ഫിഖ്ഹീ രചന; കേരളീയ ഇടപെടലുകള്‍
മാലിക് ബിന്‍ ദീനാറിന്റെ കാലഘട്ടം മുതല്‍ മഖ്ദൂം കുടംബത്തിന്റെ കാലഘട്ടം വരെയുള്ള നൂറ്റാണ്ടുകള്‍ കേരള മുസ്‌ലിം ചരിത്രത്തില്‍ തുറക്കപ്പെടാത്ത അധ്യായമായി അവശേഷിക്കുന്നു. , കേരളത്തില്‍ എഴുതപ്പെട്ട ആദ്യചരിത്ര ഗ്രന്ഥം തുഹ്ഫത്തുല്‍ മുജാഹിദീനാണെന്ന് ഏവരും സമ്മതിക്കും. അതില്‍ പറയുന്ന വസ്തുതകള്‍ മുന്‍ നിറുത്തിയാണ് ഇസ്‌ലാമിന്റെ ആഗമനത്തെ കുറിച്ചും പ്രചരണത്തെ കുറിച്ചും കേരളം മനസ്സിലാക്കുന്നത്. അതില്‍ പറഞ്ഞതിനപ്പുറം കേരള മുസ്‌ലിംകളുടെ പുരാതന ചരിത്രം മനസ്സിലാക്കുന്നതില്‍ കൂടുതല്‍ ശ്രമങ്ങള്‍ ഒന്നും നടന്നിട്ടില്ല എന്നാല്‍ മദ്ഹബിന്റെ അടിസ്ഥാനത്തില്‍ അഥവാ ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തില്‍ കേരള മുസ്‌ലിംകളെ സംയോജിപ്പിച്ചതില്‍ മഖ്ദൂം വംശ ത്തിന് വലിയ പങ്കുണ്ട് എന്നത് സര്‍വ്വ സമ്മതമാണ്. ഫത്ഹുല്‍ മുഈനാണ് ശാഫിഈ മദ്ഹബിന്റെ കേരളത്തിലെ പ്രചരണത്തില്‍ ഏറെ പങ്കുവഹിച്ച ഗ്രന്ഥം.
മഖ്ദൂമുകളാണ് നിലവിലുള്ള ചരിത്രപ്രകരാം ഇസ്‌ലാമിക ഗ്രന്ഥ രചനക്ക് പ്രചാരണം നല്‍കിയത്. അതിന് മുമ്പും കേരളത്തിലെ വിശിഷ്യ മലബാറിലെ മുസ്‌ലിംകള്‍ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടാവണം. എന്നാല്‍ അവയെ കുറിച്ചൊന്നും വ്യക്തമായ സൂചനകള്‍ നിലവിലില്ല. ഇന്ത്യന്‍ മുസ്‌ലിംകളുടെ പൈതൃകവും പണ്ഡിതന്മാരുടെ ജീവചരിത്രവും രചനാപരവും അധ്യാപനപരവുമായ അവരുടെ സംഭാവനകളും ചര്‍ച്ച ചെയ്യുന്ന മഹാ ഗ്രന്ഥമായ നുസ്ഹത്തുല്‍ ഖവാത്ത്വിര്‍ പോലും കേരള മുസ്‌ലിം പണ്ഡിതശിരോമണികളെ അവഗണിച്ചു. നാലായിരത്തിലധികം പണ്ഡിതരുടെ ജീവചരിത്രം അബ്ദുല്‍ ഹയ്യ് അല്‍ ഹസനി പ്രതിപാദിച്ചെങ്കിലും കേരളത്തില്‍ നിന്നും രണ്ടോ മൂന്നോ പേര്‍ മാത്രമേ അതില്‍ സ്ഥാനം പിടിച്ചുള്ളൂ. ഈ ഗ്രന്ഥത്തില്‍ കണ്ട ന്യൂനത പരിഹരിക്കും വിധം തറാജിമുല്‍ മുഅല്ലിഫീന്‍ എന്ന പേരില്‍ അഹ്‌മദ് കോയ ശാലിയാത്തി ഒരു ഗ്രന്ഥം രചിച്ചു എന്ന് പറയപ്പെടുന്നു. എന്നാല്‍ അത് നിലവില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് മിന്‍ നവാബിഗി ഉലമാഇ മലൈബാര്‍ എന്ന ഗ്രന്ഥത്തില്‍ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഐദറൂസി അല്‍ അസ്ഹരി (അസ്ഹരി തങ്ങള്‍) എഴുതുന്നു.. കേരള ചരിത്രത്തിന് വിനഷ്ടമായ ഒരു അമൂല്യ നിധിശേഖരമാണ് പ്രസ്തുത ഗന്ഥം.
കര്‍മശാസ്ത്രത്തിലും മറ്റു ശാസ്ത്രങ്ങളിലുമായി ഗദ്യരീതിയിലും പദ്യരീതിയിലും കേരള മുസ്‌ലിം പണ്ഡിതന്മാര്‍ ഒരുപാട് ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. അവയിലേക്ക് ഒരു എത്തിനോട്ടം മാത്രമാണ് ഇവിടെ ഉദ്ദേശിക്കുന്നത്. രചിക്കപ്പെട്ട ആദ്യത്തെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റേതാണ് (1467-1556). കിഫായത്തുല്‍ ഫറാഇള്‍, മുര്‍ശിദുത്തുല്ലാബ്, ഹാശിയ അലല്‍ ഇര്‍ശാദ്, എന്നിവയാണ് അദ്ദേഹത്തിന്റെ പ്രിസിദ്ധമായ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍. തസ്വവ്വുഫിലും ചരിത്രത്തിലും അറബി വ്യാകരണത്തലുമായി പതിനെട്ട് ഗ്രന്ഥങ്ങള്‍ വേറെയുണ്ട്. ഹിദായതുല്‍ അദ്കിയ കിതാബുസ്സ്വഫാ മിന ശ്ശിഫാ, ഹാശിയ അലാ അല്‍ഫിയ്യ തുടങ്ങിയവ ഉദാഹരണം.തന്റെ പുത്രനായ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമിന് (1509-1538) കര്‍മശാസ്ത്രത്തില്‍ രണ്ട് ഗ്രന്ഥങ്ങളുണ്ട്. ദര്‍സ് സിലബസില്‍ ഇടം നേടിയ അല് മുതഫര്‍റിദ്, അര്‍ക്കാനുസ്സ്വലാത്ത് എന്നിവയാണ് ഇത്.രചനയില്‍ ഏറ്റവും ശ്രദ്ധേയനായത് സൈനുദ്ദീന്‍ മഖദൂം രണ്ടാമനാ (1532-1619)ണെന്ന് ഏവര്‍ക്കുമറിയാം. ഏറ്റവും കൂടുതല്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ രചിച്ചതും സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനായിരിക്കും. കേരള മുസ്‌ലിംകളെ ശാഫിഈ മദ്ഹബിന്റെ അടിസ്ഥാനത്തില്‍ ഏകീകരിക്കാന്‍ മുഖ്യകാരണമായ ഫതഹുല്‍ മുഈനും അതിന്റെ മൂലഗ്രന്ഥമായ ഖുര്‍റതുല്‍ ഐന്‍ ബി മുഹിമ്മാതി ദീനുമടക്കം ഏഴ് ഗ്രന്ഥങ്ങള്‍ കര്‍മശാസ്ത്രത്തില്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.അഹ്കാമുന്നികാഹ്, അല്‍ അജ്‌വിബത്തുല് അജീബ, മിന്‍ഹാജുല്‍ വാളിഹ്, ഇര്‍ശാദുല്‍ ഇബാദ്, അല്‍ ഫാതാവാ അല്‍ ഹിന്ദിയ്യ, എന്നിവയാണവ. തനിക്ക് മറ്റു വിഷയത്തില്‍ താരതമ്യേന ഗ്രന്ഥങ്ങള്‍ കുറവാണെന്നും പറയാം.അദ്ദേഹത്തിനുശേഷം ശൈഖ് അബ്ദുല്‍ റഹ്‌മാന്‍ മഖദൂം (1542-1620), അബ്ദുല്‍ അസീസ് മഖ്ദൂം രണ്ടാമന്‍ (മ.എഡി.1681) അബ്ദുല്‍ റഹ്‌മാന്‍ മഖ്ദൂം രണ്ടാമന്‍ (മ. എ.ഡി 1699) അബ്ദുല്‍ അസീസ് മഖ്ദൂം മൂന്നാമന്‍ (മ.എ.ഡി 1718) എന്നിങ്ങനെ മുപ്പത്തിയഞ്ചിലധികം മഖദൂം ഖാസിമാരെ എണ്ണാന്‍ സാധിക്കുമെങ്കിലും ആരുടയും ഗ്രന്ഥങ്ങള്‍ പ്രസിദ്ധമായിട്ടില്ല.
ഈ ഗണത്തില്‍ പിന്നെ ശ്രദ്ധേയനായത് അവസാനത്തെ സൈനുദ്ദീന്‍ മഖ്ദൂം (1810-1888) (സൈനുദ്ദീന്‍ അഖീര്‍) ആണ്. എന്നാല്‍ തന്റെ ഗ്രന്ഥങ്ങളും പ്രസിദ്ധമല്ല. പഴയകാലത്ത് മുഹമ്മദ് മഖ്ദൂം (മ. എ.ഡി 911) ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും വ്യാകരണം, തര്‍ക്കശാസ്ത്രം, മൗലിദ് സാഹിത്യം എന്നിവയില്‍ ഒതുങ്ങിനില്‍കുന്നു. അഹ്‌മദുല്‍ ബദവീ, സയ്യിദ് ഹംസ, അസ്ഹാബുല്‍ ബദ്ര്‍, പുറത്തീല്‍ ശൈഖ് എന്നിവരുടെ മൗലിദ് രചിച്ചത് പഴയകത്ത് മുഹമ്മദ് മഖദൂം എന്ന മമ്മിക്കുട്ടി മഖദൂം ആണ്.
അബ്ദുല്ലക്കുട്ടി മുസ്‌ലിയാര്‍ (1838-1897) ആണ് കര്‍മശാസ്ത്രത്തില്‍ ഗ്രന്ഥങ്ങള്‍ എഴുതിയ മറ്റൊരു പണ്ഡിതന്‍. കിതാബ് കശ്ഫില്‍ ഗവാമിള്‍ ഫീ ഇല്‍മില്‍ ഫറാഇള്, രിസാല ഫീ ഹുക്മി തര്‍ജമതില്‍ ഖുര്‍ആന്‍, രിസാല ഫീ ഹുക്മി അല്‍ ഖാതമി അല്‍ മഖ്‌ലൂഥി ബിദ്ദഹബ് എന്നിവ അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളാണ്.
മുഹമ്മദ് വമ്പിച്ചി മുസ്‌ലിയാര്‍ (1863-1953) കര്‍മശാസ്ത്രത്തില്‍ ഗ്രന്ഥരചന നടത്തിയില്ലെങ്കിലും കര്‍മശാസ്ത്രവുമായി അടുത്ത് ബന്ധപ്പെടുന്ന നികാഹിന്റെ ഖുഥ്ബയുടെ ഒരു സമാഹാരം തന്നെ രചിച്ചിട്ടുണ്ട്.
മഖദൂം വംശത്തിനു മാത്രമല്ല ഇവിടെ ഫിഖ്ഹീ രകനകള്‍ ഉണ്ടായിട്ടുള്ളത്. ഖാദീ മുഹമ്മദി(മ. എ.ഡി 1616)ന്റെ കുടുംബത്തിനും ഗ്രന്ഥരചനയില്‍ നല്ല പൈതൃകമുണ്ട്. മഖാസ്വിദുന്നികാഹ്, മുല്‍തബഖാതുല്‍ ഫറാഇള്, മന്‍ളൂമാത്തുല്‍ അളാഹീ, എന്നിവ ഖാദീ മുഹമ്മദി ന്റെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളാണ്. അദ്ദേഹത്തിന്റെ പുത്രന്‍ ഖാദീ മുഹ്‌യിദ്ദീനും (1597-1657) കര്‍മശാസ്ത്രത്തില്‍ ഗ്രന്ഥമുണ്ട്. പദ്യ രൂപത്തിലുള്ള ഖസ്വീദ ഫീ നഹ്‌സില്‍ അയ്യാം തന്റെ ഫിഖ്ഹ് രചനയായി ഗണിക്കാം.
സയ്യിദ് അലവി മമ്പുറം തങ്ങളുടെ വിശ്വിവിഖ്യാതമായ സൈഫുല്‍ ബത്താര്‍ എന്ന ഫത്‌വാ സമാഹാരവും കര്‍മശാസ്ത്ര ഗ്രന്ഥമായി കണക്കാക്കാം. അദ്ദേഹത്തിന്റെ സതിര്‍ഥ്യനും മുരീദുമായിരുന്ന ഉമര്‍ ഖാദി (എ.ഡി 1757-1853) രചിച്ച മഖാസിദുന്നികാഹ്, അഹ്കാമുദ്ദബ്ഹ്, ശറഹു അഹ്കാമുദ്ദബ്ഹ് എന്നീ അറബി ഗ്രന്ഥങ്ങളും നഹ്‌സ് പാട്ടുകള്‍ എന്ന അറബി മലയാള പദ്യവും ഈ വിഷയത്തിലെ മറ്റു രചനകളാണ്.പൊന്നാനി വലിയ പള്ളിയില്‍ ദര്‍സ് നടത്തിയിരുന്ന ഉദ്ദാരം ഇസ്മാഈല്‍ മുസ്‌ലിയാര്‍ ആണ് ഫിഖ്ഹില്‍ ഗ്രന്ഥരചന നടത്തിയ മറ്റൊരാള്‍. തുഹ്ഫതുല്‍ മുരീദ് ഫീ അഹ്കാമിദ്ദബ്ഹി വല്‍ മസ്വീദ് എന്ന ഗ്രന്ഥവും നള്മു മത്‌നുല്‍ ഹികം എന്ന പദ്യവും അദ്ദേഹത്തിന്റേതാണ്.സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ സ്ഥാപക വൈസ്. പ്രസിഡന്റായിരുന്ന അബ്ദുല്‍ ഖാദിര്‍ അല്‍ ഫസ്ഫരി (1896-1944)ക്കും ഫത്‌വകളുടെ ഒരു സമാഹാരമുണ്ട്. സമസ്തയുടെ ഒന്നാമത്തെ ജനറല്‍ സെക്രട്ടറി പാങ്ങില്‍ അഹ്‌മദ് കുട്ടി മുസ്‌ലിയാര്‍ (1888-1946) രചിച്ച ഇരുപത്തിയഞ്ച് ഗ്രന്ഥങ്ങളില്‍ പലതും കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ടതാണ്.
കര്‍മശാസ്ത്രത്തില്‍ എടുത്തു പറയത്തക്ക ഗ്രന്ഥങ്ങള്‍ രചിച്ച മറ്റൊരു പ്രതിഭ, അഹ്‌മദ് കോയ ശാലിയാത്തി (1885-1955) യാണ്. ഖൈറുല്‍ അദ്‌ലു ഫീ ഇസ്തിഖ്ബാലില്‍ ഖിബ്‌ല, അല്‍ ബയാനുല്‍ മൗസൂഖ് ലി ബയാനി അഹ്കാമില്‍ മസ്ബൂഖ്, തഹ്ഖീഖുല്‍ മഖാല്‍ ഫീ മബ്ഹസില്‍ ഇസ്തിഖ്ബാല്‍, അല്‍ മഖാമുല്‍ ഹാവീ ഫീ റദ്ദില്‍ ഫതാവാ വദ്ദആവീ, അല്‍ ഹുക്മുര്‍റാസിഖ് ഫീ ഹുക്മി സ്വുവറില്‍ മശാഇഖ്, പുറമെ അല്‍ ഫതാവാ അല്‍ അസ്ഹരിയ്യയുംഅദ്ദേഹത്തിന്റെ ഗ്രന്ഥമാണ്.
സമസ്ത പ്രസിഡന്റായിരുന്ന വാളക്കുളം അബ്ദുല്‍ ബാരി മുസ്‌ലിയാര്‍ക്ക് കര്‍മശാസ്ത്രത്തില്‍ മുതഫര്‍റിദുന്‍ ഫില്‍ ഫിഖ്ഹ് എന്ന ഗ്രന്ഥമുണ്ട്. സമസ്തയുടെ സമുന്നത നേതാവും അല്‍ ബയാന്‍ പത്രത്തിന്റെ എഡിറ്ററുമായിരുന്ന അബ്ദുല്‍ കമാല്‍ കാടേരി മുഹമ്മദ് മുസ്‌ലിയാര്‍ക്കും കര്‍മശാസ്ത്രത്തില്‍ ഗ്രന്ഥമുണ്ട്. ഫസ്വ ്‌ലുല്‍ ഖിതാബ് ഫീ ഹിജാബിന്നിസാഅ്, മജല്ലതു ഫതാവല്‍ ഫുഹൂല്‍ ഫിസ്തിഅ്മാലി അല്‍ ആലാതി വഥഥബൂല്‍, ഖളാഉല്‍ ഇറബ് ഫീ വഅ്‌ളില്‍ ഖുഥ്ബതി ഫീ ഗൈറി ലുഗതില്‍ അറബ്, ഫതാവാ ഫീ റഫ്ഇസ്സൗതി മഅല്‍ ജനാസ റഗ്മന്‍ അല അന്‍ഫി മന്‍ അജാസ എന്നിവ അദ്ദേഹത്തിന്റെ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളാണ്.
പ്രമുഖ പണ്ഡിതനായ കൈപറ്റ ബീരാന്‍ കുട്ടി മുസ്‌ലിയാര്‍ക്ക്, കര്‍മശാസ്ത്ര ഗ്രന്ഥം എന്നു പറയാനില്ലെങ്കിലും കര്‍മശാസ്ത്രപരമായി അടുത്ത ബന്ധമുള്ള രണ്ടു ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. രിസാലതുത്തന്ബീഗ് എന്ന ഗ്രന്ഥത്തില്‍ ശാഫിഈ മദ്ഹബിന്റെ ഗ്രന്ഥങ്ങളില്‍ പരമാര്‍ശിതമായ ഫുഖഹാക്കളുടെ ബയോഗ്രഫിയാണ് പറയുന്നത്. മാദാ വളീഫതുല്‍ ഫുഖഹാഅ് എന്ന ഗ്രന്ഥത്തില്‍ ഫുഖഹാക്കളുടെ ധര്‍മമെന്തെന്ന് വിശദീകരിക്കുന്നു.
ശൈഖ് അഹ്‌മദ് അല്‍ ഹംദാനി യുടെ അല്‍ അഖ്അഖ് ഇസ്മാഈല്‍ മുസ്‌ലിയാര്‍ ബിന്‍ ശൈഖ് അലി അദ്‌റമി (വ.1938)യുടെ ഉംദതുല്‍ കരീദ് ലി അഹ്കാമിദ്ദബ്ഗി വല്‍ മസ്വീദ്, ഖാദി മുഹമ്മദിന്റെ (മ.1573) അല്‍ ഫറാഇദുല്‍ മുല്‍തഖഥ്, അഹ്‌മദ് കോയശ്ശാലിയാതി (റ)യുടെ അല് ഖസ്വീദത്തുല്‍ അസ്ഗരിയ്യ ഫീ ഹുക്മിഥലാഖി ബില്‍ കലിമാതില്‍ മലൈബാരിയ്യ ഉമര്‍ ഖാസി (റ)യുടെ ഖസ്വീദതു ഥലാഖ് അല്‍ മുഖ്തസ്വറ, സയ്യിദ് ശരീഫ് ഹാമിദ് ബിന്‍ സയ്യിദ് മുഹമ്മദ് (വ.1934) അവര്‍കളുടെ മബ്‌ലഗുല്‍ അമല്‍ ഫില്‍ മുറാഈആതി ആദാബില്‍ അക്ല്‍, പാടാനപ്പള്ളി ഹാജി മുഹമ്മദ് മുസ്‌ലിയാരുടെ മന്‍ളൂമതു ജാമിഅ ഫറാഇളില്‍ മിന്‍ഹാജ്, ഹാജി കുഞ്ഞി അഹ്‌മദ് ബിന്‍ അബൂബക്കറിന്റെ (വ.1961) അല്‍ ഫറാഇളുല്‍ അല്‍ഫിയ്യ, കോയാമു മുസ്‌ലിയാര്‍ വലിയോറ (വ.2003)യുടെ ഖസ്വീദതു തഹ്ദീര്‍ അല്‍ ഇബ്ദാഅ് മിന്‍ തഹ്ബീരില്‍ ഇബ്തിദാഅ്, അരീക്കല്‍ അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാരുടെ നജ്മുഖുര്‍റത്തുല്‍ ഐന്‍ ലി മത്‌നി ഫത്ഹുല്‍ മുഈന്‍ എന്നിങ്ങനെ പതിനെട്ടോളം കാവ്യങ്ങള്‍ ഫിഖ്ഹീ രചനകളുടെ ഗണത്തില്‍ കാണാം.അന്‍വര്‍ അബ്ദുല്ല ഫസ്ഫരി പൂക്കോട്ടൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍ തുടങ്ങിയ കുറേ പണ്ഡിതന്മാര്‍ ഇന്നും ഗ്രന്ഥരചനയില്‍ മുഴുകിയിട്ടുണ്ട്. അന്‍വര്‍ അബ്ദുല്ല ഫസ്ഫരിയുടെ അല്‍ മന്‍ളൂമുല്‍ ഫസ്ഫരിയ്യ ഫില്‍ ഖവാഇദില്‍ ഫിഖ്ഹിയ്യയും ഖുര്‍റതുല്‍ ഐനിന്റെ കാവ്യ രൂപവും ഏറെ പ്രസിദ്ധിയാര്‍ജ്ജിച്ചതാണ്.മൊത്തം കേരള മുസ്‌ലിം പണ്ഡിതന്‍മാരുടെ കര്‍മശാസ്ത്രരചനകള്‍ പരിശോധിക്കുമ്പോള്‍ അവയുടെ ഉള്ളടക്കം നികാഹ്, ത്വലാഖ്, അനന്തരാവകാശം, അറവ് എന്നിങ്ങനെ രണ്ടുമൂന്നു വിഷയങ്ങളില്‍ പരിമിതമാണെന്ന് കാണാം. ജുമുഅ ജമാഅത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും പലരുടെയും കിതാബുകളില്‍ കടന്നുവന്നിരിക്കുന്നു.ഗ്രന്ഥരചനയില്‍ പണ്ഡിതന്‍മാര്‍ പിറകോട്ടുപോയതായി പലകോണുകളില്‍ നിന്നും ഇപ്പോള്‍ ആക്ഷേപമുണ്ട്. അതിന്റെ കാരണങ്ങള്‍ പലതുമാവാം. അവ കണ്ടെത്തി പരിഹരിക്കാന്‍ നിലവിലെ നമ്മുടെ പണ്ഡിത പ്രതിഭകള്‍ സന്നദ്ധമാവുമെന്ന് പ്രതീക്ഷിക്കാം.



Leave A Comment