ഓറിയന്റലിസ്റ്റുകളും ഹദീസ് പഠനങ്ങളും

1295ല്‍ നടന്ന വിയന്ന ചര്‍ച്ച് കൗണ്‍സിലോടെയാണ് ആസൂത്രിതമായ ഓറിയന്റല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെടുന്നത്. എങ്കിലും 15ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലാണ് ഓറിയന്റലിസ്റ്റുകളുടെ അക്കാദിമ നീക്കങ്ങള്‍ ശക്തിപ്പെട്ടുവരുന്നത്. 1700-1850 കാലഘട്ടങ്ങളില്‍ വിരചിതമായ ഓറിയന്റല്‍ ഗ്രന്ഥങ്ങളാണ് 'എന്‍സൈക്ലോപീഡിക് ഓറിയന്റലിസം' എന്നറിയപ്പെടുന്നത്. ഇക്കാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട പ്രഥമവും സുപ്രധാനവുമായ ഒരു ഗ്രന്ഥമാണ് ബാതല്‍മി ഡി ഹെര്‍ബെലോട്ട് (1625-1695) രചിച്ച ബിബ്ലിയോതൈക്യൂ ഓറിയന്റല്‍ (അഥവാ പൗരസ്ത്യ പുസ്തകശാല)

ബാതല്‍മിയുടെ മരണാനന്തരം 1697ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പ്രസ്തുത ഗ്രന്ഥത്തെക്കുറിച്ച് 'ഓറിയന്റലിസ്റ്റ് കൂടാരങ്ങളില്‍ സങ്കല്‍പങ്ങളും നാടകീയതയും എങ്ങനെയാണ് സമന്വയപ്പെടുന്നത് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണെന്ന് പ്രസിദ്ധ ഗ്രന്ഥകാരന്‍ എഡ്വാര്‍ഡ് സൈദ് അഭിപ്രായപ്പെട്ടത്. യൂറോപ്പിന്റെ ചരിത്രത്തില്‍ എഴുതപ്പെട്ട ആദ്യ റഫറന്‍സ് ഗ്രന്ഥമെന്ന ഖ്യാതി നേടിയ പ്രസ്തുത പുസ്തകം ഓറിയന്റലിസ്റ്റുകളുടെ ഹദീസ് പഠനങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന പ്രഥമ ഗ്രന്ഥം കൂടിയാണ്.

ഓറിയന്റിലിസ്റ്റുകളുടെ ഹദീസ് സമീപനങ്ങളെക്കുറിച്ചാലോചിക്കുമ്പോള്‍ ഇസ്‌ലാം, പ്രവാചകന്റെ ഹദീസ് എന്നിവയെക്കുറിച്ചുള്ള ഡി. ഹെര്‍ബലോട്ടിന്റെ രചനകള്‍ക്ക് നിര്‍ണ്ണായക പ്രാധാന്യമുണ്ട്. ഡി. ഹെര്‍ബലോട്ടിനെ സംബന്ധിച്ചടത്തോളം ചരിത്രം രണ്ട് വിധമാണ്. വിശുദ്ധവും അവിശുദ്ധവും. ജൂതരുടെയും ക്രിസ്തീയരുടെയും ചരിത്രം ആദ്യ ഗണത്തില്‍ പെടുത്തിയ അദ്ദേഹം മുസ്‌ലിം ചരിത്രത്തെ അവിശുദ്ധമെന്ന് മുദ്രകുത്തി. ഇസ്‌ലാമിനെ കുറിച്ചെഴുതിയ തന്റെ ലേഖനത്തില്‍ മുഹമ്മദന്‍ എന്ന് നാം വിളിക്കുന്ന 'മതവിരുദ്ധത' എന്നാണ് ഇസ്‌ലാമിനെ ഡി.ഹെര്‍ബലോട്ട് പരിചയപ്പെടുത്തുന്നത്.

'മുഹമ്മദ്' എന്ന ലേഖനത്തില്‍ മുഹമ്മദ് നബി(സ്വ)യുടെ വ്യത്യസ്ത നാമങ്ങളെ എണ്ണിപ്പറഞ്ഞ് ഡി.ഹെര്‍ബലോട്ട് എഴുതി: നാം 'മുഹമ്മദന്‍'  എന്ന് വിളിക്കുന്ന മതവിരുദ്ധതയുടെ രചയിതാവും പ്രയോക്താവുമായ പ്രശസ്തനായ മുഹമ്മദ് ഇതാണ്. ദൈവമല്ലെന്ന് ഊന്നിപ്പറയുമ്പോഴും ആര്യന്മാരും പോളീഷ്യന്‍സും മറ്റു മതവിരുദ്ധരും യേശുക്രിസ്തുവിന് ചാര്‍ത്തിക്കൊടുക്കുന്ന ചില സ്തുതിവാക്കുകളാണ് ഖുര്‍ആന്‍ വ്യാഖ്യാതാക്കളും മുഹമ്മദന്‍ നിയമ വിശാരദന്മാരും ഈ കള്ളപ്രവാചകന് ചാര്‍ത്തിക്കൊടുക്കുന്നത്.

Also read:https://islamonweb.net/ml/6-3427

ഇസ്‌ലാമിനെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ പടിഞ്ഞാറിന് ലഭ്യമായ ഏറ്റവും 'ആധികാരിക' അവലംബമായ പ്രസ്തുത പഠനത്തില്‍ ഡി.ഹെര്‍ബലോട്ട് ഹദീസിനെ പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്.

'ഒരു മതവിരുദ്ധമായ കഥ, അല്ലെങ്കില്‍ വിവരണമാണ് ഹദീസ് എന്ന് വിളിക്കപ്പെടുന്നത്. തലമുറകളിലൂടെ വാമൊഴിയായി കൈമാറിവന്ന കള്ളപ്രവാചകന്റെ ചെയ്തികളും വിവരണങ്ങളുമാണ് 'റസൂലിന്റെ ഹദീസുകള്‍' (അഹാദീസു റസൂല്‍) എന്നറിയപ്പെടുന്നത്. പ്രധാനമായും ആറ് രചയിതാക്കളാണ് ഈ ആചാരത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. ഒന്ന്- മുഹമ്മദിന്റെ ഭാര്യയും അബൂബകറിന്റെ മകളുമായ ഉമ്മുല്‍ മുഅ്മിനീന്‍(വിശ്വാസികളുടെ ഉമ്മ) എന്ന് വിളിക്കപ്പെടുന്ന ആയിശ. മുഹമ്മദിന്റെ സന്തത സഹചാരിയായിരുന്ന അബൂഹുറൈറ, മുഹമ്മദിന്റെ പ്രഥമ മാതുല പുത്രനായിരുന്ന ഇബ്‌നു അബ്ബാസ്, പിന്നെ ഇബ്‌നു ഉമറും. ജുബൈര്‍ ബിന്‍ അബ്ദില്ലയും അനസ് ബ്‌നു മാലികും.'

പ്രവാചകനുചരര്‍ക്ക് ഹദീസുകള്‍ മനഃപാഠമാക്കുന്ന ശീലമുണ്ടായിരുന്നുവെന്നും മറ്റുചിലര്‍ എഴുതിവെക്കാറുണ്ടായിരുന്നുവെന്നും വിവരിച്ച ശേഷം ഡി. ഹെര്‍ബലോട്ട് എഴുതി: ബുഖാരി, തുര്‍മുദി, നസാഇ, അബൂദാവൂദ്, മുസ്‌ലിം, ദാരിമി, മാറവാനി, ഇബ്‌നു മാജ, ബൈഹഖി, സുയൂത്വി എന്നിവരാണ് പ്രധാനപ്പെട്ട ഹദീസ് ക്രോഢീകരണം നടത്തിയത്. ഇവയില്‍ പ്രതിപാദിക്കപ്പെട്ട മിക്ക വിഷയങ്ങളും തല്‍മുദില്‍ നിന്ന് പകര്‍ത്തപ്പെട്ടതാണ്. മുഹമ്മദിന്റെ മതം സ്വീകരിച്ചവരില്‍ നിരവധി കൂടതല്‍ ജൂതന്മാരുണ്ടായിരുന്നുവെന്ന് ഇതില്‍ നിന്ന് വളരെ വ്യക്തമാണ്. 

പ്രസ്തുത കൃതിയുടെ 827 ാം പേജില്‍ 'സുന്നത്തി' നെ കുറിച്ച് ഡി.ഹെര്‍ബലോട്ട് വിവരിക്കുന്നത് കാണുക: സുന്ന അല്ലെങ്കില്‍ സുനന്‍ എന്ന് വിളിക്കപ്പെടുന്ന കാര്യങ്ങളും ഹദീസുകളും കൂടി കലര്‍ത്തപ്പെട്ടിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ അവലംബനീയമായ ചരിത്ര വ്യക്തതകളില്ലാത്ത സംഭവവിവരണങ്ങളാണ് ഹദീസുകള്‍. എന്നാല്‍, മുസ്‌ലിംകള്‍ക്ക് പ്രത്യേകമായ നിയമ-നിര്‍ദേശങ്ങള്‍ മുന്നോട്ട് വെക്കുന്ന ചില തീരുമാനങ്ങളാണ് സുനന്‍/ സുന്നത്ത് എന്നറിയപ്പെടുന്നത്. പക്ഷേ, ഇസ്‌ലാമിക പഠനങ്ങള്‍ ഇവ രണ്ടും ഒന്നാണെന്ന് വരുത്തിത്തീര്‍ക്കുന്ന ഹദീസുകള്‍ മാത്രം ഉള്‍ക്കൊള്ളിച്ച ചില ഗ്രന്ഥങ്ങള്‍ക്ക് സുന്നത്ത് എന്ന് നാമകരണം ചെയ്യപ്പെട്ടതായി കാണാവുന്നതാണ്. 

Also read:https://islamonweb.net/ml/6-3424

ചുരുക്കത്തില്‍ ഡി.ഹെര്‍ബലോട്ടിന്റെ പ്രവാചകനെ സംബന്ധിച്ച വിശകലനങ്ങള്‍ ധാര്‍മികവും ശാസ്ത്രീയവുമായ പരിമിതികളെ കാറ്റില്‍ പറത്തുന്നതും ഹദീസ് ഗ്രന്ഥങ്ങളിലെ പല വിജ്ഞാനങ്ങളും തല്‍മൂദില്‍ നിന്നും കോപ്പിയടിച്ചതാണെന്നും ഹദീസ്-സുനന്‍ എന്നീ ധാരണകള്‍ രണ്ടും വ്യത്യസ്തമാണെന്നും ഹദീസകളുടെ ചരിത്രം വിശ്വസനീയമല്ലെന്നും തുറന്നടിക്കുന്നു. 

 പ്രവാചകനെക്കുറിച്ചുള്ള വിവരണങ്ങള്‍ സങ്കല്‍പങ്ങളുടെയും അജ്ഞതയുടെയും ഫലമാണെന്ന് പറഞ്ഞ് തള്ളിക്കളയാം. പക്ഷേ, മുന്‍കാല പഠനങ്ങളൊന്നുമില്ലാതെ 1690 കാലഘട്ടത്തില്‍ ഹദീസ് പാരമ്പര്യത്തെയും ചരിത്രത്തെയും കുറിച്ച് ഇത്രയും സമ്പുഷ്ടമായി ഹെര്‍ബലോട്ടിന്റെ നിരീക്ഷണങ്ങള്‍ അതിന് മുമ്പും പടിഞ്ഞാറില്‍ ഹദീസ് പഠനങ്ങള്‍ നടന്നിട്ടുണ്ട് എന്ന് അതിശക്തമായ സംശയത്തിന് വിത്ത് പാകുന്നു. 

ഹെര്‍ബലോട്ടിന്റെ മുമ്പോ, അദ്ദേഹത്തിന് ശേഷം ഒരു നൂറ്റാണ്ട് കാലത്തോ നടന്ന ഹദീസ് പഠനങ്ങള്‍ തീര്‍ത്തും അജ്ഞാതമാണ്. പക്ഷേ, 1850 കള്‍ക്ക് ശേഷം തുടങ്ങി ഇത് വരെ നിലനില്‍ക്കുന്ന പടിഞ്ഞാറന്‍ ഹദീസ് നിരീക്ഷണങ്ങളത്രയും ഡി. ഹെര്‍ബലോട്ടിന്റെ അടിസ്ഥാന നിരീക്ഷണങ്ങളുടെ തുടര്‍ വിശദീകരണങ്ങളായിരുന്നുവെന്നത് വളരെ ശ്രദ്ധേയമാണ്.

ഓറിയന്റലിസ്റ്റുകളും അക്കാദമിക ഹദീസ് പഠനങ്ങളും

 19ാം നൂറ്റാണ്ടില്‍ നടന്ന മിക്ക ഓറിയന്റല്‍ പഠനങ്ങളും ഇസ്‌ലാമിനെ സമീപിച്ചത് ഒരു മതമെന്നതിലുപരി അതിന്റെ അനുയായികള്‍ക്കിടയില്‍ സാമൂഹിക സ്വത്വബോധം രൂപപ്പെടുത്താവുന്ന ഒരു ആശയസമാഹാരമായിട്ടായിരുന്നു. തദടിസ്ഥാനത്തില്‍ ഇക്കാലത്ത് നടന്ന പല അക്കാദമിക ഗവേഷണങ്ങളും പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചത് മുഹമ്മദ് നബിയുടെ ജീവചരിത്രത്തിലും (സീറ) മുസ്‌ലിം നിയമങ്ങളിലും മുസ്‌ലിം യുദ്ധ-സാഹിത്യങ്ങളി(മഗാസി)ലുമായിരുന്നു. ഇക്കാലത്തെ പ്രമുഖ ഓറിയന്റലിസ്റ്റുകളായിരുന്ന വില്യം മൂര്‍  ( ഠവല ഹശളല ീള ങൗവമാാമറ, 1856), അലായ്‌സ് സ്‌പ്രെണ്ടര്‍ (ഠവല ഹശളല ീള ങൗവമാാമറ ളൃീാ ീൃശഴശിമഹ ീൌൃരല, 1856), വെല്‍ഹോസണ്‍ (ങൗവമാാലറ ശി ങമറശിമ, 1882), ഗ്രിം (ങൗവമാാലറ, 1892), മാര്‍ഗിലോത് (ങീവമാാലറ മിറ വേല ഞശലെ ീള കഹെമാ, 1905) സ്ലാഷര്‍ (ഘല ജൃീയഹലാല റല ങീവമാാലറ, 1929)  മോണ്ട്‌ഗോമറി വാട്ട് (ങീവമാാലറ മ േങലരരമ, 1953 & ങൗവമാാലറ മ േങമറശിമ, 1956) തുടങ്ങി മിക്കവരും പ്രവാചക ജീവിതത്തെ കുറിച്ച് അതിശക്തമായ രചനകള്‍ നടത്തിയവരാണ്.

എന്നാല്‍, ദൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മേല്‍ പ്രതിപാദിക്കപ്പെട്ട മുഴുവന്‍ ഗ്രന്ഥങ്ങളും മുഹമ്മദ് നബിയെ ദിവ്യദൗത്യമേല്‍പ്പിക്കപ്പെട്ട ഒരു പ്രവാചകന്‍ എന്നതിനുപകരം ഇസ്‌ലാമിക സമൂഹത്തെ രൂപപ്പെടുത്തിയ ഒരു രാഷ്ട്രീയ വിചക്ഷണനായാണ് പരിചയപ്പെടുത്തുന്നത്. തല്‍ശ്രമങ്ങളുടെ ഭാഗമായി മുഹമ്മദ് നബി മുന്നോട്ട് വെച്ച ആശയ സംഹിതയെ 'ഇസ്‌ലാം' എന്നതിനുപകരം 'മുഹമ്മദിനിസം' എന്ന് നാമകരണം ചെയ്തു. മാത്രമല്ല, നൂറ്റാണ്ടുകള്‍ അതിജയിച്ച് തലമുറകളെ ക്രിയാത്മകമായി ഇളക്കി മറിച്ച മുഹമ്മദിനിസത്തിന്റെ ശക്തിയും സ്വാധീനവും ഹദീസുകളായിരുന്നുവെന്നും ഈ ഗ്രന്ഥങ്ങള്‍ ഊന്നിപ്പറഞ്ഞു. ഇസ്‌ലാമിന്റെ ഉല്‍ഭവം, വ്യാപനം, ചരിത്രം, വര്‍ത്തമാനം എന്നിവയെ വിശകലനം ചെയ്യാനും മുഹമ്മദ് നബിയുടെ ജീവിതത്തെ വിമര്‍ശനാത്മകമായി വിവരിക്കാന്‍ പോലും ഹദീസ് പഠനങ്ങള്‍ അത്യന്താപേക്ഷിതമായി ഗണിക്കപ്പെട്ടതോടെ 1856-1950 കാലഘട്ടത്തില്‍ ഓറിയന്റലിസ്റ്റുകള്‍ക്കിടയില്‍ ഹദീസ് പഠനങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചു.

ജര്‍മ്മന്‍ വംശജനായിരുന്ന ഓസ്‌ട്രേലിയക്കാരന്‍ അലോയ്‌സ് സ്‌പ്രെങ്ങര്‍ ആയിരുന്ന ആദ്യമായി ഹദീസിനെ അക്കാദമിക ഗവേഷണങ്ങള്‍ക്ക് വേണ്ടി തെരെഞ്ഞെടുത്തത്. ഇന്ത്യയിലെ ഈസ്റ്റ് ഇന്ത്യാ കമ്പനിയില്‍ ഓഫീസറായിരുന്ന സ്‌പ്രെങ്ങര്‍ പ്രവാചകന്റെ ജീവചരിത്ര പഠനങ്ങള്‍ക്കിടയിലാണ് ഹദീസുകളുടെ ചരിത്രപരമായ വിശ്വാസ്യതയില്‍ അദ്ദേഹത്തിന് കൗതുകം തോന്നുന്നത്. പിന്നീട്, ഗോള്‍ഡ് സീഹര്‍ തന്നെ ഉദ്ധരിച്ചത് പോലെ, അദ്ദേഹത്തിന്റെ പല ഗ്രന്ഥങ്ങളും ഹദീസ് പാരമ്പര്യത്തിന് അക്കാദമികമായ വന്‍  വെല്ലുവിളികള്‍ ഉയര്‍ത്തി. ഹദീസ് ഗ്രന്ഥങ്ങള്‍ക്ക് പുറമെ ഹിജ്‌റ 5 ാം നൂറ്റാണ്ടിന് ശേഷം വിരചിതമായ മുഴുവന്‍ ഇസ്‌ലാമിക കൃതികളും അവയുടെ ഗ്രന്ഥകര്‍ത്താക്കള്‍ക്ക് ശേഷം ചെറുതല്ലാത്ത മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായിട്ടുണ്ടെന്നും തദ്ഫലമായി അവയൊന്നും അവലംബയോഗ്യമല്ലെന്നും അദ്ദേഹം വിധിയെഴുതി. 

ഇക്കാലത്ത് പ്രധാന ഓറിയന്റല്‍ ചിന്തകാരനായിരുന്നു വില്യം മൂര്‍ (1819-1905), റെയ്ന്‍ഹാര്‍ട്ട് ഡോസി (1820-1883) സ്‌നോഷ് ഹര്‍ഗ്രോഞ്ച് (1858-1940), ആര്‍തര്‍ ജോണ്‍ ആര്‍ബെറി (1905-1969) ഹാമില്‍ട്ടന്‍ ഗിബ് (1895-1971) തുടങ്ങിയവര്‍ ഹദീസുകളെ വിശകലനം ചെയ്തത് അവയുടെ ആധികാരകതയെ സംബന്ധിച്ച് തീവ്രമായ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടു. 

ഹദീസുകളെ ചരിത്രപരമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിയ പ്രഥമ ഓറിയന്റിലിസ്റ്റായിരുന്നു ഇഗനാസ് ഗോള്‍ഡ് സീഹര്‍ (1850-1921). അല്‍ മുഅ്ജമുല്‍  മുഫഹ്‌റസിലില്‍ ഹദീസുന്നബവി എന്ന സമാഹാരത്തിന്റെ രചനക്ക് നേതൃത്വം നല്‍കിയ ആറെന്റ് ജാന്‍ വിന്‍സിക്ക് (1851-1939), ഇസ്‌നാദുകളെക്കുറിച്ചുള്ള പഠനങ്ങള്‍ ഓറിയന്റല്‍ ലോകത്തിന് പരിചയപ്പെടുത്തിയ ഷാച്റ്റ് (1902-1969) തുടങ്ങിയവര്‍ ഹദീസ് പഠനങ്ങളെ അക്കാദിമകമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ നിര്‍ണായ പങ്ക് വഹിച്ച ഓറിയന്റലിസ്റ്റുകളാണ്.

പ്രാക്തനമായ പൗരസ്ത്യ നാഗരികതയെക്കുറിച്ചുള്ള ആഴമേറിയ പഠനങ്ങള്‍, പടിഞ്ഞാറന്‍ പുസ്തകശാലകളിലുള്ള ഇസ്‌ലാമിക കൈയ്യെഴുത്തു ഗ്രന്ഥങ്ങളുടെ സമാഹരണ ശ്രമങ്ങള്‍, കാറ്റ്‌ലോഗ് രചനകള്‍, നിരവധി ഇസ്‌ലാമിക-പൗരസ്ത്യ ക്ലാസിക് ഗ്രന്ഥങ്ങളുടെ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി ഒട്ടനേകം മികച്ച സംഭാവനകള്‍ ഓറിയന്റിലിസ്റ്റുകളുടെ അക്കാദമിക ശ്രമങ്ങളുടെ ഭാഗമായി ഇസ്‌ലാമിക ലോകത്തിന് ലഭിച്ചുവെന്നത് വളരെയധികം പ്രശംസനീയമായ സത്യമാണ്.

പ്രധാനമായും ഓറിയന്റലിസ്റ്റ് പഠനങ്ങളുടെ ലക്ഷ്യങ്ങള്‍ മതം, വാണിജ്യം, ശാസ്ത്രം, രാഷ്ട്രീയം എന്നിങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു. പക്ഷെ, മതപരമായ പഠനങ്ങള്‍ക്കും മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കും ഊന്നല്‍ നല്‍കപ്പെട്ട ഓറിയന്റലിസ്റ്റ് നീക്കങ്ങളുടെ ആദ്യകാലങ്ങളില്‍ ഹദീസ് പഠനങ്ങള്‍ക്ക് ലഭ്യമാകാതിരുന്ന പ്രാധാന്യവും പ്രസക്തിയും പിന്‍കാലത്ത് കടന്നുവന്ന ചൂഷണാത്മകമായ രാഷ്ട്രീയ-വാണിജ്യ നീക്കങ്ങള്‍ക്കിടയില്‍ എന്ത് കൊണ്ട് അധികരിച്ചുവന്നുവെന്നതാണ് നമ്മില്‍ ഏറ്റവും കൗതുകമുണര്‍ത്തുന്നത്.

മതപരമായിരുന്നു ഓറിയന്റലിസ്റ്റുകളുടെ ഹദീസ് പഠനങ്ങള്‍ക്ക് പിന്നിലെ മുഖ്യഅജണ്ടയെന്നത് തള്ളിക്കളയാനാവില്ല. ക്രിസ്ത്യന്‍-ജൂതമതങ്ങള്‍ക്കിടയില്‍ ഇസ്‌ലാമിനെ ഇകഴ്ത്തിക്കാട്ടാനുള്ള തീവ്രശ്രമങ്ങളുടെ ഭാഗമായി മുസ്‌ലിംകളുടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ സംശയം ജനിപ്പിക്കാന്‍ ആ കാലത്തെ ഓറിയന്റലിസ്റ്റുകള്‍ നടത്തിയ നീക്കങ്ങളത്രയും നിഷ്ഫലമായതോടെ ഇസ്‌ലാമിക തത്വാധിഷ്ഠിത ചര്‍ച്ചകളുടെ  അടിവേരറുക്കാനുള്ള തുടര്‍ശ്രമങ്ങളായിരുന്നു വിശുദ്ധ ഗ്രന്ഥങ്ങളുടെ ആധികാരികതയെ ചോദ്യം ചെയ്യുന്നതില്‍ കലാശിച്ചത്. ഇസ്‌ലാമിന്റെ അതിശീഘ്രമായ വ്യാപനത്തില്‍ ഹദീസുകള്‍ക്കുണ്ടായിരുന്ന നിര്‍ണായക പങ്ക്, ചോദ്യം ചെയ്യപ്പെടാതെ നൂറ്റാണ്ടുകളോളം നിലനിന്നിരുന്നുപോന്ന ഹദീസ് പാരമ്പര്യം, പതിനെട്ടാം നൂറ്റാണ്ടില്‍ ഇസ്‌ലാമിക ലോകത്ത് അരങ്ങേറിയ വിവിധ നവോത്ഥാന മുന്നേറ്റങ്ങളില്‍ ഹദീസുകള്‍ ചെലുത്തിയ നിര്‍ണായക സ്വാധീനങ്ങള്‍ എന്നിവയാണ് പ്രധാനമായും ഓറിയന്റലിസ്റ്റുകളെ ആഴമേറിയ ഹദീസ് ഗവേഷണങ്ങള്‍ക്ക് പ്രേരിപ്പിച്ച പ്രധാന ഘടകങ്ങള്‍.

ഖുര്‍ആനും ഹദീസുകളുമാണല്ലോ ഇസ്‌ലാമില്‍ ആധികാരികമായി അംഗീകരിക്കപ്പെട്ടുപ്പോരുന്ന അവലംബങ്ങള്‍. ഇക്കാരണത്താല്‍ തന്നെ ഇസ്‌ലാമിക വൈജ്ഞാനിക മുന്നേറ്റങ്ങള്‍  പ്രധാനമായും കേന്ദ്രീകരിക്കപ്പെട്ടത് ഖുര്‍ആന്‍-ഹദീസ് പഠനങ്ങളിലായിരുന്നു. ഹദീസ് പഠനങ്ങള്‍ക്ക് വേണ്ടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പണ്ഡിതന്മാരെ തേടിയുള്ള യാത്രകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ സുവ്യക്തമാണ്. ചുരുക്കത്തില്‍ ഹദീസ് ഗവേഷണപഠനങ്ങള്‍ ഇന്നും മുസ്‌ലിംകള്‍ക്കിടയില്‍ സുപ്രധാനമായി ഗണിക്കപ്പെടുന്നുണ്ട്. 18ാം നൂറ്റാണ്ടിലും തുടര്‍ന്നും മുസ്‌ലിം ലോകത്ത് പിറവിയെടുത്ത പല നവോത്ഥാന പ്രസ്ഥാനങ്ങളും പിറവിയെടുത്തത് ഹദീസുകളെ കേന്ദ്രീകരിച്ചായിരുന്നു.

ഓറിയന്റലിസ്റ്റ് ചിന്തകനായ ജോണ്‍ ഓബര്‍ട്ട് വോള്‍ ഹദീസ് കേന്ദ്രീകൃതമായി ഉത്തരാഫ്രിക്കയിലും മധ്യ-പൗരസ്തദേശത്തും ഇന്ത്യയിലും ഉയര്‍ന്ന് വന്ന പ്രസ്ഥാനങ്ങളെ ആഴത്തില്‍ വിശകലനം ചെയ്യുന്നുണ്ട്. അദ്ദേഹത്തെ സംബന്ധിച്ചടത്തോളം ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഇന്ത്യയില്‍ ശാഹ് വലിയുല്ലാഹി തുടങ്ങി വെച്ച പ്രാസ്ഥാനിക നീക്കങ്ങള്‍. ദഹ്‌ലവിയുടെ ഹദീസ് പഠനങ്ങള്‍ തന്റെ പുത്രന്റെ ശിഷ്യനായിരുന്ന അഹമ്മദ് ബറേല്‍വി (1776-1831)യിലൂടെ രാഷ്ട്രീയ മാനം കൈവരിക്കുകയും 1821ല്‍ ഇംഗ്ലീഷുകാര്‍ക്കെതിരെയുള്ള വിശുദ്ധയുദ്ധത്തില്‍ (ജിഹാദ്) കലാശിക്കുകയും ചെയ്തുവെന്ന് വോള്‍ അഭിപ്രായപ്പെടുന്നു. ഈജിപ്തിലും സുഡാനിലും പിന്‍കാലത്ത് രൂപപ്പെട്ട ചില പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുര്‍തളാ സബീദി ദഹ്‌ലവിയുടെ ശിഷ്യനായിരുന്നു. തെക്കു കിഴക്കന്‍ ഏഷ്യയിലെ മുസ്‌ലിം അധിനിവേശ വിരുദ്ധ പ്രസ്ഥാനങ്ങളും ദഹ്‌ലവിയുടെ ആശയങ്ങളില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടിരുന്നുവെന്നും  വോള്‍ ചൂണ്ടിക്കാട്ടുന്നു. ചുരുക്കത്തില്‍ യൂറോപ്യന്‍ ശക്തികളുടെ അധിനിവേശ ശ്രമങ്ങള്‍ക്ക് കടിഞ്ഞാണിടുന്നതില്‍ ഹദീസ് കേന്ദ്രീകൃത പ്രസ്ഥാനങ്ങള്‍ വലിയ പങ്കുവഹിക്കുകയും ഈ യാഥാര്‍ത്ഥ്യം ഓറിയന്റലിസ്റ്റുകളെ ഹദീസുകളെക്കുറിച്ചുള്ള ആഴത്തിലുള്ള ഗവേഷണത്തിലേക്ക് നയിക്കുകയും ചെയ്തു. 

പ്രവാചകനെക്കുറിച്ചും ഹദീസുകളെക്കുറിച്ചും നിരവധി ഗ്രന്ഥരചന നടത്തിയ പ്രമുഖ ഓറിയന്റലിസ്റ്റ് ആല്‍ഫ്രഡ് ഗില്ലോം (1888-1962), 1924ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തന്റെ 'ഇസ്‌ലാമിക പാരമ്പര്യം; ഹദീസ് സാഹിത്യ പഠനങ്ങള്‍ക്കൊരു മുഖവുര' എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ എഴുതി: യുദ്ധത്തിനിടയി്ല്‍ (ഒന്നാം ലോക മഹായുദ്ധം) അറബ് ഭാഗത്തായിരുന്നു ഞാന്‍ നിശ്ചയിക്കപ്പെട്ടത്. ഈ സമയത്താണ് എനിക്ക് ഹദീസുകളുടെ പ്രാധാന്യം ശരിക്കും ഗ്രഹിക്കാന്‍ കഴിഞ്ഞത്. വിശ്വാസം, അധികാരം, പോരാട്ടം, തീവ്രവാദം, ആത്മീയത, സൂഫിസം, സ്വതന്ത്ര്യം, സാഹിത്യം തുടങ്ങി മുസ്‌ലിം ജീവിതത്തിന്റെ സകലമാന മേഖലകളും ഹദീസുകളാല്‍ പ്രോചോദിതമാണ്.

ഗോള്‍ഡ് സീഹര്‍ക്ക് ശേഷം ഏറ്റവും പ്രമുഖനായ ഓറിയന്റലിസ്റ്റായി ഗണിക്കപ്പെടുന്ന ഹോളണ്ടുകാരനായ ആറെന്റ് വെന്‍സില്‍ക് (1882-1932) 'തന്റെ ഇസ്‌ലാമിക പഠനത്തില്‍ പാരമ്പര്യത്തിന്റെ പ്രാധാന്യം' എന്ന ഗ്രന്ഥത്തില്‍ ഹദീസുകളെക്കുറിച്ച് എഴുതിയത് ഇങ്ങനെ: ' ഹദീസുകള്‍, ഇന്നും മുസ്‌ലിം ചിന്താധാരയുടെ അടിത്തറയും  ആയുധവുമാണ്.  ഹദീസ് എന്നാല്‍ കേവലം പ്രവാചക പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളല്ല. മറിച്ച്, ഒരു ചരിത്ര വിവരണമെന്നതിലുപരി മുസ്‌ലിം ജീവിതത്തിന്റെ മൊത്തം സമാഹാരമാണ്. ആരാധനാ കര്‍മ്മങ്ങള്‍, സിവില്‍ നിയമങ്ങള്‍, ശിക്ഷാ നിയമങ്ങള്‍, നിയമവ്യവസ്ഥിതി, ഇതര നിയമ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി ഇസ്‌ലാമിക ജീവിത വ്യവസ്ഥിതി നിര്‍ണ്ണയിക്കപ്പെട്ടത് തീര്‍ത്തും ഹദീസുകള്‍ അടിസ്ഥാനപ്പെടുത്തിയാണ്.'

പ്രമുഖ ഓറിയന്റലിസ്റ്റ്  ചിന്തകനായ ടസ്‌നോഷ് ഹര്‍ക്രാഞ്ചെ, എഴുതി: എന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം മക്കയിലും മദീനയിലും ഉത്തരേഷ്യയിലും ജാവയിലും തുടങ്ങി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിലകൊള്ളുന്ന മുസ്‌ലിംകള്‍ക്കിടയില്‍ വിശ്വാസ-സാംസ്‌കാരിക-മാനസിക ഏകത്വമാണ്. ഹദീസുകളുടെ സ്വാധീനമാണ്  ഈയൊരു ആശ്ചര്യകരമായ ഏകത്വത്തിന്റെ അടിസ്ഥാന ഘടകം.

ഹെവാര്‍ഡ് എം. ഫെഡറസ്പിയന്‍ തന്റെ ഡോക്ടറേറ്റ് ഗവേഷണത്തില്‍ ഇസ്‌ലാമിക ചരിത്രത്തെ മൂന്നായി തരം തിരിച്ചു; 1. പ്രവാചകന്‍ വിശ്വാസകാര്യങ്ങളെക്കുറിച്ച് ഊന്നിപ്പറഞ്ഞ മക്കാ കാലഘട്ടം 2. മുഹമ്മദ് നബി(സ്വ) ഒരു ഇസ്‌ലാമിക സമൂഹത്തെയും തുടര്‍ന്ന് രാഷ്ട്രത്തെയും കെട്ടിപ്പടുത്ത മദീനാ കാലഘട്ടം. 3. പ്രവാചകന് ശേഷമുള്ള കാലഘട്ടം. ഇക്കാലത്ത് ഇസ്‌ലാം ഉത്തരാഫ്രിക്കയിലും പടിഞ്ഞാറിലേക്കും ദക്ഷിണേഷ്യയിലും പടര്‍ന്നു പന്തലിച്ചു. സമൂഹത്തില്‍ ഈയിടെ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ക്ക് ഖുര്‍ആന്‍ പരിഹാരമാകാതെ വന്നപ്പോഴാണ് ഹദീസുകളുടെ പ്രാധാന്യം ഗണ്യമായി വര്‍ധിച്ചത്.

ചുരുക്കത്തില്‍, ഇസ്‌ലാമിക സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ വ്യവസ്ഥകളുടെ അടിസ്ഥാനം രൂപപ്പെടുത്തപ്പെടുന്നത് ഹദീസുകളുടെ പിന്‍ബലത്തിലാണ്. മുസ്‌ലിം ചരിത്രത്തെ വിശദമായി മനസ്സിലാക്കാനും ഇസ്‌ലാമിക തത്വശാസ്ത്രത്തെ വിമര്‍ശനാത്മകമായിട്ടാണെങ്കില്‍ പോലും വിശകലനം ചെയ്യാനും ഹദീസ് പഠനങ്ങള്‍ വളരെ അത്യന്താപേക്ഷിതമാണ്. വിശ്വാസ കാര്യങ്ങളിലും ഭൗതിക കാര്യങ്ങളിലും ഇസ്‌ലാമിക സ്വത്വത്തെ ഏകീകരിക്കുന്നതില്‍ ഹദീസ് പഠനത്തോളം പങ്ക് വഹിച്ച മറ്റൊന്നില്ല. ഓറിയന്റലിസ്റ്റുകളെ സംബന്ധിച്ചടത്തോളം വിമര്‍ശനാത്മകമായി ഇസ്‌ലാമിനെ നേരിടാനും തല്ലിത്തകര്‍ക്കാനും ഹദീസുകളുടെ പഠനം വളരെ അനിവാര്യമായിരുന്നു. തീവ്രമതകീയ ലക്ഷ്യങ്ങളില്‍ നിന്ന് മാറി വാണിജ്യ-രാഷ്ട്രീയ ലക്ഷ്യങ്ങളിലേക്കുള്ള ഓറിയന്റലിസ്റ്റുകളുടെ  പരിവര്‍ത്തനത്തിന് പിന്നാലെ ഹദീസ് പഠനങ്ങളുടെ പ്രസക്തി വര്‍ദ്ധിക്കാനുണ്ടായ പ്രധാന കാരണങ്ങള്‍ രണ്ടെണ്ണമാണ്. ഹദീസുകളുടെ ചരിത്രപരമായ മൂല്യമാണ് ഒന്നാമത്തേത്. അനിവാര്യമായ സംസ്‌കാരിക മാറ്റങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധം തീര്‍ത്ത് ഇസ്‌ലാമിക സംസ്‌കൃതിയെയും സാമൂഹികമായ ഏകത്വ മനോഭാവത്തെയും സ്വത്വബോധത്തെയും കാലാതീതമായി സംരക്ഷിച്ചു നിര്‍ത്തിയ ഒരേയൊരു ഘടകം ഹദീസുകളായിരുന്നു. 18,19 നൂറ്റാണ്ടുകളിലുണ്ടായിരുന്ന പ്രത്യേക സാഹചര്യങ്ങളായിരുന്നു രണ്ടാമത്തെ ഘടകം. കിഴക്കും പടിഞ്ഞാറും നേര്‍ക്കുനേര്‍ മത, രാഷ്ട്രീയ സാംസ്‌കാരിക സംഘട്ടനങ്ങളിലേര്‍പ്പെട്ട ഈ കാലത്താണ് തീവ്ര മിലിറ്റന്റ് മൗലികവാദം, നവോത്ഥാനം തുടങ്ങി വിവിധ ദിശകളിലേക്ക് മുസ്‌ലിം ലോകം ചേക്കേറുന്നതും ചേര്‍ക്കപ്പെടുന്നതും. യഥാര്‍ത്ഥത്തില്‍ തീവ്ര മൗലികവാദ മതത്തിനും, സൈനിക പോരാട്ടങ്ങള്‍ക്കും നവോത്ഥാന നീക്കങ്ങള്‍ക്കും വെള്ളവും വളവും നല്‍കിയത് ഹദീസുകളായിരുന്നു. മാത്രമല്ല, ഇസ്‌ലാമിക ലോകത്തെ കീഴടക്കാനുള്ള പാശ്ചാത്യ ശ്രമങ്ങള്‍ക്ക് മുന്നില്‍ തടസ്സം സൃഷ്ടിച്ച സകലമാന ആശയാദര്‍ശങ്ങളുടെയും അടിസ്ഥാനം ഹദീസുകളില്‍ നിന്നായിരുന്നു രൂപപ്പെട്ടത് എന്നും ഓറിയന്റലിസ്റ്റുകള്‍ വിധിയെഴുതി. തത്ഫലമായി ഇസ്‌ലാമിന്റെ സ്വാധീനവും പ്രചോദനവും ക്ഷയിപ്പിക്കാനുള്ള പടിഞ്ഞാറിന്റെ തീവ്ര ശ്രമങ്ങളുടെ ഭാഗമായിരുന്നു മുഴുവന്‍ ഓറിയന്റലിസ്റ്റ് ഹദീസ് പഠനങ്ങളുടെ അണിയറ ലക്ഷ്യങ്ങള്‍.

വിവ: ഇര്‍ശാദ് പുല്‍പ്പറ്റ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter