'ഔറംഗസീബ്: ദ മാൻ ആൻഡ് ദ മിത്ത്': മിഥ്യാധാരണകളെ പൊളിച്ചെഴുതുന്നു
ചരിത്രത്തോട് അവജ്ഞ കാണിക്കുന്ന ഒരു ജനതക്കിടയിലിരുന്ന് ചരിത്രസ്മരണകൾ പുതുക്കുന്നത് പുണ്യമേറിയതാണ്. പാഠപുസ്തകങ്ങളിൽ നിന്ന് മുഗൾ ചരിത്രങ്ങൾ അപ്രത്യക്ഷമാവുകയും വൈരുദ്ധ്യം നിറഞ്ഞ നരേറ്റീവുകളിലൂടെ ഒരു മഹത്തായ സംസ്കാരത്തിന്റെ ചരിത്രം തന്നെ ദുർവ്യാഖ്യാനിച്ച് ബാലമനസ്സുകളിൽ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വിത്തുകൾ പാകി പരസ്പരം പോരാടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന നവ ഇന്ത്യൻ ഭരണകൂട ഭീകരതക്കിടയിൽ തീർത്തും വായനാർഹമായ ഒരു പുസ്തകമാണ് 2017 ൽ പ്രസിദ്ധീകൃതമായ 'ഔറംഗസീബ്: ദ മാൻ ആൻഡ് ദ മിത്ത്'.
മുഗൾ ചക്രവർത്തിമാർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിവാദപുരുഷനാണ് ഔറംഗസീബ്. തികഞ്ഞ മതഭ്രാന്തനായും അമ്പല ധ്വംസകനായും അന്യമത വിരുദ്ധനായും പൊതുവെ ചിത്രീകരിക്കപ്പടാറുള്ള ഔറംഗസീബിന്റെ യഥാർഥ്യങ്ങൾ തേടുകയാണ്, ഇന്ത്യൻ ചരിത്ര പഠനങ്ങളിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച അമേരിക്കന്‍ ചരിത്ര പണ്ഡിതയായ ഔഡ്രി ട്രഷ്കി. തന്റെ നിഷ്പക്ഷ ഇന്ത്യൻ പഠനങ്ങൾ കാരണമായി പലവുരു ഹിന്ദുത്വവാദികളുടെ ആക്രമണങ്ങൾക്ക് വിധേയയായിട്ടുണ്ട് ഇവർ.
ഔറംഗസീബിനെക്കുറിച്ച് പഠിക്കുമ്പോൾ അഭിനവ ഇന്ത്യൻ സാഹചര്യത്തിൽ നിന്നുകൊണ്ടാവരുത് തുടക്കം എന്നോർമിപ്പിച്ചാണ് അവർ ആരംഭിക്കുന്നത്. മുസ്‌ലിം വിരുദ്ധത രാഷ്ട്രീയ അജണ്ടയായി മാറിയ ഇന്ത്യയിൽ നിന്ന് കൊണ്ട് ഔറംഗസീബിനെ വായിക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തെ മതഭ്രാന്തനായി മാത്രമേ മനസ്സിലാക്കാനാകൂ. ഔറംഗസീബിന്റെ നാമധേയത്തിലുള്ള നിരത്തുകളും മുഗൾകാലത്തെ കുറിക്കുന്ന കെട്ടിടങ്ങളും ഒന്നൊന്നായി പുനർനാമകരണം ചെയ്യപ്പെടുകയും പൊളിച്ചു മാറ്റപ്പെടുകയും ചെയ്യുന്ന ബി.ജെ. പി അധീന ഇന്ത്യയാണ് ഇന്ന് നമുക്ക് മുന്നിലുള്ളത്.
ആ ചരിത്ര പുരുഷനെ കുറിച്ച് പഠിക്കുമ്പോൾ ഔറംഗസീബിന്റെ കാലമായിരിക്കണം നമ്മുടെ മനസ്സിൽ. വർഗീയതകളും വിദ്വേഷങ്ങളും വമിക്കാത്ത കാലഘട്ടമായിരുന്നു അത്. അദ്ദേഹത്തിന്റെ സമകാലികരായി ഇംഗ്ലണ്ടിൽ ചാൾസ് രണ്ടാമനും ഫ്രാൻസിൽ ലൂയിസ് പതിനാലാമനും തുർക്കിയിൽ സുലൈമാൻ രണ്ടാമനുമായിരുന്നു ഉണ്ടായിരുന്നത് എന്ന് കൂടി ഓർക്കേണ്ടിയിരിക്കുന്നു.
ഔറംഗസീബ് എല്ലാം തികഞ്ഞ ഭരണാധികാരിയാണ് എന്ന് ആരും വാദിക്കുന്നില്ല. അദ്ദേഹത്തിന്റെതായ പോരായ്മകളുണ്ട്. പക്ഷേ, അവകളെ ഊതിവീർപ്പിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നതിനെയാണ് വിമർശിക്കപ്പെടേണ്ടത്.
മില്യൺ കണക്കിന് ഹിന്ദുക്കള കൊന്നുവെന്നും ആയിരക്കണക്കിന് അമ്പലങ്ങൾ തകർത്തുവെന്നും തുടങ്ങി നിരവധി ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരെ ഉയരുന്നത്. ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമുണ്ടാക്കാൻ പലരും വൃഥാശ്രമങ്ങൾ നടത്തിയിട്ടുണ്ട്. ഔറംഗസീബിനെ മത ഭ്രാന്തനായി ചിത്രീകരിച്ച പല ഗ്രന്ഥങ്ങളും വിശ്വസനീയമല്ല എന്നാണ് ഗ്രന്ഥകാരി സൂചിപ്പിക്കുന്നത്. പലരും സെക്കൻഡറി സോഴ്സുകളെ അവലംബിച്ചാണ് രചന നടത്തിയിരിക്കുന്നത്. പേർഷ്യൻ ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്തതിലും വസ്തുതാ വിരുദ്ധമായ പലതും കടന്ന് കൂടിയിട്ടുണ്ടെന്ന് ട്രഷ്കി സമർഥിക്കുന്നു.
ഔറംഗസീബ് അമ്പലങ്ങൾ തകർത്തുവെന്ന് പറയുന്നവർ അദ്ദേഹം അനവധി അമ്പലങ്ങൾക്ക് സംരക്ഷണമേർപ്പെടുത്തിയതും ബ്രാഹ്മണർക്ക് ഭൂമികൾ നൽകിയതും മറച്ച് വെക്കുന്നു. ഹോളി ആഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി എന്ന് പറയുന്നവർ ഇതേ നിയന്ത്രണങ്ങൾ മുസ്‌ലിം പെരുന്നാളുകൾക്കും ഏർപ്പെടുത്തിയിരുന്നു എന്നത് കണ്ടില്ലെന്ന് നടിക്കുന്നു. അദ്ദേഹത്തെ ഹിന്ദു വിരുദ്ധനെന്ന് വിളിക്കുന്നവർ മറ്റു മുഗൾ ഭരണാധികാരികളേക്കാൾ ഹിന്ദുക്കൾ ഭരണ മേഖലകളിൽ ജോലി ചെയ്തത് അദ്ദേഹത്തിന്റെ ഭരണകാലത്തായിരുന്നു എന്ന് വിസ്മരിക്കുന്നു.
അദ്ദേഹത്തിന്റെ കാലത്ത് എത്ര അമ്പലങ്ങൾ തകർക്കപ്പെട്ടു എന്നതിന് കൃത്യമായ രേഖകളില്ല. ചിലതെങ്കിലും തകർക്കപ്പെട്ടു എന്നത് യാഥാർഥ്യമാണ്. അതിൽ പലതും അദ്ദേഹത്തിന്റെ കല്‍പന പ്രകാരം അല്ലായിരുന്നു എന്നതാണ് വസ്തുത. അഥവാ അദ്ദേഹത്തിന്റെ ഭരണകാലത്ത് അമ്പലങ്ങൾ തകർക്കപ്പെട്ടു എന്ന് കരുതി അത് അദ്ദേഹം നേരിട്ട് തകർത്തതാണ് എന്ന് ചിന്തിക്കരുത്. പിന്നെ ഈ ധ്വംസനങ്ങൾക്ക് പിന്നിൽ പലപ്പോഴും രാഷ്ട്രീയ ലക്ഷ്യങ്ങളായിരുന്നു. അല്ലാതെ വർഗീയതയായിരുന്നില്ല. ഇന്നത്തെ സാഹചര്യങ്ങളാണ് അങ്ങനെ ചിന്തിപ്പിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
ഇന്നത്തെയത്ര ഹിന്ദു മുസ്‌ലിം സംഘർഷങ്ങൾ ആ കാലത്തില്ല. മതത്തിനപ്പുറം രാഷ്ട്രീയ വിഷയങ്ങളിലായിരുന്നു പലപ്പോഴും സംഘർഷങ്ങളുണ്ടായിരുന്നത്. ഹിന്ദുക്കളെല്ലാം ഔറംഗസീബിനെ സഹിക്കുകയായിരുന്നു എന്നത് മിഥ്യാധാരണയാണ്. രാജ്പുതുകളിലെ മെവാർ ഔറംഗസീബുമായി സന്ധിയിലായപ്പോൾ മാർവാർ മുഗളരുമായി സംഘട്ടനത്തിലായിരുന്നു. ഔറംഗസീബും സഹോദരനായ ദാരാ ശികോഹും തമ്മില്‍ അധികാരത്തർക്കമുടലെടുത്തപ്പോൾ രാജ്പുതുകൾ ദാരയെയും മറാത്തവംശം ഔറംഗസീബിനെയും പിന്തുണച്ചിരുന്നു. അഥവാ ഹിന്ദു-മുസ്‌ലിം വിരുദ്ധതകളായിരുന്നില്ല സംഘട്ടനങ്ങൾക്ക് നിദാനം എന്നര്‍ത്ഥം.
ചരിത്രത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരു അധ്യായമാണ് ഔറംഗസീബ്. ആ അധ്യായത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഈ പുസ്തകം. ഔറംഗസീബ് ഒരു വലിയ ശരിയായിരുന്നു എന്ന് മുദ്രകുത്തുന്നതിലേറെ അദ്ദേഹത്തിനെതിരെയുള്ള ആരോപണങ്ങൾ വസ്തുനിഷ്ഠമായി വിശകലനം ചെയ്യുക എന്ന പ്രയാസകരമായ ദൗത്യമാണ് ഔഡ്രി ട്രഷ്കി നിർവഹിച്ചത്. സമകാലിക ഇന്ത്യയിലെ വെറുപ്പുല്‍പാദനശ്രമങ്ങള്‍ക്ക് ഒരു പരിധി വരെ ഈ കൃതിക്ക് തടയിടാനാവുമെന്ന് തന്നെ പറയാം.
Leave A Comment