ശൈഖ് ജീലാനിയുടെ രചനാലോകം

പണ്ഡിതരാൽ സമ്പന്നമായിരുന്ന കാലമായിരുന്നു പതിനൊന്നാം നൂറ്റാണ്ട്. ഇമാമുൽ ഹറമൈനിയും ഇമാം ഗസ്സാലിയുമെല്ലാം പ്രശോഭിച്ചു നിന്നിരുന്ന വിജ്ഞാന മഹോത്സവത്തിന്റെ കാലമായിരുന്നു അത്. ആ ഒരു കാലത്തിന്റെ മടിത്തട്ടിൽ വിജ്ഞാന-ആത്മീയ ഔന്നത്യത്തിലെത്തിയ കർമപുരുഷനായിരുന്നു ശൈഖ് മുഹ്‍യിദ്ധീൻ അബ്ദുൽ ഖാദർ ജീലാനി(റ).

എഴുത്തും പറച്ചിലുമായിരുന്നുവല്ലോ ചരിത്രത്തിൽ എന്നും പ്രധാന പ്രബോധന മാധ്യമങ്ങൾ. ജീലാനി(റ) ഈ കഴിവുകളുടെ സമന്വയമായിരുന്നുവെന്ന് പറയാം. അദ്ദേഹത്തിന്റെ വാഗ്‍വൈഭവത്തെക്കുറിച്ച് ചരിത്രഗ്രന്ഥങ്ങൾ വാചാലമാണ്. സാഹിത്യകുലപതികൾ പോലും കേട്ടിരിക്കുന്ന വാഗ്വിലാസവും ഹൃദയം കീഴടക്കുന്ന വാക്കുകളുടെ ഉടമയുമായിരുന്നു ശൈഖ് ജീലാനി. പക്ഷേ, അവയൊക്കെയും അകാലത്തിൽ മറഞ്ഞുപോയി. എങ്കിലും കുത്തിക്കുറിച്ച അറിവുകളുടെ ലോകം എന്നും പ്രശോഭത്തോടെ കാലത്തെ അതിജീവിച്ചു കൊണ്ടിരിക്കുമെന്നത് തീർച്ചയാണ്. അത് ചക്രവാള സീമകൾ ഭേദിച്ച് പ്രകാശം വിതറികൊണ്ടേയിരിക്കും. അത്തരം കൃതികളുടെ കർത്താവും കൂടിയാണ് ശൈഖ് ജീലാനി(റ)യെന്ന് ചരിത്രത്തിൽ നിന്ന് മനസ്സിലാക്കുന്നതാണ്. അത് അച്ചടിച്ചതും കയ്യെഴുത്ത് കൃതികളായും വിജ്ഞാനകുതുകികളുടെ അവലംബമായി മാറിയിരിക്കുകയാണ്. അധ്യാത്മിക ശാസ്ത്രം, വിശ്വാസ ശാസ്ത്രം, കർമശാസ്ത്രം തുടങ്ങി വിവിധ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ശൈഖ് അവർകൾക്ക് കഴിഞ്ഞു.

അൽ ഫത്ഹുറബ്ബാനി വൽ ഫൈളുറഹ്മാനി

ശൈഖ് ജീലാനിയുടെ ഏറ്റവും പ്രശസ്തമായ രചനയാണ് അൽ ഫത്ഹുറബ്ബാനി വൽഫൈളുറഹ്മാനി. അധ്യാത്മിക പണ്ഡിതരും വിദഗ്ധരുമെല്ലാം ഏറ്റവും കൂടുതൽ അവലംബിക്കുന്ന ഗ്രന്ഥമെന്ന് പറയാം. സാരോപദേശങ്ങളുടെയും അധ്യാത്മിക പ്രഭാഷണങ്ങളുടെയും സമാഹരണമാണ് ഈ കൃതി. ഭൗതിക ജീവിതത്തിന്റെ സുഖത്തിൽ അർമാദിക്കുന്ന ജനസമൂഹത്തിനും ശാരീരികാസ്വാദനങ്ങൾക്കു വേണ്ടി ആത്മീയാസ്വാദനത്തെ കൂട്ടുപിടിച്ചവർക്കുമുള്ള താക്കീതുകളും പരിഹാര മാർഗങ്ങളുമാണ് ഇതിന്റെ ഇതിവൃത്തം.

വിവിധ സമയങ്ങളിലായി നടത്തിയ പ്രസംഗങ്ങളുടെ പ്രമാണികത പരിഗണിച്ച് കുറ്റകൃത്യം, തൗബ, ശരിയായ വിശ്വാസം, അവിശ്വാസം, ഇസ്‍ലാം, ഈമാൻ, ഇഹ്സാൻ എന്നീ തലക്കെട്ടുകളായി ഏഴ് അധ്യായങ്ങളിലാണ് ഈ ഗ്രന്ഥ രചന നിർവഹിച്ചിരിക്കുന്നത്. അല്ലാഹുവുമായുള്ള മുലാഖാത്തുമായി സംബന്ധമായ കാര്യങ്ങൾ ഖുർആൻ, ഹദീസ് തുടങ്ങി അവലംബിക്കാൻ പറ്റുന്ന തെളിവുകളാൽ ഉദ്ദരിക്കാൻ ശ്രമിക്കുന്നുണ്ട്. പ്രധാനമായും അമൂല്യമായ തത്ത്വചിന്താ ദർശനങ്ങൾ ഗ്രന്ഥത്തിന്റെ പ്രമാണികതയെ പ്രതിനിധീകരിക്കുന്നു.

സിർറുൽ അസ്റാർ വ മള്ഹറുൽ അൻവാർ

ആരാധന, പരമജ്ഞാനം എന്നീ രണ്ടു സംജ്ഞകളെ ഗഹനമായി വിശകലനം ചെയ്യുന്ന കൃതിയാണ് സിർറുൽ അസ്റാർ വമള്ഹറുൽ അൻവാർ. ആരാധനയുടെ യുക്തിവാദങ്ങളും ഇതര സൃഷ്ടിജാലങ്ങളിൽ നിന്ന് വ്യത്യസ്തമായി മനുഷ്യനും ആരാധനയും തമ്മിലുള്ള ചേർച്ചകൾ വിശദമായി ഗ്രന്ഥം ചർച്ചക്ക് വിധേയമാക്കുന്നുണ്ട്.

ജ്ഞാനത്തെ ബാഹ്യം, ആന്തരികം എന്നിങ്ങനെ രണ്ടായി തിരിച്ചാണ് വിഷയത്തെ അപഗ്രഥിക്കാൻ ശ്രമിക്കുന്നത്. ബാഹ്യം ശരീഅത്തിന്റെ വിധിവിലക്കുകളാണെങ്കിൽ ആന്തരികം അർത്ഥമാക്കുന്നത് മഅ്‍രിഫത്തിലേക്കാണ്. ഒരു വിശ്വാസിക്ക് ഈ രണ്ടു ജ്ഞാനവും അനിവാര്യമാണെന്നും അല്ലാഹുവെന്ന ഏകത്വത്തിലെത്താൻ ഇതല്ലാതെ മറ്റൊരു മാർഗമില്ലെന്നുമാണ് ശൈഖ് ജീലാനി(റ) പറഞ്ഞുവെക്കുന്നത്.

മഅ്‍രിഫത്ത് ലഭ്യമാക്കാനുള്ള മാർഗമായി ശൈഖ് ജീലാനി(റ) വിശദീകരിക്കുന്നതിങ്ങനെയാണ്: "ശുദ്ധീകരണം വഴി ശരീരമാകുന്ന മറയെ ഹൃദയമാകുന്ന കണ്ണാടിയിൽ നിന്ന് ഉരച്ചു നോക്കുക, എങ്കിൽ മാത്രമേ മറഞ്ഞു കിടക്കുന്ന നിധിയാകുന്ന റബ്ബിന്റെ പ്രദീപ്ത സൗന്ദര്യം ആ സ്ഫടികത്തിൽ തെളിഞ്ഞു വരൂ."

അധ്യാത്മ സംജ്ഞകളായ ജിസ്മാനിയ്യത്തും റൂഹാനിയ്യത്തും ജബറൂത്തുമെല്ലാം വിശദമായ പ്രതിപാദത്തിന് വിധേയമാക്കുന്നുണ്ട് സിർറുൽ അസ്റാർ എന്നതിനാൽ ആത്മജ്ഞാനത്തിന്റെ അനന്തതയിലേക്ക് ർ വെളിച്ചം വീശുന്ന കൃതിയാണ് ഇതെന്ന് പറയാം.

തഫ്സീറുൽ ജീലാനി

പൊതുവെ മൂന്നു പ്രധാന രീതിയിലാണ് ഖുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ രചിക്കപ്പെട്ടിട്ടുള്ളത്. ഒന്ന്, ആയത്തുകളും ഹദീസുകളുമടങ്ങിയ പ്രമാണങ്ങൾ ഉദ്ദരിച്ചു കൊണ്ടുള്ളവ, രണ്ട്, വ്യാഖ്യാതാക്കളുടെ ചിന്തകളും കണ്ടെത്തലുകളും അടിസ്ഥാനമാക്കിയുള്ളവ, മൂന്ന്, അധ്യാത്മിക വശങ്ങൾക്ക് പ്രാമുഖ്യം നൽകുന്നവ. ഇതിൽ അധ്യാത്മിക രീതിയിലുള്ള തഫ്സീറാണ് ശൈഖ് ജീലാനി(റ)വിന്റേത്. സ്വൂഫി പണ്ഡിതർക്കിടയിൽ സ്വീകാര്യതയുള്ള തഫ്സീറുൽ ജീലാനി ജ്ഞാനനിര്‍ഭരവും ദീർഘവുമായ ആമുഖം കൊണ്ട് തന്നെ ധന്യമാണ്.

പ്രധാനമായും ഇതിനെ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാക്കുന്നത് അവതരണ ശൈലിയാണ്. ഒരു ആയത്ത് പറഞ്ഞാൽ ആദ്യം മറ്റു ആയത്തുകൾ കൊണ്ട് തന്നെ അതിന് വ്യാഖ്യാനം നൽകുന്നു. പിന്നീട് ഹദീസുകൾ, സ്വഹാബികളുടേയും താബിഉകളുടേയും ഉദ്ധരണികൾ എന്ന ക്രമത്തിലാണ് അവതരണം. ശറഇയ്യായ വിഷയങ്ങളിൽ കർമ്മശാസ്ത്ര പണ്ഡിതചർച്ചകളെ വിശദമായി പ്രതിപാദിക്കുന്നു. ഖുർആന്റേയും സുന്നത്തിന്റേയും പിന്തുണയില്ലാത്ത ഇസ്രാഈലിയാത്തുകൾക്ക് തഫ്സീറിൽ ഒരു നിലക്കുള്ള സ്ഥാനവും നമുക്ക് കാണാൻ സാധിക്കില്ല.

അൽഗുൻയ ലിത്വാലിബി ത്വരീഖിൽഹഖ്

രണ്ടു ഭാഗങ്ങളിലായി ക്രോഡീകരിക്കപ്പെട്ട അൽഗുൻയ ലിത്വാലിബി ത്വരീഖിൽ ഹഖ് മൂന്ന് അടിസ്ഥാന വിജ്ഞാന ശാഖകൾ പ്രമേയമാക്കിയിട്ടുള്ളതാണ്. കർമശാസ്ത്രം, തസ്വവ്വുഫ്, അഖീദ എന്നിവയാണ് അവ. കർമശാസ്ത്രത്തിലെ പ്രധാനമായ വിഷയങ്ങളെ ഗാഢമായ രീതിയിൽ വിശകലനം ചെയ്തു കൊണ്ടാണ് ഗ്രന്ഥം തുടങ്ങുന്നത്. അതുപോലെ അഖീദ ഭാഗത്ത് വിശ്വാസ മേഖല അഭിമുഖീകരിക്കുന്ന വ്യതിചലനങ്ങളെ കുറിച്ചുള്ള പരാമർശവും ശ്രദ്ധേയമാണ്.

ഇമാം ഗസ്സാലി(റ)യുടെ മാസ്റ്റർ പീസായ ഇഹ്‍യാഉലൂമുദ്ദീന്റെ മാതൃകയിലാണ് ഗ്രന്ഥം രചിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇമാം ഗസ്സാലി(റ)വിന്റെ ചിന്തകളിലും കാഴ്ചപ്പാടുകളിലും ശൈഖ് ജീലാനി(റ) ആകൃഷ്ടനായിരുന്നതായി മനസ്സിലാക്കാം. ഇത്തരമൊരു സമീപനമാണ് ഈ രചനക്കു നിദാനമെന്നും പറയപ്പെടുന്നു.

ഫുതൂഹുൽ ഗൈബ്

വിശ്വാസപരമായ കാര്യങ്ങളെയും സാരോപദേശങ്ങളെയും പ്രമേയമാക്കുന്ന 78 ചെറു പ്രബന്ധങ്ങളുടെ ശേഖരണമാണ് ഫുതൂഹുൽ ഗൈബ്. ഹൃദയത്തെ ശുദ്ധീകരിക്കുന്നതും ഭൗതിക ലോക പരിത്യാഗത്തെ സംബോധന ചെയ്യുന്നതുമാണ് ഓരോ മഖാലയും. തീർച്ചയായും അഖീദപരമായ സംശയങ്ങളുടെ നിവാരണത്തിന് ഇത് പ്രധാന അവലംബമാണ്. ഒന്നാം മഖാലയിൽ അനുസരണം, നിരോധനങ്ങൾ, തൃപ്തനാവാനുള്ള ദൈവിക വിധി എന്നിവയെ കുറിച്ചുള്ള ചിന്തകളും പ്രേരണകളുമായിരിക്കണം സദാസമയവും സത്യവിശ്വാസിയുടെ ഭാഗത്തു നിന്നുണ്ടാകേണ്ടതാണെന്ന് ശൈഖ് ജീലാനി(റ) വിശദീകരിക്കുന്നത്. പരസ്പര ഗുണകാംക്ഷ, ആത്മീയമായ മരണം, ഭൗതികതയിൽ വിരക്തി തുടങ്ങി അധ്യാത്മിക ദർശനങ്ങളെ ഇഴകീറി വിശദീകരിക്കുന്ന ഗ്രന്ഥം നവതലമുറകൾക്കു ഏറെ ഉപകാരപ്പെടും.

മറ്റു ചില ഗ്രന്ഥങ്ങൾ

ആത്മശുദ്ധീകരണം തന്നെയാണ് ഇതിവൃത്തമെങ്കിലും സാഹിത്യാവതരണം കൊണ്ട് പ്രസിദ്ധമായ ഗ്രന്ഥമാണ് ജലാഉൽഖാത്വിർ ഫിള്ളാഹിരി വൽ ബാതിൻ. മുഹ്‍യിദ്ദീൻ മാലയിലൂടെയും മറ്റും നമുക്ക് ഏറെ സുപരിചിതമായ ഗ്രന്ഥമാണ് ബഹ്ജത്തുൽ അസ്റാർ. സാരോപദേശങ്ങൾ തന്നെയാണ് പ്രമേയം. ശൈഖ് നൂറുദ്ദീൻ അബുൽ ഹസനില്ലാഹ്(റ) വാണ് ഇതിന്റെ സമാഹരണം നിർവഹിച്ചത്. ശൈഖ് ജീലാനി(റ) തങ്ങളുടെ പ്രത്യേകമായ ദിക്റുകൾ, ദുആകൾ, ഔറാദുകൾ, ഹിസ്ബുകൾ എന്നിവയുടെ സമാഹരണമാണ് അൽ ഫുയൂളാത്തു റബ്ബാനിയ്യ. 

ശൈഖ് ജീലാനി (റ)വിന്റെ പ്രാർത്ഥനാഗീതങ്ങളുടെ സമാഹരണമാണ് അൽഖസാഇദുൽ ഗൗസിയ്യഃ. ഇസ്‍ലാമിക ദർശനങ്ങളെ വളച്ചൊടിച്ച് രംഗപ്രവേശനം ചെയ്ത റാഫിളിയ്യാക്കൾക്കെതിരെയുള്ള ഖണ്ഡനമാണ് അർറദ്ദു അലറാഫിളീ. അതിനാൽ തന്നെ ഇസ്‍ലാം മതവിശ്വാസ പ്രമാണങ്ങളെ അതിസൂക്ഷ്മമായി ഈ ഗ്രന്ഥം ഉദ്ബോധിപ്പിക്കുന്നതായി കാണാം. 

കൂടാതെ ഇനിയും രചനകളുണ്ട് ശൈഖ് ഇമാം ജീലാനി(റ)വിന്. ഇആസത്തുൽ ആരിഫീൻ വ ഗായത്തു മിനൽവാസ്വിലീൻ, ആദാബുസ്സുലൂകി വത്തവസ്സുൽ ഇലാ മനാസിലിസ്സുലൂക്, രിസാലത്തുൻ ഫിൽഅസ്മാഇൽഅളീമ ലിത്ത്വരീഖി ഇലല്ലാഹ്, ഹിസ്ബു റജാഇ വൽഇൻതിഫാഅ്, ദീവാനു അബ്ദിൽ ഖാദിരിൽ ജീലാനി തുടങ്ങിയവ അതിൽ ഉൾപ്പെടും.

പിൽകാലത്ത് ചില കൂട്ടിച്ചേരലുകൾ നടത്തപ്പെട്ടതായ ഗ്രന്ഥങ്ങളേയും നമുക്ക് കാണാൻ സാധിക്കും. അതിനാൽ അത്തരമൊരു രീതിയിലായിരിക്കണം ശൈഖവറുകളുടെ ഗ്രന്ഥങ്ങളെ അവലംബിക്കുമ്പോൾ നമ്മൾ കൈകാര്യം ചെയ്യേണ്ടത്. നാഥൻ മഹാനോടൊപ്പം സ്വർഗത്തിൽ ഒന്നിപ്പിക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter