്രതീക്ഷകളെയും തെറ്റിച്ചുകൊണ്ട് അമേരിക്കൻ തിരഞ്ഞെടുപ്പിൽ വീണ്ടുമൊരു വിജയം നേടിയിരിക്കുകയാണ് ഡോണൾഡ് ട്രംപ്. ശതകോടീശ്വരനായ ട്രംപ് അമേരിക്കയുടെ സാമ്പത്തിക സൂപ്പര്‍-എലീറ്റില്‍ പെട്ടയാളാണെങ്കിലും, ആഭ്യന്തര തൊഴിലാളിവര്‍ഗത്തിന്റെ സാമ്പത്തിക ദുരവസ്ഥയില്‍ നിന്നും ധനികാധിപത്യ (പ്ലൂട്ടോക്രസി) വ്യവസ്ഥയില്‍ നിന്നുമുള്ള അമേരിക്കയുടെ രക്ഷകനായാണ് അവതരിക്കാനാണ് ട്രംപ് ഇത്തവണ ശ്രമിച്ചത്. ‘അമേരിക്കയെ വീണ്ടും മഹത്തരമാക്കുക’ (make America great again) എന്ന മുദ്രാവാക്യത്തില്‍ അതും ഉള്‍പ്പെടുത്തിയിരുന്നു.
അതോടൊപ്പം, അമേരിക്കയില്‍ എന്നും ഏറെ ഡിമാന്റ് ഉള്ള സെനോഫോബിയ (വിദേശീയവിദ്വേഷം)യും അതിര്‍ത്തി സുരക്ഷയും (border protection ) ഈ വര്‍ഷത്തെ വോട്ടെടുപ്പിലെ പ്രധാന ഘടകങ്ങള്‍ തന്നെയായിരുന്നു. യു.എസിന്റെ അതിര്‍ത്തി കടന്ന് അനധികൃതമായി എത്തിയവരെ കൂട്ടമായി നാടുകടത്തുമെന്നും തങ്ങളുടെ വിഭവങ്ങള്‍ ഭക്ഷിക്കുന്ന കുടിയേറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നുമുള്ള വാഗ്ദാനങ്ങള്‍ ഇതിന്റെ ഭാഗമായിരുന്നു. ഈ ഘടകങ്ങളെല്ലാം നിലനില്‍ക്കുമ്പോഴും, പല രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത് ട്രംപിന്റെ വിജയത്തിന് പിന്നിൽ മുസ്‍ലിം വോട്ടർമാരുടെ ചെറുതല്ലെന്ന് തന്നെയാണ്.
സാമ്പത്തികവും സാമൂഹികവുമായ വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് ഈ അമേരിക്കൻ ഇലക്ഷന് നടന്നത് . അത് കൊണ്ട് ഇപ്പോൾ രാജ്യത്തിൻറെ പ്രതാപം വീണ്ടെടുക്കുക എന്ന ട്രംപിൻ്റെ സന്ദേശത്തോട് അവിടുത്തെ സിംഹഭാഗ വോട്ടർമാരും അനുകൂലമായി തന്നെയാണ് സമീപിച്ചത്. ജോ ബൈഡന്റെ പിന്മാറ്റത്തെത്തുടർന്നാണ് കമലാ ഹാരിസ് സ്ഥാനാർഥിയായത്. പാതിവഴിയിൽവച്ചുള്ള ഈ സ്ഥാനാർഥി മാറ്റം ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രകടനത്തെ പ്രതികൂലമായി ബാധിച്ചെന്നു കരുതുന്നവരുമുണ്ട്. അതിലേറെ പ്രധാനം ഡെമോക്രാറ്റിക് പാർട്ടിയുടെ ലിബറൽ കാഴ്ചപ്പാടുകളിൽ കടുത്ത വിശ്വാസം പുലർത്തുന്ന പലരും ഫലസ്തീൻ പ്രശ്‌നത്തിൽ ജോ ബൈഡന്റെ നിലപാടുകളിൽ അസംതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇസ്‌റാഈലിനെ അന്ധമായി പിന്തുണയ്ക്കുകയാണ് ബൈഡൻ ചെയ്തത്. കമലാ ഹാരിസും അതേ നിലപാട് തന്നെയാണ് സ്വീകരിച്ചത്. ഇത് മുസ്‍ലിം വോട്ടര്‍മാരെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
രണ്ടര ദശലക്ഷം മുസ്‌ലിം വോട്ടർമാരാണ് അമേരിക്കയിലുള്ളത്. മൊത്തം സമ്മതിദായകരായ 160 ദശലക്ഷത്തിൻ്റെ 1.6 ശതമാനമാണിത്. മുസ്‌ലിം ജനസംഖ്യ ഏറെയുള്ള മിഷിഗനിലും മറ്റുും ട്രംപ് നേടിയ വിജയം ഈ ഗതിമാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. 2020ൽ 69 ശതമാനം മുസ്‍ലിം വോട്ടുകൾ ബൈഡന് ലഭിച്ചപ്പോൾ 17 ശതമാനമേ അന്ന് ട്രംപിനു ലഭിച്ചിരുന്നുള്ളൂ. 2016ൽ 72 ശതമാനം വോട്ടും ഹിലാരി ക്ലിൻ്റനായിരുന്നു.
അതേ സമയം, ഫലസ്തീന്‍ അടക്കമുള്ള മുസ്‍ലിം വിഷയങ്ങളില്‍ ഇരുവിഭാഗത്തെ നിശിതമായി വിമര്‍ശിച്ച്, നിഷ്പക്ഷമായ നിലപാട് എടുത്ത ഗ്രീൻ പാർട്ടിയുടെ ജിൽ സ്റ്റെയിനിന്നാണ് മുസ്‍ലിം വോട്ടുകള്‍ ലഭിച്ചതെന്നും അത് ട്രംപിന് അനുകൂലമായി മാറുകയായിരുന്നു എന്നും പറയുന്ന നിരീക്ഷകരുമുണ്ട്. അക്കാര്യം, ഗ്രീന്‍ പാര്‍ട്ടി മല്‍സര രംഗത്ത് വന്ന വേളയില്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പലരും ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു. ഗസ്സയിൽ വെടി നിർത്തുക, മനുഷ്യാവകാശ ലംഘനം നടത്തുന്നവർക്ക് ആയുധ വിൽപന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളായിരുന്നു ഗ്രീൻ പാർട്ടി സ്ഥാനാർഥി ജിൽ സ്റ്റെയിൻ പ്രധാനമായും മുന്നോട്ടു വെച്ചത്.
മുസ്‌ലിം സമ്മതിദായകർ കമലയെ വിട്ട് ട്രംപിനുതന്നെ വോട്ടു ചെയ്തെന്ന് കരുതുന്നവരുമുണ്ട്. ട്രംപിനെപ്പോലെ ഇസ്റാഈൽ അനുകൂലികളാണ് ഡെമോക്രാറ്റുകളെങ്കിലും, ഫലസ്തീനിൽ സമാധാനം സ്ഥാപിക്കാൻ കമലാഹാരിസിനെക്കാൾ ട്രംപിനായിരിക്കും സാധിക്കുകയെന്ന് അവർ വിശ്വസിക്കുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇസ്‌റാഈലിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ ശേഷിയുള്ള സമാധാനവാദിയായാണ് ട്രംപിനെ അമേരിക്കന്‍ മുസ്‍ലിംകളില്‍ പലരും കാണുന്നത്.
അതോടൊപ്പം, അയഞ്ഞ സദാചാരത്തോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടും ട്രംപിനെ മുസ്‍ലിംകള്‍ക്കിടയില്‍ സ്വീകാര്യനാക്കിയിട്ടുണ്ട്. ലിബറലിസം, ജെന്ഡര്‍ ന്യൂട്രാലിറ്റി തുടങ്ങിയ അമേരിക്കന്‍ സമൂഹത്തെ ഏറെ ഗ്രസിച്ചിരിക്കുന്ന വിഷയങ്ങളില്‍, മതമൂല്യങ്ങളില്‍ വിശ്വസിക്കുന്നവരെല്ലാം പൊതുവായും മുസ്‍ലിംകള്‍ വിശേഷിച്ചും ഏറെ ആശങ്കയിലാണ്. പുതിയ പാഠ്യപദ്ധതി പോലും വരുംതലമുറയെ അത്തരത്തില്‍ വളര്‍ത്തിക്കൊണ്ട് വരുന്ന വിധമാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്. അതിനോട് ഒരിക്കലും രാജിയാകാന്‍ സാധിക്കാത്തവരാണ് ഭൂരിഭാഗ മുസ്‍ലിംകളും.
അത്തരം വിഷയങ്ങളില്‍ ബൈഡനേക്കാള്‍ ശക്തമായ സമീപനമാണ് പണ്ട് മുതലേ ട്രംപ് സ്വീകരിച്ച് വരുന്നത്. ആണ്, പെണ്ണ് എന്നിങ്ങനെ രണ്ട് വിഭാഗം മനുഷ്യരെ മാത്രമേ ദൈവം പടച്ചിട്ടുള്ളൂ എന്നും അല്ലാത്തതെല്ലാം കേവലം തോന്നലുകളും മാനസിക രോഗങ്ങളുമാണെന്നും ട്രംപ് മുമ്പേ പറയുന്നതാണ്. തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ആദ്യം നടത്തിയ പരാമര്‍ശങ്ങളിലും അദ്ദേഹത്തിന്റെ ഈ നിലപാട് തെളിഞ്ഞ് നില്ക്കുന്നുണ്ട്. അത് കൊണ്ട് തന്നെ, ട്രംപ് അധികാരത്തില്‍ വരുന്നതോടെ അത്തരം വിഷയങ്ങളില്‍ അനുകൂലമായ നീക്കങ്ങളുണ്ടാവുമെന്ന് അമേരിക്കന്‍ മുസ്‍ലിംകള്‍ പ്രതീക്ഷയര്‍പ്പിക്കുന്നു എന്ന് വേണം കരുതാന്‍. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ഭാഗത്ത് നിന്നുണ്ടാവുന്ന ഇത്തരം പരാമര്‍ശങ്ങളും തദനുസൃതമായ സമീപനങ്ങളും ലോക തലത്തില്‍ തന്നെ അത്തരം വിഷയങ്ങളെ നോക്കിക്കാണുന്നതില്‍ സാരമായ മാറ്റങ്ങള്‍ വരുത്തിയേക്കാമെന്ന് പുറത്തുള്ളവര്‍ പോലും പ്രതീക്ഷിക്കുന്നുണ്ട്.
അമേരിക്കൻ തെരഞ്ഞെടുപ്പും മുസ്‌ലിംകളുടെ വോട്ടും: ഒരു കണക്കെടുപ്പ്
മുസ്‍ലിം ലോകത്തെ അമേരിക്കയുടെ ഇടപെടലുകളും സമീപനങ്ങളും ഫലസ്തീന്‍ അടക്കമുള്ള മുസ്‍ലിം വിഷയങ്ങളിലെ നിലപാടുകളും എന്നും അമേരിക്കൻ രാഷ്ട്രീയത്തെ സ്വാധീനിച്ചിട്ടുള്ളതായി കാണാം. 2000 ത്തിലെ പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ഏകദേശം 40% മുതൽ 70% വരെ അമേരിക്കൻ മുസ്‌ലിംകൾ, റിപബ്ലിക്കൻ സ്ഥാനാർഥി ജോർജ് ബുഷിനാണ് വോട്ട് ചെയ്തത് എന്ന കാര്യം സങ്കൽപിക്കൽ ഇപ്പോൾ പ്രയാസമായിരിക്കാം. ഫലസ്തീൻ നിലപാടിൽ അടക്കം ആഭ്യന്തര വിദേശകാര്യ നയങ്ങളിൽ ഗോറിനേക്കാളും ലിബെർമാനെക്കാളും ജോർജ് ബുഷും അദ്ദേഹത്തിൻറെ വൈസ് പ്രസിഡൻറ് ഡിക്ക് ചെനിയുമാണ് മുസ്‌ലിംൾക്ക് അന്ന് മികച്ചവരായി തോന്നിയത് എന്നര്‍ത്ഥം.
9/11 ലെ സംഭവങ്ങള്‍ക്ക് ശേഷം, ബുഷും റിപബ്ലിക്കൻ പാർട്ടിയും പാട്രിയോട്ട് ആക്ട് നിയമമാക്കി. ഇത്, സാധാരണക്കാരുടെ ഫോൺ കോളുകൾ, ഇമെയിൽ, പണമിടപാടുകൾ, ഇന്റർനെറ്റ് പ്രവർത്തനങ്ങൾ എന്നിവ അകാരണമായി നിരീക്ഷിച്ച് ചാരവൃത്തി നടത്താൻ ഗവൺമെന്റിന് അനുമതി നൽകുന്നതായിരുന്നു. പലപ്പോഴും അതിന്റെ ഇരകളായത് മുസ്‌ലിംകളുമായിരുന്നു. ഈ അപകടകരമായ ആഭ്യന്തര നയങ്ങൾക്ക് പിറകെ ദുരന്തപൂർണമായ വിദേശകാര്യ നയങ്ങളും വന്നു. ഇറാനും അഫ്ഗാനിസ്ഥാനും അധിനിവേശത്തിന് ഇരകളായി. അതോടെ, 2004 ലെ തെരഞ്ഞെടുപ്പിൽ അമേരിക്കൻ മുസ്‌ലിം സമൂഹം റിപബ്ലിക്കൻ പാർട്ടിയെ ഒന്നടങ്കം ഉപേക്ഷിക്കുകയായിരുന്നു. വ്യാപകമായ മുസ്‌ലിം പിന്തുണ ലഭിച്ച ആദ്യത്തെ ഡെമോക്രാറ്റിക് നേതാവായി ജോൺ കെറി മാറിയത് ഇതോടെയാണ്. പിന്നീട് ഡെമോക്രാറ്റിക് പാർട്ടിയോട് ഊഷ്‌മള ബന്ധം പുലർത്തിയാണ് അവര്‍ മുന്നോട്ട് പോയത്. 80% മുതൽ 92% വരെ ആളുകൾ 2008 ലും 2010 ലും ബറാക് ഒബാമക്ക് ആണ് വോട്ട് ചെയ്തത്. പിന്നീട് നിരവധി മുസ്‌ലിം രാഷ്ട്രങ്ങളിൽ നിന്നുള്ള കുടിയേറ്റം നിരോധിക്കാനുള്ള ട്രംപിൻ്റെ നീക്കത്തോടെയാണ്, 2016, 2020 തിരഞ്ഞെടുപ്പുകളിൽ 65- 80% വരെ മുസ്‌ലിംകൾ ജോ ബൈഡനെയും ഹിലരി ക്ലിന്റനേയും പിന്തുണച്ചത്.
അമേരിക്കന്‍ മുസ്‍ലിംകളുടെ പൊതുനിലപാടുകളെ ഇങ്ങനെ വായിക്കുമ്പോഴും, ഡെമോക്രാറ്റിക് നേതാക്കളും റിപ്പബ്ലിക് നേതാക്കളും ഒരു പോലെ കപടർ ആണെന്നും അവരുടേതെല്ലാം കേവലം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒതുങ്ങുകയാണെന്നും അഭിപ്രായപ്പെടുന്നവരുമുണ്ട്. 1964ല്‍ മാൽക്കം എക്സ് തീർച്ചപ്പെടുത്തിയ അതേ തീർപ്പിലേക്ക് എത്തിച്ചേർന്നിട്ടുണ്ട് ഇന്ന് പലരും. രാഷ്ട്രീയമായി നിഷ്‌കളങ്കമാവുന്നതിൻ്റെയും നമ്മുടെ ആവശ്യങ്ങൾക്ക് വേണ്ടി പോരാടാത്ത പാർട്ടികളെ അകറ്റി നിര്‍ത്തേണ്ടതിന്റെയും ആവശ്യകത അന്ന് തന്നെ ചൂണ്ടിക്കാണിച്ചിരുന്നു. ഇന്നത്തെ അമേരിക്കന്‍ സമൂഹം അല്‍പമെങ്കിലും അത്തരം ചിന്താധാരയിലേക്ക് വളര്‍ന്നിട്ടുണ്ടെന്ന് പറയാം.
പുതുതായി അധികാരത്തിലെത്തുന്ന ട്രംപിന്റെ, വരുംദിവസങ്ങളിലെ നീക്കങ്ങള്‍ എന്തായിരിക്കുമെന്നും അവ മുസ്‍ലിം ലോകത്തെയും അമേരിക്കന്‍ മുസ്‍ലിംകളെയും എങ്ങനെയെല്ലാം ബാധിക്കുമെന്നും നമുക്ക് കാത്തിരുന്ന് കാണാം.
(Middleeast Eye യില്‍ ആസാദ് ഇസ്സ എഴുതിയ അവലോകനത്തെ അധികരിച്ച് തയ്യാറാക്കിയത്)
Leave A Comment