ഇമാം ഹസനുല്‍ബസ്വരിയും മരണാസന്നനായ അയല്‍വാസിയും

ഹസനുല്‍ബസ്വരി(റ) പറഞ്ഞതായി ഇങ്ങനെ കാണാം, എനിക്ക് മജൂസിയായ (അഗ്നി ആരാധകന്‍) ഒരു അയല്‍വാസിയുണ്ടായിരുന്നു. അയല്‍പക്ക ബന്ധം നന്നായി സൂക്ഷിക്കുന്ന, നല്ല ജീവിതം നയിക്കുന്ന, സല്‍സ്വഭാവിയായ ഒരു മനുഷ്യനായിരുന്നു അയാള്‍. പ്രായമായ അസുഖബാധിതനായപ്പോള്‍ ഒരിക്കല്‍ ഞാനദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ ചെന്നു. അപ്പോള്‍ അദ്ദേഹം അവസാന നിമിഷങ്ങളിലായിരുന്നു. 

വിഷമാവസ്ഥ കണ്ട ഞാന്‍ അയാളോട്, എങ്ങനെയുണ്ട് എന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞു, ഒന്നും കൈയ്യിലില്ല, അസുഖം പിടിച്ച മനസ്സും രോഗബാധിതമായ ശരീരവുമാണുള്ളത്, വരാനിരിക്കുന്നത് ഏകാന്തമായ ഖബ്റാണ്, പാഥേയമില്ലാത്ത അതിദൂരയാത്രയും. ശേഷം അതിസൂക്ഷ്മമായ പാലം, അത് മുറിച്ച് കടക്കാന്‍ എനിക്കാവില്ല, തപിക്കുന്ന നരകം എനിക്ക് സഹിക്കാനാവില്ല, സുഖസുന്ദരമായ സ്വര്‍ഗ്ഗത്തിലേക്കെത്താന്‍ എനിക്ക് യോഗവുമില്ല, റബ്ബ് ഏറെ നീതിമാനാണല്ലോ, പക്ഷേ, അവനോട് പറയാന്‍ ന്യായങ്ങളൊന്നും തന്നെ ഇല്ല.

അത്രയും കേട്ടപ്പോള്‍ എനിക്ക് അയാളോട് വല്ലാത്ത അലിവ് തോന്നി. ഒരു വേള, റബ്ബ് ഇയാള്‍ക്ക് ഹിദായത് കൊടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോയി. ആ സദ്ചിന്തയോടെ ഞാന്‍ അയാളോട് ചോദിച്ചു, സുഹൃത്തേ,  നിങ്ങള്‍ക്ക് ഇസ്‍ലാം സ്വീകരിച്ചുകൂടേ. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു, ശൈഖ്, ഹൃദയത്തിന്റെ ചാവി എല്ലാം തുറക്കുന്നവനായ നാഥന്റെ കൈയ്യിലല്ലേ, പൂട്ടുള്ളത് എന്റെ ഹൃദയത്തിലും. 

അത്രയും പറഞ്ഞ് അദ്ദേഹത്തിന് ബോധക്ഷയമുണ്ടായി. ആ സമയത്ത് ഞാന്‍ അല്ലാഹുവിനോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു, കാരുണ്യവാനായ എന്റെ നാഥാ, ഈ മനുഷ്യന്‍ തന്റെ ജീവിതത്തില്‍ എന്തെങ്കിലും നന്മകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ ഫലം നീ ഈ സമയത്ത്, പ്രതീക്ഷ അവസാനിക്കുന്നതിന് മുമ്പ് അവന് നല്കേണമേ.
ഉടനെ അദ്ദേഹത്തിന് ബോധം തിരിച്ച് കിട്ടി.  കണ്ണ് തുറന്ന് എന്നെ നോക്കി ഇങ്ങനെ പറഞ്ഞു, ശൈഖ്, ഫത്താഹായ നാഥന്‍ തുറക്കാനുള്ള ചാവി കൊടുത്തയച്ചിരിക്കുന്നു, താങ്കളുടെ കൈകള്‍ നീട്ടിയാലും. ഞാന്‍ കൈ നീട്ടി കൊടുത്തു. അദ്ദേഹം ആ കൈപിടിച്ച്, ശഹാദത് കലിമചൊല്ലി. അതോടെ അദ്ദേഹം ഈ ലോകത്തോട് വിട പറയുകയും ചെയ്തു.

നോക്കൂ, മുന്‍ഗാമികളായ പണ്ഡിതര്‍ ഇതരമതസ്ഥരോട് പോലും എത്രമാത്രം ഗുണകാംക്ഷയോടെയാണ് പെരുമാറിയിരുന്നത് എന്ന് നോക്കൂ. ഒരാളെങ്കിലും നരകത്തില്‍നിന്ന് രക്ഷപ്പെടട്ടെ എന്നത് മാത്രമായിരുന്നു അവരുടെ ചിന്ത. എല്ലാവരോടുമുള്ള ഗുണകാംക്ഷയും മുഴുവന്‍ സൃഷ്ടികള്‍ക്കും നല്ലത് മാത്രം വരണേ എന്ന ചിന്തയും തന്നെയാണ് ഇസ്‍ലാമിന്റെ അടിസ്ഥാനം. മതം എന്ന് പറഞ്ഞാല്‍ ഗുണം കാംക്ഷിക്കലാണ് എന്ന പ്രവാചക വചനം ഇതാണ് നമ്മോട് പറയുന്നത്. ഇന്ന് നമ്മുടെ വാക്കുകളിലും പ്രവൃത്തികളിലുമെല്ലാം നഷ്ടപ്പെടുന്നതും അത് തന്നെ. 

നമുക്ക് നല്ല മുസ്‍ലിംകളാവാന്‍ ശ്രമിക്കാം, എല്ലാവരോടും ഗുണകാംക്ഷയോടെ പെരുമാറാന്‍ ശീലിക്കാം, ദീന്‍ ഉള്ള വിശ്വാസികളാവാം, നാഥന്‍ തുണക്കട്ടെ.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter