ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാരെ ഓര്‍ക്കുമ്പോള്‍

(ദുല്‍ഹിജ്ജ 26 വഫാത്ത് ദിനം)

ജീവിതത്തെ ഉദ്ധൃത ഖുര്‍ആനിക സന്ദേശത്തിന്റെ അച്ചിലിട്ട് വാര്‍ത്തെടുക്കുന്നവരാണ് സൂഫീവര്യന്‍മാര്‍. പ്രമുഖ സൂഫിവര്യനും ഭൗതിക പരിത്യാഗിയുമായിരുന്ന ശൈഖുനാ ചാപ്പനങ്ങാടി ബാപ്പു മുസ്‌ലിയാര്‍ അന്തരിച്ചിട്ട് 37 വര്‍ഷം പിന്നിടുകയാണ്. മഹാനവര്‍കളുടെ സ്മരണകള്‍ പുനര്‍വായിക്കപ്പെടുകയും പുലരികള്‍ പ്രാര്‍ത്ഥനാപൂര്‍വം പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് അവിടത്തെ ജീവിത ദര്‍ശനങ്ങള്‍ പുനഃപ്രസിദ്ധീകരിക്കാനും പുനരാവിഷ്‌കരിക്കാനുമുള്ള ശ്രമങ്ങളാണ് വേണ്ടത്.

ആത്മീയതയുടെ സരസ ഗാംഭീര്യമായിരുന്നു ആ ജീവിതത്തെ വര്‍ണാഭവും ഫലപ്രദവുമാക്കിയത്. സര്‍വ ശക്തനായ അല്ലാഹുവുമായുള്ള അവിച്ഛേദ്യ ഹൃദയ ബന്ധമായിരുന്നു പ്രഭയും പ്രൗഢിയും നല്‍കിയത് ആത്മീയ വെളിച്ചം തന്നെ. ഇവിടെയാണ് മഹാനവര്‍കളെപ്പോലുള്ള മഹാമനീഷികളുടെ ജീവിതാധ്യായങ്ങള്‍ എക്കാലത്തും അനുഗ്രഹമാകുന്നത്.

പ്രശസ്ത ധര്‍മോപദേശകനും കര്‍മശാസ്ത്ര വിശാരദനുമായിരുന്ന ഏറിയാടന്‍ വെള്ളേങ്ങര ഹസന്‍ മുസ്‌ലിയാരുടെയും മതഭക്തയും നഖ്ശബന്തി ത്വരീഖത്തിന്റെ മുരീദയുമായിരുന്ന കൊല്ലംതൊടി ബിയ്യ എന്നവരുടെയും ഓമനയായി ഹിജ്‌റ വര്‍ഷം 1334 റമദാന്‍ 14നു ചാപ്പനങ്ങാടിക്കടുത്തുള്ള പറങ്കിമൂച്ചിക്കലില്‍ ഭൂജാതനായി. വന്ദ്യ മാതാവ് ഉറങ്ങുമ്പോള്‍ പോലും ശ്വാസോച്ഛ്വോസ ശബ്ദം 'കാഫീ' എന്ന ദിക്‌റായിരുന്നെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്. ശൈഖുനാക്ക് ആറു വയസ്സുള്ളപ്പോള്‍ വഫാത്തായ പിതാവിന്റെ ഉത്തരവാദിത്തം കൂടി ഏറ്റെടുത്താണ് ആ കുഞ്ഞിനെ മഹതി വളര്‍ത്തിയത്. ആത്മജ്ഞാനത്തിന്റെ മഹാ പ്രപഞ്ചങ്ങളിലേക്കു കടക്കാന്‍ ശൈഖുനാക്കു വായുവും വെള്ളവുമായത് ആ വിശുദ്ധ മാതൃ ശിക്ഷണം തന്നെ.

പിന്നീട്, മുഹമ്മദ് ഹസന്‍ മുസ്‌ലിയാര്‍, മമ്മൂഞ്ഞി മുസ്‌ലിയാര്‍, തീക്കുന്നന്‍ കുഞ്ഞലവി മുസ്‌ലിയാര്‍, പറവണ്ണ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍, കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ തുടങ്ങിയ പരിണിതപ്രജ്ഞരായ, വിവിധ വിജ്ഞാനീയങ്ങളില്‍ തഴക്കവും വഴക്കവും വന്ന നിറകുടങ്ങളുടെ ശിഷ്യനായപ്പോഴും സ്വാംശീകരിച്ചത് ആത്മജ്ഞാനത്തിന്റെ ശുദ്ധവായു തന്നെ. കോട്ടക്കല്‍ പാലപ്പുറ, മാനന്തേരി, പാനൂര്‍ കൈവേലിക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലായി ഒരു പതിറ്റാണ്ടിലധികം ദര്‍സ് നടത്തിയപ്പോഴും ശൈഖുനാ ഭൗതികാസക്തിക്കെതിരേയുള്ള ആത്മീയ വെളിച്ചമാണു നല്‍കിയത്. തുടര്‍ന്നു 14 വര്‍ഷം ഇന്ത്യക്കകത്തും പുറത്തുമുള്ള വിശ്വവിശ്രുതരായ ഔലിയാക്കളുടെ മഖ്ബറ സന്ദര്‍ശനത്തിലൂടെ ഊര്‍ജ്ജസംഭരണമായിരുന്നു.

മര്‍ഹൂം അലുവായ് അബൂബക്ര്‍ മുസ്‌ലിയാര്‍, ചാവക്കാട് ബര്‍ദാന്‍ തങ്ങള്‍ തുടങ്ങിയ മനം ശുദ്ധീകരിക്കുന്ന ഉന്നതരുമായി അടുപ്പത്തിലാകാനും അലി മുഹമ്മദ് ഉപ്പാപ്പ എന്ന മഹാന്റെ മഖ്ബറയുമായി ബന്ധം സ്ഥാപിക്കാനുമായി അവരുടെ പ്രദേശത്ത് രണ്ടണ്ടു കൊല്ലം അധ്യാപന ജീവിതം നയിച്ചു. അപ്പോഴേക്കും നിരവധി സൂഫീവര്യന്‍മാര്‍ ശൈഖുനയോട് ആത്മബന്ധത്തിലായിക്കഴിഞ്ഞിരുന്നു. ശൈഖ് സയ്യിദ് ദാലില്‍ അഫഗാനി അല്‍ അവിയൂരി(റ), പുതിയാപ്പിള അബ്ദു റഹ്മാന്‍ മുസ്‌ലിയാര്‍ തുടങ്ങിയ ആത്മീയ നായകരില്‍ നിന്ന് മധു നുകരാന്‍ ഭാഗ്യം സിദ്ധിച്ച ശൈഖുനാ ഖാദിരീ, രിഫാഈ, ചിശ്തീ, നഖ്ശബന്ദീ, ശാദുലീ, ബാ അലവീ, ഖുള്‌രീ തുടങ്ങിയ ഏഴ് ത്വരീഖത്തുകളുടെ ശൈഖായി മാറിയപ്പോഴേക്കും മഹാന്റെ മുരീദുമാരും ദിക്ര്‍ ഹല്‍ഖകളും മംഗലാപുരം മുതല്‍ തിരുവനന്തപുരം വരെ വ്യാപിച്ചിരുന്നു.

മാറാവ്യാധി പിടിപെട്ടവരെയും ആഗ്രഹ സഫലീകരണത്തിനായി തന്നെ സമീപിച്ചവരെയും കടക്കെണികളില്‍ പെട്ടവരെയും അമാനുഷിക സിദ്ധികളിലൂടെ രക്ഷിച്ച ശൈഖുനാ ഇതരരുടെ മനസ്സിലിരിപ്പ് വായിക്കാന്‍ കഴിവുള്ള അകക്കണ്ണുള്ള മഹാനായിരുന്നെന്ന് എത്രയോ സംഭവങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശൈഖുനായുടെ കറാമത്തുകള്‍ അനുഭവിച്ച് അവിടുത്തെ തിരുസന്നിധിയിലെത്താന്‍ മത, വര്‍ഗ, ഭാഷാ വ്യത്യാസമില്ലാതെ ആളുകള്‍ മത്സരിച്ചെന്ന് മനസ്സിലാക്കുമ്പോള്‍ പ്രായോഗിക മത സൗഹാര്‍ദത്തിന് ആത്മീയ ഊര്‍ജ്ജം അനിവാര്യമാണെന്ന തിരിച്ചറിവിലേക്കാണ് നാം എത്തുക.

രാഷ്ട്രീയ നേതാക്കളും മത പണ്ഡിതരും അവിടത്തെ സമീപിച്ച് അനുഗ്രഹം തേടി. വളവന്നൂര്‍ ബാഫഖീ യതീംഖാന ശൈഖുനായുടെ ജീവിക്കുന്ന കറാമത്താണ്. ഒരിക്കല്‍ ഒരു വേനല്‍ ചൂടില്‍ നീരുറവകള്‍ വറ്റി, സസ്യങ്ങള്‍ കരിഞ്ഞുണങ്ങി, ജീവജാലങ്ങള്‍ ദാഹിച്ചണ്ടു വലഞ്ഞു. ശരത്കാലയാമത്തില്‍ പരിഭ്രാന്തരായ ആബാലവൃദ്ധം വളര്‍ത്തു മൃഗങ്ങളെ തെളിച്ചുകൊണ്ടു വന്ന് മഴക്കു വേണ്ടണ്ടി പ്രാര്‍ത്ഥിക്കാന്‍ വളവന്നൂരിലെ വിജനമായ പാറപ്പുറത്ത് ഒത്തുകൂടി. ശൈഖുനായുടെ പ്രധാന  ആത്മീയ ഗുരുവായ സയ്യിദ് ദാലില്‍ അഫ്ഗാനി(റ) അവര്‍കള്‍ ദുആക്ക് നേതൃത്വം നല്‍കി. പ്രാര്‍ത്ഥന തീര്‍ന്നു. ജനങ്ങള്‍ വീടുകളിലേക്ക് തിരിച്ചെത്തുംമുമ്പ് അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം വഴിഞ്ഞൊഴുകി. തിമിര്‍ത്ത് പെയ്യുന്ന മഴ. ആ അനുഗൃഹീത കുന്നിന്‍പുറത്ത് തന്റെ വന്ദ്യ ഗുരുവിന്റെ പാദപതനം കൊണ്ടനുഗൃഹീതമായ സ്ഥലത്ത് തികച്ചും അനിവാര്യമായൊരു കാലത്താണ് ശൈഖുനാ ഈ മഹത് സ്ഥാപനത്തിന്റെ പിറവിയെക്കുറിച്ച് ചിന്തിച്ചത്. അന്നും ചിലര്‍ പറഞ്ഞു; 'ബാപ്പു മുസ്‌ലിയാരല്ല, ഇമ്മു മുസ്‌ലിയാര്‍ വന്നാല്‍ പോലും അവര്‍ക്കതിന് കഴിയില്ല. ഈ പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഈ പിഞ്ചുമക്കളെ എന്തുചെയ്യാനാണിവര്‍ ഉദ്ദേശിക്കുന്നത്.' ശൈഖുനാ പ്രതികരിച്ചു; 'ഇവിടെ തെങ്ങുകളും മാവുകളുമുള്ള ഫലഭൂയിഷ്ട മണ്ണായി ഇത് മാറും. ഇവിടം വിജ്ഞാനത്തിന്റെ മലര്‍വാടിയാകും.' കാലങ്ങള്‍ക്കപ്പുറത്തേക്ക് അകക്കണ്ണിനെ യാത്രയാക്കി ശൈഖുനാ പറഞ്ഞു: 'ഇതിന്റെ നിലനില്‍പിന് റസീവര്‍മാരെ നിശ്ചയിക്കേണ്ടതില്ല. പത്ര മാധ്യമങ്ങളില്‍ സഹായമഭ്യര്‍ത്ഥിച്ചണ്ട് പരസ്യങ്ങള്‍ നല്‍കേണ്ടതില്ല. ഇവിടേക്കാവശ്യമുള്ളത് ഇവിടേക്കെത്തിക്കൊള്ളും.'

യഥാര്‍ഥ അടിമയും ഉടമയും തമ്മിലുള്ള സുദൃഢവും അനിര്‍വചനീയവുമായ ഒരു ആത്മ സമര്‍പ്പണത്തിന്റെ രോമാഞ്ച ജനകമായ പ്രവചനമായിരുന്നു. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികളും അറുനൂറിലധികം അധ്യാപകരുമായി വിജ്ഞാന പ്രസരണ കേന്ദ്രമായി മാറിയ ബാഫഖീ കാമ്പസിലേക്ക് അവിടത്തെ വാക്കുകളെ ശരിവെച്ചുകൊണ്ട്,വറ്റാത്ത ഉറവയായി, നിണ്ട്യ്ക്കാത്ത പ്രവാഹമായി സംഭാവനകളും സഹായങ്ങളും ഒഴുകിക്കൊണ്ടിരിക്കുന്നു. ഫലം നിറഞ്ഞു നില്‍ക്കുന്ന വൃക്ഷങ്ങളിലേക്ക് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും പറവകള്‍ പറന്നെത്തുംപോലെ. ആരും ആരെയും കത്തയച്ചു വരുത്തിയതല്ല. ഒരിക്കല്‍ വന്നവര്‍ പിന്നെയും വരുന്നു. പിന്നീടവര്‍ നിത്യസന്ദര്‍ശകരായി മാറുന്നു. ഒരു തവണ ഇവിടെ പ്രാര്‍ത്ഥനയ്ക്കു വന്നവര്‍ സാക്ഷാത്കാരത്തിന്റെ സന്തോഷവും പ്രത്യുപകാരത്തിന്റെ സമ്മാനവുമായി വീണ്ടും വന്നെത്തുന്നു. അത് ആജീവാനന്ത ബന്ധമായി രൂപപ്പെടുന്നു. പിന്നീടത് തലമുറകളിലേക്ക് വസ്വിയ്യത്ത് മാര്‍ഗേണ കൈമാറ്റം ചെയ്യപ്പെടുന്നു. 'ഇവിടേക്കാവശ്യമുള്ളത്ത് ഇവിടേക്കെത്തിക്കൊള്ളും.'

1974ല്‍ ശൈഖുനായുടെ അനുഗ്രഹീത നേതൃത്വത്തില്‍ വളവന്നൂര്‍ ബാഫഖി യതീംഖാന സ്ഥാപിതമാകുന്ന കാലം. യതീംഖാന കമ്മിറ്റിയിലൊരു ചര്‍ച്ച. അനാഥക്കുട്ടികള്‍ക്ക് ഉച്ച ഭക്ഷണത്തിനെന്തു കൊടുക്കണം അക്കാലത്ത് പല വീടുകളിലും കഞ്ഞിയായിരുന്നു ഉച്ച ഭക്ഷണം. കഞ്ഞി കൊടുക്കാമെന്ന് അഭിപ്രായപ്പെട്ട പ്രമുഖനോട് ശൈഖുന ചോദിച്ചു: 'നിങ്ങളുടെ വീട്ടില്‍ എന്താണ് ഉച്ച ഭക്ഷണം' അദ്ദേഹം പറഞ്ഞു: 'ചോറ്.' ഉടനെ ശൈഖുന പ്രതികരിച്ചു: 'എങ്കില്‍ ഇവിടുത്തെ കുട്ടികള്‍ക്ക് ബിരിയാണി കൊടുക്കണം.' ഇത് ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല, പഠനം, ചികിത്സ മറ്റു ജീവിത ഭൗതിക സൗകര്യങ്ങള്‍ എന്നിവയിലും ഇതുതന്നെയായിരുന്നു ശൈഖുനായുടെ കാഴ്ചപ്പാട്. ഒരു ചെറിയ അനാഥനെ ചേര്‍ത്ത് വലിയ അനാഥനാക്കി പുറത്തുവിടാന്‍ അവിടന്ന് ഇഷ്ടപ്പെട്ടില്ല. മത, ഭൗതിക വിദ്യാഭ്യാസവും ശരിയായ പുനരധിവാസവും അദ്ദേഹത്തിന്റെ വലിയ ലക്ഷ്യങ്ങളായിരുന്നു. പല സ്ഥാപനങ്ങളും തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെക്കുറിച്ച് ചിന്തിക്കുന്നതിനു മുമ്പ് യതീംഖാനക്കു കീഴില്‍ ഒരു സാങ്കേതിക വിദ്യാഭ്യാസ പരിശീലന കേന്ദ്രം ഉണ്ടാവണമെന്ന് അവിടന്ന് അതിയായി അഭിലഷിച്ചു. 1982ല്‍ കമ്മിറ്റിക്കു കീഴില്‍ ഐ.ടി.സി പിറന്നു.

'ഒരു യതീംഖാന എന്തുകൊണ്ട് നീ ഉണ്ടാക്കിയില്ല എന്ന് അല്ലാഹു ചോദിക്കില്ല. എന്നാല്‍ ഉണ്ടാക്കിയ ശേഷം കൃത്യമായി ഉത്തരവാദിത്തത്തോടെ പരിപാലിക്കപ്പെട്ടില്ലെങ്കില്‍ കനത്ത ചോദ്യങ്ങള്‍ ഉണ്ടണ്ടാകു'മെന്നു ശൈഖുനാ എപ്പോഴും ഓര്‍മിപ്പിക്കും. പ്രൈമറി തലം മുതല്‍ അധ്യാപക പരിശീലന കേന്ദ്രങ്ങളടക്കം ഒന്നര ഡസനിലേറെ സ്ഥാപനങ്ങള്‍ കമ്മിറ്റിക്കു കീഴില്‍ ഉത്തരവാദിത്വത്തോടെ മത ഭൗതിക സാങ്കേതിക രംഗങ്ങളിലായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. സമന്വയ വിദ്യാഭ്യാസ സംവിധാനമായ വാഫീ, വഫിയ്യ കോളജുകള്‍, സെക്കന്ററി, ഹയര്‍ സെക്കന്ററി മദ്‌റസകള്‍, നഴ്‌സറി, എല്‍.പി, യു.പി സ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളുകള്‍, ഐ.ടി.ഐ, ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ടി.ടി.ഐ, ബി.എഡ് തുടങ്ങിയവ കാമ്പസിന്റെ നിറവായി, അഴകായി പ്രവര്‍ത്തിക്കുന്നു.

ശൈഖുനായുടെ ദീര്‍ഘ വീക്ഷണങ്ങളും അഭിലാഷങ്ങളും നമ്മെ കോരിത്തരിപ്പിക്കുന്നു. സമസ്തയുടെ ആദര്‍ശവും സന്ദേശവും ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുകയും ശരീഅത്തിന്റെ സുരക്ഷിതമായ നിലനില്‍പിന് അങ്ങനെ വഴിയൊരുക്കുകയും ചെയ്യുക എന്നതാണ് ഇവയില്‍ പ്രധാനം. എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും കുറിച്ച് കാര്യകാരണ സഹിതം പഠിച്ച ഒരു പണ്ഡിത സമൂഹത്തെ വാര്‍ത്തെടുക്കുകയെന്നതാണ് മറ്റൊരഭിലാഷം. ഇങ്ങനെ എത്രയെത്ര അഭിലാഷങ്ങള്‍. അവ കഴിയുന്നത്ര സാക്ഷാത്കരിക്കാന്‍ ശ്രമിക്കുകയാണ് ശൈഖുനയെ സ്‌നേഹിക്കുന്നവരുടെ ഒന്നാമത്തെ ബാധ്യത. മഹാനവര്‍കളുടെ ഒരൊറ്റ അഭിലാഷമെങ്കിലും പൂര്‍ത്തീരിക്കാന്‍ കഴിഞ്ഞാല്‍ അതാകും നാം അദ്ദേഹത്തിനായി നിര്‍മിക്കുന്ന അനശ്വര സ്മാരകം

Related Posts

Leave A Comment

Voting Poll

Get Newsletter

Success

Your question successfully uploaded!