അസ്‌ട്രോലാബ്: അറബ് ശാസ്ത്ര മികവിന്റെ അത്ഭുത പ്രതീകം
ഇസ്‌ലാമിക നാഗരികതയ്ക്ക് പാരമ്പര്യമായി ലഭിച്ചതിനെ പൂർണ്ണതയിലെത്തിക്കാനും അത് ഭംഗിയായി അവതരിപ്പിക്കാനുമുള്ള കഴിവ് ഏറ്റവും കൂടുതൽ പ്രകടമായത് അസ്‌ട്രോലാബിലായിരുന്നെന്ന് ഇസ്‍ലാമിക് കലാ ലോകത്തെ ഏറ്റവും സ്വാധീനമുള്ള ഇംഗ്ലീഷ് ആർട്ഡീലര്‍ ഒലിവർ ഹോരെ അഭിപ്രായപ്പെടുന്നുണ്ട്.
എട്ടാം നൂറ്റാണ്ടിൽ പ്രചാരത്തിൽ വന്ന് ആധുനിക കംപ്യൂട്ടറുകളും ഘടികാരങ്ങളും കണ്ടെത്തുന്നത് വരെ (ഏകദേശം പതിനേഴാം നൂറ്റാണ്ട്) പാശ്ചാത്യ ലോകത്തു ആസ്‌ട്രോലാബ് ഉപയോഗിക്കപ്പെട്ടിരുന്നു. കിഴക്കിൽ പത്തൊമ്പതാം നൂറ്റാണ്ടു വരെ അതിജീവിക്കാനും അതിന് കഴിഞ്ഞു. ജാതകം നോക്കാനും മറ്റു ജോതിഷപരമായ ഉപയോഗങ്ങൾക്കും യൂറോപ്യർക്കിടയിൽ പ്രാധാന്യം നേടിയ അസ്‌ട്രോലാബിന്, യൂറോപ്പിൽ ജ്ഞാനോദയകാലത്തു യുക്തി ചിന്തകൾക് സ്വാധീനം കൂടിയപ്പോളാണ് മതിപ്പു കുറഞ്ഞത്.
പുരാതന ഗ്രീസിൽ ഹിപ്പാർക്കസാണ് (ഏകദേശം 150 ബിസി യിൽ ജീവിച്ച) അസ്‌ട്രോലാബിലേക്കുള്ള പ്രഥമ ചുവടുവെപ്പുകൾ നടത്തുന്നത്. (stereographic projection) അതായത് ഒരു ത്രിമാന ആകാശ രൂപത്തെ ദ്വിമാനത്തിലായി ചിത്രീകരിക്കുന്ന രീതിയാണ് ഹിപ്പാർകസ് പരിചയപ്പെടുത്തിയത്. ഇതേ രീതിയിൽ തന്നെയാണ് അസ്‌ട്രോലാബിന്റെ പ്രവർത്തനവും നടക്കുന്നത്. ഉത്ഭവം അവ്യക്തമാണെങ്കിലും അലക്സാണ്ഡ്രിയയിൽ ജീവിച്ചിരുന്ന ഗണിത- ഗോള ശാസ്ത്രജ്ഞർ അസ്‌ട്രോലാബിലേക്ക് ചൂണ്ടുന്ന രീതിയിലുള്ള പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്.
ഗണിത നിയമങ്ങളും മാപ്പ് രൂപീകരണത്തിന് ആവശ്യമായ വിശദീകരണങ്ങളും നൽകുന്ന, നിലവിൽ ലഭ്യമല്ലാത്ത ടോളെമിയുടെ ഒരു രചനയുണ്ടത്രെ. ഇന്ന് നമ്മൾ നിരുപാധികം ആസ്‌ട്രോലാബ് എന്ന് വിളിക്കുന്ന പ്ലാനിസ്‌ഫെറിക് ആസ്‌ട്രോലാബിനെ കുറിച്ചുള്ള വിവരങ്ങൾ അതിലോ അദ്ദേഹത്തിന്റെ കാലത്തോ കാണാൻ കഴിയുന്നില്ല. എന്നിരുന്നാലും അറബികൾ ആസ്‌ട്രോലാബിന്റെ യാദൃശ്ചിക കണ്ടുപിടുത്തതിന്റെ അവകാശം ടോളെമിക് നൽകുന്നുണ്ട്. പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന അറബ് ചരിത്രകാരന്മാരിൽ പ്രധാനിയായ ഇബ്നു ഖല്ലിക്കാൻ ഇങ്ങനെ പറയുന്നുണ്ട്: ഒരിക്കൽ കുതിര സവാരിക്കിറങ്ങിയ ടോളമിയുടെ കയ്യിലുണ്ടായിരുന്ന ഗ്ലോബ് യാദൃശ്ചികമായി നിലത്തു വീണു. കുതിരയുടെ കുളമ്പ് കയറി ഗ്ലോബ് പരന്ന രൂപത്തിലായി. അങ്ങനെയാണ് പ്ലാനിസ്‌ഫെറിക് അസ്‌ട്രോലാബ് രൂപപ്പെടുന്നത്.
ആസ്‌ട്രോലാബിനെ കുറിച്ചുള്ള പഴയ ലാറ്റിൻ പഠനങ്ങളിൽ ഒരുപാട് പിശകുകളും പാതി ഗ്രഹിച്ച അറബിക് ടെർമിനോളജിയുടെ ഉപയോഗവുമുണ്ടായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ പകുതി വരെ കൃത്യവും കുറ്റമറ്റതുമായ ഒരു ആസ്‌ട്രോലാബ് നിർമിക്കാൻ പാശ്ചാത്യർക്കായിരുന്നില്ല. സഭാസമയ ക്രമീകരണത്തിനും പ്രാർത്ഥനാ സമയം നിശ്ചയിക്കുന്നതിനും നേരിട്ട പ്രശ്നങ്ങൾ പരിഹരിക്കാനെന്നോണമാണ് മധ്യ കാല ക്രിസ്ത്യൻ പടിഞ്ഞാര്‍ ആസ്‌ട്രോലാബിനെ സമീപിക്കുന്നത്.
സാമ്പത്തികമായി വളരെ അഭിവൃദ്ധിപെട്ടിരുന്ന ഫ്രാൻസ്, ജർമ്മനി, ഇംഗ്ലണ്ടിലെ മഠങ്ങളിൽ പോലും അന്ന് കാലത്ത് പുരാതന ശാസ്ത്രത്തിലുള്ള പഠന പുസ്തകങ്ങൾ കുറവായിരുന്നു. ഇസ്‍ലാമിന്റെ ആഗമനം മൂലം പുരോഗതി പ്രാപിച്ച സ്പെയിനിലെ ശാസ്ത്ര മേഖലയുമായി ബന്ധപ്പെട്ടിരുന്ന കാറ്റലോണിയൻ പാതിരിമാർക്ക് മാത്രമേ വിവർത്തനം ചെയ്യപ്പെട്ട അറബി ഗ്രന്ഥങ്ങളുടെയും മറ്റു ശാസ്ത്ര രചനകളുടെയും വലിയ തോതിലുള്ള ഉപയോഗം നടത്താൻ സാധിച്ചിരുന്നുള്ളൂ. ആസ്ട്രോലാബിനെ കുറിച്ചുള്ള വിവരങ്ങളും അന്ദലുസിൽ നിന്ന് തന്നെയാണ് പശ്ചാത്യർക്ക് ലഭ്യമാകുന്നത്. ചാർട്ടസിലെ ബിഷപ്പും കത്രീഡൽ സ്കൂൾ അദ്ധ്യാപകനുമായിരുന്ന ഫുൾബെർട് (970 -1028) തയ്യാറാക്കിയ ആസ്‌ട്രോലാബിന്റെ ഭാഗമായി വരുന്ന അറബി ലാറ്റിൻ പദാവലിയിലൂടെ അറബി ടെർമിനോളജിയുടെയും ആശയങ്ങളുടെയും പാശ്ചാത്യ കലാശാസ്ത്ര ഗോദയിലേക്കുള്ള ഒഴുക്ക് സംഭവിക്കുകയായിരുന്നു. ഇന്ന് നാം ഉപയോഗിക്കുന്ന നക്ഷത്ര സമൂഹങ്ങളുടെയും ഗ്രഹങ്ങളുടെയും പേരുകൾ ലാറ്റിൻ ഭാഷയിലേതാണ്. അതിന്റെ മിക്കതിന്റെയും ഉത്ഭവം അറബി ഭാഷയിൽ നിന്നാണ്.
കടൽ യാത്രകളും സഞ്ചാരങ്ങളും ഏറെ നടന്നിരുന്ന പതിനാലു പതിനഞ്ചു നൂറ്റാണ്ടു കാലത്താണ് പടിഞ്ഞാറിൽ ഇതിന്റെ ഉപയോഗം വ്യാപിക്കുന്നത്. പ്രചാരത്തിലുണ്ടായിരുന്ന മറ്റു ഉപകരണങ്ങൾ ദിശ നിശ്ചയിക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ തന്നെ യൂറോപ്യൻ സഞ്ചാരങ്ങളിൽ ആസ്‌ട്രോലാബ് ഒഴിച്ച് കൂടാനാവാത്ത ഘടകമായി. കൊളംബസും പോർച്ചുഗീസ് സഞ്ചാരി ബർത്തലോമിയോസ് ഡയാസും അസ്‌ട്രോലാബ് ഉപയോഗിച്ചതായി രേഖകളിലുണ്ട്. ഡയസ് 1488 ൽ കേപ്പ് ഓഫ് ഗുഡ് ഹോപ്പിന്റെ ഉയരം അളക്കുന്നതിനായി അസ്‌ട്രോലാബ് ഉപയോഗിച്ചുവെന്ന് പറയപ്പെടുന്നു.
ആസ്‌ട്രോലാബിന് സമാനമായ ഒരു ഉപകരണം ഉപയോഗിച്ചതായി ടോളെമി രേഖപ്പെടുത്തുന്നുണ്ടെങ്കിലും, വാസ്തവത്തിൽ അറബികൾക് ശാസ്ത്ര പഠനത്തിന് സഹായമാകും വിധം ഒരു ഗ്രീക്ക് ആസ്‌ട്രോലാബും അതിജീവിച്ചിരുന്നില്ല. മധ്യകാല മുസ്‍ലിം തത്വചിന്തകനും ഗോളശാസ്ത്രജ്ഞനുമായ മുഹമ്മദ് ഇബ്ൻ ഇബ്രാഹീം അൽ ഫസാരിയെയാണ് ഇസ്‍ലാമിക ലോകത്തെ ആദ്യ ആസ്‌ട്രോലാബ് നിർമാതാവായി ഗണിക്കപ്പെടാറുള്ളത്. ആസ്‌ട്രോലാബിനെ കുറിച്ച് ആദ്യമായ് ഒരു വ്യക്തമായ വിവരണം നൽകിയത് ഒമ്പതാം നൂറ്റാണ്ടിൽ ബാഗ്ദാദിലെ അസ്ട്രോണമർ ആയിരുന്ന അൽ ഫർഗാനിയായിരുന്നു.
ആസ്‌ട്രോലാബ് നിർമാണം ഒരു കലയായി മാറിയതോടെ സ്ത്രീകളടക്കം ഈ കലയുടെ ഭാഗമാവാൻ ശ്രമിച്ചു. സിറിയയിലെ അലെപ്പോയിൽ നിന്നുള്ള മറിയം (അൽ ഇജ്‌ലിയ ബിൻത് അൽ ഇജ്‌ലി അൽ അസ്തുർലാബി) തന്റെ പിതാവിന്റെ ജോലി പിന്തുടർന്ന് അസ്‌ട്രോലാബ് നിർമാണത്തിൽ ശ്രദ്ധ ചെലുത്തിയിരുന്നു. ഹമദാനി ഭരണാധികാരി സൈഫുദൗലയുടെ കൊട്ടാരത്തിൽ അതിന്റെ നിർമാണ ചുമതല വഹിക്കാനും മഹതിക്ക് സാധിച്ചു.
പല രൂപങ്ങളിലായി ആസ്‌ട്രോലാബ് നിർമിക്കപ്പെട്ടിരുന്നു. പതിനൊന്നാം നൂറ്റാണ്ടിൽ ടോളിഡോയിൽ രൂപപ്പെട്ട യൂണിവേഴ്സൽ ആസ്‌ട്രോലാബ്‌സ് നക്ഷത്ര നിരീക്ഷണത്തിലും അതിനെ മാപ്പ് ചെയ്യുന്നതിലും വിപ്ലവകരമായ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കി. ഔഷധ വിദഗ്ദനായ അലി ഇബ്ൻ ഖലീഫ അൽഷെജ്ജാറും സർഖാലിയുമാണ് ഈ മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ചത്. പ്രത്യേക സ്ഥലത്തിനായി നിർമിക്കപ്പെട്ടതിനാൽ തന്നെ വ്യത്യസ്ത ലാറ്റിട്യൂഡ് പ്ലേറ്റുകളുടെ ആവശ്യം സാധാരണ ആസ്‌ട്രോലാബുകൾക്ക് വന്നത് കൊണ്ട് ഏത് സ്ഥലത്ത്നിന്നും കൃത്യമായി ഉപയോഗിക്കാൻ കഴിയുന്ന യൂണിവേഴ്സൽ ആസ്‌ട്രോലാബ് മറ്റു ആസ്‌ട്രോലാബുകളിൽ നിന്നും വേറിട്ട് നിന്നു. പ്ലാനിസ്‌ഫെറിക് ആസ്‌ട്രോലാബ്സിനു പുറമെ ക്വാഡറന്റ്, റോജസ്, നൗട്ടിക്കൽ എന്നിങ്ങനെ പല തരത്തിലുള്ള ആസ്‌ട്രോലാബുകളും നിർമിക്കപ്പെട്ടിരുന്നു. കൂട്ടത്തിൽ ഏദൻകാരനായ മുഹമ്മദ് ഇബ്ൻ അബി ബക്കർ അൽഫാരിസി നിർമിച്ച ഗിയർ സംവിധാനിച്ച ആസ്‌ട്രോലാബ് വളരെ അത്ഭുതകരമാണ്. അൽഫാരിസി തന്റെ അൽതുഹ്ഫ എന്ന ഗ്രന്ഥത്തിൽ ഇസ്‍ലാമിക ഗോളശാസ്ത്ര ചരിത്രത്തെയും അതിനോട് മതം സ്വീകരിച്ച സമീപനങ്ങളെയും കുറിച്ച് വാചാലമാകുന്നുണ്ട്.
രൂപത്തിൽ ആകർഷണീയവും കൈകാര്യം ചെയ്യാൻ വളരെ എളുപ്പവുമായ ഈ ഉപകരണം കെട്ടിടങ്ങളുടെ ഉയരം അളക്കാനും, കിണറിന്റെ ആഴം നോക്കാനും, ലാറ്റിട്യൂഡ് നിശ്ചയിക്കാനും, സൂര്യന്റെയും പ്രധാന നക്ഷത്രങ്ങളുടെയും സ്ഥാനം കണ്ടെത്താനും ഉപയോഗിക്കപ്പെട്ടു. ഇസ്ഫഹാനിൽ ജീവിച്ചിരുന്ന മുസ്‍ലിം ഗോളശാസ്ത്രജ്ഞനായ അൽസുഫി ആസ്‌ട്രോലാബിന്റെ ആയിരം ഉപയോഗങ്ങൾ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
ഇസ്‍ലാമിക ലോകത്ത് മതപരമായ ആവശ്യങ്ങൾക്ക് വേണ്ടി ഇവ വളരെ പ്രാധാന്യം നേടി. സൂര്യ ഉദയാസ്തമയ സമയം നിശ്ചയിക്കാൻ കഴിയുന്നതിനാൽ തന്നെ അഞ്ചു വഖ്ത് നിസ്കാരങ്ങളുടെ സമയം കൃത്യമായി അളക്കാൻ ആസ്‌ട്രോലാബ് കൊണ്ട് സാധിച്ചു, ഖിബ്‌ല മനസ്സിലാക്കുന്നതിനു വേണ്ടി കഅബയുടെ ദിശ നിര്‍ണ്ണയിക്കാനും ഇത് ഉപകാരപ്പെട്ടു. അറബ് ശാസ്ത്ര മികവിനെ വിളിച്ചോതുന്നുണ്ട് ഈ ആസ്‌ട്രോലാബുകളുടെ കൃത്യത. ക്ലാസിക്കൽ ഉറവിടങ്ങളിൽ നിന്നും കണ്ടെത്തി വിപുലീകരിച്ച ഈ ഉപകരണം പല ശാസ്ത്രീയ പ്രശ്നങ്ങൾക്കും പരിഹാരമായതോടെ അറബികൾ ഇതിന്റെ നിർമാണത്തിൽ അഭിമാനാർഹരായി. സമയം പാലിക്കുന്നതിലെയും ഗോളശാസ്ത്രം, ജ്യോതിശാസ്ത്രം, കാർട്ടോഗ്രാഫി എന്നിവകളിൽ ഉയർന്നു വന്ന ഒരുപാട് സംശയങ്ങൾക്ക് ഉത്തരം നൽകിയ ആസ്‌ട്രോലാബ് അറബ് ശാസ്ത്രത്തിന്റെ മുഖമുദ്രയാണ്.
എന്നിരുന്നാലും ആസ്‌ട്രോലാബ് ഒരിക്കലും ഒരു വെറും ശാസ്ത്രീയ ഉപകരണം മാത്രമായിരുന്നില്ല, മറിച്ച് അതിന്റെ പ്രവർത്തനത്തിലും ഭാവത്തിലും മനോഹാരിത നിറഞ്ഞതിനാൽ തന്നെ ഭംഗിയുടെ ഒരു പ്രതീകം കൂടിയായിരുന്നു. രൂപത്തിൽനിന്ന് തന്നെ, ആര്, എപ്പോള്‍, എവിടെ വെച്ചു ഇത് ഉപയോഗിച്ചു എന്ന് വരെ മനസ്സിലാക്കാൻ കഴിയുമായിരുന്നു. ഒരു നാടിന്റെയും സംസ്കാരത്തിന്റെയും അടയാളപ്പെടുത്തലായിരുന്നു അത് എന്ന് തന്നെ പറയാം. ലഭ്യമായ ഒരു ആസ്‌ട്രോലാബിൽ ഖുർആന്‍ സൂക്തമായ ആയത്തുൽ കുർസി എഴുതിവെക്കപ്പെട്ടതായും കാണാം.
ഇസ്‍ലാമിക ലോകത്ത് ഇപ്പോഴും ശാസ്ത്ര സാംസ്‌കാരിക മികവിന്റെ പ്രതീകമായി തന്നെ ആസ്‌ട്രോലാബ് അവശേഷിക്കുന്നു. കമ്പനി ലോഗോകളിലും ഔദ്യോഗിക ഉദ്യാനങ്ങളിലും ഷോപ്പിംഗ് കേന്ദ്രങ്ങളിലും ഇതിന്റെ രൂപങ്ങൾ പ്രദർശിപ്പിക്കപ്പെടാറുണ്ട്. അറബികൾ പടിഞ്ഞാറിന് സമ്മാനിച്ച ശാസ്ത്ര കണ്ടെത്തലുകളിലെ ഒരു തിളക്കമാർന്ന നക്ഷത്രം തന്നെയാണ് അസ്‌ട്രോലാബ്. അതിന്റെ വശ്യമായ നിർമാണ ശൈലിയും ഉപയോഗത്തിലെ അനായാസതയും അത്ഭുതാവഹം തന്നെ.
Leave A Comment