പശുരാഷ്ട്രീയത്തിന്റെ വര്‍ത്തമാനം: 'ഗോ മാതാവു'മായി ഒരു എക്‌സ്‌ക്ലൂസീവ് അഭിമുഖം
ഇപ്പോള്‍ ചര്‍ച്ചകളില്‍ സജീവമായിരിക്കയാണല്ലോ നിങ്ങള്‍ പശുക്കള്‍. ഈ പ്രത്യേക പശു അനുകൂല സാഹചര്യത്തെക്കുറിച്ച് എന്തു തോന്നുന്നു?
എന്തൊരു വിഡ്ഢിത്തപരമായ ചോദ്യമാണിത്! ഏതു പത്തായപ്പുരയില്‍നിന്നാണ് താങ്കള്‍ വരുന്നത്? ഞങ്ങള്‍ പാവം പശുക്കള്‍ ഇന്ത്യയിലെ സജീവ ചര്‍ച്ചയായി മാറിയ ഈ സാഹചര്യം ഞങ്ങളുടെ സ്വച്ഛന്തമായ ജീവിതത്തിന് അനുകൂലമാണെന്നാണോ താങ്കള്‍ വിചാരിക്കുന്നത്? എന്നാല്‍, താങ്കള്‍ക്കു തെറ്റുപറ്റി. അതൊരിക്കലും ശരിയല്ല. ഈ ചര്‍ച്ചകള്‍ക്കു പിന്നില്‍ ഞങ്ങള്‍ക്കിന്ന് ജീവിതം പോലും ഭാരമായി മാറിയിരിക്കയാണ്.
ചോദ്യം നിങ്ങളെ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമിക്കണം. ഇന്നത്തെ മനുഷ്യരുടെ ലോകത്തെ ചൂടേറിയ ചര്‍ച്ചകളുടെ വെളിച്ചത്തില്‍ ചോദിച്ചുപോയതാണ്. എന്നിരുന്നാലും, ഗോ രക്ഷകര്‍ എന്ന പേരില്‍ നിങ്ങളെ സംരക്ഷിക്കാനായി ഒരു വിഭാഗം ഉയര്‍ന്നുവന്നതിനെ എങ്ങനെ കാണുന്നു? ശരിക്കും നിങ്ങള്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്നതല്ലേ അത്?
സന്തോഷിക്കുകയും ചിരിക്കുകയും ചെയ്യുന്ന പശുക്കളെ സൂപ്പര്‍മാര്‍ക്കറ്റിലെ ഭക്ഷണത്തളികകളില്‍ മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. ഗോരക്ഷകര്‍ എന്ന പേരില്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന ഈ വിഭാഗം നിങ്ങള്‍ വിചാരിക്കുന്നപോലെ ഞങ്ങളുടെ രക്ഷകരോ ഞങ്ങള്‍ക്ക് സന്തോഷം നല്‍കുന്നവരോ അല്ല. അവര്‍ ശരിക്കും ഞങ്ങള്‍ക്ക് സന്തോഷത്തോടെ മരിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയാണ്. ജനങ്ങള്‍ക്ക് ആഹാരമായി മാറുന്നതാണ് ഞങ്ങളുടെ സന്തോഷം. ഇവര്‍ വന്നതോടെ ആ സ്വാതന്ത്ര്യവും ഇല്ലാതെയായി. ഇപ്പോള്‍ ആരാരും നോക്കാനില്ലാതെ പട്ടണങ്ങളുടെ പുറംപോക്കുകളില്‍ പട്ടിണി കിടന്ന് ചാവാന്‍ വിധിക്കപ്പെട്ടിരിക്കയാണ് ഞങ്ങള്‍. ഇക്കഴിഞ്ഞ മെയ് മാസം മുതല്‍ അര മില്ല്യനോളം പശുക്കളാണ് ഞങ്ങളുടെ കുടുംബത്തില്‍നിന്നും പട്ടിണി കാരണം ചത്തൊടുങ്ങിയത്. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലെ അവസ്ഥയാണ് ഏറെ പരിതാപകരം. പതിനായിരക്കണക്കിന് പശുക്കളാണ് അവിടെ ചത്തുകൊണ്ടിരിക്കുന്നത്. ആരും ഞങ്ങളെ നോക്കാനോ സംരക്ഷിക്കാനോ ഇല്ല. ചത്തൊടുങ്ങുന്നതിനാല്‍ ആര്‍ക്കും ഞങ്ങളെ ഉപകാരപ്പെടുന്നുമില്ല. അരാവല്ലി കുന്നുകളിലെ അവസ്ഥ അതിദയനീയം. പശുക്കുന്ന് എന്നാണ് ഇന്നത് അറിയപ്പെടുന്നതു തന്നെ. ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്ട്രയിലെ അവസ്ഥയും മറ്റൊന്നല്ല. മീഡിയയിലും മാധ്യമങ്ങളിലും ഞങ്ങള്‍ ചര്‍ച്ചയാവുമ്പോഴും സത്യത്തില്‍ ഞങ്ങള്‍ എവിടെയും നരകിക്കുകയാണ് ചെയ്യുന്നത്.
അപ്പോള്‍ നിങ്ങളുടെ പേരില്‍ ചിലര്‍ അവകാശവാദമുന്നയിച്ച് ഈ കാട്ടിക്കൂട്ടുന്നതെല്ലാം ശരിയല്ലെന്നാണോ നിങ്ങള്‍ പറയുന്നത്?
തീര്‍ച്ചയായും. അത് ശരിയല്ലെന്നു തന്നെയാണ് ഞങ്ങളുടെ അഭിപ്രായം. ഇത് കൂടുതല്‍ വിശദീകരിച്ചുപറയേണ്ട കാര്യമാണ്. 1976 ലെ മഹാരാഷ്ട്ര മൃഗ സംരക്ഷണ നിയമവും അതിന്റെ പുതിയ അവസ്ഥയും ഇവിടെ ചര്‍ച്ച ചെയ്യേണ്ടതായി വരും.
അതെന്താണ്? എന്തണതില്‍ പറയുന്നത്?
കഴിഞ്ഞ വര്‍ഷം ആ നിയമം പുതുക്കുകയുണ്ടായി. അതോടെ ഞങ്ങളുടെ ജീവിതം ശരിക്കും കഷ്ടത്തിലാണ്. അതോടെ ഞങ്ങളെ വാങ്ങുന്നതും വില്‍ക്കുന്നതും കടത്തിക്കൊണ്ടുപോകുന്നതുമെല്ലാം വലിയ കുറ്റമായി മാറിയിരിക്കുന്നു. വലിയ ക്രിമിനല്‍ കുറ്റം. ഇത് നിങ്ങളെ പത്തു വര്‍ഷം ജയിലില്‍ വരെ കടത്തിയേക്കും. ശരിക്കുംപറഞ്ഞാല്‍, ഈ നിയമം വന്നതോടെ ഞങ്ങളുടെ മാര്‍ക്കറ്റ് പോലും തകര്‍ന്നിരിക്കയാണ്. ഡിമാന്റ് കുറഞ്ഞു. ഞങ്ങളെ ആര്‍ക്കും വേണ്ടാതെയായി. ഞങ്ങളില്‍ പ്രസവം നില്‍ക്കുകയും പാല്‍ കുറയുകയും ചെയ്താല്‍ ജനങ്ങള്‍ ഞങ്ങളെ ഉപേക്ഷിക്കാന്‍ തുടങ്ങി. 2015 ല്‍ ഞങ്ങളില്‍ കേമന്മാര്‍ക്ക് 80, 000 രൂപ വരേയുണ്ടായിരുന്നു. എന്നാല്‍, ഇന്ന് 25, 000 രൂപ പോലും ആരും നല്‍കാന്‍ തയ്യാറാവുന്നില്ല. കര്‍ഷകര്‍പോലും പ്രായമാകുമ്പോഴേക്ക് ഞങ്ങളെ വിറ്റൊഴിവാക്കുകയാണ്. എന്നിട്ട്, കൃഷി ഉഴുതാനും മറ്റും ചെറുപ്പക്കാരെ വാങ്ങുന്നു. ഈയൊരു വിഷയം ഞങ്ങളുടെ മാര്‍ക്കറ്റില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഞങ്ങളില്‍ പ്രായമായവരെ ആര്‍ക്കും ആവശ്യമില്ലാത്ത അവസ്ഥ വന്നുപെട്ടു. കിടന്ന് നരകിച്ച് ചാവുക മാത്രമേ ഇനി ഞങ്ങള്‍ക്ക് വഴിയുള്ളൂ.
വളരെ വിചിത്രമായ വിവരങ്ങളാണല്ലോ നിങ്ങള്‍ കൈമാറിയിരിക്കുന്നത്. എവിടെനിന്നാണ് ഇത്രയും വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്?
ന്യൂസ് പേപ്പറുകളില്‍നിന്ന്. അല്ലാതെ മറ്റെവിടെനിന്നു ലഭിക്കാന്‍! തെരുവുകളില്‍നിന്നും പ്ലാസ്റ്റിക്കും ന്യൂസ് പേപ്പറും ആവശ്യത്തിനു ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. പോളിത്തീന്‍ സാധനങ്ങളും ഞങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാണിന്ന്. ഞങ്ങളില്‍നിന്നും ചത്തുപോകുന്നവരുടെ ആമാശയത്തില്‍നിന്നും ശരാശരി 30 കിലോഗ്രാമെങ്കിലും ഇത്തരം സാധനങ്ങള്‍ നിങ്ങള്‍ക്കു കണ്ടെത്താനാവും. പശിയടക്കാന്‍ മറ്റൊന്നുമില്ലാത്തതിനാല്‍ ഇതെല്ലാം തിന്നുകഴിയാന്‍ വിധിക്കപ്പെട്ടവരാണ് ഞങ്ങള്‍. ഗോ രക്ഷക് വിഭാഗം ഇതൊന്നും ചര്‍ച്ച ചെയ്യുന്നേയില്ല. ഞങ്ങളെ നല്ല ഭൂമിയിലേക്കു കൊണ്ടുപോകുന്നവരെ അവര്‍ ആക്രമിക്കുകയും ചെയ്യുന്നു. ഈ ദുരന്ത ഘട്ടത്തില്‍ പോളിത്തീന്‍ കവറുകളും ദഹിക്കുന്ന സാധന്ങ്ങളായി മാറിയെങ്കില്‍ എന്നാണ് ഞങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത്!
പക്ഷെ, ഇന്ത്യന്‍ സംസ്‌കാരത്തില്‍ നിങ്ങള്‍ മാതാവായിട്ടാണല്ലോ മനസ്സിലാക്കപ്പെടുന്നത്. ഗോ മാതാ എന്നാണ് നിങ്ങള്‍ വിശേഷിപ്പിക്കപ്പെടുന്നത്. നിങ്ങളുടെ പേരില്‍ ജേണലുകളും ട്രസ്റ്റുകളും മിനിസ്ട്രിയും എല്ലാം ഇവിടെ നിലനില്‍ക്കുന്നു. എന്തു തോന്നുന്നു?
നിര്‍ത്ത് അത്തരം വലിയ വര്‍ത്തമാനങ്ങള്‍. ഞങ്ങള്‍ക്ക് ദൈവത്തിന്റെയും മാതാവിന്റെയും സ്ഥാനങ്ങള്‍ നല്‍കുമ്പോഴും തെരുവില്‍തന്നെയാണ് എന്നും ഞങ്ങളുടെ ഇടം. ചപ്പുചവറുകളില്‍നിന്നും മാലിന്യക്കൂമ്പാരങ്ങളില്‍നിന്നും തിന്നു കഴിയാനാണ് ഞങ്ങളുടെ വിധി. പേജും സ്റ്റേജും ഞങ്ങളെ ചര്‍ച്ച ചെയ്യുമ്പോഴും ഞങ്ങളുടെ വേദനകളെക്കുറിച്ച് ആരു പറയുന്നില്ല.
മറ്റു രാജ്യങ്ങളിലെ ഞങ്ങളുടെ കുടുംബക്കാരെ കുറിച്ച് ഓര്‍ക്കുമ്പോള്‍ അസൂയ തോന്നുകയാണ്. അവിടങ്ങളില്‍ അവര്‍ ആരാധിക്കപ്പെടാത്തതുകൊണ്ടുതന്നെ അവര്‍ക്ക് നല്ല ജീവിതവും സൗഖ്യവും ലഭിക്കുന്നു. അവര്‍ക്ക് സൈ്വര്യമായി നടക്കാനും ചുറ്റിക്കറങ്ങാനും കഴിയുന്നു. ജീവച്ചവമായി ചത്തൊടുങ്ങേണ്ട ഗതിയും വരുന്നില്ല. ഇന്ത്യയിലും ഈയൊരു അവസ്ഥ വന്നിരുന്നുവെങ്കില്‍ എന്നതാണ് ഞങ്ങള്‍ ആഗ്രഹിച്ചുപോകുന്നത്.
വേലിക്കപ്പുറത്ത് ഇപ്പോഴും നല്ല പച്ചപ്പുല്ല് നിറഞ്ഞുനില്‍ക്കുന്നുണ്ടല്ലോ?
എന്താണ് നിങ്ങള്‍ പറയുന്നത്? ഞങ്ങളില്‍ പലര്‍ക്കും പലപ്പോഴും അത് കാണാന്‍ പോലും ലഭിക്കുന്നില്ലായെന്ന കാര്യം നിങ്ങള്‍ക്കറിമോ.... സംഗതികള്‍ അങ്ങനെയാണ്.
അപ്പോള്‍, ഇന്ന് നിങ്ങളുടെ പേരില്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്നതിനെയൊന്നും മാനസികമായി പിന്തുണക്കുന്നില്ലായെന്നാണോ നിങ്ങള്‍ പറയുന്നത്?
തീര്‍ച്ചയായും. അതിലൊന്നിനെയും ഞങ്ങള്‍ പിന്തുണക്കുന്നില്ല. രാജ്യത്തെ ജനങ്ങളുടെ ചര്‍ച്ചകളിന്ന് കാട് കയറിപ്പോവുകയാണ്. അവര്‍ക്ക് ഞങ്ങളുടെ പാല് വറ്റിക്കണം. അത്രമാത്രമേ ഉദ്ദേശമുള്ളൂ. അവര്‍ ഇങ്ങനെയെല്ലാം ചെയ്യുമ്പോഴും ലോകത്ത് ഏറ്റവും കൂടുതല്‍ പശു മാംസം കയറ്റുമതി ചെയ്യപ്പെടുന്ന രാജ്യം ഇന്ത്യയാണെന്നത് അവര്‍ അറിയുമോ ആവോ? എല്ലാം ഒരു നാടകമാണ് നടക്കുന്നതെന്നു ചുരുക്കം. ഇറച്ചി കഴിച്ചതിനാണ് പാവം അഖ്‌ലാഖിനെ അവര്‍ വകവരുത്തിയത്. കുറേ മുസ്‌ലിംകളെയും ദളിതരെയും ആക്രമിക്കുകയും ചെയ്തു. ഇവര്‍ക്കിതിന് എന്തു അവകാശമാണുള്ളത്? ധാര്‍മികമായി ഇതിനുള്ള ന്യായമെന്താണ്..?
ദൈനം ദിനം ഞങ്ങളില്‍നിന്നും ആയിരക്കണക്കിനു പശുക്കളെയാണ് അവര്‍ കശാപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. ദിവസവും ആയിരക്കണക്കിനു പേരെ. ഇന്ത്യയില്‍നിന്നുള്ള ഇറച്ചി കയറ്റുമതിക്കാരില്‍ നാലു പേരും ഹിന്ദുക്കളാണെന്നതാണ് സത്യം. ഇങ്ങനെ ചെയ്യുന്ന അവര്‍ക്ക് അഖ്‌ലാഖിനുനേരെ കൈ ഉയര്‍ത്താന്‍ പോലും അവകാശമില്ല.
കഴിഞ്ഞ വര്‍ഷം ഹരിയാന ആരോഗ്യ മന്ത്രി അനില്‍ വിജ് ഒരു ഓണ്‍ലൈന്‍ പോളിംഗ് നടത്തിയിരുന്നു. ഇന്ത്യയുടെ ദേശീയ മൃഗം കടുവയാവണോ അതോ പശുവാകണോ എന്നതായിരുന്നു വിശയം. ഇതിനെക്കുറിച്ച് നിങ്ങള്‍ക്കെന്താണ് പറയാനുള്ളത്?
അതൊരു വിചിത്ര സംഭവം തന്നെയാണ്. 88 ശതമാനം ആളുകളും ഞങ്ങള്‍ക്കുവേണ്ടി വോട്ടു ചെയ്തു. ഇതു വഴി ഇന്ത്യയുടെ ദേശീയ മൃഗമായ ടൈഗര്‍ ഞങ്ങളെ തിന്നു തീര്‍ത്ത് ഞങ്ങളുടെ ചരിത്രം തന്നെ അവസാനിപ്പിച്ചേക്കും. അങ്ങനെ, ഈ ക്രൂര ജീവിയെ ദേശീയ വിരുദ്ധനായി പ്രഖ്യാപിക്കേണ്ടി വരും. ഗോ മാതായെ തിന്നുവെന്ന നിലയില്‍.
പശുക്കളുമായി ബന്ധപ്പെട്ട വര്‍ത്തമാന വിവാദത്തെക്കുറിച്ച് ജന്തു ലോകം എങ്ങനെയാണ് പ്രതികരിക്കുന്നത്?
ബുദ്ധിയുള്ള മനുഷ്യര്‍ക്കിടയില്‍ നടക്കുന്ന ഇത്തരം വിലകുറഞ്ഞ കോലാഹലങ്ങള്‍ ജന്തുലോകത്ത് ഒരു വന്‍ പ്രഹസനമായി മാറിയിരിക്കയാണ്. പുതിയ സംഭവ വികാസങ്ങള്‍ അറിഞ്ഞ് ഇന്നലെ രണ്ടു പേര്‍ ചിരിച്ച് ചിരിച്ച് മരണപ്പെടുകവരെ ചെയ്തു. ഞങ്ങളുടെ മൂത്രം മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ വെച്ചത് കണ്ട് അസൂയപ്പെട്ടിരിക്കയാണ് മറ്റുള്ളവരെല്ലാം...
നന്ദി. താങ്കളുടെ ഇത്രയും വിലപ്പെട്ട സംസാരത്തിന്. തീര്‍ച്ചയായും ഇത് ചിലരുടെയെങ്കിലും കണ്ണ് തുറപ്പിച്ചേക്കാം. അവസാനമായി താങ്കള്‍ക്ക് എന്താണ് നല്‍കാനുള്ള സന്ദേശം എന്താണ്?
ഞങ്ങളുടെ ഭക്തരോടാണ് പറയാനുള്ളത്. ഉള്‍കണ്ണ് തുറക്കാന്‍ ചന്ദ്രനെ നോക്കി ചാടട്ടെ അവര്‍. അത്രമാത്രം.
അവലംബം: twocircles.com
വിവ. ഖുര്‍റത്തുല്‍ ഐന്‍
Leave A Comment