ദാര്‍ഫൂര്‍, അധികാരമോഹികള്‍ക്കിടയിലെ ദുരന്തഭൂമി
രണ്ടു പതിറ്റാണ്ടിലേറായായി സുഡാനിലെ ദർഫൂർ വേദനയിലാണ്. രാഷ്ട്രീയ-സൈനിക പ്രശ്നങ്ങളെ തുടര്‍ന്ന് അവിടത്തെ സാധാരണക്കാരായ ജനങ്ങളുടെ ജീവിതമാണ് ദുസ്സഹമായിരിക്കുന്നത്. തെക്കൻ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമായി അറിയപ്പെട്ടിരുന്ന സുഡാന്‍, 2011ലാണ് സുഡാൻ, തെക്കൻ സുഡാൻ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടത്. നൈൽ നദിയുടെ അനേകം പോഷകനദികൾ സുഡാനിലൂടെ ഒഴുകുന്നുണ്ടെങ്കിലും, അവിടത്തുകാരുടെ ജീവിതത്തിന് കുളിര് പകരാന്‍ ആ പ്രകൃതി വിഭവങ്ങളൊന്നും മതിയാവാതെ വന്നിരിക്കുകയാണ്.
1989 മുതൽ ഒമർ അൽ ബാഷിറിന്റെ കീഴിൽ ഏകാധിപത്യത്തിന്റെ കൈപ്പനുഭവിച്ച ജനത മുപ്പതുവർഷത്തിനു ശേഷം അതിൽ നിന്നും മോചിതരാകുന്നത് സ്വപ്നം കണ്ടതില്‍ തെറ്റ് പറയാനാവില്ല. 2019ൽ ബഷീർ സ്ഥാനം ഒഴിഞ്ഞെങ്കിലും തുടർന്ന് പട്ടാള ഭരണത്തിന് കീഴിലായതോടെ, ജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ് ചെയ്തത്. രാജ്യത്തിന്റെ ഔദ്യോഗിക സൈന്യത്തിന് പുറമെ, പാരാമിലിറ്ററി ഫോഴ്സ് ആയിരുന്ന Rapid Support Force (RSF)ന്റെ നേതാക്കള്‍ അധികാരത്തിനായി ആ ശക്തിയെ ദുരുപയോഗം ചെയ്യുകയായിരുന്നു. ഉപരാഷ്‌ട്രപതി സ്ഥാനത്തിരുന്നുകൊണ്ട് അധികാരം ചൂഷണം ചെയ്യുന്ന സൈന്യാധിപനായ ദഗാലോയെ പോലുള്ളവർ ഉമര്‍ ബശീറിനേക്കാളും വലിയ അധികാര മോഹികളാവുന്നതാണ് പിന്നീട് ലോകം കണ്ടത്. അധികാരത്തിരെ ശബ്ദിക്കുന്ന വരെ അടിച്ചമർത്താനായി സര്‍കാര്‍ പ്രത്യേകം രൂപം നല്കിയ മിലീഷ്യ സംഘമായിരുന്നു ജാൻജവീദ്. ആവശ്യമായവരെ വകവരുത്താനും എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കും ഉപയോഗിച്ചിരുന്നത് ഈ സംഘത്തെയായിരുന്നു. അതേ സമയം, ഔദ്യോഗിക സൈന്യമല്ലെന്നതിനാല്‍ അവര്‍ ചെയ്യുന്ന കുറ്റുകൃത്യങ്ങള്‍ക്ക് സര്‍കാര്‍ മറുപടി പറയേണ്ട അവസ്ഥയുമില്ലായിരുന്നു. പക്ഷെ, കാര്യങ്ങളെല്ലാം ലോകം അറിഞ്ഞെന്നു ബോധ്യമായപ്പോൾ ജാൻജവീദ് മിലിഷ്യകളെ Rapid Support Force എന്ന പേരിൽ സർക്കാരിന്റെ പാരമിലിറ്ററി വിഭാഗമാക്കി മാറ്റുകയാണ് അധികൃതര്‍ ചെയ്തത്. അവര്‍ തന്നെയാണ് ഇന്ന് ദാര്‍ഫൂറില്‍ നടക്കുന്ന മനുഷ്യകുരുതികൾക്ക് ഉത്തരവാദികളെന്ന് പറയാം.
ഗസ്സയെ പോലെ മനുഷ്യഹൃദയങ്ങളെ വേദനിപ്പിക്കുന്ന അതീവദുരന്ത പൂര്‍ണ്ണമായ സാഹചര്യം തന്നെയാണ് ഇന്ന് ദാര്‍ഫൂറിലും നിലനില്ക്കുന്നത്. പക്ഷേ, ഗസ്സയിലേത് പോലെ, ലോകം അത് അത്ര ശ്രദ്ധിക്കുന്നില്ലെന്ന് മാത്രം.
2007 ഫെബ്രുവരി 27ന് ആംനെസ്റ്റി ഇന്റർനാഷണൽ, ആഗോള ക്രിമിനൽ കോടതിക്ക് (ICC) സമർപ്പിച്ച സമൻസിന്റെ തലക്കെട്ട്, ദർഫൂരിൽ നീതിയിലേക്കുള്ള ചെറുതെങ്കിലും പ്രാധാന്യമുള്ളൊരു ചുവടുവയ്പ്, രണ്ടു യുദ്ധകുറ്റാരോപിതർക്കെതിരായ സമൻസ് അപേക്ഷ എന്നായിരുന്നു. സമൻസിൽ തുടർന്ന് ദാർഫൂർ എന്ന സുഡാനിലെ ചെറിയ പ്രദേശത്തു നടന്ന അക്രമണത്തെ കുറിച് ചുരുക്കി വിവരിക്കുന്നുണ്ട്. സംഘർഷം ആരംഭിച്ചതുമുതൽ രണ്ട് ദശലക്ഷത്തിലധികം ആളുകൾ കുടിയൊഴിപ്പിക്കപ്പെടുകയും ഏകദേശം 85,000 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് സ്ത്രീകൾ ബലാത്സംഗത്തിനിരയാവുകയും ചെയ്തുവെന്ന് അതില്‍ പറയുന്നു. മനുഷ്യവംശത്തിനെതിരായ കുറ്റങ്ങൾ, കൊലപാതകങ്ങൾ, സ്വത്ത് നശിപ്പിക്കൽ, കൊള്ള, ജനങ്ങളെ ബലമായി മാറ്റിപ്പാർപ്പിക്കൽ, ബലാത്സംഗങ്ങൾ, സ്വാതന്ത്ര്യം നഷ്ടപ്പെടുത്തൽ, പീഢനം, വ്യക്തിപരമായ മാന്യത നശിപ്പിക്കല്‍, മറ്റു മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവ ഉൾപ്പെടെ നിരവധി കുറ്റകൃത്യങ്ങൾ നടന്നിരുന്നതായും സമൻസിൽ സൂചിപ്പിക്കുന്നു. ദാര്‍ഫൂര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഭീതിദമായ ചിത്രമാണ് ഈ സമന്‍സ് ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയത്.
2007-ൽ ഐക്യരാഷ്ട്രസഭയും ആഫ്രിക്കൻ യൂണിയനും ചേർന്ന് ദാർഫൂരിൽ UNAMID സമാധാന സേന വിന്യസിച്ചെങ്കിലും, ആക്രമണങ്ങളും കുടിയൊഴിപ്പിക്കലുകളും നിര്‍ബാധം തുടർന്നു. 2008-2009 കാലഘട്ടത്തിൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി സുഡാൻ പ്രസിഡൻറ് ഒമർ അൽബഷീറിനെതിരെ യുദ്ധക്കുറ്റങ്ങളും മനുഷ്യത്വവിരുദ്ധ കുറ്റങ്ങളും ചുമത്തി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് 2010 മുതൽ 2013 വരെ വിമത ഗ്രൂപ്പുകൾ വിഘടിക്കുകയും, ഗ്രാമങ്ങൾ അഗ്നിക്കിരയാവുകയും, ലക്ഷക്കണക്കിന് സാധാരണ ജനങ്ങൾ കുടിയൊഴിയേണ്ടി വരികയും ചെയ്തു. 2014-2017 കാലഘട്ടത്തിൽ സർക്കാർ “യുദ്ധം അവസാനിച്ചു” എന്ന് പ്രഖ്യാപിച്ചെങ്കിലും ജെബൽ മാര മേഖലയിൽ കനത്ത ആക്രമണങ്ങൾ നടന്നു. 2018-2019-ൽ രാജ്യവ്യാപക പ്രതിഷേധങ്ങൾക്ക് പിന്നാലെ ബഷീർ അധികാരത്തിൽ നിന്ന് പുറത്തായി. 2020-ൽ ജുബാ സമാധാന ഉടമ്പടി ചില വിമതഗ്രൂപ്പുകളുമായി ഒപ്പുവെച്ചെങ്കിലും, എല്ലാ വിഭാഗങ്ങളും അത് അംഗീകരിച്ചില്ല.
2021-ൽ സൈനിക അട്ടിമറിക്ക് ശേഷം ദാർഫൂരിൽ വീണ്ടും ഗോത്രഹിംസയും കൂട്ടക്കൊലകളും അരങ്ങേറി. 2023-ൽ സുഡാനീസ് സൈന്യവും ജൻജാവീദിന്റെ പുതുരൂപമായ RSF-ഉം തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ദാർഫൂർ വീണ്ടും വംശീയ കൊലപാതകങ്ങളുടെ കേന്ദ്രമായി മാറി. പ്രത്യേകിച്ച് മസാലിത് ജനങ്ങൾക്കെതിരെ കൂട്ടക്കൊല, പീഢനം, പട്ടിണി എന്നിവയും അവയെ തുടര്‍ന്ന് അഭയാർത്ഥികളുടെ നിലക്കാത്ത ഒഴുക്കുമായിരുന്നു അരങ്ങേറിയത്. ഐക്യരാഷ്ട്രസഭയും (UN) യുനിസെഫും (UNICEF) പറയുന്നത് പ്രകാരം, 30 ദശലക്ഷത്തിലധികം പേർക്ക് അവിടെ മാനുഷിക സഹായം ആവശ്യമുണ്ടെന്നാണ്. ഇവരിൽ 24 ദശലക്ഷം പേർ ഭീകരമായ ഭക്ഷ്യക്ഷാമത്തിന് ഇരകളാണ്. കൂടാതെ 15.6 ദശലക്ഷം കുട്ടികൾ, അക്രമം, പോഷകാഹാരക്കുറവ്, കുടിയൊഴിപ്പിക്കൽ, തകർന്നുപോകുന്ന ആരോഗ്യ സംവിധാനങ്ങൾ എന്നിവയിൽ ഗുരുതരമായി പൊറുതിമുട്ടിയവരാണ്. 2025-ലും സ്ഥിതി അതേപടി തുടരുകയാണ്.
അങ്ങിങ്ങായി പ്രവർത്തിച്ചുവരുന്ന കമ്മ്യൂണിറ്റി കിച്ചണുകൾ (community kitchen) മാത്രമാണ് അവരുടെ വിശപ്പകറ്റാനുള്ള ഏക ആശ്വാസം. ആളുകൾ കൂട്ടം കൂട്ടമായി കയ്യിൽ കിട്ടുന്ന പാത്രങ്ങളും ബക്കറ്റുകളുമായി ഭക്ഷണവിതരണ കേന്ദ്രങ്ങളിൽ തിരക്ക് കൂട്ടുന്നതാണ് നിലവിലെ സുഡാനിലെ കാഴ്ച. പരിമിതമായ വിദേശസാമ്പത്തിക സഹായത്താല്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഈ കിച്ചണുകളുടെ പ്രവര്‍ത്തനം ഏത് സമയതും നിലച്ചുപോവാം എന്ന രീതിയിലാണ്. ആരോഗ്യമേഖലയുടെ കാര്യം അതീവ ഗുരുതരമാണ്. കോളറ പോലെയുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കുമ്പോഴും ആശുപത്രികളോ ആവശ്യമായ സൗകര്യങ്ങളിലോ ഇല്ല എന്നതാണ് അവസ്ഥ.
സുഡാന്‍ സ്വദേശിനിയായ അമാൽ യൂസുഫ്, അവരുടെ അവസ്ഥ പങ്കുവെച്ചത് അല്‍ജസീറ പുറത്ത് വിട്ടിരുന്നു. അവരുടെ വാക്കുകള്‍ നോക്കാം, " യുദ്ധഭീതിയിൽ വീട്ട് വിട്ടിറങ്ങിയ ഞങ്ങൾ സുഡാനിൽ ഒരുപാട് സഞ്ചരിച്ച. വെടിയുണ്ടകളെ പേടിച്ചായിരുന്നു ഓരോ നിമിഷവും കഴിച്ച് കൂട്ടിയത്. അതുപോലെ Rapid Support Force (RSF) നെയും ഞങ്ങൾക്ക് ഭയമാണ്, അവർ കണ്ടാല്‍ ഞങ്ങളെ വകവരുത്തുമെന്ന് ഉറപ്പാണ്. ജീവനും കൊണ്ടുള്ള യാത്രകളായിരുന്നു അവയെല്ലാം."
ഇത് അമാലിന്റെ മാത്രം ഒറ്റപ്പെട്ട അവസ്ഥയല്ല, യുദ്ധഭീതിയിൽ തലചായ്ക്കാൻ ഒരിടമില്ലാതെ രാവും പകലുമില്ലാതെ സുഡാനിലെ വഴിയോരങ്ങളിലൂടെ കുട്ടികളെയും കൂട്ടി അലയുന്ന ആയിരങ്ങളാണ് ഇത്തരത്തിലുള്ളത്. അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാതെ മരണത്തെ മുന്നിൽ കണ്ടു ജീവിക്കുന്ന നിസ്സഹായർ. സൈനിക ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാനായി, ജീവനറ്റ് കിടക്കുന്ന മൃതദേഹങ്ങള്‍ക്കിടയിലൂടെ ഓടിപ്പോകേണ്ടി വന്ന കഥ പറഞ്ഞ മറ്റൊരു സുഡാന്‍ പൗരനായിരുന്നു ഹുസൈന്‍. ഇത് വരെ തങ്ങളുടെ ചെലവില്‍ വളര്‍ന്നുകൊഴുത്ത നേതാക്കന്മാരുടെ അധികാരക്കൊതികളുടെ ഇരകളായി മാറിയ സാധാരണക്കാരായ സുഡാനികള്‍ ഇന്ന് അനുഭവിച്ചു കൊണ്ടിരിക്കുന്ന ദുരിതപൂര്‍ണ്ണമായ കാഴ്ചകളാണ് ഇതെല്ലാം. മോറം തരിഖിനെ പോലെ ഉപരിപഠനം നഷ്ടമായവരുടെയും അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കാത്തവരുടെയും കണക്കുകളും ഞെട്ടിക്കുന്നതാണ്.
വിശപ്പ് കൊണ്ട് ഉറങ്ങാന്‍ പോലും ആവാതെ കരയുന്ന കുഞ്ഞുമക്കളെ നോക്കിയിരിക്കേണ്ടിവരുന്ന അവരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം വിശപ്പടക്കാന്‍ കുറച്ചു ഭക്ഷണം ലഭിക്കുക എന്നത് മാത്രമാണ്. 25 ദശലക്ഷത്തോളം ആളുകള്‍ പട്ടിണിയാല്‍ പൊറുതിമുട്ടുകയാണ് എന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇത് വരെയായി തെക്കൻ സുഡാനിലേക്ക് കുടിയിറക്കപ്പെട്ടവരുടെ എണ്ണം 8,40,000 ആയിക്കഴിഞ്ഞു. ഇന്റർനാഷണൽ റെസ്ക്യൂ കമ്മിറ്റി (IRC)യുടെ റിപ്പോർട്ട് പ്രകാരം, ലോകത്തിലെ ഏറ്റവും ഗുരുതരമായ മാനുഷിക പ്രതിസന്ധിയാണ് ഇന്ന് സുഡാൻ അനുഭവിക്കുന്നത്.
അതേ സമയം, വാർത്ത മാധ്യമങ്ങൾക്കും സഹായസംഘടനകൾക്കുമുള്ള പ്രവേശനവും പ്രവര്‍ത്തനാനുമതിയും ഏറെ നിയന്ത്രിതമാണ്. അത് കൊണ്ട് തന്നെ, സുഡാനിലെ പീഢനപരമ്പരകള്‍ പലപ്പോഴും പുറം അറിയുകയോ വേണ്ട വിധം ഇടപെടാന്‍ സാധിക്കുകയോ ചെയ്യുന്നുമില്ല. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവിഭവങ്ങളുള്ള ഒരു ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ രാജ്യം ഇത്തരം സാഹചര്യത്തിലെത്തപ്പെട്ടത്, അധികാരക്കൊതിയരായ ഏതാനും പേരുടെ പിടിവാശിയും സ്വാര്‍ത്ഥമോഹങ്ങളും മൂലമാണെന്ന് പറയാതെ വയ്യ. നാഥന്‍ പ്രയാസങ്ങളനുഭവിക്കുന്നവര്‍ക്കെല്ലാം എത്രയും വേഗം മോചനം നല്കട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
About to author
ആലുവ, ബീവി ഖദീജ(റ) ഇസ്‍ലാമിക് ആൻഡ് ആർട്സ് കോളേജ്, രണ്ടാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥിനിയാണ് ലേഖിക.
Leave A Comment