സൂഫി സാഹിത്യം; ആത്മസാര സല്ലാപങ്ങള്‍

ആത്മീയതയുടെ നിറദീപം കത്തുന്ന വിശുദ്ധ ജീവിതത്തിന്റെ അവകാശികളായ  സൂഫിവര്യരില്‍ നിന്ന് ഉറവയെടുക്കുന്ന ദിവ്യാനുരാഗത്തിന്റെ ആവിഷ്‌കാരങ്ങളാണ് സൂഫി രചനകള്‍. അവ ആത്മാവും ഹൃദയവും തമ്മിലുള്ള അഭേദ്യ ബന്ധത്തെയും നിഷ്‌കളങ്ക ഭാവത്തെയും പ്രതിനിധാനം ചെയ്യുന്നു. വാഗ്‌ലീലകളുടെ വശ്യതയും മനോഹാരിതയും സന്തുലിതത്വവും അതിരുകളില്ലാത്ത ആത്മീയാനന്ദവും അവയുടെ മുഖമുദ്രകളാണ്. കേരളത്തിലെ സൂഫീസാഹിത്യത്തില്‍ ഗദ്യവും പദ്യവുമുണ്ട്. 

ആധ്യാത്മിക ശാസ്ത്ര സാഹിത്യം
ഹിജ്‌റ ഏഴ്, എട്ട് നൂറ്റാണ്ടുകളിലാണ് ഈ ശാഖയിലെ സുപ്രധാനമായ കൃതികള്‍ കേരളത്തില്‍ എഴുതപ്പെടുന്നത്. ഇവയില്‍ മിക്കതും പൗരാണിക അറബി സാഹിത്യ സമ്രാട്ടുകളുടെ രചനകളുമായി സമാനമാകുന്നവയാണെന്ന് 'അറബി സാഹിത്യത്തിന് ഇന്ത്യയുടെ സംഭാവന' എന്ന വിഷയത്തില്‍ പഠനം നടത്തിയ ഡോ. എം.ജി. സുബൈദ് അഹമ്മദും 'കേരളത്തിലെ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളെ' കുറിച്ച് പഠനം നടത്തിയ ലേഖകനും കണ്ടെത്തിയത്. 
കേരളത്തിലെ ആധ്യാത്മിക ശാസ്ത്ര രചനകളില്‍ ആത്മീയത വിവരിക്കുന്ന കവിതകള്‍, ആത്മീയ ധാരകള്‍, ഉപദേശങ്ങള്‍, അനുശാസനകള്‍, ചിന്തകള്‍ അടങ്ങിയ കാവ്യരൂപങ്ങള്‍ മുതലായവ കണ്ടെത്താവുന്നതാണ്. അവയിലെ പ്രധാനപ്പെട്ട കൃതികളാണ് താഴെ. 

ഹിദായത്തുല്‍ അദ്കിയ ഇലാ ഥ്വരീഖത്തില്‍ ഔലിയ
പണ്ഡിതനും സൂഫിവര്യനുമായ ശൈഖ് സൈനുദ്ധീന്‍ മഖ്ദൂം അല്‍ കബീര്‍ ഹിജ്‌റ എട്ടില്‍ രചിച്ച ഗ്രന്ഥമാണിത്.
ആത്മീയ പ്രകാശത്തിന്റെ മര്‍മ്മവും സ്രോതസ്സും തിരിച്ചറിഞ്ഞ മഖ്ദൂം, സൂഫിസത്തിന്റെ നിര്‍വചനവും അതിന്റെ അന്തര്‍ധാരകളും ഉപമ സഹിതം വിശദീകരിക്കുകയാണ് ഹിദായത്തുല്‍ അദ്കിയയില്‍. ഭക്തി, സംതൃപ്തി, ത്യാഗം, വിജ്ഞാനം, ആത്മാര്‍ത്ഥത, ആത്മാര്‍പ്പണം, പ്രവാചക സ്‌നേഹം, ചര്യ, പ്രാര്‍ത്ഥന, ജീവിതനിഷ്ഠ എന്നിവയാണ് അദ്കിയയിലെ പ്രതിപാദ്യ വിഷയം. അറബി ഭാഷാ മികവുകൊണ്ടും അര്‍ത്ഥ വ്യാപ്തി കൊണ്ടും പ്രസിദ്ധമായ ഈ സൂഫി കവിത ഇന്ത്യക്കകത്തും പുറത്തും ഖ്യാതി നേടിയിട്ടുണ്ട്. ഈ കൃതിക്ക് ഇന്ത്യനേഷ്യയിലെ ജാവയിലെ മുഹമ്മദ് നവവി എന്ന പണ്ഡിതന്‍ 'സലാലിമുല്‍ ഫുദലാ' എന്ന പേരിലും ദിംയാത്തിലെ അബൂബക്കര്‍ ഷാ എന്ന പണ്ഡിതന്‍ 'കിഫായത്തുല്‍ അദ്കിയ' എന്ന പേരിലും വ്യാഖ്യാനങ്ങള്‍ എഴുതിയതായി പ്രൊഫ. കെ.എം. മുഹമ്മദ് വിവരിക്കുന്നുണ്ട്. 'അദ്കിയ'എന്ന പേരില്‍ പ്രസിദ്ധമായ ഈ ഗ്രന്ഥം കേരളത്തിലും ഇന്ത്യക്ക് പുറത്തും ഒട്ടനേകം പള്ളി ദര്‍സുകളിലും അറബിക് കോളേജുകളിലും പഠിപ്പിക്കപ്പെടുന്നു.

ഇലാ കം അയ്യുഹല്‍ ഇന്‍സാന്‍
കോഴിക്കോട് ഖാദി അബ്ദുല്‍ അസീസ് രചിച്ച ഈ കൃതിയില്‍ നൂറ്റി അറുപത്തി ആറ് ഈരടികളാണുളളത്. പരിണാമത്തെക്കുറിച്ച് ചിന്തിക്കാന്‍ ആഹ്വാനം ചെയ്യുന്ന ഗ്രന്ഥം ആത്മീയ ബോധവും പാരത്രിക ചിന്തയും നല്‍കുന്നു. പ്രസിദ്ധീകൃതമല്ല. 

മഅ്ദിനുല്‍ ഫലാഹ്
പണ്ഡിതനും സൂഫിവര്യനുമായ പരൂരിലെ അഹമ്മദ് മുസ്‌ലിയാരാണ് ഈ കൃതിയുടെ രചയിതാവ്. ഓരോ ശരീരാവയവങ്ങുടെ പാപവും അതില്‍ നിന്നുള്ള മോചന മാര്‍ഗവും അടങ്ങുന്ന അനവധി ധര്‍മ ചിന്തകള്‍ നല്‍കുന്ന ഈ കൃതി, കര്‍ത്താവിന്റെ അഭിരുചിയും അധ്വാനവും പ്രകടമാക്കുന്നു. മസ്ജിദുല്‍ ഹറാമിലെ പ്രമുഖ പണ്ഡിതനായിരുന്ന മുഹമ്മദ് സ്വാലിഹ് പ്രസ്തുത ഗ്രന്ഥത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നു. ''അനര്‍ഘമാണ് ഇതിലെ പദങ്ങള്‍. അത് ഇളം തെന്നലിന്റെ മൃദുലതയെ ഓര്‍മ്മിപ്പിക്കുന്നു. അനുവാചകനെ പിടിച്ചിരുത്തുന്നു. ഇതിലെ ഈരടികളുടെ മാധുര്യം പണ്ഡിതന്മാരെ ഹര്‍ഷപുളകിതരാക്കും. സൈദുമാര്‍ക്കോ അംറുമാര്‍ക്കോ അവകാശപ്പെടാനില്ലാത്ത അതുല്യമായ പദവിയാണ് ഗ്രന്ഥ കര്‍ത്താവ് കരസ്ഥമാക്കിയിരിക്കുന്നത്. വമ്പിച്ച ക്ലേശങ്ങള്‍ സഹിക്കാതെ ആര്‍ക്കും ഈ രീതിയിലുളള ഒന്ന് രചിക്കാനാവില്ല. ഹൃദ്യവും സുഭഗവുമാണ് അദ്ദേഹത്തിന്റെ ചിന്തകള്‍. സംശയമില്ല. മുത്തു പതിച്ച ഒരു കണ്ഠാഭരണമത്രെ ഇത് '' (അറബി സാഹിത്യത്തിന് കേരളത്തിന്റെ സംഭാവനകള്‍, പ്രൊഫ. കെ.എം. മുഹമ്മദ്, പേ. 77). 
ഉപര്യുക്ത കൃതികളെപ്പൊലെ പ്രസിദ്ധമായതും അല്ലാത്തതുമായ അനേകം രചനകള്‍ സൂഫിസത്തിലും അനുബന്ധ കാര്യങ്ങളിലും വിരചിതമായിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട കൃതികളും കര്‍ത്താക്കളുമാണ് താഴെ ചേര്‍ക്കുന്നത്. 
ഖസീദത്തുന്‍ ഫീ ബയാനി തസ്വവ്വുഫ്, ഖസീദത്തുന്‍ ഫീ ബയാനില്‍ ഫഖീര്‍- ശൈഖ് ഇബ്‌നു മുഹ്‌യിദ്ദീന്‍ ജിഫ്രി.
മആരിജുസ്സാലിക് - കോഴിക്കോട് ഖാദി അബൂബക്കര്‍ കുഞ്ഞ്.
സിറാജുല്‍ ഖുലൂബി വ ഇലാജുദ്ദുനൂബ്, ദിക്‌റുല്‍ മൗത്ത്- സൈനുദ്ധീന്‍ ബിന് അലി.
ഉംദത്തുല്‍ അസ്ഹാബി വനുസ്ഹത്തുല്‍ അഹ്ബാബ്- ഖാദി സൈനുദ്ധീന്‍ റമദാന്‍ ഇബ്‌നു ശൈഖ് ശറഫുദ്ധീന്‍ മൂസ.
കന്‍സുല്‍ ബറാഹീന്‍- ശൈഖ് ഇബനു മുഹമ്മദ് അല്‍ ജിഫ്രി. 
തസ്‌ലീഖുദ്ദവാബ് ഇലാ ഥ്വരീഖിസ്സവാബ്- ഫദ്‌ലുബ്‌നു അലി.
തുഹ്ഫത്തുല്‍ വാഇദീന്‍ - പുത്തന്‍പറമ്പില്‍ ഖാദര്‍ കുട്ടി മുസ്‌ലിയാര്‍.
തബ്ശീറുല്‍ വാഇദ്-മഖ്ദൂം അഹ്‌മദ് ബിന്‍ സൈനുദ്ധീന്‍.
ദഖാഇറുല്‍ ഇഖ്‌വാന്‍ ഫീ മവാഇദി ശഹ്‌റി റമദാന്‍-മഖ്ദൂം അഹമ്മദ് ബിന് സൈനുദ്ദീന്‍ ജുബാഇ.
മുര്‍ശിദുത്തുല്ലാബ്-ശൈഖ് സൈനുദ്ധീന്‍ ബിന് അലി. 
തഹ്ദീറുല്‍ ഇഖ്‌വാന്‍ അന്‍ മകാഇദിന്നിസ്‌വാന്‍-പൊന്നാനി അഹ്‌മദ് സൈനുദ്ധീന്‍ മഅ്ബരി.
അല്‍ബുര്‍ഹാനുല്‍ മുനീര്‍-കോഴിക്കോട് ഖാദി മുഹമ്മദ് ബിന് അലി. 
രിസാലത്തുന്‍ ഫീ നുബ്ദത്തിന്‍ മിനത്തസവ്വുഫ്- സയ്യിദ് ഫദ്ല്‍ ബിന്‍ അലവി ബിന്‍ സഹ്ല്‍.

ആദ്ധ്യാത്മിക രചനയിലെ വ്യാഖ്യാന ഗ്രന്ഥങ്ങള്‍
ഹിദായത്തുല്‍ അദ്കിയയുടെ വ്യാഖ്യനങ്ങളായ, ശൈഖ് സൈനുദ്ധീന്‍ ബിന് അലിയുടെ പുത്രന്‍ അബ്ദുല്‍ അസീസുല്‍ മഅ്ബരി രചിച്ച മസ്‌ലകുല്‍ അത്ഖിയ, ഇര്‍ശാദുല്‍ അലിബ്ബാഅ് എന്ന കൃതികളും ശൈഖ് മുഹമ്മദ് ജിഫ്രിയുടെ ശറഹുര്‍റസാനയും സൈനുദ്ധീന്‍ ബിന് അലിയുടെ മുര്‍ശിദുത്തുല്ലാബിന്റെ വ്യാഖ്യാനമായി കോഴിക്കോട് ഖാദി അബൂബക്കര്‍ മുഹ്‌യദ്ദീന്‍ രചിച്ച നസീഹത്തുല്‍ ഇഖ്‌വാന്‍ എന്ന കൃതിയും കൈപറ്റ മുഹമ്മദ് കുട്ടി മുസ്‌ലിയാര്‍ രചിച്ച തഅ്‌ലീമു ഉലില്‍ അല്‍ബാബ് എന്ന രചനയും ദഖാഇഖുല്‍ ഫുഹൂം എന്ന കൃതിയും അവയില്‍ ചിലതാണ്.

പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍
പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ ആധ്യാത്മിക കാവ്യ കലയായും മതകീയ വികാര പ്രകടനത്തിന്റെ നിറവുമായിട്ടാണ് പ്രസിദ്ധ അറബി ഗ്രന്ഥ കര്‍ത്താവ് സകി മുബാറക് തന്റെ 'അല്‍ മദാഹിഉന്നബവിയ്യ ഫില്‍ അദബില്‍ അറബി' എന്ന ഗ്രന്ഥത്തിലും അബുല്‍ ഹസന്‍ നദ്‌വി 'അത്ത്വരീഖു ഇലല്‍ മദീന' എന്ന ഗ്രന്ഥത്തിലും വിലയിരുത്തുന്നത്. ഇശ്ഖിന്റെ അന്തസത്ത ഉള്‍കൊണ്ട് അല്ലാഹുവിന്റെ സാമീപ്യം ആഗ്രഹിച്ച് പ്രവാചക ജീവിതവും അവിടത്തെ വിശേഷണങ്ങളും എണ്ണുകയാണല്ലോ പ്രവാചക പ്രകീര്‍ത്തനം.
 അറബ് ലോകത്ത് പ്രസിദ്ധി നേടിയ ഈ സാഹിത്യ രൂപത്തിന് വലിയ സ്ഥാനമാണ് കേരളത്തിലുള്ളത്. കേരളത്തിലെ ആദ്യ അറബിക്കവിത അബൂബക്കര്‍ റമദാന്‍ ശാലിയാത്തിയുടെ 'തഖ്മീസുല്‍ ബുര്‍ദ'യായത് തന്നെ, ആദ്യകാലം മുതലേ പ്രവാചക പ്രകീര്‍ത്തന കാവ്യത്തിന് കേരളത്തില്‍ മതിയായ സ്വാധീനവും അംഗീകാരവും ഉണ്ടായിരുന്നതിന്റെ തെളിവാണ്.  കേരളത്തിലെ അറബി സാഹിത്യകാരന്മാരുടെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ അവര്‍ രചനാലോകത്ത് പ്രവേശിച്ചത് പ്രകീര്‍ത്തന കാവ്യത്തോടെയാണെന്ന് മനസ്സിലാക്കാനാകും. അറബ് ലോകത്ത് പ്രകീര്‍ത്തന കാവ്യങ്ങളുടെ തുടക്കം ഭൗതിക പ്രേമത്തില്‍ നിന്ന് ഉടലെടുത്തതാണെങ്കില്‍ കേരളത്തില്‍ അവ ആത്മീയ പരിവേഷത്തിന്റെയും ആത്മ നിര്‍വൃതിയുടെയും പ്രതിഫലനവും മധുരഫലവുമമായിട്ടാണ് ഗണിക്കപ്പെടുന്നത്. അതിനാല്‍ പ്രസ്തുത മേഖലയില്‍ രചന നടത്തിയ ആരെയും സൂഫിയും ആത്മീയ ആചാര്യനുമായി ഗണിക്കാവുന്നതാണ്. കേരളത്തില്‍ രചിക്കപ്പെട്ടിട്ടുള്ള പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങള്‍ ഒട്ടനേകമാണ്. അവയില്‍ പൗരാണിക അറേബ്യന്‍ പ്രകീര്‍ത്തന കാവ്യങ്ങളുടെ വിശിഷ്യ ബൂസൂരിയുടെ ഖസീദത്തുല്‍ ബുര്‍ദയയുടെ ഈരടികളും അഞ്ചടികളും ആറടികളുമായി എഴുതപ്പെട്ടവയാണ്. 

കേരളത്തില്‍ രചിക്കപ്പെട്ട പ്രധാന പ്രകീര്‍ത്തന കാവ്യങ്ങളും അവയുടെ രചയിതാക്കളും:
റാഹത്തുല്‍ ഫുആദ് ഫീ തഖ്മീസി ബാനത്ത് സുആദ്- അബൂബക്കര്‍ ബിന് റമദാന്‍ അശ്ശാലിയാത്തി (ഹി. 834). 
അല്‍ഖസ്വീദത്തുല്‍ ഉമരിയ്യ ഫീ മദാഇഹിന്നബവിയ്യ, ഖസീദത്തു ലമ്മാ ളഹറ, ഖസീദത്തു ലാഹല്‍ ഇലാല്‍, ഖസീദത്തു അല്ലഫല്‍ ആസി, നഫാഇസുദ്ദുറര്‍ ഫീ തൗഹീദില്‍ മലികില്‍ മുക്തദിര്‍ വ മദ്ഹി സയ്യിദിനാ മുഹമ്മദിന്‍ ഖൈരില്‍ ബശര്‍- അല്‍ ഖാദി ഉമര്‍ അല്‍ ബിലങ്കൂത്തി (ഹി. 1177-1273).
 അല്‍ഹംസിയ്യത്തുന്നബവിയ്യ, അത്തശവ്വുഖു ഇലാ സിയാറത്തിര്‍ റൗള-അല്‍ഖാദി അബൂബക്കര്‍ ബിന് മുഹ്‌യദ്ദീന്‍ അല്‍ കാലിൂത്തി. (ഹി. 1301).
സമറുസ്സുറാ ഫീ മദ്ഹി ഖൈരില്‍ വറാ, അല്ലാമിയ്യത്തുല്‍ ഫദ്ഫരിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ-അബ്ദുല്‍ ഖാദര്‍ അല്‍ ഫള്ഫരി (ഹി. 1313).
അര്‍റസൂലുല്‍ അമീന്‍-അബുര്‍റഹ്‌മ മുഹമ്മദ് അല്‍ ഫൈഇ (ഹി. 1319).
ഖുലാസത്തുല്‍ അഖ്ബാര്‍ ഫീ സീറത്തി ഖൈരില്‍ മുഖ്താര്‍, അല്‍ ഇഖ്ദുസ്സമീന്‍ ഫീ മുഅ്ജിസത്തില്‍ അമീന്‍-അലിയ്യുബ്‌നു ഫരീദ് അല്‍ കൊശ്ശനൂരി(ഹി. 1328).
അല്‍ ഖസീദത്തുര്‍ റഹ്‌മാനിയ്യ ഫീ തഖ്മീസി ഖസീദത്തിന്‍ നുഅ്മാനിയ്യ, അല്‍ ഫാകിഹത്തുല്‍ മുസ്ഥഫവിയ്യ ഫീ തഖ്മീസില്‍ ഖസീദത്തില്‍ ബാ അലവിയ്യ, തഖ്മീസു ഖസീദത്തില്‍ ഹബീബില്‍ ഹബ്ശി, ഖസീദത്തു യാ മല്‍ജഈ, ഇശ്‌റാഖുല്‍ ഹുദാ-മുഹമ്മദ് ബിന് അബ്ദുര്‍റഹ്‌മാന്‍ അത്തിറങ്കാലി (ഹി. 1381). 
അല്‍ ജൗഹറുല്‍ മുനള്ളം ഫീ സീറത്തിന്നബിയ്യില്‍ മുകര്‍റം, അദ്ദുര്‍റുല്‍ മുനള്ളദ് ഫീ കമാലാത്തിന്നബിയ്യി (സ്വ)-അബ്ദുര്‍റഹ്‌മാന്‍ അല്‍അരീകലി (ഹി. 1356). 
കേരളത്തില്‍ രചിക്കപ്പെട്ട മേല്‍പറയപ്പെട്ട കൃതികളില്‍ അധികവും അറേബ്യയിലെ പ്രവാചക പ്രകീര്‍ത്തന കാവ്യങ്ങളുമായി സാദൃശ്യമുള്ളതായി കാണാം. പ്രവാചകരുടെ റൗളയിലെത്താനുള്ള അമിതമായ ആഗ്രഹം പ്രകടിപ്പിച്ചും അവിടത്തെ അരികില്‍ എത്തി  റൗളയുടെ കവാടം തുറക്കപ്പെടാനും അവിടത്തോട് നേരിട്ട് സംവദിക്കാനുമുള്ള അതിയായ ആഗ്രവും എല്ലാറ്റിലുമുപരി ഇഷ്ടഭാജനത്തോടുള്ള സ്‌നേഹവും അനുരാഗവും പ്രകടമാക്കുന്നു. ഇവകള്‍ക്ക് ഗസലിന്റെയും അനുരാഗത്തിന്റെയും ഭാഷയാണ്. അവയുടെ ബാഹ്യപ്രകൃതം പ്രേമത്തിന്റെയാണ്. അര്‍ത്ഥ വൃത്താലങ്കാരങ്ങളും വാക്യ വാച്യഘടനകളും ഇവിടെ രമ്യമായി സന്ധിക്കുന്നു. ഭാഷയിലെ അവ്യക്തതയും ക്ലിഷ്ടതയുമൊഴിഞ്ഞ് സൗന്ദര്യവും മാധുര്യവും നല്‍കുന്ന ഈ കാവ്യരൂപം ആത്മീയ രചനാരംഗത്തെധ്രുവനക്ഷ്ത്രമായി നിലകൊള്ളുന്നു. 

മൗലിദ് സാഹിത്യം
ആധ്യാത്മിക രചനാ രംഗത്തെ മറ്റൊരു കേരളീയ സംഭാവനയാണ് മൗലിദുകള്‍. ഇസ്‌ലാമിക സംസ്‌കൃതിയുടെ  സംസ്ഥാപനത്തിന് ഉറപ്പോടെ നിലകൊള്ളുകയും അഹോരാത്രം പരിശ്രമിക്കുകയും ചെയ്ത മഹത്തുക്കളുടെ ജീവചരിത്രം പദ്യഗദ്യ സമ്മിശ്രങ്ങളില്‍ ഘടിപ്പിച്ചവയെയാണ് പ്രധാനമായും മൗലിദുകള്‍ എന്ന് വിളിക്കപ്പെടുന്നത്. അവ ആദരണീയ വ്യക്തികളുടെ പ്രകീര്‍ത്തനങ്ങളും പ്രശംസകളുമാണ് ഉള്‍കൊള്ളുന്നത്. 
  കേരളത്തില്‍ വിരചിതമായ പ്രധാനപ്പെട്ട മൗലിദുകളും രചയിതാക്കളും താഴെ ചേര്‍ക്കുന്നു.
അല്‍ മൗലിദുല്‍ മന്‍ഖൂസ്-അല്‍മഖ്ദൂം സൈനുദ്ധീന്‍ ബിന്‍ അലി അല്‍മഅ്ബരി (ഹി. 871).
തന്‍വീറുല്‍ ഫുആദ് ഫില്‍ മൗലിദുന്നബവി-അല്‍ഖാദി അബൂബക്കര്‍ ബിന്‍ മുഹ്‌യിദ്ധീന്‍ അല്‍കാലികൂത്തി (ഹി. 1301).
മൗലിദുശ്ശഫീഇല്‍ മുശഫ്ഫഅ്, അല്‍ മൗലിദുല്‍ മന്‍ഖൂസ്- അല്‍ഹാജ് അബുല്‍ ഹയ്യ് മുഹമ്മദ് അബ്ദുല്‍ ബാരി (ഹി. 1298-1375).
അല്‍ മിസ്‌കുല്‍ മുഅത്തര്‍ ലി മദ്ഹിര്‍റസൂലില്‍ മുഅത്തര്‍-അബുര്‍റഹ്‌മ മുഹമ്മദ് അല്‍ ഫൈഇ (ഹി. 1319).
മന്‍ഖൂലുന്‍ മിന്‍ മദ്ഹിര്‍റസൂല്‍ (സ്വ)-കെ.ടി. മാനു മുസ്‌ലിയാര്‍ (ഹി. 1341). 
അല്‍ മദ്ഹറുല്‍ അതമ്മു ഫീ മൗലിദി അബില്‍ ഖാസിം-തഴവ മുഹമ്മദ് കുഞ്ഞി മൗലവി (ഹി. 1364-1420).
മവാലീദുല്‍ മുഹ്‌മലാത്തി വല്‍ മുഅ്ജമാത്ത്-ശൈഖ് മുഹ്‌യിദ്ദീന്‍ ബിന്‍ കുഞ്ഞി മുഹ്‌യിദ്ധീന്‍.
ബിശ്‌റുല്‍ അനാം ബി മദ്ഹി ഖൈറില്‍ അനാം-സയ്യിദ് അഹ്‌മദ് അല്‍ ജലാലി അല്‍ഖാദിരി അല്‍ ഹുസൈനി അല്‍ ബുഖാരി.
ളൗഉസ്സിറാജി ഫീ ഖിസ്സത്തില്‍ മിഅ്‌റാജ്-ശൈഖ് അബ്ദുല്ല മുസ്‌ലിയാര്‍ അല്‍ അരീക്കലി. 
മൗലിദ് അബീബിക്കര്‍ സിദ്ധീഖ് (റ)-അബ്ദുല്‍ അസീസ് ജദീദുദ്ദാര്‍ എന്ന കുഞ്ഞാവക്കുട്ടി മുസ്‌ലിയാര്‍ പൊന്നാനി (ഹി. 1335).
ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനി - മൗലവി ഹസന്‍ ബിന്‍ മുഹമ്മദുല്‍ ജഫ്‌നി (ഹി. 1277-1339).
മൗലിദു മര്‍യം അല്‍ അദ്‌റാഅ്, മൗലിദു ഫാഥിമത്തുസ്സഹ്‌റാഅ്, മൗലിദുന്നഫീസത്തില്‍ മിസ്‌രിയ്യ- ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍ (ഹി.  1323).
മൗലിദുല്‍ ഗുന്‍യത്തിസ്സമദിയ്യ ബികശ്ഫില്‍ ഖുറൂബില്‍ അര്‍ദിയ്യ ബി ഹാകിഫി ശൈഖ് മാലിക്ബിനു മദനിയ്യില്‍ റശീദി-മുഹമ്മദ് കുഞ്ഞി മുസ്‌ലിയാര്‍ കാസര്‍ഗോഡ്. 
ഉഹ്ദ് ശുഹദാക്കള്‍-ബാവ മുസ്‌ലിയാര്‍ മഖ്ദൂം പൊന്നാനി (ഹി. 1391).
മുഹമ്മദ് ബിന് ഖലന്ദര്‍ ഹമദാനി-നാസിറുദ്ധീന്‍ ഹസന്‍ ബിന്‍ അലിയ്യുല്‍ ഹമദാനി.
മമ്പുറം അലവി തങ്ങള്‍-അബ്ദുര്‍റഹ്‌മാന്‍ മുസ്‌ലിയാര്‍
ശൈഖ് കമാലുദ്ധീന്‍ നഖ്ശബന്ദി-മുഹമ്മദ് മാമു മുസ്‌ലിയാര്‍.
സൈനുദ്ധീന്‍ മഖ്ദൂം കബീര്‍ പൊന്നാനി-മുഹമ്മദ് എന്ന കുഞ്ഞാവ മുസ്‌ലിയാര്‍.
സയ്യിദ് അലവി തങ്ങള്‍ മമ്പുറം-അഹമ്മദ് മുസ്‌ലിയാര്‍ അരീക്കല്‍.
ശൈഖ് മുഹമ്മദ് ബിന് ഹിംസി-മുഹമ്മദ് അലിയ്യുബിന് അലി കോഴിക്കോട്. 
മൗലിദു തുഹ്ഫത്തുസ്സിറാജ്-മാടായി ബിലാശിനകത്ത് കുഞ്ഞി അഹമ്മദ് മുസ്‌ലിയാര്‍. 

മാല സാഹിത്യം
പുണ്യാത്മാക്കളുടെ ജീവിതത്തിലെ പ്രശംസനീയ സംഭവങ്ങളും അപദാനങ്ങളും ഭക്തിയോടെ അവതരിപ്പിക്കുന്ന അറബി മലയാളത്തിലെ ഒരു സാഹിത്യ കലയാണ് മാലപ്പാട്ടുകള്‍. മാപ്പിള മുസ്‌ലിം സംസ്‌കാരത്തിന്റെ മഹത്തായ പാരമ്പര്യവും തനിമയും അടയാളപ്പെടുത്തുന്ന ഈ സാഹിത്യത്തിന് നൂറ്റാണ്ടുകളുടെ പഴക്കവും ചരിത്രവുമുണ്ട്.
മുഹ്‌യിദ്ധീന്‍ മാല
അറബി മലയാള സാഹിത്യത്തിലെ ആദ്യ രചനയാണ് മുഹ്‌യിദ്ദീന്‍ മാല. ആധുനിക മലയാള ഭാഷാ പിതാവായ തുഞ്ചത്ത് രാമാനുചന്‍ എഴുത്തഛന്റെ വിഖ്യാത രാമായണം എഴുതപ്പെടുന്നതിന്റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് പണ്ഡിതനും സൂഫിയുമായ ഖാദി മുഹമ്മദ് 155 വരികളുളള ഈ കൃതി രചിച്ചിട്ടുണ്ട്. ക്രി. 1607 ല്‍ (കൊല്ല വര്‍ഷം 782) ല്‍ കോഴിക്കോട്ടെ ഖാദി മുഹമ്മദാണ് ഈ ആധ്യാത്മിക കൃതി രചിച്ചതെന്ന് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു. മുഹ്‌യിദ്ധീന്‍ മാലയെക്കുറിച്ച് പ്രമുഖ പണ്ഡിതനായ ഖാദി അബൂബക്കര്‍ കുഞ്ഞി അവര്‍കള്‍ പറയുന്നു.''സയ്യിദ് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെ ഫദാഇലില്‍ നിന്നും മനാഖിബില്‍ നിന്നും കുറേ അറിവില്ലാത്തവര്‍ക്ക് അറിയേണ്ടതിനും അവരിലെ ബറകത്തിനെ എത്തിക്കേണ്ടതിനും അവരെക്കൊണ്ട് ജയം സമ്പാദിക്കുന്നതിനും വേണ്ടി ഖാദി മുഹമ്മദ് ബിന് അബ്ദുല്‍ അസീസ് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന വിധത്തില്‍ മനാഖിബുകള്‍ ചേര്‍ത്ത് പാട്ടാക്കുകയും അതിന് മുഹ്‌യിദ്ധീന്‍ മാല എന്ന പേര് വിളിക്കുകയും ചെയ്തിരുന്നു'' (തുഹ്ഫത്തുല്‍ അവാം-സയ്യിദ് അബ്ദുര്‍റഹ്‌മാന്‍ എന്ന അടിമ മുസ്‌ലിയാര്‍, പേ. 122-23).
പ്രസിദ്ധമായ മുഹ്‌യിദ്ധീന്‍ മാലക്ക് പുറമേ അറബി മലയാളത്തില്‍ നിരവധി മാലകള്‍ രചിക്കപ്പെട്ടതായി ഒ. ആബുസാഹിബ് 'അറബി മലയാള സാഹിത്യ ചരിത്രം' എന്ന പുസ്തകത്തില്‍ സൂചിപ്പിക്കുന്നു. അവയില്‍ പ്രധാനപ്പെട്ട മാലകളും രചയിതാക്കളുമാണ് താഴെ ചേര്‍ക്കുന്നത്. 
സലാമത്തുല്‍ ഉമ്മത്ത് മാല-നാലകത്ത് കുഞ്ഞി മൊയ്തീന്‍ 
സയ്യിദ് അലവി മാല-മുഹമ്മദ് ഹാജി.
മമ്പുറം മാല- മരക്കാം തൊടുകയില്‍ മരക്കാറുട്ടി.
ബദര്‍ മാല-മമ്പാട്ട് കുഞ്ഞി രായീന്‍
നഫീസത്തു മാല-നാലകത്ത് കുഞ്ഞി മൊയ്തീന്‍.
ശാദുലി മാല-പുയമ്പുറത്ത് കെ. അബ്ദുല്ലക്കുട്ടി മൗലവി പൊന്നാനി.
ഫാത്തിമ ബീവിയുടെ പഴയ വഫാത്ത് മാല-തിരിവാളൂര്‍ നടുതോപ്പില്‍ പി. ആയിഷക്കുട്ടി.  

സൂഫി രചനകള്‍ വര്‍ധിക്കാനുണ്ടായ കാരണങ്ങള്‍
1. കേരളീയ പണ്ഡിതര്‍ ഇസ്‌ലാമിക ശരീഅത്ത് ഉള്‍കൊണ്ട് ജീവിച്ചവരും മനസ്സാ വാചാകര്‍മണാ അല്ലാഹുവിനെയും റസൂലിനെയും അംഗീകരിച്ചവരും നന്മ കല്‍പിക്കുകയും തിന്മ വിരോധിക്കുകയും പള്ളികള്‍ കേന്ദ്രീകരിച്ച് പഠിച്ചും പഠിപ്പിച്ചും ഉപദേശിച്ചും അവ പ്രാവര്‍ത്തികമാക്കിയവരുമാണ്. 
2. ഉന്നത ശീര്‍ഷരായ അറേബ്യന്‍ പണ്ഡിതരില്‍ നിന്നും ആത്മീയ ആചാര്യരില്‍ നിന്നും ശിഷ്യത്വവും അനുഗ്രവും സ്വീകരിക്കുകയും ശാദുലി, നഖ്ശബന്ദി, ചിശ്തി തുടങ്ങിയ പ്രബല ആത്മീയ ധാരകളുടെ കണ്ണികളാവുകയും ചെയ്ത കേരളീയ പണ്ഡിതരില്‍ നിന്നും സൂഫികളില്‍ നിന്നും ഉല്‍ഭവിക്കുന്ന വിചാര വികാരങ്ങള്‍ക്കും ചിന്തകള്‍ക്കും ആത്മീയതയുടെ നിറവും വര്‍ണവുമുണ്ടായിരുന്നു.
3. കേരളത്തില്‍ ഇസ്‌ലാമിക വ്യാപനതിത്തിന് ഏകദൈവ വിശ്വാസത്തിന്റെ പ്രാധാന്യം പ്രചരിപ്പിക്കുന്നതോടൊപ്പം പ്രവാചകരുടെ മഹല്‍ ജീവിതവും ഔന്നത്യവും അമാനുഷിക സംഭവങ്ങളും മറ്റു സല്‍ഗുണങ്ങളുമായിരുന്നു സ്വഹാബാക്കളും മഹത്തുക്കളും ഉപയോഗിച്ചിരുന്നത്. 
4. കേരളീയ പണ്ഡിതരുടെ പ്രവാചകരോടുള്ള നിഷ്‌കളങ്ക സ്‌നേഹവും അതിരറ്റ പ്രേമവും സൂഫി രചനകള്‍ക്ക് ശക്തി പകരുകയുണ്ടായി. 
5. അറേബ്യന്‍ ഉപദീപിലെ മദീന മുനവ്വറയില്‍ അന്ത്യവിശ്രമം കൊള്ളുന്ന, ഓരോ വിശ്വാസിയും ജീവന് തുല്യം സ്‌നേഹിക്കുന്ന സ്‌നേഹഭാജനത്തിന്റെ അരികിലെത്തി ആശിര്‍വദിക്കാന്‍ കഴിയാത്തതിലുള്ള വേദനയും വേവലാതികളും പരാതികളും ആത്മാവിന്റെ ഭാഷയില്‍ പ്രകടമാക്കുകയാണ് ഇത്തരം രചകള്‍.
6. കേരളത്തിലെ അഹ്‌ലുബൈത്തിന്റെ സാന്നിധ്യം, പ്രപിതാമഹാന്മാരെ സ്മരിക്കാനും പുകഴ്ത്താനും അതിലൂടെ ആത്മബോധം നല്‍കാനും കാരണമായി. 
7. പ്രവാചക ജന്മം കൊണ്ട് അനുഗ്രഹീതമായ റബീഉല്‍ അവ്വലിനെ ഭക്ത്യാദര പൂര്‍വം സ്വീകരിക്കുകയും ഗ്രാമനഗരങ്ങളില്‍ കേരളീയ മുസ്‌ലിം സംസ്‌കാരം വിളിച്ചോതി പള്ളികളിലും മദ്രസകളിലുമായി പ്രവാചകരോടുളള സ്‌നേഹവും ആദരവും പ്രകടിപ്പിക്കുന്ന പ്രകീര്‍ത്തന കൂട്ടായ്മയുടെ സ്വാധീനവും സന്ദേശവും ആദ്ധ്യാത്മിക രചനകള്‍ക്ക് ശക്തി പകകര്‍ന്നു. 
8. ഇസ്‌ലാമിക ചരിത്രത്തില്‍ സുപ്രധാന വഴിത്തിരിവുകള്‍ക്ക് സാക്ഷ്യം വഹിച്ച ഇസ്‌റാഅ് മിഅറാജ് പോലുളള ചരിത്ര സംഭവങ്ങളോടും റമദാന്‍, ദുല്‍ ഹജ്ജ്, മുഹര്‍റം പോലുളള മാസങ്ങളോടുമുളള ആദരവും ബഹുമാനവും കേരളത്തില്‍ വ്യാപകമായതും അതിലൂടെ കേരള മുസ്‌ലികംളില്‍ വിശ്വാസ ബലവും കരുത്തും വളര്‍ത്തിയതും സൂഫി രചനകള്‍ക്കും കൃതികള്‍ക്കും പ്രചോദകമായി. 
ചുരുക്കത്തില്‍, മുകളില്‍ വിവരിച്ച ആധ്യാത്മിക രചനകള്‍ മുസ്‌ലിം കേരള ചരിത്രവും വസ്തുതയുമാണ് അടയാളപ്പെടുത്തുന്നത്. കേരളത്തില്‍ ഇസ്‌ലാമിക വ്യാപന ചരിത്രത്തില്‍ ആത്മീയതയുടെ പങ്ക് വിവരിക്കുന്നതോടൊപ്പം കേരള സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്ത് വിപ്ലവങ്ങളും മാറ്റങ്ങളും സൃഷ്ടിക്കാന്‍ ആത്മീയ ആചാര്യര്‍ തയ്യാറായതായി അവരുടെ ചരിത്രം വ്യക്തമാക്കുന്നു. ഹിജ്‌റ ഏഴ്, എട്ട്, പതിനൊന്ന്, പന്ത്രണ്ട് നൂറ്റാണ്ടുകളില്‍ ജീവിച്ചിരുന്ന മഹാരഥന്മാരായ പണ്ഡിതന്മാര്‍ ആധ്യാത്മിക സാഹിത്യത്തിലും പ്രതിരോധ സാഹിത്യത്തിലും ഒരുപാട് കൃതികള്‍ രചിച്ചിട്ടുണ്ട്. ഒരേ സമയത്ത് സമുദായത്തിന്റെ ഭൗതിക പ്രശ്‌നങ്ങളിലും മതകീയ കാര്യങ്ങളിലും ഇടപെട്ടിരുന്നു അവര്‍. പള്ളികളിലും മദ്രസകളിലും ദര്‍സും തദ്‌രീസും നടത്തുകയും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് തീര്‍പ്പു കല്‍പ്പിക്കുകയും ചെയ്തിരുന്ന ഇവര്‍ സ്വന്തത്തോടെന്ന പോലെ സമൂഹത്തോട് നിര്‍വഹിക്കേണ്ട ഉത്തരവാദിത്തവും ബാധ്യതയും നിറവേറ്റുന്നതില്‍ മുന്‍പന്തിയിലായിരുന്നു. ആത്മീയതയും പാണ്ഡിത്യവും യാതൊന്നിനും തടസ്സമാകില്ലെന്ന വ്യക്തമായ സത്യവും അവ രണ്ടും ഒരേ ബിന്ദുവിലെ രണ്ടു ധ്രുവങ്ങളാണെന്നും ഒന്നിന്റെ അഭാവം മറ്റേതില്‍ നിഴലിക്കുമെന്ന സന്ദേശമാണ് മുന്‍ഗാമികളുടെ ചരിത്രം പറഞ്ഞു തരുന്നത്. ആത്മീയതയോട് നീരസം പ്രകടിപ്പിച്ച് ഭൗതികതയെ മതിവരോളം പിന്തുടരുന്നതും അവയെ മുച്ചൂടും എതിര്‍ക്കുന്നതും വാണിജ്യവല്‍കരിക്കുന്നതും പണ്ഡിതന്റെ ധര്‍മമാണോയെന്നും മാനസിക സംതൃപ്തിയില്ലാതെ ശാരീരികസുഖം കൈവരിക്കുമോയെന്നും ആലോചിക്കേണ്ടതാണ്. കാരണം, ആധുനികയുടെ അന്ധമായ വളര്‍ച്ചക്കിടെ മനുഷ്യന്‍ ആഗ്രഹിക്കുന്നത് മാനസിക സംതൃപ്തിയും ആത്മ നിര്‍വൃതിയുമാണല്ലോ. എന്നാല്‍, ആത്മ നിര്‍വൃതി കൈവരിക്കണമെങ്കില്‍ അല്ലാഹുവിനെയും അവന്റ അടയാളങ്ങളെയും ആദരിക്കണമെന്നാണ് തിരുവചനങ്ങള്‍. ഈയൊരു സന്ദേശം ഉള്‍കൊണ്ട് ജീവിച്ച പുണ്യാത്മാക്കളും അവരുടെ ജീവിത രേഖകളും സന്ദേശങ്ങളുമാണ് ആദ്ധ്യാത്മിക രചനകള്‍. അര്‍ത്ഥാലങ്കാരങ്ങളും  വൃത്തവും  യോജിച്ചതിനാല്‍ അവ ഉത്തമ സാഹിത്യത്തിന്റെ നിദര്‍ശനങ്ങളായി തീര്‍ന്നതായി വിലയിരുത്താം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter