സുവർ അൽ കവാകിബ്: ഗോളശാസ്ത്രത്തിലെ മാസ്റ്റര്‍പീസ്

6-ാം നൂറ്റാണ്ടില്‍ തന്നെ നാടോടികളായ അറബികള്‍ക്ക് നക്ഷത്രങ്ങളുടെ സ്ഥാനങ്ങളെക്കുറിച്ച് ബോധ്യമുണ്ടായിരുന്നു. യാത്രകളില്‍ വഴികണ്ടുപിടിക്കാന്‍ നക്ഷത്രങ്ങളെയായിരുന്നു അവര്‍ ആശ്രയിച്ചിരുന്നത്. ഇസ്‍ലാമിന്റെ ആഗമനത്തോടെ ഈ ജ്ഞാനം നമസ്കാരസമയം നിജപ്പെടുത്താന്‍ അവര്‍ക്കേറെ ഉപകാരപ്പെട്ടു. ഇല്‍മുല്‍ ഹൈഅ, ഇല്‍മുന്നുജൂം, ഇല്‍മുല്‍ ഫലക് തുടങ്ങിയ നാമങ്ങളിലായിരുന്നു അറബികള്‍ ഗോളശാസ്ത്രത്തെ വിളിച്ചിരുന്നത്. സമയ-ദിശാനിര്‍ണയത്തിന് ഇല്‍മുല്‍ മീഖാത്ത് എന്ന ശാസ്ത്രശാഖയും അവരൊരുക്കി.

"തീര്‍ച്ചയായും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിലും രാപ്പകലുകള്‍ മാറി മാറി വരുന്നതിലും സല്‍ബുദ്ധിയുള്ളവര്‍ക്ക് പല ദൃഷ്ടാന്തങ്ങളുമുണ്ട്" (ആലുഇംറാന്‍ 190). ആകാശലോകത്തെ അല്‍ഭുതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്ന ഖുര്‍ആന്‍ വചനങ്ങളോടൊപ്പം മുസ്‌ലിം സമൂഹം നേരിട്ട അനുഷ്ഠാനപരമായ ചില ആവശ്യങ്ങള്‍ കൂടി അറബ് ലോകത്ത് ആസ്‌ട്രോണമി തളിരിടാന്‍ കാരണമായിട്ടുണ്ട് എന്ന് കാണാന്‍ കഴിയും.

ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ നിന്ന് കഅ്ബയുടെ ദിശ മനസ്സിലാക്കുക, നമസ്‌കാരസമയം നിര്‍ണയിക്കുക, നോമ്പ്, ഹജ്ജ്, തുടങ്ങിയ ആരാധനകളുടെ സമയം ഉറപ്പുവരുത്താന്‍ ചന്ദ്രമാസപ്പിറവി ഗ്രഹിക്കുക തുടങ്ങിയ മതപരമായ ലക്ഷ്യങ്ങളില്‍ ആരംഭിച്ച ശാസ്ത്രപഠനങ്ങള്‍ മുസ്‍ലിം ലോകത്ത് തഴച്ചുവളരുകയായിരുന്നു. ഇന്ന് നാമുപയോഗിക്കുന്ന നക്ഷത്രനാമങ്ങളില്‍ നല്ലൊരു ശതമാനത്തിന് അറബിമൂലം ആണുള്ളത് എന്ന വസ്തുതയില്‍ നിന്ന് തന്നെ ഗോളശാസ്ത്രത്തിലെ മുസ്‌ലിം സ്വാധീനം എത്ര വലുതാണ് എന്ന് മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്.

വിശുദ്ധ ഖുര്‍ആന്‍ നൂറ് ശതമാനം ദൈവികമായത് കൊണ്ട് അതിലെ പരാമര്‍ശങ്ങള്‍ പൂര്‍ണമായും പ്രമാദമുക്തമായിരിക്കും. എന്നാല്‍ മുസ്‌ലിം പണ്ഡിതന്മാര്‍ തങ്ങളുടെ ഗവേഷണ നിരീക്ഷണങ്ങളില്‍ നിന്ന് പ്രാപഞ്ചിക പ്രതിഭാസങ്ങളെ സംബന്ധിച്ച് നിര്‍ദ്ധരിച്ചെടുക്കുന്ന അനുമാനങ്ങള്‍ ഇതുപോലെ അപ്രമാദിത്വമുള്ളവയല്ല. ഈ പരിമിതിയുണ്ടായിട്ടും മധ്യകാല അറബ് ഗോളശാസ്ത്ര അനുമാനങ്ങള്‍ അന്ധവിശ്വാസങ്ങളില്‍ നിന്ന് ഏറെക്കുറെ വിമുക്തവും ഭൗതിക പരീക്ഷണങ്ങളില്‍ അധിഷ്ഠിതവുമാണെന്ന വസ്തുത നിഷ്പക്ഷരായ പല നിരീക്ഷകരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ആകാശ ഗോളങ്ങളുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങള്‍ക്കെതിരായ പോരാട്ടം മുഹമ്മദ് നബി(സ) തന്നെ ആരംഭിച്ചതാണ് എന്ന് കാണാന്‍ കഴിയും. പ്രവാചക പുത്രനായ ഇബ്‌റാഹീം മരണപ്പെട്ടത് ഒരു സൂര്യഗ്രഹണ ദിനത്തിലായിരുന്നു. ദൈവദൂതന്റെ വിഷാദത്തില്‍ പങ്കുചേര്‍ന്ന സൂര്യന്റെ 'വിഷാദ പ്രകടനമായി' ഗ്രഹണത്തെ ചിത്രീകരിച്ചുകൊണ്ടുള്ള സംസാരങ്ങള്‍ നടന്നപ്പോള്‍ നബി(സ്വ) പ്രഖ്യാപിച്ചു: "തീര്‍ച്ചയായും സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട രണ്ട് ദൃഷ്ടാന്തങ്ങളാണ്. ആരുടെയെങ്കിലും ജനനമോ മരണമോ കാരണമായി അതിന് ഗ്രഹണം ബാധിക്കുകയില്ല"

ഇന്ത്യ, ഗ്രീക്ക്, പേര്‍ഷ്യ തുടങ്ങിയിടങ്ങളില്‍ നിന്നും അറബികള്‍ ഗോളശാസ്ത്ര ജ്ഞാനങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഗോളശാസ്ത്രത്തിലെ പ്രസിദ്ധമായ ഗ്രന്ഥമാണ് صور الكوكب (The book of fixed stars). ദിവസത്തിന്റെ ദൈര്‍ഘ്യം കൃത്യമായി  വിവരിച്ച  സ്വുവറുല്‍കവാകിബ് ആണ് നിരീക്ഷണ ഗോളശാസ്ത്രത്തിലെ മാസ്റര്‍പീസായി ഗണിക്കപ്പെടുന്നത്. യൂറോപ്യരെ ഈ ഗ്രന്ഥം നന്നായി സ്വാധീനിച്ചിട്ടുണ്ട്. പത്താം നൂറ്റാണ്ടിൽ ജീവിച്ച മുസ്‍ലിം ഗോളശാസ്ത്ര പണ്ഡിതനായ അബ്ദുറഹ്മാന്‍ സൂഫിയാണ് ഈ കൃതി രചിച്ചത്. 9 പ്രശസ്ത മുസ്‍ലിം ഗോളശാസ്ത്രമാരിൽ ഒരാളാണ് ഇദ്ദേഹം. ഹിജ്റ 291ൽ  പേർഷ്യയിലെ റയ്യ് എന്ന പ്രദേശത്താണ് അദ്ദേഹത്തിന്റെ ജനനം. ഭൂമിഗോളാകൃതിയാണെന്ന് പറഞ്ഞവരിൽ ഒരാളാണ് ഇദ്ദേഹം.

സുൽത്താൻ അള്ദ് അൽ-ദൗലയുടെ സുഹൃത്തായിരുന്നു അദ്ദേഹം. അള്ദ് അൽ-ദൗല ഷിറാസിൽ അദ്ദേഹത്തിന് ഒരു സ്വകാര്യ നിരീക്ഷണാലയം തന്നെ നിർമ്മിച്ച് കൊടുത്തിരുന്നു. അദ്ദേഹത്തിന്റെ ഭാഷ പേർഷ്യൻ ആയിരുന്നെങ്കിലും അദ്ദേഹം തന്റെ  ശാസ്ത്ര ഗ്രന്ഥങ്ങൾ അറബിയിലാണ് രചിച്ചത്. പാശ്ചാത്യ ലോകത്ത് അൽസോഫി (Alzophi) എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഗ്രീക്ക് ഭാഷയിൽ രചിക്കപ്പെട്ട നിരവധി ഗ്രന്ഥങ്ങൾ അറബിയിലേക്ക് വിവർത്തനം ചെയ്യുകയും പല നക്ഷത്ര രാശികൾക്കും സമാനമായ അറബി പദങ്ങൾ നല്കുകയും ചെയ്തത് അദ്ദേഹമാണ്.

ഇസ്‍ലാമിക പ്രദേശങ്ങളിൽ ഈ കൃതി വളരെയധികം സ്വാധീനം ചെലുത്തി. ഗോളശാസ്ത്ര ചരിത്രത്തിലെ നാഴികക്കല്ലായി കണക്കാക്കുന്ന ഈ കൃതിയുടെ രചനയ്ക്കുവേണ്ടി അബ്ദുറഹ്മാൻ സൂഫി അവലംബിച്ചത് ടോളമിയുടെ അൽമെജസ്റ്റ് (Almagest) എന്ന വിഖ്യാത കൃതിയായിരുന്നു. നിരവധി നക്ഷത്രങ്ങളുടെ സ്ഥാനം നിർണയിച്ച് കൃത്യമായി അദ്ദേഹം ഈ കൃതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആമുഖത്തിൽ തന്നെ ഈ കൃതിയെഴുതാൻ ഉപയോഗിച്ച ഉറവിടങ്ങളെക്കുറിച്ച് രൂപരേഖ നൽകിയിട്ടുണ്ട്. ഓരോ അധ്യായങ്ങളെയും നാല് ഉപവിഭാഗങ്ങളായി അദ്ദേഹം തരംതിരിച്ചു. നക്ഷത്രങ്ങളുടെ സ്ഥാനവും നിറവും ഈ കൃതിയിൽ വ്യക്തമാക്കുന്നുണ്ട്.

ബോഡ്‌ലിയൻ ലൈബ്രറിയിൽ സൂക്ഷിക്കപ്പെട്ട ഈ കൃതിയുടെ കൈയെഴുത്ത് പകർപ്പ് 1009ലെ പകർപ്പാണെന്നും അദ്ദേഹത്തിൻറെ മകൻറെ സൃഷ്ടിയാണെന്നും ആരോപിക്കപ്പെടുന്നു. പതിമൂന്നാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന ഒരു കോപ്പി ബ്രിട്ടീഷ് ലൈബ്രറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 1874-ൽ ഹാൻസ് ഷ്ജെല്ലറപ്പ് ഈ കൃതിയെ ഫ്രഞ്ചിലേക്കും ഇഹ്‌സാൻ ഹഫീസ് ഭാഗികമായി ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്തിട്ടുണ്ട്.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter