സ്വാതന്ത്ര്യവും  പുതുപുലരിയും തേടി "കാബൂളിലെ നാരായണ പക്ഷികൾ"

'കാബൂളിലെ തണൽ വിരിച്ച വീഥികൾ  ഇക്കാലത്ത് ഒട്ടും  ആഹ്ലാദദായകമല്ല. കടക്കാർ അവരുടെ പുഞ്ചിരിയെല്ലാം ചുരുട്ടി കെട്ടി കലവറയിൽ വെച്ചിരിക്കുന്നു. ബുദ്ധിജീവികൾ മായയാലെന്ന പോലെ  അപ്രത്യക്ഷമായിരിക്കുന്നു. ഗായകരും കലാകാരന്മാരും നിഴൽപ്പാവകളുടെ മറവിനു പിന്നിൽ അഭയം തേടിയിരിക്കുന്നു. പനിയുടെ അഥവാ ഭീതിയുടെ നിറമുള്ള മൂടു പടത്തിനകത്ത് മമ്മികളാക്കപ്പെട്ട സ്ത്രീകളാകട്ടെ ഈ ഭൂമിയിൽ ജീവിച്ചിരുന്നു എന്ന അടയാളം പോലും ശേഷിക്കാത്ത വിധം തീർത്തും അജ്ഞാതരായിരിക്കുന്നു..!!!
യുദ്ധവും അധികാര വടംവലിയും സംഘർഷങ്ങളും എല്ലാം അഫ്ഗാനിസ്ഥാനിന്റെ സമാധാനന്തരീക്ഷത്തെ കലചിതമാക്കിയിട്ടുണ്ട്. മിസൈലുകളുടെ ശരവർഷത്തിനിടയിൽ നഗരത്തിന്റെ പല പ്രതാപ സമുച്ചയങ്ങളും ചാരമായി. ഇന്നലെകളിലെ പൂന്തോട്ടങ്ങളെല്ലാം ഇന്ന് ശവപ്പറമ്പായിരിക്കുന്നു. കിളികളുടെ ശബ്ദ കോലാഹലങ്ങൾ വേദനകളുടെ മിടിപ്പുകളായി. രക്തച്ചൊരിച്ചിലും വെടിയുണ്ടകളും ആകാശത്തിന്റെ നീലിമയെ ഛിന്നഭിന്നമാക്കുന്നു. താലിബാൻ ഭരിക്കുന്ന അഫ്ഗാനിസ്ഥാനിലെ ഓരോ സ്ത്രീയുടെയും പർദ്ദ ഇപ്പോൾ തടവറയുടെ ആവരണമായി മാറിയിട്ടുണ്ടാവും. ശ്വസിക്കുന്ന വായുവിൽ പോലും സ്വാതന്ത്ര്യത്തിന്റെ സുഗന്ധം നഷ്ടപ്പെട്ടുപോയ ഒരു ജനത എന്നേ അഫ്ഗാനികളെ കുറിച്ച് പറയാനാകൂ....

അള്‍ജീരിയൻ നോവലിസ്റ്റ് യാസ്മിന ഖദ്റ തൻറെ "കാബൂളിലെ നാരായണ പക്ഷികൾ" എന്ന നോവലിലൂടെ വരച്ചിടുന്നത് അഫ്ഗാനിസ്ഥാനിലെ എന്നും വെല്ലുവിളികളിൽ ക്രൂശിക്കപ്പെട്ട സ്ത്രീകളുടെ ഉൾവിളികളെയാണ്. ബഗ്ദാദിലെ വിലാപങ്ങൾ, അക്രമണം, എന്നീ നോവലുകളോട് സമാനമായി,  യുദ്ധവും അരാജകത്വവും മനുഷ്യന്റെ ജീവിതത്തിൽ വരുത്തിവെച്ച അഗാധമായ പിളർപ്പുകളും തീരാനഷ്ടങ്ങളുമാണ് "കാബൂളിലെ നാരായണ പക്ഷികൾ" എന്ന നോവലിന്റെയും ഇതിവൃത്തം.  അതീഖ് ശൗക്കത്ത്, മുഹ്സിൻ റാവന്ത് എന്നീ  പ്രധാന കഥാപാത്രങ്ങളിലൂടെ യുദ്ധം മനുഷ്യന്റെ ചിന്താമണ്ഡലങ്ങളെ  അധീനപ്പെടുത്തുന്നതും സ്വന്തം രാജ്യത്ത് അപരിചിതരായി മാറുന്ന ഒരുപറ്റം ജനതയുടെ  നോവുകളെയുമാണ് എഴുത്തുകാരൻ ആവിഷ്കരിക്കാൻ ശ്രമിക്കുന്നത്.  മറുഭാഗത്ത് മുസാറത്ത്, സുനൈറ  എന്നീ  പെൺ കഥാപാത്രങ്ങളിലൂടെ അഫ്ഗാനിസ്ഥാനിലെ സർവ്വതും നഷ്ടമായി, സ്വാതന്ത്ര്യവും സ്വപ്നങ്ങളുമെല്ലാം തുറുങ്കിൽ അടക്കപ്പെട്ട സ്ത്രീ സമൂഹത്തെ ആഖ്യാനം ചെയ്യുന്നു. ഒരു പുതുപുലരി തേടി യാത്ര പറയാതെ കാബൂളിലെ മലഞ്ചെരിവുകളിലൂടെ നടന്നകലുന്ന സനീശും നോവലിലെ വായനക്കാരന്റെ ഇഷ്ട കഥാപാത്രമായേക്കാം. 

സോവിയറ്റ് യൂണിയനും അമേരിക്കയും താലിബാനും മാറിമാറി അധികാര സിംഹാസനത്തിൽ എത്തുമ്പോൾ, അവിടത്തെ ഓരോ പൗരന്റെ ജീവിതത്തെയും ഭാവിയെയും അത് നിർണയിച്ചു കഴിഞ്ഞിരുന്നു. എന്നിരുന്നാലും താലിബാനിസത്തിന്റെ പേരില്‍ നടക്കുന്ന ക്രൂരതകളും നിഷ്ഠൂര ആക്രമണങ്ങളും വിവരിക്കുന്നതിലാണ് നോവൽ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. അധികാരത്തിന്റെ ദണ്ഡുകളിൽ അടിമകളായി ജീവിക്കേണ്ടി വരുന്നത് ഒരു വലിയ അധപതനത്തിലേക്കാണ് മനുഷ്യരാശിയെ എത്തിക്കുന്നത്. അതുകൊണ്ടായിരിക്കാം "മനുഷ്യന്റെ അധപതനത്തെ അഗാധമായ ഗർത്തത്തേക്കാൾ ആഴമേറിയത്" എന്ന് എഴുത്തുകാരൻ വിശേഷിപ്പിക്കുന്നത്. സ്വന്തം ആഗ്രഹങ്ങളും അഭിലാഷങ്ങളും പൂവണിയാൻ വസന്തത്തിന്റെ ഇടിമുഴക്കം കേൾക്കാതിരിക്കുമ്പോൾ, അവർ സ്വയം അങ്ങാടികളിലും നഗരമധ്യങ്ങളിലും ഭ്രാന്തന്മാരെ പോലെ കറങ്ങി നടക്കുന്നു. അതീഖ് ഷൗക്കത്തിനെ പോലെ യുദ്ധം മനുഷ്യന്റെ മനസ്സിൽ വിദ്വേഷവും പകയും കൂടു കൂട്ടുന്നതും മറ്റുള്ളവരോട് അതേ ഭാവത്തിൽ സഹവർത്തിക്കാൻ  പ്രേരിപ്പിക്കുന്നതുമാണ്. സ്വന്തം രാജ്യത്ത് അപരിചിതരായി മാറുതിനേക്കാൾ വലിയൊരു ആപത്ത് മറ്റെന്താണുള്ളത്!!.. "നമ്മൾ എപ്പോഴോ വധിക്കപ്പെട്ടിരിക്കുന്നു, ശവങ്ങളാണ് നമ്മളിൽ പലരും, നമ്മളത് മറന്നിരിക്കുന്നു"  സുനൈറ നോവലിന്റെ ഒടുവിൽ അത്തരം വാക്കുകളെ തിരഞ്ഞെടുക്കുമ്പോൾ ശരിക്കും  താലിബാനു കീഴിൽ അഫ്ഗാനിസ്ഥാൻ ഒരു നരകമായി  തീർന്നിരിക്കുകയാണോ എന്ന് ആരും സംശയിച്ച് പോകും.
സാമ്രാജ്യത്വ ശക്തികൾ കൊന്നുതള്ളിയ അനേകായിരം ജീവനുകളെയോ, അതല്ലെങ്കിൽ അവരുടെ ആക്രമണങ്ങൾ കൊണ്ട് ശിഥിലമായ ഒരു നഗരത്തിൻറെ  ഓർമ്മകളെയോ നോവൽ അധികമൊന്നും ചിത്രീകരിക്കുന്നില്ല. എന്നിരുന്നാലും പ്രണയവും യുദ്ധവും മുഖ്യ കഥാപാത്രങ്ങളിലൂടെ  വെളിച്ചത്ത് വരുമ്പോൾ, തീർത്തും ഒരു തകർന്നടിഞ്ഞ സമുദായത്തിന്റെ എല്ലാ ഭാവനകളും നോവലിൽ പ്രകടമായിട്ടുണ്ട്. 

ഗ്രീന്‍ ബുക്സ് പ്രസിദ്ധീകരിച്ച മലയാള വിവര്‍ത്തനം ചെയ്തിരിക്കുന്നത് പരമേശ്വരനാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter