ഗായത്തുൽ മത്‍ലൂബ്: അനുരാഗത്താൽ വിരിഞ്ഞ സ്വപ്നങ്ങൾ

ശൈഖ് ഈസ അൽബയാനൂനി (1873-1942) സിറിയയിലെ ഒരു പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും വിഖ്യാത സൂഫി കവിയുമായിരുന്നു. അദ്ദേഹത്തിന്റെ ജന്മസ്ഥലമായ സിറിയയിലെ അലപ്പോയ്ക്ക് (ഹലബ്) വടക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള ബയാനൂൻ എന്ന ഗ്രാമത്തിലേക്ക് ചേർത്താണ് 'അൽബയാനൂനി' എന്ന വിളിപ്പേര് ലഭിച്ചത്. പത്താം വയസ്സിൽ ഉപരിപഠനത്തിനായി അലപ്പോയിലേക്ക് താമസം മാറിയ അദ്ദേഹം സഹോദരൻ ശൈഖ് ഹമാദ അൽബയാനൂനി ഉൾപ്പെടെയുള്ള പ്രമുഖ പണ്ഡിതന്മാരിൽ നിന്ന് വിദ്യാഭ്യാസം നേടി. ഖുർആൻ മനഃപാഠമാക്കിയ (ഹാഫിള്) അദ്ദേഹം തഫ്സീർ, ഫിഖ്ഹ്, ഭാഷാശാസ്ത്രം തുടങ്ങിയ വിവിധ ശാസ്ത്രശാഖകളിൽ പ്രാവീണ്യം നേടി.

ബുദ്ധിപരമായ കഴിവുകളുണ്ടായിരുന്നിട്ടും, അദ്ദേഹത്തിന് സൂഫിസത്തോടും ആത്മീയതയോടുമായിരുന്നു കൂടുതൽ താൽപ്പര്യം. ഖാദിരിയ്യ, രിഫാഇയ്യ, നഖ്ശബന്ദിയ്യ തുടങ്ങിയ നിരവധി സൂഫി ത്വരീഖത്തുകളിൽ അദ്ദേഹം അംഗമായിരുന്നു. പ്രവാചകൻ മുഹമ്മദ് നബി(സ്വ) തിരുമേനിയോടുള്ള അഗാധമായ സ്നേഹത്തിന്റെ പേരിലാണ് അദ്ദേഹം ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്. ഈ വിഷയത്തിൽ അദ്ദേഹം നിരവധി കവിതകളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ഫ്രഞ്ച് അധിനിവേശത്തിനെതിരായ സിറിയൻ പ്രതിരോധത്തിൽ അദ്ദേഹം സജീവമായി പങ്കെടുത്തു, അതോടൊപ്പം സാമൂഹിക പരിഷ്കർത്താവായും അനുരഞ്ജനം സ്ഥാപിക്കാൻ ശ്രമിക്കുന്ന വ്യക്തിയായും അദ്ദേഹം പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതികളിൽ ഒന്നാണ്, തിരുനബി(സ്വ)യെ പല തവണ കിനാവിൽ കണ്ട അനുഭവങ്ങളെ മാത്രം ക്രോഡീകരിച്ച് കൊണ്ട് ഗായത്തുൽ മത്‍ലൂബ് ഫീ റുഅ്‍യൽ മുഹിബ്ബ് ലിൽ മഹ്ബൂബ് (غاية المطلوب في رؤيا المحب للمحبوب) എന്ന പേരിലുള്ള ഗ്രന്ഥം. ഫത്ഹുൽ മുജീബ് ഫീ മദ്ഹിൽ ഹബീബ് (فتح المجيب في مدح الحبيب) എന്ന നാമത്തിലാണ് പലയിടത്തും ഇത് അറിയപ്പെടുന്നത്.

എല്ലാ വർഷവും ഹജ്ജ് നിർവഹിക്കാറുള്ള അദ്ദേഹം ആദ്യം മദീനയിൽ പോയതിനു ശേഷമാണ് ഹജ്ജ് കർമത്തിനായി മക്കയിലെത്തുക. എന്നാൽ  ഒരിക്കൽ പതിവിനു വിപരീതമായി അദ്ദേഹം ആദ്യം മക്കയിലേക്കാണ് പോയത്. ഇതിന്റെ പിന്നിലെ രഹസ്യത്തെ കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: ഞാൻ എന്റെ ഹബീബ്(സ്വ) യെ കിനാവിൽ കണ്ടു. "തീർച്ചയായും നമ്മുടെ അടുക്കൽ നിങ്ങൾക്കുള്ള സ്ഥലം നമ്മൾ ഒരുക്കിയിട്ടുണ്ട്." എന്ന് അവിടുന്ന് എന്നോട് അരുളിയെന്നായിരുന്നു മഹാൻ പ്രതിവചിച്ചത്. ആ വർഷത്തെ ഹജ്ജ് കർമത്തിനു ശേഷം മദീനയിലേക്ക് തിരിച്ച അദ്ദേഹം മൂന്ന് ദിവസത്തോളം രോഗം മൂലം ശയ്യാവലംബിയായി കഴിഞ്ഞു. അനന്തരം ഹിജ്റ 1362 ദുൽഹിജ്ജ മാസത്തിന്റെ അന്ത്യത്തിൽ തികളാഴ്ച്ച രാവ് ഇശാഇനു ശേഷം (എ.ഡി. 1943) ആ മഹാത്മാവ് ഈ ലോകത്തോട് വിട പറഞ്ഞു. തിരു ഹബീബിന്റെ മദീനയിൽ ജന്നത്തുൽ ബഖീഇലാണ് മഹാനവർകളുടെ ജനാസ അടക്കം ചെയ്തത്. മഹാനവർകൾ കണ്ട സ്വപ്നം യാഥാർത്ഥ്യമാവുകയായിരുന്നു ഇതിലൂടെ. അനുരാഗത്തിന്റെ കാവ്യതല്ലജങ്ങൾ അലയടിക്കുന്ന ചില വരികൾ ഇങ്ങനെ വായിക്കാം:

ഹബീബുല്ലയാം ആദിസ്രോതസ്സാണീ ലോകം!
അവിടേക്കാണീ മഹിമയും സൗന്ദര്യവും പൂർണ്ണം.
നിലനിൽപ്പിൽ നൽകലായി നിറഞ്ഞിതഖിലവും,
അവിടെ അഭയം തേടിയാർക്കും നിരാശയില്ലൊട്ടും


അവിടത്തെ സ്നേഹത്തിൽ ഞാൻ മുഴുകിയന്നു ബാല്യം,
വൃദ്ധനായ്, എങ്കിലും ആ പ്രേമത്തിനില്ല തീർപ്പം.
അവിടത്തെ സ്നേഹമെന്നിൽ ദിനവും ഇരട്ടിക്കുന്നു,
ആ പ്രേമിക്കാണീ ലോകത്തിലെ സൗഖ്യവും സായൂജ്യവും.

പ്രിയനേ, അകൽച്ചയാം രോഗം എന്നാത്മാവിനെ തളർത്തീ,
ഔഷധ മാർഗ്ഗങ്ങൾ പോലും ദുർലഭമായി തീർന്നൂ!
അതിനാൽ പ്രിയനേ, അകൽച്ചയിതിൽ നിന്നെന്നെ രക്ഷിക്കൂ,
ഈ ദുരിതവും വേദനയും അതിനാലേ വർദ്ധിച്ചു!

അൽബയാനൂനിയുടെ പ്രവാചക സ്നേഹത്തിന്റെ തീവ്രതയും ആത്മീയമായ ആവിഷ്കാരവും പ്രവാചക പ്രകീർത്തന കാവ്യസമാഹാരവുമാണ് ഈ കൃതിയുടെ കാതൽ. തന്റെ ജീവിതകാലത്ത് പ്രവാചകൻ മുഹമ്മദ് നബി(സ്വ) യോടുള്ള അഗാധമായ സ്നേഹത്തെക്കുറിച്ചെഴുതിയ വിവിധ കവിതകൾ ഇതിൽ ഉൾപ്പെടുന്നു. പ്രധാന പ്രമേയം പ്രവാചക സ്നേഹം (ഹുബ്ബുർറസൂൽ) തന്നെയാണ്. അല്ലാഹുവിലേക്കുള്ള ആത്മീയ പാതയിൽ പ്രവാചകനെ പിന്തുടരേണ്ടതിന്റെ പ്രാധാന്യവും, അവിടുത്തോടുള്ള സ്നേഹത്തിലൂടെ കൈവരുന്ന അനുഗ്രഹങ്ങളുമാണ് മറ്റു ആഖ്യാനങ്ങൾ. പ്രവാചകന്റെ ഉൽകൃഷ്ടമായ സ്വഭാവഗുണങ്ങൾ, അവിടത്തെ ശുപാർശ (ശഫാഅത്ത്) നേടാനുള്ള ആഗ്രഹം, മദീനയിലേക്കുള്ള യാത്രയെക്കുറിച്ചുള്ള വികാരങ്ങൾ, പ്രവാചകനെ സ്വപ്നത്തിൽ കാണാനുള്ള തീവ്രമായ മോഹം എന്നിവയെല്ലാം ഈ കവിതകളിൽ നിറഞ്ഞുനിൽക്കുന്നു. ഈ ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത്, പ്രവാചകനെ സ്വപ്നത്തിൽ കണ്ടതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആത്മീയ ദർശനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ഭാഗമാണ് "ഗായതുൽ മത്‍ലൂബ് ഫീ റുഅ്‌യത്തിൽ മുഹിബ്ബിൽ ലിൽമഹ്ബൂബ്" (غاية المطلوب في رؤيا المحب للمحبوب) എന്ന പേരിലറിയപ്പെടുന്നത്. 

പ്രവാചകൻ മുഹമ്മദ് നബി(സ്വ) യോടുള്ള അചഞ്ചലമായ ഭക്തിയും ആത്മീയമായ പ്രേമവും കാവ്യാത്മകമായി ആവിഷ്കരിക്കാനുള്ള ഒരു മാർഗ്ഗമായിട്ടാണ് ഈ കവിതകൾ രചിക്കപ്പെടുന്നത്. ഉയർന്ന അറബി കാവ്യശൈലി പിന്തുടരുന്ന ഈ കൃതിയിൽ സൂഫി കാവ്യങ്ങളുടെ സവിശേഷതകളായ ആഴമേറിയ ആത്മീയ വികാരങ്ങൾ, വിനയം, പരമ്പരാഗത കാവ്യരൂപങ്ങളോടുള്ള കൂറ്, പ്രവാചകനോടുള്ള 'വിരഹദുഃഖം' (ഇശ്ഖ്) എന്നിവയെല്ലാം പ്രകടമാണ്. വായനക്കാരെ ആത്മീയമായ അനുഭൂതിയിലേക്ക് ഉയർത്തുന്ന സംഗീതാത്മകതയും ഇതിന്റെ പ്രത്യേകതയാണ്. കൃത്യമായ വരികളുടെ എണ്ണം ലഭ്യമല്ലെങ്കിലും, ഇതൊരു വിപുലമായ കവിതാസമാഹാരമാണ് (ദീവാൻ). പുസ്തകരൂപത്തിൽ ഏകദേശം 162 പേജുകൾ ഈ കൃതിക്കുണ്ട്.

തിരുഹബീബിനോടുള്ള അടങ്ങാത്ത അനുരാഗത്തെ അടയാളപ്പെടുത്തുന്ന അനേകം കാവ്യ തല്ലജങ്ങൾ കോർത്തിണക്കിയ മഹാൻ ഒരിക്കൽ ഇങ്ങനെ പാടി:

ശരീരത്തിൽ അഹ്‌മദിൻ സ്നേഹമുറച്ചെങ്കിൽ,
സത്യമീ, മണ്ണതിനെ ദ്രവിപ്പിക്കില്ലൊട്ടും!

അല്ലാഹുവിനെ സാക്ഷി നിർത്തി അദ്ദേഹം മൊഴിഞ്ഞ വാക്കുകൾ റബ്ബ് അദ്ദേഹത്തിലൂടെത്തന്നെ സത്യമാക്കിത്തീർത്തു. അവിടുത്തെ വഫാത്തിനുശേഷം നാലു വർഷം പിന്നിട്ട്, ബഖീഇലെ നിയമമനുസരിച്ച് ഒരു പുതിയ ജനാസ അടക്കം ചെയ്യാനായി അദ്ദേഹത്തിന്റെ ഖബർ തുറന്നപ്പോൾ, യാതൊരു മാറ്റവുമില്ലാതെ, കഫന്‍ പുടവക്ക് പോലും പഴക്കം തോന്നാത്ത വിദം  അദ്ദേഹത്തെ കണ്ടു എന്നാണ് ചരിത്രസാക്ഷ്യം. തിരുഹബീബിനോടുള്ള(സ്വ) അനുരാഗത്താൽ നാം ചെയ്യുന്ന ഒരു നന്മയും ഒരിക്കലും നിഷ്ഫലമാവുകയില്ല എന്ന മഹത്തായ പാഠമാണ് ശൈഖ് ഈസൽ ബയാനൂനി എന്ന ആത്മജ്ഞാനിയുടെ ജീവിതം ഈ നബിദിനരാത്രങ്ങളിലൂടെ നമുക്ക് നൽകുന്ന സന്ദേശം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter