ആഭ്യന്തര യുദ്ധത്തിലേക്ക് കൂപ്പ് കുത്തുന്ന സുഡാൻ

സൈനിക കമാൻഡർമാർ തമ്മിലുള്ള വിയോജിപ്പുകളും പിണക്കങ്ങളും ആഭ്യന്തര യുദ്ധ ഭീഷണിയിൽ കൊണ്ടെത്തിച്ച സുഡാൻ ആണ് ഇത്തവണ മുസ്‍ലിം ലോകത്തെ പ്രധാന വിശേഷം. ഒപ്പം റാഷിദ്‌ ഗനൂഷിയുടെ അറസ്റ്റും യൂ. എനിന്റെ നക്ബ ദിനാചരണവുമാണ് മറ്റു വിശേഷങ്ങൾ. ഈ ആഴ്ചത്തെ മുസ്‍ലിം ലോകത്തു നിന്നുള്ള വിശേഷങ്ങളിലൂടെ കണ്ണോടിക്കാം.

വീണ്ടും സംഘർഷഭരിതമാവുന്ന സുഡാൻ

വടക്കുകിഴക്കൻ ആഫ്രിക്കൻ രാജ്യമായ സുഡാൻ വർഷങ്ങളായി പ്രക്ഷുബ്ധാവസ്ഥയിലാണ്. 30 വർഷമായി അധികാരത്തിലിരുന്ന ഒമർ അൽ ബഷീറിനെ പുറത്താക്കിയ 2019 ലെ വിപ്ലവത്തിൽ നിന്നാണ് സുഡാൻ സൈന്യവും ആർഎസ്എഫും തമ്മിലുള്ള നിലവിലെ സംഘർഷത്തിന്റെ വേരുകൾ കണ്ടെത്താൻ സാധിക്കുക. ഒമർ അൽ-ബഷീറിന്റെ ഏകാധിപത്യ ഭരണം അവസാനിപ്പിച്ച് ഒരു സിവിലിയൻ സർക്കാർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ അനുകൂല പ്രവർത്തകരാണ് വിപ്ലവത്തിന് നേതൃത്വം നൽകിയത്. വിപ്ലവം വിജയിക്കുകയും ഒമര്‍ അൽ-ബഷീർ ഒടുവിൽ സ്ഥാനഭ്രഷ്ടനാക്കപ്പെടുകയും ചെയ്തു. താന്‍ പ്രത്യേകമായി രൂപീകരിച്ച സൈനിക വിഭാഗമായ ആര്‍.എസ്.എഫ് (റാപിഡ് സപ്പോര്‍ട്ട് ഫോഴ്സ്) പോലും കൈവെടിഞ്ഞതോടെയാണ് ഒമര്‍ അല്‍ബശീറിന് സ്ഥാനമൊഴിയേണ്ടിവന്നത്.

പക്ഷെ, ഒരു സിവിലിയൻ സർക്കാരിലേക്കുള്ള മാറ്റം സുഗമമായിരുന്നില്ല. ഒമർ അൽ-ബഷീറിനെ പുറത്താക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച സുഡാൻ സൈന്യം ഒരു സിവിലിയൻ സർക്കാരിന് അധികാരം വിട്ടുകൊടുക്കാൻ വിമുഖത കാണിച്ചു. ആർഎസ്എഫ് പോലുള്ള അർദ്ധസൈനിക വിഭാഗങ്ങളുമായി സഖ്യമുണ്ടാക്കി അധികാരത്തിൽ പിടിമുറുക്കാൻ സൈന്യം ശ്രമിക്കുന്നതായി വിമർശനങ്ങൾ ഉയരുകയുണ്ടായി.

ആരാണ് ആർ. എസ്. എഫ്?

2013-ൽ ഡാർഫറിന്റെ പടിഞ്ഞാറൻ മേഖലയിലെ വിമതരെ നേരിടാനായി, ഒമര്‍ അല്‍ബശീര്‍ പ്രത്യേകമായി  രൂപീകരിച്ച അതിശക്തമായ അർദ്ധസൈനിക വിഭാഗമാണ് ആർഎസ്എഫ്. ഡാർഫൂർ സംഘർഷത്തിനിടെ യുദ്ധക്കുറ്റങ്ങൾ ചെയ്തതായി ആരോപിക്കപ്പെട്ട മുൻ ജഞ്ജവീദ് മിലിഷ്യകളാണ് ഈ സംഘത്തിൽ ആദ്യം ഉൾപ്പെട്ടിരുന്നത്. അത് കൊണ്ട് തന്നെ ക്രൂരതയ്ക്കും മനുഷ്യാവകാശ ലംഘനത്തിനും പെട്ടെന്ന് തന്നെ ഈ വിഭാഗം പ്രശസ്തി നേടി.

2019 ലെ വിപ്ലവത്തിനുശേഷം, ആർഎസ്എഫ്, ഔദ്യോഗിക സൈന്യത്തോടൊപ്പം അണിചേരുകയും സുഡാനീസ് രാഷ്ട്രീയത്തിലെ ഒരു പ്രധാന കക്ഷിയായി മാറുകയും ചെയ്തു. ജനാധിപത്യ അനുകൂല പ്രവർത്തകർക്കെതിരെ ആക്രമണം നടത്തിയതിനും സിവിലിയൻ സർക്കാരിലേക്കുള്ള മാറ്റം അട്ടിമറിക്കാൻ ശ്രമിച്ചതിനും ഈ സംഘത്തിനെതിരെ ആരോപണമുണ്ട്. സുഡാൻ സൈന്യവും ആർഎസ്എഫും തമ്മിലുള്ള ബന്ധം അധികം നിലനിന്നില്ലെന്ന് മാത്രമല്ല, വൈകാതെ തന്നെ രൂക്ഷമായ സംഘര്‍ഷത്തിലേക്ക് നീങ്ങുകയും ചെയ്തു. 

നിലവിലെ സംഘർഷങ്ങൾക്കു പിന്നിൽ

സൈന്യവും അർധസൈനിക വിഭാഗവും തമ്മിലുള്ള പ്രശ്നങ്ങളാണ് നിലവിലെ സംഘർഷങ്ങൾക്ക് വഴി തെളിയിച്ചത്. ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാന്റെ നേതൃത്വത്തിലുള്ള സുഡാൻ സൈന്യവും അർധസൈനിക സംഘമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന്റെ (ആർഎസ്എഫ്) കമാൻഡറായ ഹമീദ്തി എന്ന വിളിപ്പേരിൽ പ്രസിദ്ധനായ മുഹമ്മദ് ഹംദാൻ ദഗാലോയും തമ്മിലുള്ള അധികാര പോരാട്ടത്തിന്റെ അനന്തരഫലം കൂടിയാണ് ഇപ്പോഴത്തെ ഏറ്റുമുട്ടലുകൾ. ഇരുവരും അടുത്ത കാലം വരെ സഖ്യകക്ഷികളായി ഒരുമിച്ച് പ്രവർത്തിച്ചവരായിരുന്നു . 2019 ൽ മുൻ സൈനികത്തലവൻ ഒമർ അൽ ബഷീറിന്റെ അട്ടിമറിയിൽ ഇരുവരും നിർണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു. എന്നാൽ സിവിലിയൻ ഭരണം, ആർഎസ്എഫിനെ രാജ്യത്തിന്റെ സൈന്യത്തിലേക്ക് കൂട്ടിച്ചേർക്കൽ തുടങ്ങിയ കാര്യങ്ങളിൽ ഇരു വിഭാഗങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായതോടെ ഇരുപക്ഷവും തമ്മിൽ പോര് രൂക്ഷമായി. ഈ ശത്രുതകൾ പിന്നീട് വലിയ സംഘർഷങ്ങളിലേക്ക് നയിക്കുകയും സുഡാനെ ഇന്ന് ആഭ്യന്തര യുദ്ധഭീഷണിയിലകപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുകയാണ്. ആർഎസ്എഫ് തങ്ങളുടെ അംഗങ്ങളെ രാജ്യത്തുടനീളം പുനർവിന്യസിച്ചതോടെ ശനിയാഴ്ചയാണ് നിലവിലെ സംഘർഷങ്ങൾ ആരംഭിക്കുന്നത്. 

മധ്യസ്ഥ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടാൽ അനിശ്ചിതകാലം തുടർന്നു പോകുവാൻ സാധ്യതയുള്ള ഈ കലാപം സുഡാനിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നുറപ്പാണ്. കലാപം ഇതിനകം തന്നെ രാജ്യത്തെ പൂർണമായും ബാധിച്ചു കഴിഞ്ഞു. സുഡാനെ കൂടാതെ അതിന്റെ അയൽരാജ്യങ്ങളായ എത്യോപ്യ, ചാഡ്, ദക്ഷിണ സുഡാൻ എന്നിവയെയും ഈ കലാപം ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ രാജ്യങ്ങളിലൊന്നാണെങ്കിലും സ്വർണമുൽപാദനത്തിൽ മുന്നിൽ നിൽക്കുന്ന സുഡാനിലെ പ്രകൃതി വിഭവങ്ങളും സുഡാനിന്റെ ചെങ്കടലിലെ തന്ത്രപ്രധാനമായ സ്ഥാനവുമൊക്കെ കണക്കിലെടുത്ത് ലോകരാഷ്ട്രങ്ങൾക്കിടയിൽ സുഡാന് സുപ്രധാനമായ സ്ഥാനം തന്നെയാണുള്ളത്. ഐയ്ക്യരാഷ്ട്ര സംഘടനയും ലോക രാഷ്ട്രങ്ങളും മധ്യസ്ഥ ശ്രമങ്ങളിലൂടെ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണ്. 


ഗനൂഷിയും അറസ്സിലാക്കപ്പെടുമ്പോൾ 

അന്നഹ്ദ പ്രസ്ഥാനത്തിന്റെ നേതാവും തുണീഷ്യയിലെ നിലവിൽ പിരിച്ചുവിടപ്പെട്ട പാർലമെന്റിന്റെ സ്പീക്കറുമായിരുന്ന റാഷിദ് ഗന്നൂഷിയെയും പ്രസ്ഥാനത്തിന്റെ മറ്റു നിരവധി നേതാക്കളെയും അറസ്റ്റിലാക്കിയതിനു ശേഷം ടുണീഷ്യയിലെ രാഷ്ട്രീയ പ്രതിസന്ധി അപകടകരമായ വഴിത്തിരിവിലേക്ക് തിരിയുകയാണ്. ജനാധിപത്യ തകർച്ചാ ഭീഷണി നേരിട്ടു കൊണ്ടിരിക്കുന്ന തുണിഷ്യയിലെ ഖൈസ് സയീദിന്റെ നിലവിലെ ഭരണകൂടം ഭീകരവാദ നിയമം യഥേഷ്ടം ഉപയോഗിക്കുകയും സർക്കാർ ഏജൻസികളെ ഉപയോഗിച്ചു എതിരാളികൾക്കെതിരെ ദുരുദ്ദേശ്യപരമായി കുറ്റങ്ങൾ കെട്ടിച്ചമയ്ക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണ്.

മുല്ലപ്പൂ വിപ്ലവത്തിനു ശേഷം ഇതാദ്യമായാണ് 81 വയസ്സുകാരനായ റാഷിദ് ഗന്നൂഷിയെ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡിന് വിധേയമാകുന്നത്. ശനിയാഴ്ച പ്രതിപക്ഷ കക്ഷിയായ സൽവേഷൻ ഫ്രണ്ടിന്റെ ആസ്ഥാനത്ത് ഒത്തുകൂടുകയും തുടർന്നു നടത്തിയ ഭരണകൂടത്തിനെതിരെയുള്ള പ്രസ്താവാന നടത്തുകയും ചെയ്തതിന് തുടര്‍ന്നാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ചൊവ്വാഴ്ച, ടുണീഷ്യൻ അധികാരികൾ അന്നഹ്ദ പാർട്ടിയുടെ എല്ലാ ആസ്ഥാനങ്ങളിലും മീറ്റിംഗുകളും ഒത്ത് ചേരലുകളും നിരോധിച്ചു കൊണ്ട് ഉത്തരവ് ഇറക്കുകയുമുണ്ടായി. 

നക്ബ ദിനം ആചരിക്കാൻ യു.എൻ

ചരിത്രത്തിൽ ആദ്യമായി ഈ വർഷം, ഫലസ്തീനിൽ ഇസ്രായേൽ രാഷ്ട്രം സ്ഥാപിച്ചതിന്റെ ഓർമ പുതുക്കുന്ന നക്ബ ഡേ (ദുരന്ത ദിനം) ഐക്യരാഷ്ട്രസഭയും ആചരിക്കും. 1948-ലെ ആദ്യ അറബ്-ഇസ്രായേൽ യുദ്ധത്തെത്തുടർന്ന് അന്നത്തെ സയണിസ്റ്റ് ഇസ്രായേൽ അർദ്ധസൈനിക വിഭാഗങ്ങളാൽ ഏകദേശം 800,000 ഫലസ്തീനികൾ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട ദുരന്തം എന്ന് അറബി ഭാഷയിൽ അർത്ഥമുള്ള നക്ബയുടെ 75-ാം വാര്‍ഷികം കൂടിയാണ് ഈ വർഷം. എല്ലാ വര്‍ഷവും മെയ് 15നാണ്, ഫലസ്തീനികളും മനുഷ്യാവകാശ പ്രവർത്തകരും ദുരന്തത്തിന്റെ ഓര്‍മ്മകായി നക്ബ ദിനമായി ആചരിക്കുന്നത്. ഈ വര്‍ഷം ഐക്യരാഷ്ട്ര സഭ കൂടി അതിന്റെ ഭാഗമാവുന്നത്, ഫലസ്തീനികള്‍ക്കും ലോക മുസ്‍ലിംകള്‍ക്കും ഏറെ ഊര്‍ജ്ജം നല്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter