നമുക്കും യാത്ര ചെയ്യാം.... ബാബാ സര്‍മദിനെ പോലെ

നാം യാത്ര തിരിക്കുകയാണ്. ദാദാ പഹാഡ്, ചിക്മംഗ്ലൂർ, കൂർഗ്... ലക്ഷ്യങ്ങൾ അനേകം നമ്മെ കാത്തിരിക്കുന്നുണ്ട്. ചിക്‌മംഗ്ലൂരിന്റെ ചെങ്കുത്തായ മലകൾ കയറി, അനുനിമിഷം മാറി മറിയുന്ന കോടമഞ്ഞിന്റെ കാഴ്ചയുടെ മനോഹാരിത അനുഭവിച്ചറിയണം. തിരു നബിയോരെ വിളിയാളം കേട്ട് നാടിറങ്ങി മല കയറി വന്ന മഹാനായ ദാദാ ഹയാത്ത് ഖലന്ദർ ശൈഖ് അബ്ദുൽ അസീസ് മക്കി (ന.മ) എന്നവരുടെ സവിധത്തിലണയണം. ഒറ്റപ്പെട്ട ഇടങ്ങൾ തേടി ധ്യാന നിമഗ്‌നരായിരുന്ന ആ വിശുദ്ധിയെ ആവാഹിക്കണം. കൂർഗിന്റെ വശ്യ സൗന്ദര്യത്തിന്റെ ചാരുതയും തണുപ്പണിഞ്ഞ ഹരിതാഭയെയും കണ്ടാനന്ദിക്കണം. എല്ലാത്തിലും പ്രകടമായി നിലകൊള്ളുന്ന പ്രപഞ്ചസ്രഷ്ടാവിന്റെ സൃഷ്ടിവിസ്മയങ്ങള്‍ കണ്ട് തല കുനിക്കണം.

മനുഷ്യ സൃഷ്ടിപ്പിന്റെ തുടക്കം മുതലേ മനുഷ്യനായി പ്രപഞ്ച സ്രഷ്ടാവ് കാത്ത് വെച്ച സുകൃത സൂത്രമാണ് യാത്രകൾ. സ്വർഗത്തിൽ നിന്ന് തുടങ്ങുന്നതാണവൻെറ യാത്ര. സ്വർഗത്തിലേക്ക് അവസാനിക്കുന്നതാകണം അത്. ജീവിതത്തിന്റെ മാത്രമല്ല ജന്മത്തിലെ ഓരോ യാത്രയും സ്വർഗ്ഗീയാനുഭൂതി തരുന്നതാകണം വിശ്വാസിക്ക്. പടച്ച റബ്ബ് യാത്ര ചെയ്യാൻ പറഞ്ഞതും അതിന് തന്നെയാണ്. കാലത്തിന്റെ ഗതിയിൽ നിന്ന് പാഠമുൾക്കൊള്ളാൻ, ഹൃദയങ്ങൾ കൊണ്ട് ചിന്തിക്കുന്ന മഹിതാവസ്ഥ ഉണ്ടാക്കിയെടുക്കാൻ.. ഇതിനൊക്കെയാണ് റബ്ബ് നമ്മോട് യാത്ര ചെയ്യാൻ പഠിപ്പിച്ചതും പറഞ്ഞയച്ചതും. ഓരോ യാത്രയിലും ഈ ബോധം നമ്മെ മഥിച്ചു കൊണ്ടിരിക്കണം. നാം ഇരിക്കുന്ന ഇടങ്ങളും ചരിക്കുന്ന സ്ഥലങ്ങളും നമ്മൾ പെരുമാറുന്ന ഓരോ ഇടങ്ങളും നാളെ റബ്ബിന്റെ മുന്നിൽ നമുക്കായി സാക്ഷി നിൽക്കും എന്ന് പഠിപ്പിക്കപ്പെട്ടവരാണ് നമ്മൾ.

എങ്കിൽ നമ്മൾ പോകുന്ന യാത്രകൾ ഓരോന്നും പ്രപഞ്ച നാഥൻ പണ്ടേക്കു പണ്ടേയുള്ള അവന്റെ കണക്കെടുപ്പുകളിൽ നമുക്കായി കാത്തു വെച്ച സുജൂദിന്റെ ഇടങ്ങൾ തേടിയുള്ള അലച്ചിലുകൾ കൂടിയാണെന്ന് പറയാം.

ഒരു യാത്രയും കേവലം നാട് തെണ്ടൽ അല്ല, അവനവനെന്ന ആനന്ദത്തിലേക്കുള്ള, ആഴത്തിലേക്കുള്ള ഹൃദയ സഞ്ചാരം കൂടിയാണെന്ന് വേണം മനസ്സിലാക്കാൻ. ഇളം തണുപ്പിന്റെ കുളിരിൽ രമിച്ചിരിക്കുമ്പോൾ, കോടമഞ്ഞിന്റെയും പച്ച പുതച്ച മലനിരകളുടെയും ഭ്രമത്തിലിരിക്കുമ്പോൾ മറന്നു പോകരുത് ഇതെല്ലാം അവനിലേക്കുള്ള സഞ്ചാരം തന്നെയാണെന്ന്. സൃഷ്ടിയുടെ മനോഹാരിതയുടെ മായാ ജാലങ്ങൾ കാണുമ്പോൾ സ്രഷ്ടാവ് എന്ന മഹാ സത്യത്തെ അനുഭവിക്കാൻ കഴിയണം നമുക്ക്. കാണുന്ന കാഴ്ചകളിലൂടെ കാണാത്ത റബ്ബിലേക്ക് ആത്മ യാത്ര നടത്തുന്നവരാകണം നാം. 

ശഹീദ് ബാബാ സർമദ് എന്നൊരു മഹാ ജ്ഞാനിയെ ഓർത്തു പോവുകയാണ്. ബാബാ സർമദ് ഒരു കച്ചവടക്കാരനായിരുന്നു. സുൽത്താൻ ഔറംഗസീബിന്റെ കാലത്ത്  സുഗന്ധ വ്യഞ്ജനങ്ങൾ കച്ചവടം ചെയ്തിരുന്നൊരു സാധാരണ കച്ചവടക്കാരൻ.  കച്ചവടാവശ്യത്തിനുള്ള ഒരു യാത്രക്കിടെ മഞ്ഞുപുതച്ച് നിൽക്കുന്ന ഹരിതാഭ നിറഞ്ഞ ഹിമാലയൻ മലനിരകളുടെ  വശ്യ ചാരുതയിൽ മതിമറന്നിരുന്നു പോയൊരിക്കൽ ബാബാ സർമദ്. ചിന്തകളിൽ മതി മറന്നിരിക്കുന്ന ആ അനർഘ നിമിഷത്തിന്റെ മഹിതസുന്ദര മുഹൂർത്തത്തിൽ ആ മനസ്സിലേക്ക് ഒരൽഭുത ചിന്ത കടന്നു വന്നു.. "ഈ കാണുന്ന കാഴ്ചകൾക്ക് ഇത്ര മേൽ മനോഹാരിത പകർന്നു നൽകിയിട്ടുണ്ടെങ്കിൽ ഇതെല്ലാം പടച്ചു വെച്ച റബ്ബിന്റെ സൗന്ദര്യവും റബ്ബനുഭവങ്ങളുടെ ആനന്ദവും എത്രമേൽ അവർണ്ണനീയമായിരിക്കും എന്ന്"... ആ ചിന്ത കാട് കയറി മുന്നോട്ട് പോയതോടെ ഉള്ളിൽ ഒരു ദർവേഷ് രൂപം പ്രാപിക്കുന്നുണ്ടായിരുന്നു. 

റബ്ബിനെ തേടുന്ന ഒരു അനുരാഗിയുടെ ജന്മമായിരുന്നു അത്. അത് പിന്നെ ഉള്ളറിയുന്ന ലഹരിയായി മാറി. ഇലാഹിയായ അനുരാഗത്തിൽ ലയിച്ചു പോയൊരു സാത്വികനായിട്ടായിരുന്നു അവരുടെ പിന്നീടുള്ള ജീവിതം. പറഞ്ഞു വരുന്നത് പ്രകൃതിയൊരുക്കുന്ന കാഴ്ചാവിരുന്നുകൾ നമ്മുടെ അകത്തേക്ക് എങ്ങനെയാണ് ഇറങ്ങിച്ചെല്ലേണ്ടത് എന്നാണ്. 

നമുക്കകത്തും ഉണ്ട് ഒരു ബാബാ സർമ്മദ്. കാഴ്ചകളിൽ ഭ്രമിച്ചു നിൽക്കുമ്പോൾ ഉണർന്നു വരേണ്ടൊരു സർമദിയൻ പ്രഭാവം. റബ്ബനുഭവങ്ങളുടെ നേർ സാക്ഷ്യങ്ങൾ തീർക്കുന്നൊരു ഉള്ളകം.

പുറത്ത് കാണുന്ന മനോഹാരിതകൾ ഓരോന്നും നമുക്കകത്ത് ഇലാഹീ അനുരാഗത്തിന്റെ തൂമഴ പെയ്യിക്കുന്നതാവണം. നാം ചലിക്കുന്നതും ചരിക്കുന്നതും പ്രപഞ്ച നാഥനെ അന്വേഷിച്ചറിയാൻ വേണ്ടി, ആ സ്നേഹ ലയത്തിന്റെ മഹാസ്വാദനത്തിന്റെ ആനന്ദോത്സവത്തിലേക്ക് ചേർന്ന് നിൽക്കാൻ വേണ്ടിയായിരിക്കണം.

കാണുന്നതെല്ലാം അവന്റെതാണ്. ഈ മരങ്ങളും മലകളും പുഴയും കടലും ആകാശവും ഭൂമിയും എല്ലാം എല്ലാം അവന്റെ സൃഷ്ടിയുടെ മഹാത്ഭുതങ്ങളാണ്. അല്ലാഹുവിന്റെ സൃഷ്ടിയിൽ  ചിന്തിച്ചു കൊണ്ട് ഇതൊന്നും നീ വെറുതെ സൃഷ്ടിച്ചതല്ലല്ലോ എന്ന് പറയുന്നവരെ പറ്റി ഖുർആൻ നമുക്ക് പറഞ്ഞു തരുന്നുണ്ട്. സകല സൃഷ്ടികളും അല്ലാഹുവിന് തസ്ബീഹ് ചൊല്ലിക്കൊണ്ടിരിക്കുന്നുവെന്നും ഖുർആൻ പഠിപ്പിക്കുന്നു. ഓരോ പൂവിന്റെ ഇതളുകളും ഓരോ ഇലയും കാണുമ്പോൾ നാം ആത്മാവ് കൊണ്ട് കാതോർക്കണം അവയുടെ തസ്ബീഹിന്റെ ശബ്ദങ്ങൾക്കായി. എങ്കിൽ അവ നമുക്ക് കുറെ പാഠങ്ങൾ പറഞ്ഞു തരും. റബ്ബിന്റെ സൃഷ്ടിയുടെ മഹാത്ഭുതങ്ങൾ എത്ര ആനന്ദകരമാണ്. മാമരങ്ങളുടെ മർമ്മരങ്ങളും പച്ചപ്പുൽമേടുകളുടെ സൗന്ദര്യവും എല്ലാം വിരൽ ചൂണ്ടുന്നത് അവന്റെ മാഹാത്മ്യത്തിലേക്കാണ്. അവയിലേക്ക് നോക്കുമ്പോൾ, പൂവാടിയുടെ സൗരഭ്യം ആസ്വദിക്കുമ്പോൾ, ആകാശത്തിന്റെ തണലിൽ നിൽക്കുമ്പോൾ എല്ലാമെല്ലാം അവന്റെ കാരുണ്യമാണെന്ന ഓർമയോടെ വേണം നാം നോക്കിക്കാണാൻ.

അല്ലെങ്കിലും ഒന്നാലോചിച്ചു നോക്കൂ.. അവൻ എത്ര വലിയ സ്നേഹ വാത്സല്യമാണ് നമുക്കായി ചൊരിഞ്ഞിരിക്കുന്നതെന്ന്.. നമ്മളൊക്കെ ഈ ഭൂമിയിലേക്ക് പിറന്നു വീഴും മുമ്പേ തന്നെ ഇവിടെ ഈ കണ്ട് കാണപ്പെട്ട സൗന്ദര്യ സൗരഭ്യ സൗഭഗങ്ങളൊക്കെ അവൻ നമുക്കായി ഒരുക്കി വെച്ചില്ലേ.. നമ്മുടെ കണ്ണുകൾക്ക് ആനന്ദക്കുളിർമഴ പെയ്യിക്കാൻ എന്തൊക്കെയാണ് അവൻ ഇവിടെ തയ്യാറാക്കി വെച്ചതല്ലേ.. പിറന്നു വീണ നമ്മോടവൻ പറയുകയാണ്, ഇതെല്ലാം നിങ്ങൾക്ക് വേണ്ടി പടച്ചൊരുക്കിയവനാണ് അവൻ എന്ന്. 

എങ്ങനെയാണ് അവന്റെ ഈ കാരുണ്യത്തെ വർണ്ണിക്കുക.. അവൻ ചോദിക്കുന്നുമുണ്ടല്ലോ ഇടക്കിടെ, 'എന്തേ നിങ്ങൾ ആകാശത്തിലേക്ക് നോക്കുന്നില്ല', 'ഭൂമിയും കടലും പുഴയും ഒന്നും നിങ്ങൾ കാണുന്നില്ലേ', കുടിക്കുന്ന വെള്ളത്തെ കുറിച്ച്, പെയ്തിറങ്ങുന്ന മഴയെ കുറിച്ച്, ഉതിർന്നു വീഴുന്ന മഞ്ഞുതുള്ളികളെ കുറിച്ച്, തണലേകുന്ന വന്മരങ്ങളെ കുറിച്ച്, സഞ്ചരിക്കുന്ന മേഘങ്ങളെ കുറിച്ച് ഒന്നും നിങ്ങൾ ചിന്തിക്കുന്നില്ലേ എന്ന്..

എല്ലാമെല്ലാം അറിഞ്ഞനുഭവിക്കണം. അവന്റെ ഭൂമിയിലെ വ്യത്യസ്തതകൾ ഓരോന്നും നമുക്ക് കണ്ടറിയണം. കാണുമ്പോൾ ഓർമയും വരണം, അവന്റേതാണെല്ലാം എന്ന്, അവൻ പറഞ്ഞിട്ടാണിതെല്ലാം കാണുന്നതെന്ന്, അവന്റെ വഴിയിലാണ് ഈ സഞ്ചാരമെന്ന്, അവനിലേക്ക് തന്നെയാണ് മടക്കവും എന്ന്. ആ ഒരു മനസ്സോടെയാണ് നമ്മൾ ചെയ്യുന്ന യാത്രകളെങ്കിൽ എത്രമേൽ ധന്യമായിരിക്കും ആ നിമിഷങ്ങൾ.. അല്ലാഹുവേ നീ കൂടെയുണ്ടാകണേ നാഥാ..

നാം സഞ്ചരിക്കണം, പ്രകൃതിയുടെ സൗന്ദര്യക്കാഴ്ചകളിലേക്ക്, കടലും പുഴയും ഒരുക്കുന്ന ആനന്ദത്തിന്റെ അത്ഭുതങ്ങളിലേക്ക്, ചരിത്രത്തിന്റെ ശേഷിപ്പുകളിലേക്ക്, മഖാമുകളിൽ അന്ത്യവിശ്രമം കൊള്ളുന്ന ഇന്നും ജനലക്ഷങ്ങൾക്ക് തണലും ആശ്വാസവും ഏകുന്ന മഹത്തുക്കളുടെ സാനിധ്യത്തിലേക്ക്, എല്ലായിടത്തും നാം എത്തിച്ചേരണം. യാത്രികന്റെ പ്രാർത്ഥനകൾക്ക് ഉത്തരമുണ്ടെന്ന് മുത്ത് നബി (സ) പഠിപ്പിച്ചിട്ടുണ്ടല്ലോ. ഇങ്ങനെയാകുമ്പോഴാണ് നമ്മുടെ പ്രാർത്ഥനകൾക്ക് വിശുദ്ധിയേറുന്നത്. കേവലമായ ആനന്ദമെന്നതിനപ്പുറം മനസ്സിനെ കൂടെ കൊണ്ട് പോവുക. ആത്മാവിനെ കൂടെ കൂട്ടുക.. യാത്രകൾ ആത്മാവിന്റെ ആനന്ദമായിത്തീരും. ഇൻഷാ അല്ലാഹ്..

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter