മക്തൂബ്-15 ദിവ്യ സംഗമം, അനുഭൂതിയുടെ മായാലോകം
എന്‍റെ സഹോദരന്‍ ശംസുദ്ദീന്‍,
ദിവ്യ സമാഗമം നടത്തിയവരുടെ മഹത്വം കൊണ്ട് അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ.
വസ്‍ല്‍, അഥവാ അല്ലാഹുവുമായുള്ള സംഗമത്തെ കുറിച്ചാവട്ടെ ഇന്നത്തെ നമ്മുടെ സംസാരം. അല്ലാഹുവില്‍ എത്തിച്ചേരല്‍, സംഗമിക്കല്‍ എന്നാല്‍ ഒരു ശരീരം മറ്റൊരു ശരീരവുമായി ചേരുന്നതു പോലെയല്ല. അല്ലെങ്കില്‍ ഒരു കാര്യം മറ്റൊരു കാര്യവുമായോ ഒരു വസ്തു മറ്റൊരു വസ്തുവുമായോ കൂടുന്നതു പോലെയുമല്ല. അറിയാനുള്ള നമ്മുടെ ശേഷി അറിയപ്പെടുന്ന കാര്യവുമായും ബുദ്ധി മനസ്സിലാക്കപ്പെടുന്ന കാര്യവുമായും സംഭവിക്കുന്ന ചേര്‍ച്ച പോലെയുമല്ല. ഈ അവസ്ഥയില്‍ നിന്നെല്ലാം അല്ലാഹു അത്യുന്നതനാണ് എന്നത് തന്നെ കാരണം.
വസ്ല്‍ എന്ന പദത്തിന് മതപരമായും പൊതുവായതുമായ അര്‍ത്ഥ കല്‍പ്പനകളുണ്ട്. തസ്വവ്വുഫിന്‍റെ വക്താക്കള്‍ക്കിടയില്‍ പ്രചുരപ്രചാരം നേടിയ ഒരു പ്രയോഗമാണിത്. അല്ലാഹുമായുള്ള വസ്ല്‍ അഥവാ സംഗമിക്കല്‍ എന്നതിന്‍റെ ഉദ്ധേശ്യം എന്താണെന്ന് നമുക്ക് നോക്കാം.
അല്ലാഹുവുമായി സംഗമിക്കല്‍ എന്നാല്‍, യഥാര്‍ത്ഥത്തില്‍ അവനല്ലാത്തതില്‍ നിന്നെല്ലാം വിഛേദിക്കപ്പെടല്‍ ആണ്. അഥവാ നമ്മുടെ അകംപൊരുളുകളെല്ലാം അല്ലാഹുവുമായി ബന്ധിതമായിരിക്കല്‍. അല്ലാഹു അല്ലാത്തതില്‍ നിന്നും മുക്തമാവുന്നതിന്റെ തോതനുസരിച്ചാണ് ഇത് സംഭവിക്കുന്നത്. അല്ലാഹുവില്‍ നിന്നും വിഛേദിതനാകുന്ന മുറക്ക് അകല്‍ച്ചയും അല്ലാഹുവില്‍ വ്യാപൃതനാകുന്ന തോതനുസരിച്ച് അടുപ്പവും സാധ്യമാവുന്നു.
Read More: മക്തൂബ് 14 തജല്ലി, ദിവ്യവെളിപാടിന്റെ അനുഭൂതികള്‍
ഹാരിസ് (റ) വിന്‍റെ വാക്കുകളാണ് ഇതിന് തെളിവ്. അദ്ധേഹം പറഞ്ഞു, എന്റെ രക്ഷിതാവിന്റെ സിംഹാസനം നഗ്നനേത്രങ്ങളെക്കൊണ്ട് വ്യക്തമായി എനിക്ക് കാണാന്‍ കഴിയുന്നു.
ഭൗതികലോകത്തുനിന്നും മുക്തനായതില്‍ അഭൗതികലോകവുമായുള്ള അദ്ധേഹത്തിന്റെ ബന്ധം സുദൃഡമായി എന്ന് വേണം ഇതിനെ മനസ്സിലാക്കാന്‍. ഇരുലോകങ്ങളില്‍ നിന്നും മോചിതനായിരുന്നു പ്രവാചകന്‍ (സ്വ). ഹഖുമായി പൂര്‍ണ്ണമായും ബന്ധിതനാവാന്‍ പ്രവാചകനായത് അതിലൂടെയാണല്ലോ. അല്ലാഹുവല്ലാത്ത വല്ലതും അവിടത്തെ ഉള്ളിലുണ്ടായിരുന്നെങ്കില്‍ നിന്നെക്കൊണ്ട് ആ നിശ്ചിതകാര്യത്തില്‍ നിന്നും ഞാന്‍ കാവല്‍ തേടുന്നു എന്നു പറയുമായിരുന്നു. പകരം നബി(സ്വ) പറഞ്ഞത്, നിന്നെക്കൊണ്ട് നിന്നില്‍ നിന്നും ഞാന്‍ കാവല്‍ തേടുന്നു എന്നാണ്. അല്ലാഹു അല്ലാത്തതൊന്നും അവിടത്തെ ഉള്ളിലില്ല എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം. ഭൗതിക ലോകത്തു നിന്നും അകന്നപ്പോള്‍ അഭൗതികലോകവുമായി അടുപ്പം നേടി. ഇരു ലോകങ്ങളില്‍ നിന്നും അകന്നപ്പോള്‍ ഹഖുമായി സംഗമിക്കാനായി.
ത്വവാഫ് ചെയ്യുന്ന സന്ദര്‍ഭത്തില്‍ ഇബ്നു ഉമര്‍ (റ) പറഞ്ഞ വാക്കുകളും ഇതിനോട് സാമ്യമുള്ളതാണ്. അദ്ധേഹം പറഞ്ഞു, അവിടെ ഞങ്ങള്‍ അല്ലാഹുവിനെ ദര്‍ശിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന്. കാരണം അദ്ദേഹത്തിന്റെ ബാഹ്യം ശരീഅതുമായി ബന്ധപ്പെടുകയാണെങ്കിലും ഉള്ളകം ഹഖീഖതില്‍ വ്യപൃതമായിരുന്നു. ആ ഹഖീഖതിന്റെ തിക്കിലും തിരക്കിലും പെട്ട് ശരീഅതിന്‍റെ വ്യവഹാരം അദ്ദേഹം മറന്നുപോയി. തന്നോട് സലാം പറഞ്ഞവരെയോ കഅ്ബയെയോ അദ്ദേഹം അറിഞ്ഞത് പോലുമില്ല. അല്ലാഹുവുമായിട്ടുള്ള ഇടപെടല്‍ മറ്റുള്ളതില്‍ നിന്നെല്ലാം അദ്ദേഹത്തെ അശ്രദ്ധമാക്കി. അല്ലാഹുവിനോടുള്ള വണക്കം തനിക്കു മുന്നിലുള്ള കഅ്ബയെ പോലും അപ്രസക്തമാക്കി. അന്നേരം അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവിനെ കാണുന്നു.
എന്നാല്‍ അദ്ദേഹത്തോടു സലാം പറയുകയും ആവശ്യങ്ങള്‍ ആരായുകയും ചെയ്ത വ്യക്തിക്ക് ഈ സാഹചര്യത്തെ മനസ്സിലാക്കാനായില്ല. അദ്ദേഹം ഇബ്നു ഉമര്‍ തങ്ങളെ ആക്ഷേപിക്കാനും അദ്ദേഹത്തെക്കുറിച്ച് പരാതി പറയാനും തുടങ്ങി. പിന്നീട് ഉമര്‍(റ) ഇതറിഞ്ഞപ്പോള്‍ അതിനെ നിഷേധിച്ചില്ല. അബ്ദുല്ലാഹി ബ്നു ഉമര്‍(റ) ചെയ്തതില്‍ തെറ്റില്ലെന്നതിനുള്ള ഒരു തെളിവ് കൂടിയാണ് ഇത്. നിദാന ശാസ്ത്രക്കാരുടെ മൊഴി ഇപ്രകാരമാണല്ലോ, വിശദീകരണം ആവശ്യമുള്ളയിടങ്ങളിലെ മൗനം ഒരു വിശദീകരണമാണ്.
മേല്‍ വിവരിക്കപ്പെട്ടതിന്‍റെ രത്നച്ചുരുക്കം ഏതൊരു അധിപന്‍റെയും മടക്കവും ഒടുക്കവും അല്ലാഹുവാണ് എന്നതാണ്. നിശ്ചയം നിന്റെ രക്ഷിതാവിലേക്കാണ് മടക്കം ( സൂറ നജ്മ് 42 ).
സുബ്ഹാനല്ലാഹ്, നിശ്ചയമായും ആത്മികഭൂതലത്തെ, ഞാനല്ലയോ നിങ്ങളുടെ റബ്ബെന്ന വാഗ്ദാനം കൊണ്ട് അല്ലാഹു മഹത്വപ്പെടുത്തി. മനുഷ്യപ്രകൃതത്തിന് അവന്‍റെ പ്രകാശകിരണങ്ങളാല്‍ ബഹുമാനം പകര്‍ന്നു. ഒരു ഉദ്ധരണി ഇപ്രകാരമാണ്, അല്ലാഹു സൃഷ്ടിപ്പ് നടത്തിയത് അന്ധകാരത്തിലാണ്. പിന്നീട് സൃഷ്ടികള്‍ക്ക് മീതെ തന്‍റെ വെളിച്ചം വിതറി. തുടര്‍ന്ന് ഈ ആശയ പാനീയം അവര്‍ കുടിച്ചു, ഞാനൊരു പനീയമല്ലയോ. അതിന്‍റെ ബാധയും ലഹരിയും നിന്റെ ഉടല്‍ വിട്ടൊഴിയില്ല. മാത്രമല്ല അതിന്റെ അനന്തമാധുര്യം ജീവിതം മുഴുവന്‍ ആവരണം ചെയ്യുന്നു. ആ വെളിച്ചം അതിന്റെ ഉറവയും കേന്ദ്രവും കൊതിച്ച് കൊണ്ടിരിക്കുന്നു. ഇക്കാരണത്താല്‍ ഭൗതികലോകത്ത് അതിനൊരു സമാശ്വാസവും സുസ്ഥിരതയും ലഭിക്കുന്നില്ല. ഒരിക്കലും ആ ലഹരിയില്‍ന്നും അത് മുകതമാകുന്നില്ല.
എത്ര മനോഹരമാണീ വാക്കുകള്‍
ചിരകാലങ്ങളായി
നിന്‍
കാമുകര്‍
അലസ്തു പാനം ചെയ്ത
ലഹരിയിലാണ്.
അവര്‍ മോന്തിയത്
സുവിശേഷങ്ങളെയല്ല,
പകരം ആ പാനീയമായിരുന്നു.
അതവരില്‍
അലിഞ്ഞുചേര്‍ന്നു.
അവരതില്‍
മദോന്മത്തരായി.
സുബ്ഹാനല്ലാഹ്!!...പ്രണയപഥത്തില്‍ മരണം പോലും തേടി നടന്ന ഈ കാമുകന്മാര്‍ അലസ്തു എന്ന വാക്കിന്‍റെ ആകര്‍ഷണ വലയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ദിവ്യ സൗന്ദര്യത്തിന്റെ വിവിധ തജല്ലികളില്‍ അവര്‍ ചെന്ന് പതിക്കുകയാണ്. ഇലാഹിയായ പ്രഭാവത്തിന്റെ മെഴുകില്‍ ലോലപതത്രങ്ങളുള്ള ഈയ്യാം പാറ്റകളായ് അവര്‍ എരിയുന്നു. അങ്ങനെ അല്ലാഹു അവരെ സ്വീകരിക്കുന്നു. ഖുദ്സിയായ ഹദീസിന്റെ വാക്കുകള്‍ ഇതിനെ സത്യപ്പെടുത്തുന്നു, ഒരു ചാണ്‍ അവന്‍ എന്നിലേക്ക് അടുത്താല്‍ ഒരു മുഴം ഞാന്‍ അവനിലേക്ക് അടുക്കും. ഒപ്പം തന്‍റെ ആകര്‍ഷണം കൊണ്ട് തന്നിലേക്ക് അല്ലാഹു അടിമയെ പിടിച്ചെടുക്കുന്നു. അത്തരത്തിലുള്ള ഒരു ആകര്‍ഷണം തന്നെ മനുഷ്യ ജിന്ന് വിഭാഗങ്ങളുടെ കര്‍മ്മങ്ങളോട് തുല്ല്യമാവുന്നതാണ്. അല്ലാഹു ഇപ്രകാരം പറയുമത്രെ, എത്ര കാലം നമ്മുടെ ജമാലീ തജല്ലികളുടെ സിര്‍റുകള്‍ക്ക് ചുറ്റും ദുര്‍ബലമായ ചിറകുമായി നിങ്ങള്‍ പാറിനടക്കും?. നമ്മുടെ ഈ അന്തരീക്ഷത്തില്‍ അതുമായി നിങ്ങള്‍ക്ക് പാറാനാകില്ല. നമ്മില്‍ കഠിനാധ്വാനം ചെയ്യുന്നവര്‍ എന്ന മൈതാനിയില്‍ ആ ചിറകുകളെ ഉപേക്ഷിക്കൂ. അവരെ നാം നമ്മുടെ വഴികളിലേക്ക് ചേര്‍ക്കുമെന്ന രീതിയിലുള്ള വെളിച്ചത്തിന്‍റെ ശകതമായ ചിറകുകളെക്കൊണ്ട് നാം നിങ്ങളെ ആദരിക്കുന്നതാണ്. ഉദ്ദേശിക്കുന്നവരെ തന്‍റെ വെളിച്ചത്തിലേക്ക് അവന്‍ ചേര്‍ക്കുമെന്ന അതിമഹത്തായ അംഗീകാരം കൊണ്ട് അവന്‍ നിങ്ങളെ ശ്രേഷ്ടപ്പെടുത്തുകയും ചെയ്യും.
ജലാലുദ്ധീന്‍ റൂമിയുടെ വാക്കുകള്‍ മഹത്തരം തന്നെ..
ഹൃദയമേ,
ആരുടെയെങ്കിലും വാക്കു കേട്ടാല്‍
ഈ സോപാനം
നീ വരിക്കില്ല,
നിന്‍റെ ഉണ്‍മയെ നീ വെടിയണം,
നിന്‍റെ ചിറകുകളെ ഉപേക്ഷിക്കണം,
ആ പറവകളെപ്പോലെ
പറക്കാനാവാന്‍
പുതു ചിറകുകള്‍
നീ അണിയണം.
അല്ലാഹുവിന്റെ സമീപസ്ഥരായ മലക്കുകളും ജിന്നും മനുഷ്യരും ഒരുമിച്ച് ഒരു വ്യക്തിയെ അല്ലാഹുവിന്റെ വിശേഷണങ്ങളുടെ തജല്ലിക്ക് അര്‍ഹനാക്കാന്‍ ഉദ്ധേശിച്ചാലും അവര്‍ക്കതിന് സാധ്യമല്ല. എന്നാല്‍ അല്ലാഹുവിന്റെ ഒരൊറ്റ ആകര്‍ഷണം അവനെ ഏറ്റവും സമീപസ്ഥനാകാന്‍ മതിയാകുകയും ചെയ്യും. ഇക്കാരണത്താല്‍ ആ ആകര്‍ഷണം മുഴുവന്‍ സൃഷ്ടികളുടെ കര്‍മ്മങ്ങളേക്കാള്‍ മഹത്തരമാണ്. അഭൗമിക ലോകത്ത് വിഹരിക്കുന്ന, ഉടലിന്റെ ബന്ധനത്തില്‍ നിന്നും മോചിതരായ ഇവരുടെ ഒരൊറ്റ ശ്വാസം ഇരുലോകവാസികളുടെ മുഴുവന്‍ വ്യവഹാരങ്ങളോടും സമമാവുന്നതാണ്. റൂമി ദീനാനുശ്ശംസില്‍ പറയുന്നത് ഇതിലേക്കാണ് സൂചന നല്‍കുന്നത്
സൂഫികള്‍
ഓരോ ശ്വാസങ്ങളിലും
രണ്ട് പെരുന്നാളുകള്‍ തീര്‍ക്കുന്നു
അപ്പോഴും
ചിലന്തികള്‍
ഈച്ചയെ വേട്ടയാടുന്ന തിരക്കലാണ്
ഫനാ പ്രാപിച്ച സൂഫിക്ക് ഓരോ നിമിഷവും പുതിയ അസ്തിത്വം കരഗതമാകുന്നു. ഉടനെത്തന്നെ അത് ഇല്ലാതായി മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നു. ഇപ്രകാരം ഓരോ നിമിഷവും മാറി മാറി വരുന്നു. ഇതാണ് അല്ലാഹുവിന്റെ വചനത്തിന്റെ പൊരുള്‍, അവനുദ്ധേശിക്കുന്നത് മായ്ക്കുകയും സ്ഥിരപ്പെടുത്തുകയും ചെയ്യുന്നു (സൂറതു റഅ്ദ്-39)
Read More: മക്തൂബ് - 13 വെളിപാടും ദിവ്യബോധനവും
രണ്ട് പെരുന്നാള്‍ എന്നതിന്റെ താല്‍പര്യവും ഇതു തന്നെ. മായ്ക്കലിന്‍റെയും സ്ഥിരപ്പെടുത്തലിന്‍റെയും പെരുന്നാളുകള്‍. ഈ സന്ദര്‍ഭത്തിലാണ് അവര്‍ റൂഹുല്ലാഹ്, കലീമുല്ലാഹ് എന്നീ സ്ഥാനപ്പേരുകള്‍ക്ക് അര്‍ഹരാകുന്നതും ഈ വലിയ മേധാവിത്വം കൊണ്ട് അവര്‍ അംഗീരകരിക്കപ്പെടുന്നതും.
എന്‍റ സഹോദരാ,
മുകളില്‍ മറ്റൊന്നില്ലാത്തവിധം ഉന്നതമായ സൗഭാഗ്യമാണിത്. ഉടമത്വത്തിന്‍റെ കിരീടം ഇറക്കിവെച്ച് അടിമത്വത്തിന്‍റെ തട്ടിലേക്ക് ഇറങ്ങി വരുന്നവനേ ഇതു ലഭ്യമാവൂ. സൂഫികള്‍ പറഞ്ഞു: ആദം നബി സ്വര്‍ഗത്തില്‍ പ്രവേശിച്ച് ചുറ്റുപാടും നോക്കിയ ശേഷം പറഞ്ഞു: നിലക്കാതെ സഞ്ചരിക്കുന്ന എന്റെ പാദങ്ങളൊരിക്കലും ഈ ബന്ധനത്തില്‍ സ്വസ്ഥത പ്രാപിക്കില്ല. പ്രണയത്തിന്റെ ലഹരി പിടിച്ച എന്റെ ശിരസ്സില്‍ രാജകീയമായ കിരീടം ചേരുകയില്ല. പ്രണയത്തിന്‍റെയും ഇണക്കത്തിന്‍റെയും സമ്പന്നത കൊണ്ട് അല്ലാഹു എന്നെ അനുഗ്രഹിച്ചു. അതിനനുസരിച്ചായിരിക്കണം എന്റെ കാല്‍വെപ്പുകള്‍. പ്രണയം സകലതില്‍ നിന്നും മുക്തമാണ്. ആകയാല്‍ കാര്യകാരണങ്ങളെ ഞാനിതാ കരിച്ചുകളയുന്നു. തുടര്‍ന്ന് ആദം നബി പ്രണയത്തിന്‍റെ വിളിനാദങ്ങള്‍ക്ക് ലബ്ബൈക്ക് പറയുകയും സ്വര്‍ഗത്തിന്റെ അഷ്ടകമാനങ്ങളോടും വിട ചൊല്ലുകയും ചെയ്തു.
അല്ലാഹു അക്‍ബര്‍!!. സ്വര്‍ഗത്തിലായിരുന്നപ്പോള്‍ രജകീയ കിരീടവും ഉന്നതരുടെ ഉടയാടകളും അണിഞ്ഞിരുന്നു, എന്നാല്‍ അന്വേഷണത്തിന്റെ ഈ സരണിയിലേക്ക് കടന്നപ്പോള്‍ ശരീരം മറക്കാനുള്ള വസ്ത്രം പോലും ഇല്ലാതെയായി.
കവിയുടെ വാക്കുകള്‍ ശ്രദ്ദേയമത്രെ,
മദ്യശാലകളിലേക്ക്
പ്രവേശിക്കാന്‍
കിരീടം വെടിയണം,
രാജകീയ പ്രൗഢിയും
വെടിയണം
സുബ്ഹാനല്ലാഹ്..!! ആദം നബിയുടെ ഒരോ അവയവങ്ങളും പ്രണയതീക്ഷ്ണതയാല്‍ പരവശമായിരിക്കുന്നു. അവര്‍ തന്നെ പറയുന്നതു പോലെ,
എന്‍റെ
ഇടനെഞ്ച്
പ്രണയത്താല്‍ കുഴങ്ങി.
ചുടുചോരയില്‍
ഇന്ന് ഞാന്‍
ഇല്ലാതെയാകുന്നു.
Leave A Comment