ഹദീസ് നബവി; ഒരു സമകാലിക വായന
മൂല പ്രമാണങ്ങളുടെ ആധികാരികതയാണ് ഇസ്‍ലാമിന്റെ അടിത്തറയെ ഇത്രമേൽ ഭദ്രമാക്കി ഇക്കാലമത്രെയും നിലനിർത്തിപ്പോന്നിട്ടുള്ളത്. ദൈവിക വചനങ്ങളുടെ അനന്തമായ സാധ്യതകൾ ഖുർആനായും ആ ദൈവികത മാനുഷിക ചുറ്റുപാടുകളിലൂടെ അവതരിപ്പിച്ച നബി വചനങ്ങൾ ഹദീസായും നിലവിലുള്ളതാണ് ആ മൂല പ്രമാണങ്ങളിൽ പ്രഥമസ്ഥാനീയരായവയും മറ്റെല്ലാത്തിന്റെയും അടിസ്ഥാനവും. ഇസ്‌ലാം വിമർശകർ അരങ്ങു തകർക്കുന്ന ആധുനിക നൂറ്റാണ്ടുകളിലും അവയുടെ പ്രസക്തി ഒട്ടും അസ്തമിക്കുന്നില്ലെന്നതാണ് ഇസ്‌ലാമിനെ മറ്റു പ്രസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഒരു സാധാരണ മനുഷ്യന്റെ വചനങ്ങൾക്ക് ചില അർത്ഥങ്ങളെന്നതിന്നപ്പുറം മറ്റെന്ത് പ്രസക്തിയെന്ന അത്ര നിഷ്കളങ്കമല്ലാത്ത എന്നാൽ നിസ്സാരം എന്ന തോന്നിപ്പിക്കുന്ന ചോദ്യം ഹദീസിന്റെ പ്രാമാണികതയെയാണ് അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്നത്. കേവല ബൗദ്ദിക ചിന്ത പോലും ഹദീസിന്റെ പ്രസക്തിയെ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അടിവരയിടുന്നുണ്ടെന്നതാണ് യാഥാർഥ്യം. രണ്ട് സ്വതന്ത്ര സ്രോതസ്സുകളെങ്കിലും ഖുർആനും ഹദീസും അഭേദ്യമായ ബന്ധങ്ങളുള്ളവയാണ്. ഖുർആനിന്റെ കല്പനകൾ തന്നെയാണ് ഹദീസ് നിഷേധിക്കാൻ വെമ്പി നിൽക്കുന്നവർക്കുള്ള ഏറ്റവും വലിയ മറുപടിയും. നിങ്ങളിൽ പ്രവാചകരെ അനുസരിക്കുന്നവരാരോ അവർ തന്നെയാണ് സ്രഷ്ടാവിനെയും അനുസരിക്കുന്നവരെന്ന പ്രഖ്യാപനം ഇതിന്ന് അടിവരയിടുന്നുണ്ട്. ദൂതൻ നിങ്ങൾക്ക് നൽകുന്നതെന്തും നിങ്ങൾ എടുക്കണം, കൂടാതെ എന്ത് അവൻ നിങ്ങളെ വിലക്കുന്നു, നിങ്ങൾ അതിൽ നിന്ന് പിന്മാറണം എന്ന കണിശമായ കല്പനയും ഹദീസിന്റെ പ്രാമാണികതയിൽ സംശയ ദൃഷ്ടികൾക്ക് ഇടമില്ലെന്ന് വിളിച്ചുപറയുന്നുണ്ട്.
പ്രവാചകരെ നിയമിക്കുക എന്ന ദിവ്യ ചര്യയുടെ അടിസ്ഥാനം തന്നെ ഐഹികവും പാരത്രികവുമായ ജീവിതങ്ങളിൽ മനുഷ്യകുലത്തിന്ന് ഒരു ഘടന ഉണ്ടാക്കിയെടുക്കുകയെന്നതാണെന്ന് ഇമാം ഇബ്നുഹജർ(റ) തന്റെ വിഖ്യാതമായ തുഹ്ഫയിൽ വിവരിക്കുന്നത് കാണാം. മനുഷ്യ കുലമെന്ന പ്രതിഭാസം ഏതുകാലം വരെ നിലനിൽക്കുന്നുവോ അന്ന് വരെ ആ പ്രവാചക പാഠങ്ങൾക്ക് വിലയുണ്ടെന്ന് തന്നെയാണ് അതിന്റെ വിവക്ഷ.
സുന്നത്ത്, ഹദീസ് എന്നിങ്ങനെ വിവിധങ്ങളായ പ്രയോഗങ്ങളാണ് ഇസ്‌ലാമിക വിജ്ഞാന മേഖല ഈ മഹത്തായ വിജ്ഞാന ശാഖയെ പൊതുവായി വിശേഷിപ്പിക്കുന്നത്. പ്രവാചകരുടെ വാക്ക്, പ്രവൃത്തി, മൗനാനുവാദങ്ങൾ എന്നിവയാണ് അതിന്റെ നിശ്ചിത പരിധിക്കുള്ളിൽ വന്നുചേരുന്നത്. കര്‍മ്മശ്സ്ത്ര പരിധിയിൽ വരുന്ന സ്തുത്യർഹമായ പ്രവർത്തനമെന്ന അർഥം തന്നെയാണ് യഥാർത്ഥത്തിൽ ഇവിടെയും വന്നുചേരുന്നത്. പരിപൂർണ്ണ മനുഷ്യ ജന്മത്തിൽ പിന്നെ സ്തുത്യര്‍ഹമായതല്ലാതെ മറ്റൊന്നുമില്ലയെന്ന പൊതു ജ്ഞാനമാണ് ഇതിന്നടിസ്ഥാനം. ഹദീസിന്റെ പദോല്പത്തി ശാസ്ത്രത്തിലും സമാനമായ ആശയങ്ങൾ തന്നെയാണുള്ളത്.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇസ്‍ലാമിക ചരിത്രത്തിൽ അനവധി വിഭാഗങ്ങൾ ഉടലെടുത്തിട്ടുണ്ടെങ്കിലും ഒരൊറ്റ ഹദീസ് പോലും മുഖവിലക്കെടുക്കാത്തവർ ഇല്ലെന്നു തന്നെ പറയാം. പല ആധികാരിക ഉദ്ധരണികളെയും നിഷേധിക്കാൻ മുന്നിലുണ്ടായിരുന്നവർ പോലും ഒന്നല്ലെങ്കിൽ മറ്റൊന്നെന്ന നിലക്ക് ഹദീസുകളെ സ്വീകരിച്ചിരുന്നതായിക്കാണാം. ഇത്തരക്കാരിൽ ഭാഗമായുണ്ടായിരുന്ന ആദർശ വ്യതിചലനങ്ങൾ അവരെ നിഷേധങ്ങളിലേക്ക് നയിച്ചതായും കാണാം. ഒരു ഹദീസെങ്കിലും സ്വീകരിക്കാത്ത വിഭാഗങ്ങൾ ഇസ്‍ലാമിക ചരിത്രത്തിൽ കടന്നുപോയിട്ടില്ലെന്നത് എന്റെ സമുദായം കളവിനുമേൽ ഒന്നിക്കുകയില്ലെന്ന നബിവചനത്തിലേക്ക് ചേർത്തുവെക്കുമ്പോൾ ഹദീസുകളുടെ അനിഷേധ്യ ആധികാരികതയാണ് തെളിഞ്ഞു വരുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലാണ് അല്പമെങ്കിലും പൂർണ്ണ ഹദീസ് നിഷേധികൾ തലപൊക്കി തുടങ്ങുന്നത്. ഖുർആൻ സംരക്ഷിക്കപ്പെടുന്നത് പോലെ ആധികാരികമല്ല ഹദീസിന്റെ കൈമാറ്റമെന്ന തെറ്റായ വിശ്വാസമായിരുന്നു ഈ ചിന്താധാരയുടെ അടിസ്ഥാനം. ആ തെറ്റിദ്ധാരണയില്‍ അകപ്പെട്ട്, ഹദീസുകളുടെ പിന്തുണയില്ലാതെ ഖുർആനിനെ വ്യാഖ്യാനിക്കാൻ വരേ അവരിൽ പലരും മുതിർന്നു. ഹദീസുകളുടെ സമകാലിക പ്രാധാന്യം വിവരിക്കുന്നിടത്ത് ഹദീസ് നിഷേധത്തിനും അതിന്റെ പറയപ്പെടുന്ന കാരണങ്ങൾക്കും ചെറുതല്ലാത്ത പങ്ക് വഹിക്കാനുണ്ട്. അത്തരം തെറ്റായ വിശ്വാസ ധാരകളുടെ ബലഹീനത തുറന്നുകാട്ടുന്നതിലാണ് യഥാർത്ഥത്തിൽ ഹദീസിന്റെ സമകാലിക പ്രസക്തി നിലകൊള്ളുന്നത്.
ഹദീസ് നിഷേധത്തിന്റെ കാരണങ്ങൾ
നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക ചരിത്രത്തിൽ പൂർണ്ണ ഹദീസ് നിഷേധികൾ വന്നുതുടങ്ങിയിട്ട് അല്പമാകുന്നതേയുള്ളു. ഹദീസുകളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നതോടൊപ്പം ഖുർആൻ എത്തിക്കുക എന്നതിലപ്പുറം മറ്റൊന്നും പ്രവാചക ദൗത്യമല്ലെന്ന വിശ്വാസവും അത്തരക്കാർ വെച്ചുപുലർത്തിയിരുന്നു. ഖുർആൻ പോലെ സംരക്ഷിക്കപ്പെട്ടിട്ടില്ല ഹദീസ് എന്നതാണ് ഇവരുടെ വാദങ്ങളുടെയെല്ലാം അടിത്തറ. ഹദീസുകളിലെ ഉദ്ധരണി മാറ്റങ്ങൾ അവരതിന്ന് കാരണമായി ചൂണ്ടിക്കാണിക്കുകയും ചെയ്യും. ഈ വാദങ്ങളെ അന്തലൂസിയൻ പണ്ഡിതൻ ഇബ്ൻ ഹസ്മ് മനോഹരമായി പൊളിച്ചെഴുതുന്നത് കാണാം. അദ്ദേഹത്തിന്റെ മറുപടിയിങ്ങനെയാണ്, ഹദീസ് നിഷേധികൾക്ക് പോലും നിഷേധിക്കാനാവാത്തതാണ് പ്രവാചകരെ പിന്‍പറ്റണമെന്ന ഖുർആനിക വചനം. എങ്കിൽ പിന്നെ ദൈവം ഒരു കല്പന പുറപ്പെടുവിപ്പിക്കുകയും അതിലേക്ക് എത്തിച്ചേരാനുള്ള എല്ലാ വഴികളും തടഞ്ഞു വെച്ചിരിക്കുകയുമാണെന്ന് വരും. ഹദീസുകളല്ലാതെ പ്രവാചകരുടേതായി ഇന്ന് എന്താണ് ശേഷിക്കുന്നത്?.
ആധുനികതയോട് ചിലയിടങ്ങളിൽ കലഹിക്കുന്നുവെന്നതാണ് മറ്റു ചിലർക്ക് ഹദീസ് നിഷേധത്തിനുള്ള കാരണം. അർത്ഥതലങ്ങൾ ഉൾക്കൊള്ളുന്നിടത്തെ പോരായ്മയാണ് യഥാർത്ഥത്തിൽ ആ വാദത്തിന്റെ ഹേതുകം. വ്യാജ നിർമ്മിതികളെ കളത്തിന്ന് പുറത്ത് നിർത്തുകയെന്നതായിരുന്നു യഥാർത്ഥത്തിൽ ഹദീസ് എന്ന ശാഖ രൂപപ്പെടാൻ തന്നെ കാരണം. ലഭ്യമായ ഹദീസുകൾ കൃത്യമായ പണ്ഡിത ഇടപെടലുകൾക്ക് ശേഷമല്ലാതെ പ്രചാരണത്തിലെത്തിയിട്ടില്ലെന്നതാണ് മുൻകാല ഹദീസ് കൈമാറ്റങ്ങളുടെ ചരിത്രം. ആ ശൈലിയിൽ വന്ന വീഴ്ച്ചകളാണ് ഈ വാദത്തിന് തുടക്കം കുറിക്കുന്നത്. ഈ ഇൻഫർമേഷൻ യുഗത്തിൽ വിവര ലഭ്യത കൂടുന്ന സാഹചര്യം തന്നെയാണ് ഇത്തരം ചിന്തകൾക്ക് ജന്മം നൽകുന്നത്. പ്രത്യക്ഷ വായനകളിലൂടെ മാത്രം കണ്ട് പല ഹദീസുകളെയും വേണ്ടെന്ന് വെക്കുന്ന പ്രവണതയാണ് ഇവരിൽ കണ്ട് വരുന്നത്. സ്വഹീഹുൽ ബുഖാരി പോലോത്ത ഗ്രന്ഥങ്ങൾ ഇന്ന് അറബിയിലും വിവർത്തനം ചെയ്യപ്പെട്ട മറ്റു ഭാഷകളിലും സുലഭമായി ലഭിക്കുമെന്നിരിക്കെ ബാഹ്യ വായനകിലൂടെ അതിന്റെ ആധികാരികതയെ ചോദ്യം ചെയ്യുന്നത് മൂഡമായ സമീപനമാണ്. ഒരു ആധികാരിക ഹദീസ് ഗ്രന്ഥം വായിക്കാനാവിശ്യമായ പൂരകങ്ങൾ എല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തിയവന്ന് മാത്രമേ യഥാർത്ഥത്തിൽ അവ വായിക്കാൻ യോഗ്യതയുള്ളൂ. യഥാർത്ഥ വായന നടന്നില്ലെങ്കിൽ നന്മയുടെ ഇടങ്ങളിൽ ദുഷ്ചിന്ത കയറിയിരിക്കുമെന്ന് വേണം വായിച്ചെടുക്കാൻ. അത്തരം വായനകളാണ് ഹദീസിന്റെ കാലിക പ്രസക്തിയെ ചോദ്യം ചെയ്യുന്നത്തിലേക്കെത്തിക്കുന്നത്. ചോദ്യകർത്താവ് ആഗ്രഹിക്കുന്ന ഉത്തരം നൽകുന്ന സാങ്കേതികവിദ്യകളോട് മത്സരിക്കുന്നിടത്താണ് പലരും ഹദീസിന്റെ പരാജയം കാണാൻ ശ്രമിക്കുന്നത്. ഖുർആനുമായി എപ്പോഴും ചേർത്തുവായിക്കുക എന്നതാണ് ഇത്തരം പ്രശ്നങ്ങൾക്കുള്ള ഫലപ്രദമായ ഒരു മാർഗം.
ഹദീസ് എന്തിന്?
ഖുർആൻ മാത്രമായി വായിക്കുകയെന്ന ആശയം തന്നെ നിലനില്പില്ലാത്തതാണെന്നതാണ് ഹദീസിന്റെ ഏറ്റവും വലിയ പ്രസക്തി. ഇസ്‍ലാമിന്റെ പഞ്ചസ്തൂപങ്ങളിൽ പലതും ഹദീസുകളില്ലാതെ വായിച്ചെടുക്കൽ അസാദ്ധ്യമാണ്. യഥാർത്ഥത്തിൽ ഖുർആനിന്റെ ഏറ്റവും നല്ല തഫ്സീർ ഹദീസ് തന്നെയാണ്. അഭിപ്രായ ഭിന്നതകൾക്കിടമില്ലാതെ അംഗീകരിച്ചു പോരുന്ന നിസ്കാരത്തിന്റെ രൂപം പോലുള്ള വിഷയങ്ങളിൽ പോലും ഹദീസ് നിഷേധികൾ ഭിന്നാഭിപ്രായക്കാരാണെന്നതാണ് സത്യം. ഇത്തരം ആരാധന കർമ്മങ്ങൾ ഒരു ഉദാഹരണം മാത്രമാണ്. ഖുർആനിന്റെ പല പദപ്രയോഗങ്ങളും മനസ്സിലാക്കിയെടുക്കാൻ ഹദീസ് അവശ്യമാണെന്നത് അത്ര അടിസ്ഥാനപരമാണ് കാര്യങ്ങൾ എന്ന് സൂചിപ്പിക്കുന്നു. ഹദീസ് കാലികമെന്ന് വിശ്വസിക്കാൻ അവർ നിർബന്ധിതരാകുന്നു എന്ന് വേണം മനസ്സിലാക്കാൻ. ഖുർആൻ വായിക്കാൻ അവരുപയോഗിക്കുന്ന ഡിക്ഷണറികൾ പലതും ഹദീസ് പണ്ഡിതരായിരുന്നവരുടേതായിരുന്നു. ഹദീസ് എന്ന സംസ്കാരം തന്നെ വ്യാജമെങ്കിൽ ഇസ്‍ലാമിൽ പിന്നെ ഖുര്ആനൊഴികെ മറ്റൊന്നുമില്ലെന്ന് പറയേണ്ടി വരും. അങ്ങനെ ഹദീസ് നിഷേധികൾ എല്ലാത്തിൻ്റെയും നിഷേധികളായി മാറുന്നു.
ഹദീസിനെ അംഗിഗരിക്കുകയെന്നാൽ ഖുർആൻ പോലുള്ള ഗ്രന്ഥങ്ങൾ മാത്രമല്ല ദിവ്യബോധനമെന്ന് തിരിച്ചറിയലാണ്. ഖുർആൻ തന്നെയാണ് ആ തിരിച്ചറിവിന്റെ അടിസ്ഥാനവും. തൻ്റേതായ ഒന്നും പ്രവാചകർ പറയില്ലെന്ന ഉറച്ച പ്രഖ്യാപനം ഖുർആനിന്റെ ശക്തമായ ഇടപെടലുകളിലൊന്നാണ്. പ്രവാചകരെന്നാൽ മാനവകുലത്തിന് മാതൃകാധ്യാപകൻ കൂടിയാണെന്ന വസ്തുത ഇവിടെ ചേർത്തുവായിക്കേണ്ടതുണ്ട്. പ്രവാചകരെ നിയോഗിച്ചത് വലിയ അനുഗ്രഹമായി അല്ലാഹു ഖുർആനിൽ വിവരിക്കുമ്പോൾ ഹദീസ് നിഷേധമെന്ന ആശയത്തിന് എന്ത് പ്രസക്തിയാണ് നിലവിലുള്ളത്.
സമകാലിക വായന
ശാസ്ത്രവും വിവരസാങ്കേതിക വിദ്യയും ഏറെ മുന്നോട്ട് പോയ ഇക്കാലത്ത് ശാസ്ത്രീയമല്ലെന്ന വാദമാണ് ഹദീസുകളുടെ പ്രാമാണികതയെ ചോദ്യം ചെയ്യാൻ ഉപയോഗിക്കപ്പെടുന്ന ഏറ്റവും വലിയ ഉപകരണം. ചില പ്രാഥമിക ഉൾകൊള്ളലുകൾ കൊണ്ട് മാറ്റിയെടുക്കുവുന്നതേയുള്ളൂ ഇത്തരം മിഥ്യാധാരണകൾ. മനുഷ്യ ബുദ്ധി പരിമിതമാണെന്ന ബോധ്യവും സാഹചര്യ വായനയുടെ പ്രസക്തിയും പ്രാധാന്യവും ഉൾകൊള്ളലും എല്ലാം അത്തരം ചിലത് മാത്രമാണ്.
യുക്തിയും ദിവ്യബോധങ്ങളും എതിർ ചേരികളിലല്ല എന്നതാണ് ഇസ്‍ലാമിക പ്രമാണങ്ങളുടെ സൗന്ദര്യം. യുക്തിയെ പ്രോത്സാഹിപ്പിക്കുന്ന അനവധി സൂക്തങ്ങൾ ഖുർആനിൽ തന്നെ കാണാനാവും. യുക്തി ചിന്ത യുക്തിപൂർവ്വമാവണമെന്നും ബോധനങ്ങൾ ആധികാരികമാവണമെന്നും മാത്രമേ ഇസ്‍ലാം നിഷ്‌കർഷിക്കുന്നൊള്ളൂ.
ഹദീസുകളിലെ വിമർശനങ്ങളും ബാഹ്യമായ പൊരുത്തക്കേടുകളും അത്ര പുതുമയുള്ളതൊന്നുമല്ല. ഹദീസ് എന്ന വിജ്ഞാന ശാഖ തുടങ്ങിയത് മുതൽതന്നെ അവയൊക്കെ നിലവിലുണ്ട്. മുഖാലഫാതുൽ ഹദീസ് എന്ന പഠന ശാഖ തന്നെ അത്തരത്തിൽ രൂപപ്പെട്ട ഒന്നാണ്. സമകാലിക ഹദീസ് വായനകളിലേക്ക് കടക്കുന്നിടത്ത് നാം ഉൾകൊള്ളേണ്ട ഒരു വസ്തുതയുണ്ട്. പ്രഥമദൃഷ്ട്യാ പ്രശ്‌നാമെന്ന് തോന്നിക്കുന്ന എല്ലാ ഹദീസുകൾക്കും അതിൻ്റേതായ അർത്ഥങ്ങളുണ്ടെന്നതാണത്. ആധികാരികത മാത്രമേ നാം പരിശോധിക്കേണ്ടതുള്ളു.
മനുഷ്യ ബുദ്ധിക്കുമപ്പുറത്താണ് സ്രഷ്ടാവിന്റെ ബോധനങ്ങൾ, അവ മനുഷ്യ ബുദ്ധികൊണ്ട് വിമര്ശനവിധേയമാക്കുന്നത് വിഡ്ഢിത്തമാണ്. ഇസ്‍ലാമിന്റെ അടിസ്ഥാനങ്ങളിൽ അടിയുറപ്പോടെ വിശ്വസിക്കുന്നുവെങ്കിൽ നബി വചന ഉള്ളടക്കങ്ങളിൽ സംശയിക്കേണ്ടതായിട്ട് ഒന്നുമില്ലെന്നതാണ് വസ്തുത. പ്രവാചകൻ അല്ലാഹുവിൽ നിന്ന് സന്ദേശങ്ങൾ കൈപ്പറ്റുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഒരാൾക്ക് ബാങ്ക് വിളിക്കുമ്പോൾ പിശാച് ഇറങ്ങിയോടുമെന്ന ഹദീസിനോട് വിയോജിക്കേണ്ടതായിട്ടൊന്നുമില്ല.
അറിവുത്പാദനത്തിന്റെ മൂന്ന് മാർഗങ്ങളെ മനസ്സിലാക്കുന്നിടത്ത് ഇത്തരം സംശയങ്ങളെല്ലാം നീങ്ങിപ്പോകുന്നതാണ്. പഞ്ചേന്ദ്രിയങ്ങളും യുക്തിയും പിന്നെ ആധികാരിക ഉദ്ധരണികളുമാണ് അവ. ഇന്ദ്രിയങ്ങളുടെ പരിധി അവസാനിക്കുമ്പോൾ യുക്തി നമ്മെ സഹായിക്കാനെത്തുന്നു. എങ്കിലും ആ യുക്തിക്കും അതിന്റെതായ പരിമിധികളുണ്ടെന്ന് മനസ്സിലാക്കുന്നിടത്താണ് നാം സത്യത്തെ പുൽകുന്നത്. ദൈവിക വചനങ്ങളെ മനുഷ്യ യുക്തി കൊണ്ട് അളക്കാൻ ശ്രമിക്കുന്നത് സ്വർണ്ണപ്പണിക്കാരന്റെ തുലാസിലിട്ട് മലകളെ അളക്കണമെന്ന് വാശിപിടിക്കുന്നത് പോലെയാണെന്ന് ഇബ്നുഖൽദൂൻ വീക്ഷിച്ചത് എത്ര വ്യക്തമാണ്.
സാഹചര്യ വായനയാണ് മറ്റൊരു ഘടകം. പ്രവാചക വചനങ്ങൾ അർത്ഥങ്ങളൊളിപ്പിച്ചിരിക്കുന്നത് യഥാർത്ഥ സാഹചര്യങ്ങളിൽ വായിച്ചെടുക്കുമ്പോഴാണ്. ഇന്നിന്റെ സാമൂഹിക ഘടന വെച്ചുകൊണ്ട് നൂറ്റാണ്ടുകൾക്കു മുൻപ് വന്ന സാമൂഹിക സാഹചര്യ വർത്തമാനങ്ങളെ വിമര്ശനവിധേയമാക്കുന്നത് എത്ര അയുക്തമാണ്. ആധുനിക വിമർശകർ അവരുടെ ചരിത്രവായനയിൽ ചില ആദർശങ്ങൾ അടിച്ചേൽപ്പിക്കുന്നത് കാണാം. ഈ ആദർശങ്ങളുമായി പൊരുത്തപ്പെടാത്തത് "പിന്നോക്കം" അല്ലെങ്കിൽ "യുക്തിരഹിതം" ആയതിനാൽ സംശയാതീതമായി ഉപേക്ഷിക്കപ്പെടണമെന്ന് അവർ വിശ്വസിക്കുന്നു. അതിനാൽ, ആധുനിക വൈവാഹിക ധാർമ്മികതയെ അടിസ്ഥാനമാക്കി ആഇശ ബീവിയുടെ വിവാഹത്തെ വിമർശിക്കുന്നത് ധിക്കാരമാണ്. പ്രവാചകന്റെ സമകാലിക വിമർശകർ പ്രവാചകരെ വിമർശിക്കാൻ എത്രത്തോളം ശ്രമിച്ചിട്ടും, ആഇശ(റ)യുമായുള്ള വിവാഹം അവർക്ക് ഒരിക്കലും പ്രശ്നമായിരുന്നില്ല, അത് അക്കാലത്ത് സാമൂഹികമായി സ്വീകാര്യമായിരുന്നു. ഈയിടെയാണ് ഇത് ഒരു പ്രശ്നമായി മാറിയത്. 1900-കളുടെ തുടക്കത്തിൽ ഓറിയൻ്റലിസ്റ്റ് ഡേവിഡ് മർഗോലിയൂത്ത് ആണ് പ്രവാചക ജീവിതത്തിൻ്റെ ഈ വശം ആദ്യമായി നിഷേധാത്മകമായി വിലയിരുത്തിയത്. ഇതേ ഇനത്തിൽപെടുന്നതാണ് ചില പദപ്രയോഗങ്ങളുമായി ബന്ധപ്പെടുന്ന വായനകളും. വാക്കുകളുടെ ബാഹ്യ അർത്ഥങ്ങൾക്കുമപ്പുറം ചില ആലങ്കാരിക പ്രയോഗങ്ങളും നാം ഗൗരവത്തിലെടുക്കേണ്ടതുണ്ട്. രണ്ടു പെരുന്നാളുകളുടെ മാസവും കുറഞ്ഞു പോവില്ലെന്നാൽ അത് ദിവസങ്ങളെക്കുറിച്ചല്ല മറിച്ച് ആത്മീയ മൂല്യത്തിന്റെ കാര്യത്തിലാണെന്ന് മനസ്സിലാക്കണം.
അസാധ്യവും സാധ്യത കുറഞ്ഞതും രണ്ടും രണ്ടു തലങ്ങളാണെന്ന് മനസ്സിലാക്കുന്നിടത്ത് വന്ന വീഴ്ചയാണ് ഈ വാദങ്ങളുടെ മറ്റൊരു മൂല കാരണം. യഥാർത്ഥത്തിൽ അസാധ്യം (മുസ്തഹീൽ) എന്നാൽ ത്രികോണാകൃതിയിലുള്ള വൃത്തം പോലെയും സാധ്യതകുറഞ്ഞതെന്നാൽ ഒരു കാലത്ത് സംഭവിക്കാമെന്നും മാത്രമാണ്. ചന്ദ്രനെ പിളർത്തിയെന്നത് നാം കണ്ടിട്ടില്ലെന്നത് കൊണ്ട് അസാധ്യമെന്ന് വിലയിരുത്തേണ്ടതില്ല. മുന്‍കാലക്കാർ അസാധ്യമെന്ന് വിലയിരുത്തിയത് പലതും ഇന്ന് സുസാധ്യമാണെന്ന യാഥാർഥ്യം നമ്മുടെ കണ്മുന്നിലുണ്ട്. ഇന്ന് പ്രശ്നവൽക്കരിക്കപ്പെടുന്ന പല ഹദീസുകളും ഇസ്‍ലാമിക പണ്ഡിതർ കാലങ്ങൾക്കു മുന്നേ വിശദമായി വിലയിരുത്തിയതാണെന്ന യാഥാർഥ്യം പലപ്പോഴും നാം കണ്ടില്ലെന്നു നടിക്കാറുണ്ട്.
കാലാതീതമായ അധ്യാപനങ്ങൾ
അന്ധമായ വിശ്വാസമാണ് പ്രവാചക വചനങ്ങളെ ഇന്നും പിന്തുടരുന്നതെന്നതാണ് ഹദീസുകളുടെ കാലികതയെ വിമർശിക്കുന്നവരുടെ സ്വരം. പതിനാലു നൂറ്റാണ്ടു മുന്നേയുള്ള പോലെ തന്നെ ആ വാക്കുകളും അധ്യാപനങ്ങളും കാലികമാണ് ഇന്നും. ബഹുസ്വരതയും ഫെമിനിസവും ഉദാരതാവാദവുമെല്ലാം നിറഞ്ഞുനിക്കുന്ന ഒരു സമൂഹത്തിലും ആ മൂല്യങ്ങൾക്ക് അതിയായ പ്രാധാന്യം തന്നെയുണ്ട്.
തൻ്റെ ജീവിതത്തിലുടനീളം, പ്രവാചകൻ തന്റെ ചുറ്റുമുള്ള അമുസ്‌ലിംകളെ ബഹുമാനിക്കുകയും ഉപദേശിക്കുകയും സഹായം തേടുകയും വിശ്വാസത്തിൻ്റെയും ധാർമ്മിക നിലവാരത്തിൻ്റെയും അടിസ്ഥാനത്തിൽ അവരുമായി സന്തുലിതവും സഹവർത്തിത്വത്തിലധിഷ്ഠിതവുമായ ബന്ധം ഉയർത്തിപ്പിടിക്കുകയും ചെയ്തിട്ടുണ്ട്. അത്തരമൊരു വീക്ഷണത്തിൻ്റെ ഫലമായി, അവർക്കിടയിൽ പൂർണ്ണ സമാധാനത്തോടും സംരക്ഷണത്തോടും കൂടിയ ഉഭയകക്ഷി ഇടപാടുകൾ ഉണ്ടാക്കിയെടുക്കാനും പ്രവാചകർക്കായി. വിശ്വാസങ്ങളെ കേൾക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഈ മനോഭാവം അവിടത്തെ അധ്യാപനങ്ങളിൽ അവിഭാജ്യമാണ്. മറ്റു സമുദായങ്ങളോടും അവരുടെ വിശ്വാസങ്ങളോടും നബി(സ) യുടെ ബഹുസ്വര നിലപാടുകളും പ്രബോധന രീതികളും ആ ജീവിതത്തിൽ ഒരുപാട് കാണാം. മതാടിസ്ഥാനത്തിൽ വെറുക്കാൻ പഠിപ്പിക്കുന്ന ഇക്കാലത്തു ഇത്രയേറെ പ്രസക്തിയുള്ള മറ്റൊരു അധ്യാപനം ഇല്ല തന്നെ.
വംശീയതയിൽ ചീഞ്ഞുനാറുന്ന അനവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഇക്കാലത്തു തൊലിനിറമല്ല ഭക്തിയാണ് നിദാനമെന്ന നബി വചനത്തിന്റെ പ്രസക്തി എത്രയാണ്. സ്ത്രീയെ പെരുമാറാൻ പഠിപ്പിക്കുകയും അവരോട് നന്നായി പെരുമാറുന്നവരാണ് നിങ്ങളിൽഉത്തമരെന്ന് പഠിപ്പിക്കുകയും ചെയ്ത ഹദീസുകൾ കാലികമെന്ന് മാത്രമല്ല കാലാതീതവുമാണ്. സാമ്പത്തികമായും ഇന്ന് ആ അധ്യാപനങ്ങൾ ഏറെ പ്രസക്തമാണ്. സാമ്പത്തിക സ്വാതന്ത്ര്യം വകവെച്ചു നൽകി അതിനൊപ്പം ദാനധർമങ്ങൾ കൂടി പതിവാക്കണമെന്ന് ഉദ്ബോധിപ്പിക്കുന്ന അനവധി ഹദീസുകൾ ആധികാരികമായി തന്നെ വന്നതായി കാണാം. നിങ്ങളുടെ ആശ്രിതർക്ക് ആദ്യം നൽകാൻ തുടങ്ങുക എന്ന ഹദീസ് നൽകുന്ന ഉൾകാഴ്ച ലോകക്രമത്തെ നേർദിശയിലേക്ക് നയിക്കാൻ ഇന്നും പ്രാപ്തമാണ്. ഈ ഒരു ആശയത്തിന്റെ അഭാവമാണ് ഇന്ന് ലോകത്തിലെ സാമ്പത്തിക അസന്തുലിതകൾക്കെല്ലാം കാരണം. ചെറിയ ശതമാനം വരുന്ന കോടീശ്വരന്മാർ ഇന്ന് ലോക സമ്പത്തിന്റെ സിംഹഭാഗവും അപഹരിച്ച് വെച്ചിരിക്കുകയാണ്.
പ്രകൃതി സംരക്ഷണത്തിലും കാണാം ആ പ്രവാചക വചനങ്ങളുടെ ആഴവും വ്യാപ്തിയും. കാലക്രമേണ അതിന്ന് മാറ്റ് കൂടികൊണ്ടിരിക്കുകയാണ്. ജലസംരക്ഷണ സന്ദേശങ്ങൾ ആഗോള തലത്തിൽ തന്നെ ഏറെ ശ്രദ്ധ ആകർഷിക്കുന്നു. അങ്ങനെ ഓരോ മേഖലയിലും ഹദീസുകൾ ഒന്നൊന്നായി മൂല്യം നൽകികൊണ്ടേയിരിക്കുകയാണ്.
ശാസ്ത്രവും ഗവേഷണവും ഹദീസുകളോട് ചേർന്ന് വരുന്നതും ഈ നൂറ്റാണ്ടിലും ഒരു സാധാരണ കാഴ്ചയാണെങ്കിൽ ആ വാക്കുകളുടെ സംരക്ഷണം അത് സത്യം തന്നെയാണ്. പല പഠനങ്ങളും ഇത്തരത്തിൽ കാണാം. ഈച്ചയുടെ ചിറകിലെ ബാക്ടീരിയകളും അതിൻ്റെ ആൻ്റീഡോട്ടുകളും ഇന്ന് ശാസ്ത്രീയ ഗവേഷണങ്ങളിൽ തെളിഞ്ഞു വന്നിരിക്കുകയാണ്.
ഓരോ സൂക്ഷ്മ മേഖലകളിലും ഹദീസുകളുടെ സ്പർശം പതിയുന്നുണ്ട്. മനുഷ്യ കുലത്തിന്റെ ആയുസാണ് അവകൾക്കുമുള്ളത്. ശാസ്ത്രം പറഞ്ഞ് ഹദീസിന്റെ പ്രസക്തി ഇല്ലാതാക്കാമെന്നത് വെറും മിഥ്യാധാരണ മാത്രമാണ്. വായനയിലെ പിഴവുകളാണ് പലപ്പോഴും ഹദീസ് വിമർശങ്ങളായി ഉയർന്നു വരുന്നത്. യുക്തിവാദ-ഇസ്‌ലാം ഭീതി ഉൽപാദക ചേരികൾക് പുറമെ ചില മുസ്‍ലിം വിഭാഗങ്ങളും ഇതിൻ്റെ ഭാഗമായി മാറുന്നു എന്നത് ഏറെ ഖേദകരമാണ്.
Leave A Comment