ബുൾഡോസര്‍ രാജിലെ കുടിയൊഴിപ്പിക്കൽ മഹാമാരി
പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും നാഗാലാന്റ് യൂനിവേഴ്‌സിറ്റിയിലെ സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ നാസിമുദ്ധീന്‍ സിദ്ദീഖ്, വിഷയസംബന്ധമായി അല്‍ജസീറയില്‍ എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം
നാസിമുദ്ദീൻ സിദ്ദീഖ്
വിവ: സൽമാൻ കൂടല്ലൂർ
കുടിയിറങ്ങലിന്റെ വക്കിലാണ് ഉത്തരേന്ത്യന്‍ പ്രദേശമായ ഹാല്‍ധ്വാനിയിലെ നാലായിരത്തോളം വരുന്ന കുടുംബങ്ങളിപ്പോള്‍. ഇന്ത്യന്‍ റയില്‍വേക്ക് അവകാശപ്പെട്ട ഭൂമിയിലാണ് താമസിക്കുന്നത് എന്ന് സൂചിപ്പിച്ച് ഉത്തരാഘണ്ട് ഹൈക്കോടതി കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് കുടിയൊഴിയലിനെ കുറിച്ചുള്ള വിവരങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളത്.
ഭൂരിപക്ഷവും മുസ്‍ലിം കുടുംബങ്ങളാണ് ഹാല്‍ധ്വാനിയിലധിവസിക്കുന്നത്. വീടുകളും ആരാധാനാലയങ്ങളും തകര്‍ക്കുകയും തദ്ദേശീയവാസികളെ നാടുകടത്തുകയും ചെയ്യുന്ന പ്രസ്തുത വിധിക്കെതിരെ അന്താരാഷ്ട്ര വ്യാപകമായി പ്രതിഷേധങ്ങള്‍ രൂപപ്പെട്ടതോടെ സുപ്രീം കോടതി കുടിയിറക്കല്‍ നിയമത്തെ തടഞ്ഞു വെക്കുകയും ബന്ധപ്പെട്ടവരോട് പുനരധിവാസ സംവിധാനങ്ങൾ ഒരുക്കിയ ശേഷം വിധി പുനപരിശോധിക്കാമെന്ന് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
നിയമത്തിന്റെ പരിരക്ഷയില്‍ മുസ്‍ലിംകള്‍ക്ക് നേരെ ബുള്‍ഡോസര്‍ പ്രയോഗത്തിലൂടെ അനുസ്യൂതം അരങ്ങേറുന്ന അനീതിയുടെ ന്യൂനപക്ഷ വിരുദ്ധ വിളയാട്ടം ഹാല്‍ധ്വാനിയിലെന്ന പോലെ മറ്റു പ്രദേശങ്ങളിലും നിര്‍ബ്ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നത് കാണാം. തലസ്ഥാനഗരിയില്‍ നിന്നും കേവലം 296 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹാല്‍ധ്വാനിയിലെ നിസ്സഹായ ചിത്രം അപൂര്‍വ്വമോ അപ്രതീക്ഷിതമോ അല്ല.
2016 മുതല്‍ ബി.ജെ.പി ഭരിച്ച വടക്ക്കിഴക്ക് സംസ്ഥാനമായ ആസാമിലെ സ്ഥിതിയും പരിതാപകരമാണ്. നൂറ്റാണ്ടുകളായി അവിടുത്തുകാര്‍ ജീവിച്ചുപോന്നിരുന്ന ഭൂമികളില്‍ നിന്നും ആയിരക്കണക്കിന് മുസ്‍ലിംകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ നിര്‍ബന്ധിതമായി പുറത്താക്കപ്പെട്ടത്. കൂടാതെ അവകാശങ്ങള്‍ക്കായി ശബ്ദം മുഴക്കിയ പലരെയും പോലീസ് നിഷ്‌കരുണം കൊലപ്പെടുത്തുകയും ചെയ്തു.
കുറച്ചു കാലങ്ങളായി കുടിയൊഴിപ്പിക്കലിന്റെ ബുള്‍ഡോസര്‍ തന്ത്രങ്ങള്‍ ഇന്ത്യയില്‍ തുടര്‍ക്കഥയാവുകയാണ്. കഴിഞ്ഞ ഡിസംബര്‍ 19 ന് 250 കുടുംബങ്ങളാണ് ആസാമിലെ നാഗോണില്‍ നിന്നും പുറത്താക്കപ്പെട്ടത്. അത് കഴിഞ്ഞ് ഒരാഴ്ചക്കകം തന്നെ ബര്‍പേട്ട ജില്ലയില്‍ നിന്നും 47 കുടുംബങ്ങളുടെ വീടുകള്‍ തകര്‍പ്പെടുകയുണ്ടായി. ജനുവരി ആദ്യത്തില്‍ ലേഖിംപുരിലെ നൂറുകണക്കിന് കുടുംബങ്ങളും വീട് വിട്ടിറങ്ങേണ്ടി വന്നതോടെ ചരിത്രത്തിലെ കുടിയൊഴിപ്പിക്കലിന്റെ മനുഷ്യത്വരഹിതമായ ഹീനവൃത്തികള്‍ക്ക് ആക്കം കൂടിയിരിക്കുകയാണ്. പുറത്തുവന്ന കണക്കുകള്‍ മാത്രമാണിത്. വെറുപ്പിന്റെ ഇരുള്‍മറവില്‍ മുസ്‍ലിംകള്‍ക്ക് നേരെയുള്ള കുടിയൊഴിപ്പിക്കല്‍ യത്‌നങ്ങള്‍ മാധ്യമകണ്ണുകളെപ്പോലും തിമിരം പിടിപ്പിച്ച് നിരന്തരം നടന്നുകൊണ്ടിരിക്കുന്നു എന്നതാണ് വാസ്തവം.
അവിഭക്ത ഭാരതത്തിന്റെ ഭാഗമായിരുന്ന ഈസ്റ്റ് ബംഗാളില്‍ നിന്നും കാലങ്ങള്‍ക്ക് മുമ്പ് ആസാമില്‍ താമസമാക്കിയ മിയ മുസ്‍ലിം ജനതയും ഇപ്പറഞ്ഞ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന്റെ ഇരകളാണ്. അനധികൃത കുടിയേറ്റക്കാരെന്ന് ചാപ്പകുത്തപ്പെട്ട് കൂടെക്കൂടെ അവര്‍ അക്രമങ്ങള്‍ക്ക് ഇരയാക്കപ്പെട്ട് കൊണ്ടിരിക്കുന്നു. സാമുദായിക പേര് പറഞ്ഞു നിരന്തരം പരിഹസിക്കപ്പെടുന്നു.
കഴിഞ്ഞ വര്‍ഷം തങ്ങളുടെ സാമൂഹിക സംസ്‌കാരങ്ങളെ അടയാളപ്പെടുത്തുന്ന കരകൗശല ഉല്‍പന്നങ്ങള്‍ക്കായി മ്യൂസിയം നിര്‍മിച്ചുവെന്നതിന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ മിയ മുസ്‍ലിംകള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ സംഭവത്തില്‍ ആസാം ബി.ജെ.പി മുഖ്യമന്ത്രി ഹിമാന്ത ബിസ്വ മ്യൂസിയം നടത്തിപ്പുകാരെ ആക്ഷേപിക്കുകയാണ് ചെയ്തത്. പ്രദര്‍ശനത്തിന് വെച്ചിട്ടുള്ള വസ്തുക്കള്‍ മിയ മുസ്‍ലിം സമുദായത്തെ ഒരുനിലക്കും പ്രതിനിധീകരിക്കുന്നില്ല എന്നായിരുന്നു അദ്ദേഹം അഭിപ്രായപ്പെട്ടത്.
ന്യൂനപക്ഷ മുസ്‌ലിം സമുദായത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും നിസ്സഹായതയിലേക്കും ചവിട്ടി താഴ്ത്തലാണ് മനുഷ്യത്വരഹിതമായ ഉത്തരം കുടിയൊഴിപ്പിക്കൽ തന്ത്രങ്ങളുടെ ഗൂഢലക്ഷ്യം. ദാരിദ്രത്തിന്റെയും നിരക്ഷരതയുടെയും കണക്ക് പരിശോധിക്കുമ്പോൾ രാഷ്ട്ര ശരാശരിക്കും എത്രയോ താഴെയാണ് ഇന്ത്യൻ മുസ്‍ലിം സമുദായം ഇന്ന് എത്തിനിൽക്കുന്നത്.
പ്രളയത്തിലും പ്രകൃതി ദുരന്തത്തിലും ആദ്യമേ ആടിയുലഞ്ഞ മുസ്‌ലിം ആവാസ സൗകര്യങ്ങളെ, വിശിഷ്യാ ആസാമിലെ, കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് ബുൾഡോസർ രാജിലെ കുടിയൊഴിപ്പിക്കൽ മഹാമാരി. ഗവൺമെന്റ് കൈവശ ഭൂമിയിലാണ് പലരും ജീവിക്കുന്നത് പോലും. പക്ഷേ കേവലം മുസ്‍ലിമായി എന്ന ഒറ്റക്കാരണത്താൽ അത്തരം ഇടങ്ങളിൽ നിന്ന് വരെ മുസ്‌ലിംകൾ, ആസാമിലെ മിയ മുസ്‌ലിംകളെ പോലെ, മാറ്റി നിർത്തപ്പെടുന്നു. വെറുപ്പിന്റെ കൃത്യമായ ഭീകര മുഖമാണ് ഇവിടെ തെളിഞ്ഞു കാണുന്നത്. ഗവൺമെന്റിന്റെ അനീതിക്കെതിരെ വിരൽ ചൂണ്ടിയവരെയും മുസ്‌ലിം ആക്ടിവിസ്റ്റുകളെയുമാണ് ഇത്തരം വലതുപക്ഷ ഗൂഢാലോചനകൾ പ്രത്യേകം ലക്ഷ്യം വെക്കുന്നത്.
നിർബന്ധിത കുടിയൊഴിപ്പിക്കൽ നിർത്തിവെക്കാൻ കോടതി ഉത്തരവുണ്ടായിട്ട് പോലും കഴിഞ്ഞ ഏപ്രിലിൽ തലസ്ഥാന നഗരിയിൽ വീടുകൾ തകര്‍ക്കപ്പെടുകയും, അത് കഴിഞ്ഞ് ജൂലൈയിൽ ബിജെപി വക്താവിന്റെ പ്രാവചക നിന്ദാപ്രഘോഷണങ്ങളെ തുടർന്ന് ഉത്തർപ്രദേശിലും ശേഷം മറ്റൊരു സാഹചര്യത്തിൽ മധ്യപ്രദേശിലും മുസ്‌ലിം ആവാസ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങൾ തുടരുകയും ചെയ്തിരുന്നു. വ്യക്തിയവകാശങ്ങൾക്ക് നേരെയുള്ള ഇത്തരം കടന്നു കയറ്റങ്ങൾ പലപ്പോഴും ലീഗൽ നോട്ടീസ് പോലും ഇല്ലാതെയാണ് നടക്കുന്നത് എന്നതും കൂട്ടിവായിക്കേണ്ടതുണ്ട്.
ആസാമിൽ വീടുവിട്ട് ഇറങ്ങേണ്ടി വന്നവർ തെരുവിൽ ഷീറ്റ് കെട്ടി മറച്ചുണ്ടാക്കിയ താല്ക്കാലിക ടെന്റുകൾക്ക് വരെ പോലും നീളുന്ന വെറുപ്പിന്റെ രാഷ്ട്രീയം അവശേഷിപ്പിക്കുന്നത് ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ മാത്രമാണ്.
മേൽപറഞ്ഞ ബുൾഡോസർ ശുദ്ധീകരണങ്ങളിൽ വീടുകൾക്കൊപ്പം നശിപ്പിക്കപ്പെടുന്നത് കൃഷിയും മറ്റു പ്രകൃതി സമ്പത്തുകളുമാണ്. കൂടാതെ മാന്യമായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ, വിറളിപിടിച്ച കാലാവസ്ഥയാണ് പുറത്ത് ഇവർക്കഭിമുഖീകരിക്കേണ്ടിവരുന്നത്.
ഇത്തരം വാർത്തകളൊന്നും മാധ്യമ മനസ്സിനെ തെല്ലുപോലും അലട്ടുന്നില്ല എന്നത് ഖേദകരം തന്നെയാണ്. മാധ്യമ സ്വാതന്ത്ര്യം പോലും ഇവർക്കനുവദിച്ച് കൊടുക്കുന്നില്ല എന്നതാണ് ഖേദകരം.
നാഗോൺ ജില്ലയിലെ ലാലുങ് ഗാവനിൽ കുടിയിറക്കപ്പെട്ട അബ്ദുൽ ഖാലിക്ക് എന്ന സഹോദരൻ പറയുന്നതിങ്ങനെയാണ്, "ഞങ്ങളെ കൊന്നു കളയുന്നതാണ് ഇനി നല്ലത്. കാരണം പോകാനൊരു ഇടമില്ലാതെ അലയുന്നതിലും ഭേദം മരിക്കുന്നതാണ്". സർവ്വം നഷ്ട്ടപെട്ടവന്റെ വലിയ വേദന ഈ വാക്കുകളിൽ നമുക്ക് അനുഭവിക്കാം.
ന്യൂനപക്ഷ നീതിവിചാരത്തെ വെല്ലുവിളിക്കുന്ന ഇന്ത്യയിലെ, വിശിഷ്യാ ആസാമിലെ, മുസ്‌ലിം ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള ആദ്യ അസ്ത്രപ്രയോഗമൊന്നുമല്ല ഈ കുടിയൊഴിപ്പിക്കൽ കുടില പദ്ധതി. മറിച്ച് കാലങ്ങളായുള്ള വിദ്വേഷ പ്രസരണത്തിന്റെ തുടർ കഥകളിൽ ഒന്നുമാത്രമാണ്.
Leave A Comment