അനസുബ്നു മാലിക്(റ): പ്രവാചകരെ നിഴല്‍ പോലെ തുടര്‍ന്ന സേവകന്‍

ഇസ്‍ലാമിന്റെ  ഐതിഹാസികമായ ഉത്ഥാനത്തിന്  ചുക്കാൻ പിടിച്ച  നക്ഷത്ര തുല്യരാണ് സ്വഹാബികൾ. തിരുവചനങ്ങൾക്കപ്പുറം മറുത്തൊന്നും ചിന്തിക്കാതെ ജീവിച്ചവർ. പരിശുദ്ധ ദീനിന്റെ വെളിച്ചമാണ്  അണയാതെ സൂക്ഷിക്കാൻ പിറന്ന മണ്ണിനെയും പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് പ്രകാശ പൂരിതമായ യസരിബിന്റെ (മദീനയുടെ) മണ്ണിലേക്കെത്തിയ ഇസ്‍ലാം പിന്നീട് ലോകം മുഴുവൻ വ്യാപിച്ചു. അതിന് ചുക്കാൻ പിടിച്ചതും അവര്‍ തന്നെയായിരുന്നു.

അവരിൽ പ്രമുഖസ്വഹാബിയായിരുന്നു അനസുബ്നുമാലിക്(റ). മദീനയിൽ പ്രവാചകര്‍ ജീവിച്ച പത്തുവർഷത്തോളം അവിടത്തെ സേവകനായി നബിയെ ഏറ്റവും കൂടുതൽ അടുത്തുറഞ്ഞ സ്വഹാബി. പത്തു വയസ്സുപ്രായമുള്ള മകനെയും കൊണ്ട് ഉമ്മുസുലൈം തിരുസന്നിധിയിൽ ചെന്നു. "അല്ലാഹുവിന്റെ ദൂതരേ, ഇത് അങ്ങയുടെ ഭൃത്യൻ അനസാണ്, അങ്ങയെ പരിചരിക്കാൻ ഇവനെ അനുവദിച്ചാലും. ഇവന്റെ നന്മക്ക് അങ്ങ് പ്രാർഥിച്ചാലും" അവർ അപേക്ഷിച്ചു.

മതഭക്തിയും സൽസ്വഭാവവും സേവനപരതയും സഹജമായ തന്റേടവും കൊണ്ട് നബിയുടെ സ്നേഹാദരങ്ങൾ പിടിച്ചുപറ്റിയ മാതൃകാ മഹതിയാണ് മദീനക്കാരിയും മിൽഹാന്റെ മകളുമായ ഉമ്മുസുലൈം. മകനെ ഇസ്‍ലാമിന്റെ ഉത്തമാനുയായിയായി വളർത്തിയെടുക്കണം, അത് മാത്രമായിരുന്നു അവരുടെ അഭിലാഷം. മുലകുടി മാറ്റുന്നതിനു മുമ്പ് തന്നെ ശഹാദത്ത് കലിമ ചൊല്ലാൻ അവർ മകനെ പഠിപ്പിച്ചിരുന്നു.

ഉമ്മുസുലൈമിന്റെ ധീരവും വിവേകപൂർണവുമായ ചില നടപടികളാണ് നബിയുടെയും അനുചരന്മാരുടെയും അടുക്കൽ അവർക്ക് മതിപ്പും ആദരവും നേടിക്കൊടുത്തത്. മകന്റെ ഭാവിയിൽ ആകാംക്ഷാഭരിതയായ തന്റെ ഉത്തമ ശിഷ്യയുടെ അഭ്യർഥന നിരാകരിക്കാൻ നബിക്കു കഴിഞ്ഞില്ല. പ്രവാചകവര്യനെ പരിചരിക്കുന്ന പുണ്യവും ആ സഹവാസത്തിലൂടെ കൈവരുന്ന അമൂല്യ ജ്ഞാനവും നേടാൻ മകന് അവസരമുണ്ടാക്കിക്കൊടുക്കുക എന്നതായിരുന്നു ആ മാതാവിന്റെ ലക്ഷ്യം. തിരുമേനി ആ ബാലനെ സന്തോഷത്തോടെ സ്വീകരിച്ച് നെറ്റിത്തടത്തിൽ ഉമ്മ വെച്ചു. എന്നിട്ട് അദ്ദേഹത്തിന്റെ ഇഹപര സൗഭാഗ്യത്തിനായി ഇങ്ങനെ പ്രാർഥിച്ചു, അല്ലാഹുവേ! ഇവനു സ്വത്തും സന്താനവും വർധിപ്പിക്കണേ! ഇവന്റെ പാപം പൊറുക്കണേ. ഈ പ്രാർഥനയുടെ ഫലം അനസ്(റ)ന്റെ പിൽക്കാല ജീവിതത്തിൽ തെളിഞ്ഞു കണ്ടു. തൊണ്ണൂറ്റൊമ്പത് വയസ്സുവരെ അദ്ദേഹം ജീവിച്ചിരുന്നു. മക്കളും പേരമക്കളുമായി അതിവിപുലമായ ഒരു കുടുംബം. ഫല സമൃദ്ധവും വിശാലവുമായ ഒരു കൃഷിത്തോട്ടവും.

നബിയുടെ പരിചാരകനായിത്തീർന്ന അനസ് തിരുമേനിയെ നിഴൽ കണക്കെ പിന്തുടർന്നു. രാത്രിയും പകലും വീട്ടിലും പുറത്തും സ്വദേശത്തും യാത്രയിലും തിരുമേനിയെ പരിചരിക്കാൻ സന്നദ്ധനായി അദ്ദേഹം സദാ കൂടെ നിന്നു. ഇതിനിടക്ക് പ്രവാചകജീവിതത്തിലെ പല രംഗങ്ങൾക്കും അദ്ദേഹം ദൃക്സാക്ഷിയായി. തിരുമേനിയുടെ അസംഖ്യം ഉപദേശനിർദേശങ്ങൾ നേരിട്ടു കേട്ടു. ആ മാതൃകാജീവിതത്തിന്റെ നാനാവശങ്ങളും സസൂക്ഷ്മം നോക്കിക്കണ്ടു. ഇത് അനസ്(റ)നെ ഒരു ആധികാരിക പണ്ഡിതനാക്കി മാറ്റി. നബിയിൽനിന്ന് പല ഹദീസുകളും അദ്ദേഹം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ചിലത് നേരിട്ടു കേട്ടത്, ചിലത് മറ്റുള്ളവർ മുഖേന കിട്ടിയതും.

നബിയുടെ സ്വഭാവമഹിമ മറ്റാരേക്കാളും അടുത്തറിഞ്ഞത് അനസാണ്. പരിചാരകനെ മനുഷ്യനായി കാണാനും വൈകല്യങ്ങളിൽ ക്ഷമിക്കാനും തിരുമേനിക്ക് കഴിഞ്ഞിരുന്നു എന്ന് മാത്രമല്ല, അത് ലോകത്തെ പഠിപ്പിക്കാന്‍ കൂടി അത് കാരണമായി. അനസിനെ ഒപ്പം ഇരുത്തി ഒരേ പാത്രത്തിൽ നിന്ന് ആഹാരം കൊടുത്തു. സ്വന്തം മകനെപ്പോലെ അറിയാത്തത് പറഞ്ഞും കാണിച്ചും പഠിപ്പിച്ചു. നീണ്ട പത്തു കൊല്ലത്തിനിടക്ക് ഒരിക്കൽപോലും ശകാരിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. തിരുമേനിയുടെ നിസ്തുലമായ ആ പെരുമാറ്റത്തെ അനസ്(റ) ഇപ്രകാരം വിലയിരുത്തുന്നു, ഞാൻ നബി തിരുമേനിയെ പത്തു കൊല്ലം പരിചരിച്ചു. ഇക്കാലത്തിനിടക്ക് എന്റെ വീഴ്ചയിൽ ഒരിക്കൽ പോലും നബിതിരുമേനി നീരസം പ്രകടിപ്പിക്കുകയുണ്ടായില്ല. വീട്ടുകാർ വല്ലവരും എന്നെപ്പറ്റി ആക്ഷേപം പറഞ്ഞാൽ പ്രവാചകര്‍ ഇത്രമാത്രം പറയും, അവനെ എന്തിന് കുറ്റം പറയണം? വിധിയില്ല എന്നു സമാധാനിച്ചാൽ മതി. അല്ലാഹു ഉദ്ദേശിച്ചത് ഉണ്ടാവും. അവൻ ഉദ്ദേശിക്കാത്തത് ഉണ്ടാവുകയില്ല".

നബിയുടെ നിര്യാണശേഷം ആ അമൂല്യ സഹവാസത്തിന്റെ  സ്മരണകൾ അയവിറക്കിയാണ് അനസ്(റ) ജീവിച്ചത്. ഞാൻ എന്റെ സ്നേഹ ഭാജനത്തെ കാണാത്ത ഒരു രാത്രി  പോലുമുണ്ടായിട്ടില്ല എന്നു ഇടക്കിടെ അനുസ്മരിച്ച് അദ്ദേഹം വിതുമ്പിക്കൊണ്ടിരിക്കും. മുഹമ്മദുറസൂലുല്ലാഹ് (മുഹമ്മദ് അല്ലാഹുവിന്റെ ദൂതൻ) എന്നു അനസ്(റ) തന്റെ മോതിരത്തിൽ കൊത്തി വെച്ചിരുന്നു. ഉമ്മുസുലൈമിന്റെ മകനേക്കാൾ നബിയുടെ നിസ്കാരത്തോട് സാമ്യമുള്ള മറ്റൊരു നമസ്കാരക്കാരനെ താൻ കണ്ടിട്ടില്ലെന്ന് അബൂഹുറൈറ(റ) പറയുന്നുണ്ട്.

മാതാവിനെ അബൂത്വൽഹ വിവാഹം കഴിച്ചശേഷം നബിയുടെ പരിചാരകനാവുന്നതുവരെ അബൂത്വൽഹയുടെ സംരക്ഷണത്തിലാണ് അനസുബ്നുമാലിക് വളർന്നത്. പിതൃതുല്യമായ സ്നേഹവും ലാളനയും അബൂ ത്വൽഹയിൽനിന്ന് അദ്ദേഹത്തിനു കിട്ടി. പ്രമുഖ യുദ്ധസേനാനിയും സ്വഹാബിവര്യനുമായ ബറാഉബ്നുമാലിക് അനസ്(റ)ന്റെ സഹോദരനാണ്, ഒരേ മാതാവിന്റെയും പിതാവിന്റെയും മക്കൾ. ഇരുവരും സേവനത്തിന്റെ വ്യത്യസ്ത മേഖലകളാണ് തിരഞ്ഞെടുത്തത്. ബറാഅ് ജീവിതാന്ത്യം വരെ ഇസ്‍ലാമിനുവേണ്ടി ശത്രുക്കളോട് പടവെട്ടിയെങ്കിൽ അനസ് വിദ്യകൊണ്ട് ജനഹൃദയങ്ങളെ ധന്യമാക്കി. പ്രവാചകരുടെ വഫാത്തിന് ശേഷം അബൂബക്കർ സിദ്ദീഖ്(റ)ന്റെ കാലഘട്ടത്തിൽ, ഇസ്‍ലാമിന്  എതിരായിനിന്ന നിരവധി ഗോത്രങ്ങളുമായി  യുദ്ധങ്ങളുണ്ടായി.  ആ യുദ്ധങ്ങളിലെല്ലാം, അമ്പെയ്ത്ത് വിദഗ്ധന്‍ കൂടിയായിരുന്നു അനസ്(റ) പങ്കെടുത്തു. 

പിന്നീട്, അനസ്(റ) ബസ്വറയിൽ താമസമാക്കുകയും അവിടെ പ്രവാചകന്റെ ഹദീസ്  ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്തു.  യസീദ്ബിൻ മുആവിയയുടെ മരണശേഷം അബ്ദുല്ലബിൻ സുബൈർ(റ) ഖിലാഫത്ത് ഏറ്റെടുത്തപ്പോൾ, ബസറയിൽ നമസ്കാരത്തിന് ജനങ്ങൾക്ക് ഇമാമായി നിൽക്കാൻ വേണ്ടി ഇബ്നുസുബൈർ അനസ്(റ)വിന് കത്തെഴുതുകയും, അദ്ദേഹം നാൽപത് ദിവസം  ഇമാമായി നിൽക്കുകയും ചെയ്തു. 

അനസ്(റ) മാതാവായ ഉമ്മുസുലൈം(റ) നബിപത്നിമാരോട് അടുത്ത് ഇടപഴകിയും അവർക്ക് സഹായങ്ങളും സേവനങ്ങളും ചെയ്തും ജീവിച്ച ഒരു മഹാ വനിതയാണ്. ഉമ്മുസുലൈം ഇസ്‍ലാമിന്റെ നിലനിൽപിന് വേണ്ടിയുള്ള യുദ്ധങ്ങളിലും തന്നാലാവുന്ന പങ്കും വഹിച്ചിട്ടുണ്ട്. ഭർത്താവിന്റെ സമ്മതത്തിന് പോലും കാത്തു നിൽക്കാതെ ഇസ്‍ലാം സ്വീകരിച്ച വനിത കൂടിയാണ് ഉമ്മുസുലൈം(റ).

ഹിജ്റ 93-ലാണ് അനസ്(റ) വഫാത്താകുന്നത്. നാളെ സ്വര്‍ഗ്ഗലോകത്ത് കണ്ട് മുട്ടാന്‍ നാഥന്‍ തുണക്കട്ടെ, ആമീൻ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter