മദീന: അനുരാഗികളുടെ ഹൃദയഭൂമിക

മക്കയില്‍ ജനിച്ച പ്രവാചകരെ, സ്വന്തം നാട്ടുകാര്‍ നിരാകരിച്ചപ്പോള്‍, ഇരുകൈയ്യും നീട്ടി വേണ്ടതെല്ലാം നല്കി സ്വാഗതമോതിയ പുണ്യഭൂമികയാണ് മദീന. ഇസ്‍ലാമിക ചരിത്രത്തിലെ ഒട്ടേറെ സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച മണ്ണ്. സ്നേഹഭാജനത്തിന്റേതായ എല്ലാം ആശിഖിന് പ്രിയപ്പെട്ടതാണെന്ന ലളിതസത്യം ഏറ്റവും സുന്ദരമായി പരാവര്‍ത്തനം ചെയ്യപ്പെടുന്നത് മദീനയിലാണെന്ന് പറയാം. വിശ്വാസത്തിന്റെ കണികയെങ്കിലും മനസ്സിലുള്ള ഏതൊരാളും ആഗ്രഹിച്ചുപോവുന്ന ഈ ഭൂമികയുടെ വിശദാംശങ്ങള്‍ നോക്കാം. 

യസ്‍രിബ് എന്ന നാമത്തിലായിരുന്നു മദീന ആദ്യം അറിയപ്പെട്ടിരുന്നത്. ക്രിസ്തുവിന് ആറ് നൂറ്റാണ്ടുകൾക്കു മുമ്പ് തന്നെ യസ്‍രിബ് എന്ന പട്ടണം നിലനിന്നിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു. ബി.സി 556-539 വർഷങ്ങൾക്കിടയിൽ രചിക്കപ്പെട്ടതാണെന്ന് കരുതുന്ന ബാബിലോണിയൻ ക്യൂണിഫോം രേഖയായ നബോനിഡസിൽ, ലസ്രിപ്പ്‌ എന്ന് വിളിക്കപ്പെടുന്നത് ഇതേ പട്ടണമാണെന്ന് കരുതപ്പെടുന്നു. നൂഹ് നബി(അ)ന്റെ നാലാം തലമുറയായ അമാലിയ വിഭാഗക്കാരാണ് മദീനയിലെ ആദിമ സമൂഹം. ഹിജാസിലേക്ക് കുടിയേറിയ ജൂതന്മാരായിരുന്നു ആദ്യമായി യസ്‍രിബിന്റെ സമ്പന്നതയിലും പുരോഗതിയിലും കാര്യമായ പങ്കു വഹിച്ചത്. ഇങ്ങനെ വന്നവരിൽ നിന്നുണ്ടായ ബനൂഖൈനുആഅ്, ബനൂനദീർ, ബനൂ ഖുറൈദ എന്നീ മൂന്ന് ഗോത്രങ്ങളായിരുന്നു മദീന നിവാസികൾ. പിന്നീട് നാലാം നൂറ്റാണ്ടിൽ യമനിൽ നിന്നും വന്ന ബനൂ ഔസ്, ബനൂ ഖസ്‍റജ് എന്നീ അറബ് ഗോത്രങ്ങളും അവിടെ തമാസമുറപ്പിച്ചു.

പിന്നീട് പ്രവാചകര്‍(സ്വ)യും അനുയായികളും മദീനയിലേക്ക് പലായനം ചെയ്യുകയും കൃത്യമായ നിയമ സംഹിതയും ഭരണ ക്രമവും ഇല്ലാതിരുന്ന ആ നാട്ടിലെ ജനങ്ങളെ ഐക്യപ്പെടുത്തി ഏവർക്കും സ്വീകാര്യമായ നിയമ സംഹിതയും ഭരണവും കൊണ്ടു വന്ന് പുതിയൊരു രാഷ്ട്രത്തതിന് തറക്കല്ലിടുകയും ചെയ്തു. പ്രസ്തുത സംഭവാനന്തരം അറിയപ്പെട്ട മദീനതുന്നബി (നബിയുടെ നഗരം) എന്ന പദത്തിൽ നിന്നാണ് പിന്നീട് മദീന എന്ന പേര് വന്നത്. വഴിപ്പെട്ടു എന്നർത്ഥം വരുന്ന ദാന എന്ന അറബി ധാതുവില്‍ നിന്നെടുത്തതാണ് മദീന എന്നും ഭാഷാ പണ്ഡിതന്മാരിൽ നിന്നും ഭൂരിഭാഗവും അഭിപ്രായപ്പെട്ടിട്ടുണ്ട്.

നിരവധി നാമങ്ങളിൽ

ഒരു വസ്തുവിന്റെ നാമങ്ങള്‍ വര്‍ദ്ധിക്കുന്നത് അതിന്റെ മഹത്വത്തെയാണ് സൂചിപ്പിക്കുന്നത്. മദീനക്കും അനവധി നാമങ്ങൾ ഉണ്ട്. മദീനയുടെ നാമങ്ങൾ വിശദീകരിച്ചു കൊണ്ടു മാത്രം നിരവധി ഗ്രന്ഥങ്ങൾ വിരചിതമായിട്ടുണ്ട്. മുഹമ്മദ് ബിൻ അബ്ദില്ലാഹിസ്സർകശി, മുഹമ്മദ് ബിൻ യഅ്ഖൂബ്, നൂറുദ്ദീൻ അലിയ്യുബ്‌ൻ അബ്ദില്ല തുടങ്ങിയവർ അവരിൽ പ്രധാനികളാണ്. അവയില്‍ പ്രധാനമായവ നോക്കാം.

മദീന

ഏറ്റവും പ്രസിദ്ധമായ നാമമാണിത്. പട്ടണം എന്നർത്ഥം വരുന്ന ഈ പദം വിശുദ്ധ ഖുർആനിൽ നാല് സ്ഥലങ്ങളിൽ പ്രതിപാദിച്ചിട്ടുണ്ട്. സൂറത്തു തൗബ 101 & 120, സൂറത്തുൽ മുനാഫിഖൂൻ 8, സൂറത്തുൽ അഹസാബ് 60 എന്നിവയിലാണത്.

ത്വൈബ

നല്ല സ്ഥലം എന്നർത്ഥം വരുന്ന ത്വൈബ എന്ന പേര് തൊയ്യിബ് (നല്ലവർ) ആയ തിരുനബിയുടെ നാടായതിനാലാണ്. തിരുനബി (സ്വ) പറയുന്നു: "ഇത് ത്വൈബയാണ് , ഇത് ത്വൈബയാണ് , ഇത് ത്വൈബയാണ് "(മുസ്‌ലിം).

ത്വാബ

ത്വൈബയുടെ സാരവും നിമിത്തവും തന്നെയാണീ പദത്തിനും. ജാബിർ ബിൻ സമുറ(റ) പറയുന്നു: നബി (സ്വ) പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹു മദീനയെ ത്വാബ എന്ന് നാമകരണം ചെയ്തിരിക്കുന്നു. (മുസ്‌ലിം ).
നബി (സ്വ) പറഞ്ഞു: "മദീനയെ ത്വാബ എന്ന പേര് വിളിക്കാൻ അല്ലാഹു എന്നോട് കൽപിച്ചിരിക്കുന്നു. (ത്വബ്‌റാനി)

ദാറുൽ ഹിജ്‌റ

ഹിജ്‌റയുടെ വീട് എന്നർത്ഥം. ഹിജ്റക്ക് മുമ്പ് നബി(സ്വ) പറഞ്ഞു: "നിങ്ങളുടെ ദാറുൽ ഹിജ്‌റ എനിക്ക് കാണിക്കപ്പെട്ടു. ഈന്തപ്പനകൾ അധികമുള്ള നാടാണത്."

മഅ്റസുൽ ഈമാൻ

"വിശ്വാസം മദീനയിലേക്ക് മടങ്ങും" എന്ന ഹദീസ് ആധാരമാക്കിയുള്ള നാമമാണിത്. വിശ്വാസത്തിന്റെ മടക്ക സ്ഥലം എന്നർത്ഥം.

അൽ മഹ്ബൂബ

നബി(സ്വ)ക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും വിശ്വാസികൾ ഏവരും കൊതിക്കുന്നതുമായതിനാൽ ഇങ്ങനെ വിളിക്കപ്പെടുന്നു. പ്രിയപ്പെട്ട നാട് എന്നർത്ഥം.

അൽ ജാബിറ

പരിഹരിക്കുന്നത് എന്നർത്ഥം വരുന്ന ഈ നാമത്തിന്റെ നിമിത്തം മദീന എല്ലാവരുടെയും പ്രയാസ-പ്രശ്നങ്ങൾക്കുള്ള പരിഹാര കേന്ദ്രമായതിനാലാണ്.

ദാറുൽ അബ്റാർ

സജ്ജനങ്ങളുടെ നാട് എന്നർത്ഥം വരുന്ന ഈ നാമം നബിയും അൻസ്വാറുകളും മുഹാജിറുകളും മദീനയിൽ ഒരുമിച്ചു കൂടിയതിനാലാണ്.

ദാറുൽ ഫത്ഹ്

ഒട്ടനവധി വിപ്ലവങ്ങൾക്ക് സാക്ഷ്യം വഹിച്ചതിനാലാണ് വിപ്ലവങ്ങളുടെ നാടെന്ന നാമത്തിൽ മദീന അറിയപ്പെട്ടത്.

യസ്‍രിബ്

ജാഹിലിയ്യാ കാലത്തെ നാമമായിരുന്ന ഇതിനെ മുനാഫിഖീങ്ങളെ ഉദ്ധരിക്കുന്നിടത്ത് ഖുർആനിൽ പ്രതിപാദിക്കുന്നുണ്ട്. (സൂറതുല്‍ അഹസാ്ബ്). തിരു നബി(സ്വ)ക്ക് ഈ പേര് ഇഷ്ടമില്ലായിരുന്നു. പകരം ത്വാബ എന്നോ ത്വൈബ എന്നോ വിളിക്കാനായിരുന്നു അവിടുന്ന് കൽപ്പിച്ചതും ആഗ്രഹിച്ചതും.

നബി (സ്വ) പറഞ്ഞു: "ആരെങ്കിലും മദീനയെ യസ്‍രിബ് എന്ന് വിളിച്ചാൽ അവൻ പൊറുക്കലിനെ തേടിക്കൊള്ളട്ടെ. തീർച്ചയായും അത് ത്വാബയാണ്, അത് ത്വാബയാണ്, അത് ത്വാബയാണ്". ആക്ഷേപിക്കപ്പെട്ടത്, നാശം എന്നൊക്കെയാണ് ഈ പദത്തിന്റെ അര്‍ത്ഥം എന്നതാവാം കാരണം. 

ഖുബ്ബത്തുൽ ഇസ്‍ലാം, ഖൽബുൽ ഈമാൻ, അർളുല്ലാഹ്, അൽമുബാറക, ഹറമു റസൂലില്ലാഹ്, അൽഈമാൻ, അൽബലദ്, അൽബാർറ, ബൈത്തു റസൂലില്ലാഹ്, ഹസനത്ത്, ദാറുസുന്ന, സയ്യിദതുൽബുൽദാൻ, അൽമുഖദസ്സ്, അന്നാജിയ, ദാറുന്നഖ്ല്, അൽമുഹർറമ, അൽമഹ്ഫൂള്, മദീനത്തുറസൂൽ, അൽ ഹബീബ, തൊയ്യിബ്, അൽമുഹിബ്ബത്ത്, അൽമുഖ്താറ, അൽമിസ്കീന, അൽമുസ്‍ലിമ, ത്വാഇബ, അൽമകീന, അൽമഖർ തുടങ്ങിയ പരിശുദ്ധമായതും പ്രസിദ്ധമായതുമായ വേറെയും അനേകം നാമങ്ങൾ മദീനക്കുണ്ട്.

മക്കയോ മദീനയോ?

മക്കയും മദീനയും തിരുജീവിതത്തിലെ മുഖ്യ ഘടകങ്ങളാണ്. രണ്ടിനും മഹത്തായ ശ്രേഷ്ഠതകൾ ഉണ്ട്. എന്നാലിവയിൽ ഏറ്റവും ശ്രേഷ്ഠമായത് ഏതാണെന്നതിൽ അഭിപ്രായ ഭിന്നതയുണ്ട്.

ഇമാം ശാഫിഈ(റ), ഇമാം അബൂഹനീഫ(റ), ഇമാം ഹമ്പലി(റ) പോലെയുള്ള മിക്ക പണ്ഡിതരും മക്കയെയാണ് ശ്രേഷ്ഠമായി എണ്ണുന്നത്. "എന്റെ വീടിനും മിമ്പറിനുമിടയിലുള്ള സ്ഥലം സ്വർഗ്ഗത്തോപ്പുകളിൽ പെട്ടതാണ്" എന്ന ഹദീസ് തെളിവ് പിടിച്ചു കൊണ്ടാണ് ഇവരിൽ പലരും മക്കയെ ശ്രേഷ്ഠമായെണ്ണുന്നത്. 

എന്നാൽ ഇമാം മാലിക്(റ), ഇമാം സുബ്കി(റ), ഇബ്നുകസീർ(റ), ഇമാം ബുജൈരിമി(റ), ഇമാം സുയൂഥി(റ) തുടങ്ങിയ മഹാന്മാർ തിരുനബിയുടെ ശറഫാക്കപ്പെട്ട ശരീരം ചേർന്ന് നിൽക്കുന്ന സ്ഥലമാണ് പവിത്രമെന്ന് പറയുന്നവരാണ്. ഹാഫിള്ബ്നു കസീർ(റ) പറയുന്നു: "നബി(സ്വ)യുടെ ശരീരം ചേർന്നു നിൽക്കുന്ന സ്ഥലമാണ് മക്കയേക്കാളും പവിത്രമായത്." (അൽ ബിദായ വന്നിഹായ).

മദീന മഹത്വം: തിരു വചനങ്ങളിൽ

വിവിധ ഹദീസുകളിലായി ഇങ്ങനെ കാണം.
- മദീനയിലേക്ക് ഹിജ്‌റ വന്ന സമയത്ത് ചില സ്വാഹിബകൾക്ക് രോഗം പിടിപെടുകയും മക്കയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുകയും ചെയ്തപ്പോൾ തിരു നബി പ്രാർത്ഥിച്ചു: "മദീനയെ ഞങ്ങൾക്ക് പ്രിയപ്പെട്ട നാടാക്കി മറ്റേണമേ.."

- "അല്ലാഹുവേ, ഇബ്‍റാഹീം നബി നിന്റെ അടിമയും ഉറ്റമിത്രവുമാണ്. ഞാൻ നിന്റെ അടിമയും പ്രവചകനുമാണ്. മക്കക്കാർക്ക് നീ ബറക്കത്ത് ചെയ്തതിന്റെ രണ്ടിരട്ടിയായി മദീനക്കാർക്ക് നീ ബറകത്ത് ചെയ്യേണമേ.." (തുർമുദി).

- "എല്ലാ രാജ്യങ്ങളേയും അതിജയിക്കുന്ന ഒരു നാട്ടിലേക്ക്‌ ഹിജ്‌റ പോകാൻ ഞാൻ കൽപിക്കപ്പെട്ടിരിക്കുന്നു. അവർ യസ്‍രിബ് എന്നാണതിനെ വിളിക്കുന്നത്. അത് മദീനയാണ്. ഉല ഇരുമ്പിനെ ശുദ്ധിയാക്കുന്നത് പോലെ മദീന ജനങ്ങളെ ശുദ്ധിയാക്കും. (ബുഖാരി)

- "സർപ്പം അതിന്റെ മാളത്തിൽ അഭയം പ്രാപിക്കുന്നത് പോലെ നിശ്ചയം വിശ്വാസം മദീനയില്‍ അഭയം പ്രാപിക്കും.

- "മദീനയുടെ കവാടങ്ങളിൽ മലക്കുകളുണ്ട്. പ്ലേഗ് രോഗവും ദജ്ജാലും അവിടേക്ക് പ്രവേശിക്കുകയില്ല. (ബുഖാരി)

- "മദീനക്കാരെ ആക്രമിക്കുന്നവർ ഉപ്പ്‌ വെള്ളത്തിൽ ഉരുകുന്നതുപോലെ ഉരുകിപ്പോകാതിരിക്കില്ല. (ബുഖാരി)

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter