മുത്തുപ്പേട്ടയിലെ അനുഭൂതിയുടെ ദിനരാത്രങ്ങള്‍

നാഗൂരിൽ നിന്ന് മടക്കയാത്ര ആരംഭിച്ചത് ഒരു പുലർ കാലത്തായിരുന്നു. നാഗൂർ ഉദാസീനമായ ഉറക്കച്ചടവുകളോടെ പുതിയ ദിവസത്തിലേക്ക് ഉണരുകയാണ്. അധിക കടകളും തുറന്നിട്ടില്ല. മരംകോച്ചുന്ന തണുപ്പിനെ പ്രതിരോധിക്കാൻ ഒരു ചായ കിട്ടിയെങ്കിൽ വലിയൊരു ആശ്വാസമായേനെ. എന്റെ കണ്ണുകൾ ചായക്കടയുടെ അന്വേഷണത്തിലായിരുന്നു. ഭാഗ്യത്തിന് ദർഗയുടെ സമീപത്തെ കട തുറന്നിട്ടുണ്ട്. പ്രഭാതത്തിന്റെ ആലസ്യത്തെ ചായ കൊണ്ട് ഞാൻ പ്രതിരോധിച്ചു. ദർഗക്ക് ചുറ്റുമുള്ള മിനാരങ്ങൾ പുലർകാലത്ത് വ്യത്യസ്തമായ ദൃശ്യവിസ്മയം നൽകുന്നുണ്ട്. ഓരോ മിനാരങ്ങൾക്കും എന്തൊക്കെ കഥകളാണ് പറയാനുണ്ടാവുക. എത്ര മനുഷ്യരുടെ ഹൃദയങ്ങളിലാണ് അവ പ്രകാശം പരത്തിയത്. നാഗൂർ ഉപ്പാപ്പയെക്കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ പെയ്തിറങ്ങി. ദർഗയിലേക്ക് തീർത്ഥാടകർ വരാൻ തുടങ്ങിയിട്ടുണ്ട്. രാത്രികാലങ്ങളിൽ നാഗൂരിലെ മണ്ണിൽ കിടന്നുറങ്ങിയ ധാരാളം ആളുകളെ കാണാൻ സാധിച്ചു. ദർഗയുടെ പ്രധാന കവാടം തുറക്കാത്തത് കാരണം പുറത്തു നിന്ന് ഞാൻ പ്രാർത്ഥിച്ചു. അനിർവചനീയമായ ഒരു അനുഭൂതി. സൂഫി സാന്നിധ്യമുള്ള ഇടങ്ങളുടെ പ്രധാന സവിശേഷത ആത്മീയാനുഭൂതിയാണ്. വാക്കുകൾ കൊണ്ട് ചേർത്തു വയ്ക്കാൻ കഴിയാത്ത ആസ്വാദനമാണത്. സൂഫി ഇടങ്ങളിലേക്ക് ജനമൊഴുകുന്നത് പ്രധാനമായും ഈ അനുഭൂതി നുകരാനാണ്.

നാഗൂരിന്റെ ആത്മാവ് മനസ്സിലാക്കണമെങ്കിൽ അവിടെ താമസിക്കുക തന്നെ വേണം. ദീർഘദൂര യാത്രകളിൽ കയറിയിറങ്ങാനുള്ള ഇടമായി നാഗൂരിനെ തിരഞ്ഞെടുക്കുന്നവർ ഏറെയാണ്. സമയക്കുറവും യാത്രാക്ലേശവും ഇത്തരം ആളുകൾക്ക് മുമ്പിൽ വലിയ പ്രതിസന്ധികളാണ്. എന്നാൽ നാഗൂർ പോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളിൽ താമസിച്ചും അവിടെ ലയിച്ചും കഴിയുന്ന ചില ജീവിതങ്ങളുണ്ട്. അവർക്ക് നാഗൂരിലെ അനുഭൂതികൾ ആസ്വദിക്കാന്‍ വേണ്ടുവോളം സമയം ലഭിക്കുന്നു. പകലിലെ തിരക്കും ബഹളവും ഇഷ്ടമില്ലാത്തവർ നാഗൂരിലെ രാത്രികളെ ഇഷ്ടപ്പെടുമെന്നതിൽ സംശയമില്ല. ശാന്തമായ അന്തരീക്ഷത്തിൽ നാഗൂരിലെ പുണ്യഭൂമിയിലിരുന്ന് അല്ലാഹുവിനോട് മനമുരുകി പ്രാർത്ഥിക്കാൻ ആരാണ് ആഗ്രഹിക്കാതിരിക്കുക. 

പ്രഭാത നിസ്കാരം നിർവഹിച്ചതിനുശേഷം നാഗൂർ ദർഗയോട് ഞാൻ വിട പറഞ്ഞു. രാവിലെ 5:15ന് നാഗൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരുന്ന ബാംഗ്ലൂർ എക്സ്പ്രസ്സിനെ ലക്ഷ്യമാക്കി നടന്നു. രാത്രി പെയ്തിറങ്ങിയ മഞ്ഞ് കണങ്ങൾ എന്റെ കാല്പാദങ്ങളെ കുളിരണിയിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷനിൽ ധാരാളം യാത്രക്കാർ എത്തിയിട്ടുണ്ട്. പലരും അവിടെത്തന്നെ രാത്രി ഉറങ്ങിയവരാണ്. അധികവും ഹിന്ദി വാലകൾ. ബാംഗ്ലൂരിലേക്കുള്ള മടക്കയാത്രയിലാണവർ. എന്റെ സീറ്റിന്റെ എതിർവശത്ത് ഇരിക്കുന്ന ഭായിയെ ഞാൻ പരിചയപ്പെട്ടു. കുടുംബസമേതമാണ് ഭായി നാഗൂരിലെത്തിയിട്ടുള്ളത്. പ്രതിസന്ധികളുടെ പെരുമഴക്കാലത്ത് നാഗൂരിൽ നിന്ന് ലഭിക്കുന്ന ആശ്വാസത്തിന്റെ തെളിനീരിനെക്കുറിച്ച് ആ ഭായി വാചാലനായി. ആകാശത്തിന്റെ നീലിമയും പുലർകാലത്തിന്റെ തണുപ്പും എന്റെ യാത്രയെ കൂടുതൽ മനോഹരമാക്കി. ജാലകത്തിനരികെ കാഴ്ചകൾ ആസ്വദിക്കുമ്പോഴാണ് പെട്ടെന്ന് മഴ കടന്നുവന്നത്. അതോടെ അന്തരീക്ഷത്തിന്റെ ഭാവം മാറി. തിമിർത്തു പെയ്യുന്ന മഴയിൽ ഓർമ്മകളുടെ ഭാണ്ഡവും പേറിയുള്ള ഏകാന്ത യാത്രക്ക് വല്ലാത്തൊരു രസമാണ്.

മുത്തുപ്പേട്ട ലക്ഷ്യമാക്കിയാണ് എന്റെ ഈ യാത്ര. നാഗൂരിൽ നിന്ന് മുത്തുപ്പേട്ടയിലേക്ക് ട്രെയിൻ മാർഗം പോകാമെന്ന് അറിഞ്ഞപ്പോൾ ഒരു ഭാഗ്യ പരീക്ഷണത്തിന് തയ്യാറായതാണ് ഞാൻ. വരാൻ പോകുന്ന പ്രയാസങ്ങളെക്കുറിച്ച് ഒട്ടും ആശങ്കകൾ ഇല്ലാതെയാണ് തിരുവാരൂർ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഞാൻ ചെന്നിറങ്ങുന്നത്. ടിക്കറ്റ് എടുക്കാൻ ശ്രമിക്കുമ്പോഴാണ് അമളി മനസ്സിലായത്. മുത്തുപ്പേട്ടയിലേക്കുള്ള ട്രെയിൻ ക്യാൻസൽ ചെയ്യപ്പെട്ടിരിക്കുന്നു. ഓൺലൈൻ വിവരങ്ങളെ ആശ്രയിച്ച് യാത്ര നിശ്ചയിച്ച എന്റെ ഭാഗത്ത് തന്നെയാണ് പിഴവ്. ഇന്ത്യൻ റെയിൽവേക്ക്‌ കൃത്യനിഷ്ഠത അപരിചിതമായതിനാൽ യാത്രകളെ അതനുസരിച്ചാണ് ഞാൻ ക്രമീകരിക്കാറുള്ളത്. പക്ഷേ ഈ യാത്രയിൽ എനിക്കും അബദ്ധം പിണഞ്ഞു. പൗരന്മാരുടെ സമയത്തിന് മൂല്യം കൽപ്പിക്കുന്നതിൽ നമ്മുടെ സർക്കാർ സംവിധാനങ്ങൾ ഇപ്പോഴും വളരെ പിറകിലാണ്.'കാന ഹരാധ' എന്ന ഒറ്റ പെൺകുട്ടിക്ക് വേണ്ടി മാത്രം ഓടുന്ന ജപ്പാനിലെ ട്രെയിനിനെക്കുറിച്ച് വായിച്ചത് അപ്പോള്‍ ഞാനോര്‍ത്തു. ആ പെൺകുട്ടിക്ക് ഗ്രാമത്തിൽ നിന്ന് സ്കൂളിലേക്ക് പോകാനുള്ള ഏക ആശ്രയമായിരുന്നു പ്രസ്തുത ട്രെയിൻ. സാമ്പത്തിക നഷ്ടത്തേക്കാളുപരി പൗരന്റെ വിദ്യാഭ്യാസമാണ് പ്രധാനമെന്ന് മനസ്സിലാക്കിയ ജപ്പാൻ സർക്കാർ ലോക സമൂഹത്തിന് വലിയ മാതൃകയാണ് പകർന്നത്(1). പൗരന്മാരുടെ ജീവിതത്തിനും സമയത്തിനും മൂല്യം കൽപ്പിക്കുമ്പോൾ മാത്രമേ നമ്മുടെ രാഷ്ട്രവും വികസിത രാഷ്ട്രമായി മാറുകയുള്ളൂ.

മുന്നോട്ടുള്ള യാത്രയ്ക്ക് പുതുവഴികൾ തേടാനായി ഞാൻ സ്റ്റേഷന്റെ പുറത്തിറങ്ങി. തമിഴ് ഭാഷയുടെ അപരിചിതത്വം എന്നിൽ ആശങ്കകൾ സൃഷ്ടിച്ചു. ഹിന്ദി ഭാഷയുടെ അടിച്ചേൽപ്പിക്കലിനെതരിൽ തമിഴ്നാട്ടിൽ നടന്ന ഭാഷാ സമരങ്ങളുടെ പ്രതിഫലനം ഇന്നും കാണാം. തമിഴ്നാട്ടിലെ ഹിന്ദിക്കെതിരായ വിവാദവും പ്രക്ഷോഭങ്ങളും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു മുമ്പ് തുടങ്ങിയതാണത്രെ. 1930-കളിൽ സി രാജഗോപാലാചാരിയുടെ നേതൃത്വത്തിലുള്ള സർക്കാർ സംസ്ഥാനത്തെ സ്കൂളുകളിൽ ഹിന്ദി ഒരു വിഷയമായി അവതരിപ്പിക്കാൻ തീരുമാനിച്ചത് കാരണം മദ്രാസ് പ്രവിശ്യയിൽ ഉടനീളമുണ്ടായ പ്രക്ഷോഭങ്ങള്‍ മൂന്ന് വർഷത്തോളം നീണ്ടുപോവുകയും രണ്ട് പ്രക്ഷോഭകാരികൾക്ക് ജീവൻ നഷ്ടപ്പെടുകയും 1000-ത്തിൽ അധികം പേർ അറസ്റ്റ് വരിക്കുകയും ചെയ്തുവെന്നാണ് കണക്ക്. 1946-1950 കാലയളവിൽ, ഗവൺമെന്റ് സ്കൂളുകളിലെ ഹിന്ദി പഠനം തിരികെ കൊണ്ടുവരാൻ ശ്രമിച്ചപ്പോഴെല്ലാം പ്രതിഷേധങ്ങൾ ഉണ്ടായി. അനുരഞ്ജന നീക്കം എന്ന നിലയിൽ സർക്കാർ സ്കൂളുകളിൽ ഹിന്ദി ഐച്ഛിക വിഷയമാക്കി മാറ്റി. 

1965ൽ ഹിന്ദി ഏക ഔദ്യോഗിക ഭാഷയാക്കുന്നതിനെതിരെ തമിഴ്നാട്ടിൽ ഹിന്ദി വിരുദ്ധ പ്രക്ഷോഭം അരങ്ങേറി. റെയിൽവേ കമ്പാർട്ട്മെന്റുകളും ഹിന്ദി ബോർഡുകളും തീ വെക്കപ്പെട്ടു. ലാൽ ബഹദൂർ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിലും പ്രക്ഷോഭം അനുരണനങ്ങൾ ഉണ്ടാക്കി. മന്ത്രിമാരായ സി സുബ്രഹ്മണ്യവും ഒ.വി അഴകേശനും രാജിവെച്ചു. ശാസ്ത്രി രാജിക്കത്ത് സ്വീകരിക്കുകയും അന്നത്തെ രാഷ്ട്രപതി എസ് രാധാകൃഷ്ണന് അയച്ചു കൊടുക്കുകയും ചെയ്തെങ്കിലും രാധാകൃഷ്ണൻ അത് സ്വീകരിച്ചില്ല. പ്രശ്നത്തിൽ ഇനിയും ഇടപെടരുതെന്ന് രാധാകൃഷ്ണൻ ശാസ്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തു. അന്തർ സംസ്ഥാന ആശയവിനിമയങ്ങളിലും സിവിൽ സർവീസ് പരീക്ഷയിലും ഇംഗ്ലീഷ് തുടർന്നും ഉണ്ടാകുമെന്ന്, പിന്നീട് ശാസ്ത്രി ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു (2).

തമിഴ്നാട്ടിലെ സൂചനാ ബോർഡുകൾക്ക് തമിഴ് ഭാഷ മാത്രമേ പരിചിതമുള്ളൂ. ഇംഗ്ലീഷും ഹിന്ദിയും അത്തരം ബോർഡുകൾക്ക് അന്യമാണ്. ഭാഷയിലും സംസ്കാരത്തിലും തമിഴ് ജനത അഭിമാനം കൊള്ളുന്നതിന്റെ പ്രകടമായ ഉദാഹരണങ്ങളാണ് ഇത്തരം ബോർഡുകൾ. തമിഴ്നാട്ടിൽ യാത്ര ചെയ്യുമ്പോൾ തമിഴ് ഭാഷ ആശ്രയിക്കാതെ വഴിയില്ല. ഇംഗ്ലീഷ് പദങ്ങളെ അതേപടി പകർത്തുന്നതിന് പകരം തമിഴിൽ തത്തുല്യമായ പദങ്ങൾ സൃഷ്ടിച്ച് തമിഴ് ഭാഷയെ വികസിപ്പിക്കാനും അവർ ശ്രമിച്ചിട്ടുണ്ട്. ബസ്, ട്രെയിൻ, റെയിൽവേ സ്റ്റേഷൻ, ജംഗ്ഷൻ തുടങ്ങിയ ഒട്ടുമിക്ക ഇംഗ്ലീഷ് പദങ്ങൾക്കും തമിഴിൽ പദങ്ങളുണ്ട്. മാത്രമല്ല ദ്രാവിഡ രാഷ്ട്രീയം പകരുന്ന സാംസ്കാരിക തനിമയും മതസാഹോദര്യവും നവയുഗത്തിൽ പോലും നിലനിൽക്കുന്നു. ഇത്തരം വിഷയങ്ങളിൽ മലയാളികളേക്കാൾ തമിഴർ ഒരുപടി മുന്നിലാണ്. റെയിൽവേ സ്റ്റേഷന്റെ മുമ്പിലുള്ള പ്രിയപ്പെട്ട അണ്ണന്മാരുടെ സഹായത്തോടെ തിരുവാരൂരിൽ നിന്ന് തിരുത്തുറൈപൂണ്ടി വഴി മുത്തുപ്പേട്ടയിലേക്ക് ബസ് മാർഗം ഞാൻ യാത്രതിരിച്ചു. തമിഴും മലയാളവും തമ്മിലുള്ള സുദൃഢമായ ബന്ധം യാത്രയിലൂടെനീളം അനുഭവിക്കാനായി.

തമിഴ് ഗ്രാമങ്ങൾക്കിടയിലൂടെയാണ് ബസ് യാത്ര. ഗ്രാമീണ ജീവിതത്തിന്റെ സൗന്ദര്യവും പരുക്കൻ യാഥാർത്ഥ്യങ്ങളും ബോധ്യപ്പെടുത്തുന്ന ദൃശ്യങ്ങൾ. വഴികൾക്കിരുവശവും ഉയർന്നു നിൽക്കുന്ന കോവിലുകൾ. കാർഷികജീവിതത്തിന്റെ ദൃശ്യവിരുന്ന് എന്നിൽ ഗൃഹാതുരത്വം സൃഷ്ടിച്ചു. പാടവരമ്പത്ത് കുഴിച്ചുമൂടപ്പെട്ട ബാല്യകാലത്തിന്റെ ഓർമ്മകൾ മുളച്ചുപൊന്തി. തോടും പാടവും ഇടങ്ങളായുള്ള ഭൂതകാലത്തിന്റെ നനവാർന്ന ഓർമ്മകൾ ആരെയാണ് തലോടാതിരിക്കുക. മുന്നോട്ടു സഞ്ചരിക്കുന്തോറും കാഴ്ചകൾ മാറാൻ തുടങ്ങി. മുത്തുപ്പേട്ടയിൽ ബസ് ഇറങ്ങിയതിനു ശേഷം ആദ്യം തിരഞ്ഞത് നല്ല ഒരു ഹോട്ടലായിരുന്നു. പ്രഭാത ഭക്ഷണം കഴിച്ചതിനുശേഷം മുത്തുപ്പേട്ട ദർഗയിലേക്ക് ഞാൻ പുറപ്പെട്ടു. അങ്ങാടികളിലും വഴിയോരങ്ങളിലും മുത്തുപ്പേട്ട ദർഗ ലക്ഷ്യമാക്കി വന്ന ധാരാളം മലയാളികളെ കാണാൻ സാധിച്ചു. ചിലരെ പരിചയപ്പെട്ടു. ദർഗക്ക് സമീപമുള്ള പള്ളിയിൽ കയറി ഉന്മേഷം തിരിച്ചെടുത്തു. പള്ളിക്കരികെ വിശാലമായ കുളമുണ്ട്. കേരളത്തിൽ നിന്നും മറ്റും എത്തുന്ന തീർത്ഥാടകരുടെ പ്രധാന ആശ്രയമാണ് പ്രസ്തുത കുളം. പള്ളി ദർസിൽ ഓതുന്ന കാലത്ത് വന്ദ്യരായ ഗുരുവര്യരുടെ കൂടെ മുത്തുപ്പേട്ട സിയാറത്തിന് വന്നതും, ആ കുളത്തിൽ കുളിച്ചതും സ്മൃതിപഥത്തിൽ കടന്നുവന്നു. പട്ടുടുപ്പിച്ച കാലത്തിന്റെ എത്ര നല്ല ഓർമ്മകൾ. പള്ളിയുടെ ഉൾവശം കണ്ടതിനുശേഷം ഞാൻ ദർഗയിലേക്ക് നടന്നു.
ദാവൂദുൽ ഹകീം(റ)
തമിഴ്നാട്ടിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് മുത്തുപ്പേട്ട. ബനൂ ഇസ്രാഈലികളിൽപെട്ട മഹാനായ ദാവൂദുൽ ഹകീം(റ)വാണ് മുത്തുപ്പേട്ടയിൽ അന്തിയുറങ്ങുന്നത്. അത്ഭുതകരമായ സാഹചര്യത്തിൽ മഹാന്റെ മഖ്ബറ പ്രത്യക്ഷപ്പെട്ടതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. തരിശുഭൂമിയായിരുന്ന പ്രസ്തുത പ്രദേശത്തെ കാർഷികയോഗ്യമാക്കാൻ വേണ്ടി ഉഴുതുമറിക്കുന്നതിനിടയിലാണ് കർഷകർ ഖബറിൽ നിന്ന് രക്തപ്രവാഹം കണ്ടതത്രെ. പരിഭ്രമിച്ചു പോയ കർഷകർക്ക്‌ കാഴ്‌ച ശക്തി നഷ്ടമായി. പിന്നീട് മഹാനെ മുൻനിർത്തി പ്രാർത്ഥിച്ചതിന്റെ ഫലമായി കാഴ്ചശക്തി തിരിച്ചു കിട്ടി. ഈ വിവരമറിഞ്ഞ് സമീപപ്രദേശങ്ങളിൽ നിന്ന് ആളുകൾ ഇരമ്പിയെത്തി. സത്യസന്ധമായ സ്വപ്നദർശനത്തിലൂടെ മഹാന്റെ പേരും നാടും ആളുകൾക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ് ദാവൂദുൽ ഹകീം(റ)വിന്റെ മഖ്ബറ ജനങ്ങൾക്ക് വ്യക്തമായത്. 

മഹാനായ ശൈഖ് ദാവൂദുൽ ഹകീം (റ)വിൽ നിന്ന് ധാരാളം കറാമത്തുകൾ പ്രകടമായിട്ടുണ്ട്. പ്രത്യേകിച്ചും മഹാനെ മുൻനിർത്തി പ്രാർത്ഥിച്ചതിനെ തുടർന്ന് ശാരീരികമായ പ്രയാസങ്ങൾ മാറിയ അനുഭവങ്ങൾ നിരവധിയാണ്. തമിഴ്നാടിന്റെ ഇതര പ്രദേശങ്ങളിൽ നിന്നും വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നും ധാരാളം തീർത്ഥാടകർ മുത്തുപ്പേട്ടയിൽ എത്തുന്നുണ്ട്. ഫാത്തിമ ബീവി(റ), ആറ്റക്കോയ (റ)എന്നീ മഹത്തുക്കളുടെ മഖ്ബറകളും മുത്തുപ്പേട്ടയിലുണ്ട്.

മഹാനായ സ്വദഖത്തുല്ലാഹിൽ ഖാഹിരി(റ) മുത്തുപ്പേട്ടയിൽ സിയാറത്തിനു വന്നപ്പോൾ നിന്നിരുന്ന സ്ഥലം പ്രത്യേകം അടയാളപ്പെടുത്തിയതായി വായിച്ചറിഞ്ഞിരുന്നു. പക്ഷേ അത് കാണാൻ സാധിച്ചില്ല. ദാവൂദുൽ ഹകീം(റ)വിനെക്കുറിച്ച് ചില സംശയങ്ങളോടെയായിരുന്നു ശൈഖ് സ്വദഖത്തുല്ലാഹ്(റ) മുത്തുപ്പേട്ടയിൽ എത്തിയിരുന്നത്. അന്ന് രാത്രി ഉറങ്ങുമ്പോൾ സ്വപ്നത്തിൽ മഹാനായ ദാവൂദുൽ ഹകീം(റ) കടന്നുവന്നു. സ്വദഖത്തുല്ലാഹ്(റ)വിനെ ശക്തമായി പിടികൂടാൻ ദാവൂദുൽ ഹകീം(റ) തന്റെ സേവകനോട് കല്പിച്ചു. ഉടനെ സ്വദഖത്തുല്ലാഹ്(റ)വിന്റെ വയർ വീർത്തുവരാൻ തുടങ്ങി. ദാവൂദുൽ ഹകീം(റ) പറഞ്ഞു തുടങ്ങി: "നിങ്ങൾക്ക്‌ എന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടായത് കൊണ്ടാണ് ഞാൻ നിങ്ങളെ പിടികൂടാൻ പറഞ്ഞത്. ഞാൻ തൗറാത്ത് ഓതിയപ്പോൾ അന്ത്യപ്രവാചകൻ മുഹമ്മദ്‌ മുസ്ത്വഫ(സ്വ) തങ്ങളുടെ വിശേഷണങ്ങൾ കാണുകയും, തങ്ങളെക്കൊണ്ട് ഞാൻ വിശ്വസിക്കുകയും ചെയ്തിരുന്നു". ഇത് കേൾക്കേണ്ട താമസം സ്വദഖത്തുല്ലാഹ്(റ) തൗബ ചെയ്യുകയും ദാവൂദുൽ ഹകീം(റ)വിന്റെ പേരിൽ ഖുർആൻ ഓതുകയും ചെയ്തു. അതോടെ ബഹുമാനപ്പെട്ടവരുടെ വയർ പൂർവ്വസ്ഥിതിയിലായി (3). 

ദർഗക്കകത്തേക്ക് ഞാൻ പ്രവേശിച്ചു. നീളമുള്ള ഖബർ. പ്രാർത്ഥനയിൽ അലിയുന്ന വിശ്വാസികൾ. പ്രാർത്ഥനയ്ക്ക് ശേഷം ദർഗയിൽ നിന്ന് പുറത്തിറങ്ങി. കവാടത്തിനരികയുള്ള ചെറുകിട കച്ചവടക്കാരിൽ നിന്ന് മഹാന്റെ മൗലിദ് ലഭിക്കാനായി ഞാൻ പരതി. അപ്പോഴാണ് മഹാനായ ശൈഖുനാ ശംസുൽ ഉലമ ദാവൂദുൽ ഹകീം(റ) വിനെക്കുറിച്ച് എഴുതിയ ബൈത്തുകൾ കാണാനിടയായത്. തമിഴ്നാട്ടിലെ പ്രസിദ്ധമായ സിയാറത്ത് കേന്ദ്രത്തിൽ ഒരു മലയാളി പണ്ഡിതന്റെ രചന കാണുമ്പോൾ ഏത് മലയാളിക്കാണ് അഭിമാനം തോന്നാതിരിക്കുക.
ശൈഖുനാ ശംസുൽ ഉലമ(ഖ.സി)
ആത്മീയതയുടെ പ്രകാശ ഗോപുരത്തെ ഇൽമ് കൊണ്ട് മറച്ചുവെച്ച മഹാനായിരുന്നു ശൈഖുനാ ശംസുൽ ഉലമാ (ഖ.സി). ബാല്യകാലം മുതലേ മഹാന്മാരുമായി ബന്ധപ്പെടാനും സഹവസിക്കാനും സാധിച്ചത് ശൈഖുനയിൽ വലിയ സ്വാധീനം ഉണ്ടാക്കിയിരുന്നു. ബാഖിയാത്ത് സ്വാലിഹാത്തിലെ ഫൈനൽ പരീക്ഷയുടെ തലേദിവസം വരെ ശൈഖുന സിയാറത്ത് യാത്രയിലായിരുന്നു. ഫൈനൽ പരീക്ഷയ്ക്ക് വേണ്ടി മാസങ്ങൾക്ക് മുമ്പേ തയ്യാറെടുക്കുന്ന പ്രതിഭാശാലികളായ വിദ്യാർത്ഥികൾ ജീവിച്ചിരുന്ന കാലമാണത്. പലരും ഫൈനൽ പരീക്ഷയ്ക്ക് ശൈഖുനാക്ക് മാർക്ക് കുറയും എന്ന് കരുതിയെങ്കിലും ഒന്നാം റാങ്ക് കരസ്ഥമാക്കി ശൈഖുനാ ചരിത്രം ആവർത്തിച്ചു. ശൈഖുനയുടെ വിജ്ഞാന ലോകത്തിനു മുമ്പിൽ കേരളീയ പണ്ഡിതർ മാത്രമല്ല അത്ഭുതം കൂറിയത്. വിശ്വപ്രസിദ്ധ പണ്ഡിതനും ചിന്തകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ ശൈഖ് സയ്യിദ് മുഹമ്മദ് മാലികി ശംസുൽ ഉലമയോടുള്ള ആദരവ് മൂലം അവിടുത്തെ വടി വാങ്ങി മാറോടണച്ചു ചുംബിച്ചിരുന്നു. 1989ൽ ശൈഖുന നടത്തിയ UAE സന്ദർശന വേളയിൽ UAE പ്രസിഡന്റിന്റെ മതകാര്യ ഉപദേഷ്ടാവായ പ്രസിദ്ധ പണ്ഡിതൻ ശൈഖ് അലിയുൽ ഹാഷിമി 'ആലിമുൽ ആലം' (ലോക പണ്ഡിതൻ) എന്നാണ് ശൈഖുനയെ വിശേഷിപ്പിച്ചിരുന്നത്. റാബിത്വത്തുൽ ആലമിൽ ഇസ്‍ലാമിയ്യയുടെ സെക്രട്ടറി ജനറൽ കേരളത്തിൽ എത്തിയപ്പോൾ ആദ്യം അന്വേഷിച്ചത് ശംസുൽ ഉലമയേയായിരുന്നു. ശൈഖുന നേതൃത്വം നൽകുന്ന പൂച്ചക്കാട്ടെ പള്ളിദർസിൽ ഒരു മുതഅല്ലിമിനെ പോലെ ചെന്നിരുന്ന റാബിത്വ സെക്രട്ടറി അവിടെ തടിച്ചുകൂടിയ ജനങ്ങളോട് പറഞ്ഞത് 'ഇദ്ദേഹം വിജ്ഞാനത്തിന്റെ ബഹ്റാണ്' എന്നായിരുന്നു. ജുമുഅ ഖുതുബ പ്രാദേശിക ഭാഷയിലാക്കുന്നതിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് ശൈഖുനാ എഴുതിയ കത്താണ് റാബിത്വ സെക്രട്ടറിയെ ശൈഖുനയിലേക്ക് ആകൃഷ്ടനാക്കിയത്.

ഗ്രന്ഥ പാരായണത്തിലും ദിക്റുകളിലും മുഴുകിയ ജീവിതമായിരുന്നു ശൈഖുനയുടേത്. ശൈഖുനയുടെ ജീവിത രീതികളെക്കുറിച്ച് ശിഷ്യനായ മർഹൂം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്: ഇശാ മഗ്രിബിനിടയിൽ പൂർണ്ണമായും ഉസ്താദ് ഇബാദത്തിൽ മുഴുകിയിരിക്കും. ഈ സമയത്ത് ഉസ്താദിന്റെ ഒന്നാം നമ്പർ റൂമിന്റെ വാതിൽ അടഞ്ഞുകിടക്കും. പ്രസ്തുത സമയത്ത് സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. പിന്നീട് ഗ്രന്ഥ വായനയിൽ മുഴുകും. ഒരു നിമിഷവും വെറുതെയിരിക്കുന്നത് കാണാൻ കഴിഞ്ഞിട്ടില്ല. കയ്യിൽ കിതാബില്ലെങ്കിൽ തസ്ബീഹ് ഉണ്ടാകും. അറബി, ഉറുദു, സുരിയാനി, ഫ്രഞ്ച്, തമിഴ്, സംസ്കൃതം, ഇംഗ്ലീഷ് ഭാഷകളിലുള്ള നൈപുണ്യം ശൈഖുനയുടെ വൈജ്ഞാനിക ലോകത്തിന്റെ വ്യാപ്തി വർധിപ്പിച്ചു. അയിലക്കാട് സിറാജുദ്ദീനുൽ ഖാദിരി(റ) ഉൾപ്പെടെയുള്ള മഹത്തുക്കളുമായി ആത്മീയ ബന്ധം സ്ഥാപിച്ച ശൈഖുനാ  മഹാന്മാരെ അതിരറ്റ് സ്നേഹിച്ചിരുന്നു. അജ്മീർ ഖ്വാജാ(റ), സിറാജുദ്ദീനുൽ ഖാദിരി(റ), ശൈഖ് അലാഉദ്ധീനുൽ ഹിംസി (റ) തുടങ്ങിയ മഹത്തുക്കളെക്കുറിച്ച് ശൈഖുന മൗലിദുകൾ രചിച്ചിട്ടുണ്ട്.

ശൈഖുനയുടെ രചനകളെക്കുറിച്ച് വിശദമായി പഠിക്കുമ്പോൾ മാത്രമേ മഹാന്റെ വിജ്ഞാനത്തിന്റെ ആഴം മനസ്സിലാവുകയുള്ളൂ. ഉദാഹരണത്തിന് അജ്മീർ ഖ്വാജാ തങ്ങളെക്കുറിച്ച് ശൈഖുന എഴുതിയ മൗലിദിൽ 'മിർആത്തുൽ അൻസാബ്' എന്ന ഉറുദു ഗ്രന്ഥത്തെ ആധാരമാക്കിയിട്ടുണ്ട്. വംശ പരമ്പര വിവരിക്കുന്നതിൽ മിർആത്തുൽ  അൻസാബിന്റെ ആഴപ്പരപ്പ് അറിയുമ്പോഴാണ് ശൈഖുനയുടെ ഗവേഷണ പാടവം കൃത്യമായി നമുക്ക് ബോധ്യമാകുന്നത്. മഹാന്മാരെ എതിർക്കുന്ന പുത്തൻ പ്രസ്ഥാനക്കാർക്കെതിരെ ശൈഖുനാ ശംസുൽ ഉലമ പ്രസംഗത്തിലൂടെയും എഴുത്തിലൂടെയും ആഞ്ഞടിച്ചിരുന്നു. 1966ൽ സുന്നി ടൈംസിൽ ശൈഖുന എഴുതിയ 'പ്രബോധനത്തിന്റെ ദുർബോധനം' എന്ന ലേഖനത്തിൽ മഹാന്മാരുടെ ഖബർ കെട്ടിപ്പൊക്കുന്നതിന്റെയും മഖ്ബറയിൽ വിളക്ക് കത്തിക്കുന്നതിന്റെയും, മഹാന്മാരെ സിയാറത്ത് ചെയ്യുന്നതിന്റെയും  ആധികാരിക തെളിവുകൾ നിരത്തി ബിദഇകൾക്കെതിരെ സന്ധിയില്ലാ സമരം നടത്തി (4).

നിരവധി മഹത്തുക്കളുമായി ആത്മീയ ബന്ധമുള്ള ശൈഖുനാ ശംസുൽ ഉലമക്ക് പ്രത്യേക താൽപര്യവും ഇഷ്ടവുമുള്ള സിയാറത്ത് കേന്ദ്രമായിരുന്നു മുത്തുപ്പേട്ട. ദാവൂദുൽഹകീം(റ)വിനെക്കുറിച്ച് നാട്ടിൽ നിന്ന് തവസ്സുൽ ബൈത്തുകൾ രചിച്ചതിനുശേഷം ശൈഖുന മുത്തുപ്പേട്ടയിലെത്തുകയും നാല് ദിവസത്തോളം അവിടെ തങ്ങുകയും ചെയ്തു. നിരവധി തവണ ദർഗ സിയാറത്ത് ചെയ്തതിന് ശേഷമാണ് പ്രസ്തുത ബൈത്തുകൾ ഫ്രെയിം ചെയ്ത് മുത്തുപ്പേട്ട ദർഗയിൽ ശൈഖുന സ്ഥാപിച്ചത് (5). ശൈലി കൊണ്ടും ഭാഷാ പ്രയോഗങ്ങൾ കൊണ്ടും ശൈഖുനയുടെ സാഹിത്യ സമ്പുഷ്ടത പ്രകടമാകുന്ന കാവ്യതല്ലജങ്ങളാണ് പ്രസ്തുത തവസ്സുൽ ബൈത്തുകൾ. മുത്തുപ്പേട്ടയിലെ പ്രസിദ്ധ ഖാദിമായിരുന്ന എസ് എസ് ആദം ലബ്ബ സാഹിബ്‌ പറയുന്നു: "ഇ കെ ഉസ്താദ് എന്റെ ചെറുപ്പത്തിലേ ഇവിടെ വരാറുണ്ട്. വരുമ്പോൾ കോഴിക്കോടൻ ഹലുവയുടെ ഒരു കെട്ട് കൊണ്ടുവരും. ഉസ്താദ് വരുന്ന വിവരം കിട്ടിയാൽ ഞങ്ങൾ ഉറങ്ങാതെ കാത്തിരിക്കും. ഉസ്താദിന് വേണ്ട സൗകര്യങ്ങൾ ഞങ്ങളുടെ ഉപ്പയാണ് ചെയ്തുകൊടുത്തിരുന്നത്. ചിലപ്പോൾ അർദ്ധരാത്രിയിൽ ഉസ്താദ് പറയും: "എന്നെ ശൈഖ് ദാവൂദുൽ ഹകീം(റ) വിളിക്കുന്നുണ്ട്. എനിക്ക് പെട്ടെന്ന് ദർഗയിൽ പോകണം. ക്ഷീണമുണ്ടെങ്കിലും മൂപ്പര് വിളിച്ചാൽ പോകാതിരിക്കാൻ പറ്റില്ല" ഉടനെ ഞാൻ വിരിപ്പും തലയിണയും എടുത്ത് ദർഗയുടെ മുമ്പിൽ വിരിച്ചു കൊടുക്കും. പുലരും വരെ ഞങ്ങൾക്കാർക്കും മനസ്സിലാവാത്ത ഭാഷയിൽ ഉസ്താദ് സംസാരിച്ചുകൊണ്ടിരിക്കും (6)

പ്രയാസങ്ങൾക്ക്‌ പരിഹാരം ലഭിക്കാൻ വേണ്ടി പലരേയും ശൈഖുനാ ശംസുൽ ഉലമ(ഖ) മുത്തുപ്പേട്ടയിലേക്ക് അയക്കാറുണ്ടായിരുന്നു. മർഹൂം ചെറുവാളൂര്‍ ഉസ്താദ്(ന:മ) തന്റെ ഒരനുഭവം വിവരിക്കുന്നുണ്ട്. ഉസ്താദിന്  ശക്തമായ ചെവിവേദന ഉണ്ടാവുകയും ഡോക്ടർമാരെ സമീപിക്കുകയും ചെയ്തപ്പോൾ, ചെവിയുടെ ഡ്രമ്മിന് തകരാറ് സംഭവിച്ചിട്ടുണ്ടെന്നും ഓപ്പറേഷൻ ചെയ്യണമെന്നും നിർദ്ദേശം ലഭിച്ചു. ഉസ്താദ് ഈ വിവരം ശൈഖുനാ ശംസുൽ ഉലമയെ അറിയിച്ചു. ശൈഖുന പറഞ്ഞു: "നമുക്ക് ഈ വിഷയം മുത്തുപ്പേട്ടയിലെ ദാവൂദുൽ ഹകീം താങ്കൾക്ക് വിടാം. നിങ്ങൾ അവിടത്തേക്ക് ഫാത്തിഹ ഓതിക്കോ. ഞാനും ഓതാം" കുറച്ചു ദിവസങ്ങൾക്കു ശേഷം ചെറുവാളൂർ ഉസ്താദ് ഒരു അത്ഭുതകരമായ സ്വപ്നദർശനത്തിന് സാക്ഷിയായി. ഉറക്കത്തിൽ ചിലയാളുകൾ കടന്നുവരുകയും ചെവിയുടെ ഓപ്പറേഷൻ നടത്തുകയും ചെയ്യുന്നതാണ് സ്വപ്നം. ഉറങ്ങി എണീറ്റപ്പോൾ വേദന പൂർണമായും മാറിയിരിക്കുന്നു. മെഡിക്കൽ ടെസ്റ്റ് നടത്തിയപ്പോഴാണ് ചെവിയുടെ ഡ്രമ്മിന്റെ ദ്വാരം അടഞ്ഞ വിവരം ഉസ്താദിന് അറിയാൻ സാധിച്ചത്. ഇതിൽ നിന്നെല്ലാം ശൈഖുനാ ശംസുൽ ഉലമയും ദാവൂദുൽ ഹകീം(റ)വും തമ്മിലുള്ള ആത്മീയ ബന്ധം വ്യക്തമാകും. മഹാന്മാരെക്കുറിച്ചുള്ള മധുരമൂറുന്ന ഓർമ്മകൾ അയവിറക്കി ഞാൻ യാത്ര തുടർന്നു.
കുറിപ്പുകൾ
1.The station that stays open for one high school girl, The Asahi Shimbun,7/1/ 2015
2.തമിഴ്നാട്ടിൽ ഹിന്ദി പറഞ്ഞാലെന്ത്? തമിഴ്നാട്ടിലെ ഭാഷാ വിവാദവും നെഹ്റുവിന്റെ വാഗ്ദാനവും,NEWS 18 MALAYALAM,18/10/2022
3.ഹിദായത്തുല്ലാഹിൽ വദൂദ് ഫീ മൗലിദി ശൈഖ് ദാവൂദ്
4.പിണങ്ങോട് അബൂബക്കർ, വിശ്വപണ്ഡിതൻ ശംസുൽ ഉലമ (ന.മ), 2011
5.C K K മാണിയൂർ, ശംസുൽ ഉലമയുടെ കൂടെ, അൽ ഫാറൂഖ് പബ്ലിക്കേഷൻ,2000
6.ശരീഫ് ഫൈസി മയ്യേരിച്ചിറ, മുത്തുപ്പേട്ട തവസ്സുൽ ബൈത്തും അറിയപ്പെടാത്ത ശംസുൽ ഉലമയും, Failan study center, 2014
7.ചെറുവാളൂര്‍ ഉസ്താദ്: അറിവിന്റെ വിനയസ്പര്‍ശം, Islamonweb, 6/8/2022, സുഹൈൽ ഫൈസി കൂമണ്ണ

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter