തരീമിലെ കുടീരങ്ങൾ: എങ്സെങ് ഹോ മലയാളത്തിലെത്തുമ്പോള്‍
ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിലെ അഥവാ അറേബ്യ മുതൽ ഇന്ത്യ, തെക്കുകിഴക്കൻ ഏഷ്യയുൾപ്പെടുന്ന പ്രദേശങ്ങളിലെ കഴിഞ്ഞ അഞ്ചു നൂറ്റാണ്ടു കാലത്തെ ഒരു ജനതയുടെ യാത്രകളും പ്രവാസവും അവയുമായി ബന്ധപ്പെട്ട വാണിജ്യ സാമൂഹിക രാഷ്ട്രീയ ജീവിത വ്യവഹാരങ്ങളും ചർച്ച ചെയ്യുന്ന കനപ്പെട്ട പഠനമാണ് വിഖ്യാത ആന്ത്രപ്പോളജിസ്റ്റും ഇന്ത്യൻ ഓഷ്യൻ സ്റ്റഡീസിലെ പ്രമുഖ പണ്ഡിതനുമായ എങ്സങ് ഹോയുടെ The Graves of Tarim; Genealogy and Mobility across the Indian Ocean (തരീമിലെ കുടീരങ്ങൾ). അക്കാദമിക രംഗത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്നതും ജനസമ്മതി നേടിയതുമായ ഈ കൃതി എങ്സങ് ഹോയുടെ ഏക ഗ്രന്ഥമാണ്. എങ്സങിന്റെ പ്രധാന ഗവേഷണ മേഖലയായ ഇന്ത്യൻ മഹാസമുദ്ര പഠനങ്ങൾ ഉടലെടുത്തിട്ട് അഞ്ചു പതിറ്റാണ്ടുകളോടടുക്കുന്നേയുള്ളൂവെങ്കിലും അത് ചരിത്ര രചനക്ക് പുതിയ മാനങ്ങൾ നൽകിയിട്ടുണ്ട് എന്നതാണ് വസ്തുത. എ.കെ അബ്ദുൽ മജീദ് മാഷാണ് ഗ്രന്ഥം മലയാളത്തിലേക്ക് വിവർത്തനം ചെയ്തത്, ബുക്ക് പ്ലസാണ് പ്രസാധകർ.
ദക്ഷിണ അറേബ്യൻ തീരത്തെ ഇന്നത്തെ യമനിലെ ഹള്റമൗതിലെ നിവാസികളായ ഹള്റമികൾ വിശിഷ്യാ പ്രവാചകൻ മുഹമ്മദ്(സ്വ)യുടെ പിന്മുറക്കാരായ ഹള്റമീ സാദാത്തുക്കൾ ഇന്ത്യൻ മഹാസമുദ്ര തീരങ്ങളിൽ നടത്തിയ യാത്രകളും എത്തുന്നിടത്തെല്ലാം തദ്ദേശീയരോടൊപ്പം ചേര്‍ന്ന് അവരിലൊരാളായിത്തീർന്നതും അവരുടെ തലമുറകൾ അവിടങ്ങളിൽ തുടർന്നതും ചിലരെങ്കിലും സ്വദേശത്തേക്ക് മടങ്ങിയതുമുൾപ്പടെ രക്തബന്ധത്തിന്റെയും രേഖകളുടെയും വെളിച്ചത്തിൽ അവരുടെ സാംസ്കാരിക കൈമാറ്റങ്ങളെ അന്വേഷി ക്കുകയാണ് ഗ്രന്ഥകാരൻ എങ്സങ് ഹോ. ഖബറടക്കം, വംശപാരമ്പര്യ യാത്ര, തിരിച്ചു വരവുകൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി ക്രോഡീകരിക്കപ്പെട്ട ഗ്രന്ഥം അവരുടെ പ്രവാസത്തിന്റെ വിവിധ തലങ്ങളിലേക്ക് നമ്മെ വഴി നടത്തുന്നുണ്ട്.
കിൽവ, ലാമു, മൊഗാദിഷു, അദൻ , മോച്ച , സബീദ്, ജിദ്ദ, കാംബ, സൂറത്ത്, കോഴിക്കോട്, ആച്ചെ, പട്ടാണി, മലാക്ക, പാലെംബാഗ്, റ്യായു, ബന്തേൻ, പോണിടിയാനക്, മകാസർ, തിമോർ തുടങ്ങിയ ഇന്ത്യൻ സമുദ്രത്തിന്റെ തീരപ്രദേശങ്ങളിലായിരുന്നു അവർ സ്ഥിര താമസമാക്കിയിരുന്നത്. അവിടങ്ങളിലെല്ലാം ഹള്റമികളുടെ ഇടപെടലുകൾ തികച്ചും വ്യത്യസ്തമായിരുന്നു, അവർ അധിനിവേശ സ്വഭാവത്തോടെ പ്രസ്തുത പ്രദേശങ്ങളിൽ പ്രവേശിക്കുകയോ ഭരണകൂടത്തിന്റെ പിന്തുണയോടെ തദ്ദേശീയരെ ആക്രമിക്കുകയോ ചെയ്തില്ല. മറിച്ച്, തദ്ദേശീയരുമായി അവർ സഹവർതിത്വത്തോടെ കഴിയുകയും അവരുമായി വൈവാഹിക ബന്ധത്തിലേർപ്പെടുക പോലും ചെയ്തു. മാത്രവുമല്ല, യൂറോപ്യൻ സാമ്രാജ്യങ്ങളുമായി അവർ ആശ്ചര്യകരമാം വിധം ബന്ധം പുലർത്തിയിരുന്നതായും ഗ്രന്ഥം അടിവരയിടുന്നുണ്ട്. ദാറുസ്സലാം, സാൻജിബാർ, മൊംബാസ, ജിബൂട്ടി, അദൻ, ബോംബ, കൊളംബോ, പെനാൻഗ്, സിങ്കപ്പൂർ, ബത്വാവിയ, സുരബായ എന്നീ സാമ്രാജ്യ തുറമുഖങ്ങളിലേക്ക് യൂറോപ്യൻ കപ്പലുകളിൽ അവർ യാത്ര ചെയ്തത് ഈ ഊഷ്മളമായ ബന്ധത്തിന്റെ അടയാളപ്പെടുത്തലാണ്. അഥവാ, ഹള്റമികൾ അക്കാലത്തെ ആഗോള പൗരത്വം നേടിയിരുന്നുവെന്ന് ചുരുക്കം.
ലോക തലത്തിൽ തന്നെ ഏറെ പ്രസക്തിയുള്ള, വിവിധ ശാസ്ത്ര ശാഖകളെ സമ്മേളിപ്പിച്ചു കൊണ്ടുള്ള ഇന്റർഡിസിപ്ലിനറി പഠന രീതിക്ക് ഉത്തമോദാഹരണമാണീ ഗ്രന്ഥം. ചരിത്രത്തിന്റെയും നരവംശ ശാസ്ത്രത്തിന്റെയും സംയോജനമാണ് നമുക്കിവിടെ കാണാനാവുക. മതം, പ്രവാസം, സാമ്രാജ്യം എന്നിവയുടെ പഠനത്തിനുള്ള വഴികൾ പകരുന്നതിന് ലോക ചരിത്രത്തിന്റെയും ട്രാൻസ് കൾച്ചറൽ പഠനങ്ങളുടെയും സംയോജനം എപ്രകാരം സഹായിക്കുന്നുവെന്ന് ഗ്രന്ഥം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. ഇസ്‍ലാമിക പ്രചരണത്തിന്റെയും നൂറ്റാണ്ടുകൾ തുടർന്ന ബന്ധങ്ങളുടെയും ചർച്ചകൾ സ്വതവേ മിഡ്ൽ ഈസ്റ്റ് രാജ്യങ്ങളിൽ ഒതുങ്ങിപ്പോകാറുണ്ട്. അത്തരം സ്വാഭാവികമായ ആലോചനകളെ തിരുത്തുക കൂടിയാണ് തരീമിലെ കുടീരങ്ങൾ.
ഇസ്‍ലാമിന്റെ വ്യാപനത്തിലും സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ ദ്വന്ദങ്ങൾ പകരുന്നതിലും ഇന്ത്യയും ഇന്തോനേഷ്യയിലെ ജാവ ദ്വീപും ആഫ്രിക്കയുടെ സ്വാഹിലി തീരവുമുൾപ്പടെയുള്ള ഇന്ത്യൻ മഹാസമുദ്ര തീരദേശങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് ചരിത്ര- നരവംശ ശാസ്ത്ര സങ്കേതങ്ങളിലൂടെ ഗ്രന്ഥം സ്ഥിരപ്പെടുത്തുന്നുണ്ട്. അറബിയിലും മലായിലുമുള്ള ഇസ്‍ലാമിക ഗ്രന്ഥങ്ങൾ വായിക്കാൻ നരവംശശാസ്ത്രപരമായ ആശയങ്ങൾ ഉപയോഗിക്കുന്നതിലൂടെ, പ്രവാസ സാഹിത്യത്തിന്റെ അജ്ഞാതമായ തലങ്ങളിലേക്ക് ഹോ വെളിച്ചം വിതറുന്നു. വംശാവലിക്ക് ഹള്റമി പ്രവാസ സാഹിത്യത്തിൽ നിസ്തുലമായ സ്ഥാനമുണ്ട്. കവിത, ജീവചരിത്രം, ചരിത്രം, നിയമം, നോവലുകൾ, പ്രാർഥനകൾ എന്നിവയെയെല്ലാം ഉൾകൊള്ളുന്ന വംശാവലിയാണ് ഗ്രന്ഥത്തിന്റെ ആഖ്യാനത്തെ മുന്നോട്ട് നയിക്കുന്നത്. ആ വംശാവലിയാണ് തരീമിലെ കുടീരങ്ങളിൽ ചെന്നെത്തുന്നതും. ഗ്രന്ഥത്തിന്റെ നാമകരണത്തിന് നിദാനമായ ഘടകമിതാണ്. "ആളുകളെയും ഗ്രന്ഥങ്ങളെയും കൂട്ടിയിണക്കുന്ന സ്ഥലം എന്ന നിലയിൽ ഖബറിടം വലിയ ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്. സഞ്ചരിക്കുന്ന മനുഷ്യരുടെയും സഞ്ചരിക്കുന്ന ടെക്സ്റ്റുകളുടെയും സംഗമ സ്ഥാനമാണിത്" എന്ന് ഗ്രന്ഥകാരൻ തന്നെ ഒരിടത്ത് കുറിച്ചിട്ടുണ്ട്.
ആദ്യാവസാനം ഗവേഷണ സ്വഭാവം പുലർത്തുന്നതും പുതിയ കാഴ്ചപ്പാടുകൾ നൽകുന്നതുമായ ഗ്രന്ഥം ഇന്ത്യൻ ഓഷ്യൻ സ്റ്റഡീസിൽ തന്നെ സുപ്രധാനമായ കൃതികളിലൊന്നാണ്. എഴുതിയതാകട്ടെ എങ്സങ് ഹോ എന്നൊരു വന്മരവും. സാമ്പത്തികശാസ്ത്രം മുതല്‍ നിയമങ്ങളിലേക്കും തത്വചിന്തയിലേക്കും നരവംശസാസ്ത്രത്തിലേക്കും തിയോളജിയിലേക്കും ആശയലോകങ്ങൾ തുറന്നു തരുന്ന അദ്ദേഹത്തിന്റെ സംസാരങ്ങളും ആലോചനകളും അദ്ഭുതാവഹമാണ്. അത്തരമൊരു വലിയ മനുഷ്യന്റെ ഗ്രന്ഥം വായിച്ചു തീർക്കുകയെന്ന കടമ്പ ലളിതവും സരളവുമാക്കിയത് എ.കെ അബ്ദുൽ മജീദ് മാഷിന്റെ വിവർത്തനമാണ്. മൂല്യശോഷണമോ ആശയച്ചോർച്ചയോ സംഭവിക്കാതെ ഈ ബൃഹത് ഗ്രന്ഥത്തെ ഭാഷാന്തരം ചെയ്യുന്നതിൽ വിവർത്തകൻ വിജയിച്ചിട്ടുണ്ടെന്നത് പറയാതെ വയ്യ. വിവര്‍ത്തകനും ഒപ്പം മലയാളത്തിന് എങ്സങ് ഹോയെയും പുതിയ വിഷയത്തെയും പരിചയപ്പെടുത്തിയ ബുക് പ്ലസിനും കൃതജ്ഞത രേഖപ്പെടുത്തട്ടെ.
Leave A Comment