സ്വലാഹുദ്ദീന്‍ അയ്യൂബി

1193 ല്‍ തന്റെ അമ്പത്തിഅഞ്ചാം വയസ്സില്‍ മരണത്തിന്റെ വിളിക്കുത്തരം നല്‍കുമ്പോള്‍ ആ മഹല്‍നാമം ചരിത്ര ഗ്രന്ഥങ്ങളില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട് കഴിഞ്ഞിരുന്നു. മരിക്കുമ്പോള്‍ തന്റേതായി പതിനേഴ് ദിര്‍ഹം മാത്രമായിരുന്നുവത്രെ അദ്ദേഹം ബാക്കിവെച്ചത്. സ്വലാഹുദ്ദീന്‍ അയ്യൂബിയും റിച്ചാര്‍ഡ് രാജാവും നടത്തിയ കത്തെഴുത്ത് ചരിത്രപ്രസിദ്ധമാണ്. അതിങ്ങനെ ചുരുക്കി വായിക്കാം. “അറബ് രാജാവായ സ്വലാഹുദ്ദീന്‍ അറിയാന്‍ ഇംഗ്ലണ്ട് രാജാവ് റിച്ചാര്‍ഡ് കുറിക്കുന്നത്, ഈ സന്ദേശവുമായി വന്നിരിക്കുന്നത്, വളരെയേറെ യുദ്ധങ്ങളില്‍ നിങ്ങളുടെ സൈന്യവുമായി ഏറ്റുമുട്ടിയ എന്റെ ഒരു സൈനികനാണ്. അയാളുടെ സഹോദരിയെ നിങ്ങളുടെ സൈന്യം ബന്ധിയായി പിടിച്ചിരിക്കുന്നു. അവളുടെ പേര് മാരി എന്നായിരുന്നു. നിങ്ങളുടെ ആളുകള്‍ അത് മാറ്റി സുറയ്യാ എന്നാക്കിയതായും അറിയാനായി. അദ്ദേഹത്തിന് തന്റെ സഹോദരിയെ ഒട്ടും പിരിഞ്ഞിരിക്കാനാവില്ല. ആയതിനാല്‍ ഒന്നുകില്‍ നിങ്ങള്‍ അവളെ സ്വതന്ത്രയാക്കി അയാളോടൊപ്പം തിരിച്ചയക്കുക, അതിന് സാധിക്കാത്ത പക്ഷം ഇയാളെ കൂടി ബന്ധിയാക്കി അവളോടൊപ്പം താമസിപ്പിക്കുക.

ഉചിതമായൊരു തീരുമാനം നിങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നേതാവ് ഖലീഫ ഉമറിന്റെ വാക്കുകള്‍ ഞാന്‍ ഇവിടെ ഓര്‍മ്മിപ്പിക്കട്ടെ, നിങ്ങള്‍ എപ്പോഴാണ് ജനങ്ങളെ അടിമകളാക്കാന്‍ തുടങ്ങിയത്, അവരെ ഉമ്മമാര്‍ പ്രസവിച്ചത് സ്വതന്ത്രരായിട്ടാണല്ലോ” കത്ത് ലഭിച്ച അയ്യൂബി അതിന് ഇങ്ങനെ മറുപടി എഴുതി “റിച്ചാര്‍ഡ് രാജാവ് അറിയാന്‍ മുസ്ലിംകളുടെ ഭരണാധികാരി സ്വലാഹുദ്ദീന്‍ കുറിക്കുന്ന മറുപടി, നിങ്ങളുടെ ദൂതുമായി എത്തിയ വീരസൈനികനെ ഞാന്‍ യഥോചിതം സ്വീകരിച്ചിരിക്കുന്നു. യുദ്ധമുഖത്തെ താങ്കളുടെ പാടവം എനിക്ക് നന്നായറിയാം. അങ്ങേക്ക് കൈമാറാനായി ഞാന്‍ ഒരു ആലിംഗനം അയാള്‍ക്ക് സമ്മാനിച്ചിരിക്കുന്നു. നിങ്ങളുടെ അറിവിലേക്കായി പറയട്ടെ, സഹോദരിക്കൊപ്പം കഴിയാനായി മാത്രം സഹോദരനെയും ബന്ധിയായി നിര്‍ത്തുന്നത് എന്റെ ശൈലിയല്ല, യുദ്ധത്തില്‍ തടവുകാരായി പിടിച്ചവരെ മാത്രമേ ഞങ്ങള്‍ ബന്ധികളായി കണക്കാക്കാറുള്ളൂ. അത്കൊണ്ട് തന്നെ ആ സഹോദരിയെ അയാളോടൊപ്പം ഞങ്ങള്‍ ഇതാ തിരിച്ചയക്കുന്നു. ഞങ്ങളുടെ നേതാവ് ഉമറിന്റെ വാക്ക് സ്വലാഹുദ്ധീന്‍ അക്ഷരം പ്രതി ഉള്‍ക്കൊള്ളുന്നു. നിങ്ങള്‍ യേശുവിന്റെ വാക്കുകള്‍ അംഗീകരിച്ച്. അക്രമപരമായി പിടിച്ചെടുത്ത ഭൂപ്രദേശങ്ങള്‍ അതിന്റെ ആളുകള്‍ക്ക് തിരിച്ചുനല്‍കുമെന്ന് ഞാനും പ്രതീക്ഷിക്കട്ടെ”.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter