അയ്യൂബിക്ക് നാട്ടുകാര്‍ നല്കിയ പാരിതോഷികം

ഖുദ്സിന്റെ മോചനം പൂര്‍ത്തിയാക്കിയ അയ്യൂബി ഏതാനും മാസങ്ങള്‍ അവിടെ കഴിച്ചുകൂട്ടിയ ശേഷം, റമദാനും പെരുന്നാളും കഴിഞ്ഞ് സ്വന്തം ജന്മനാടായ ഡമസ്കസിലേക്ക് തിരിച്ചു. ഹിജ്റ 588 (ക്രി. 1192)ലായിരുന്നു അത്. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളില്‍ ഒന്നായിരുന്നു ഡമസ്കസ്. തന്റെ കുട്ടിക്കാലം ഭൂരിഭാഗവും ചെലവഴിച്ചത് അവിടെയായിരുന്നല്ലോ. തന്റെ വീര പുത്രനെ എപ്പോഴും മാടിവിളിക്കുന്നത് പോലെയായിരുന്നു ആ നഗരം.

പുതുതായി തന്റെ കീഴിലായ തീരപ്രദേശങ്ങളിലൂടെയെല്ലാം യാത്ര ചെയ്ത് ശവ്വാല്‍ 26ന്, ബുധനാഴ്ച രാവിലെയായിരുന്നു അദ്ദേഹം ഡമസ്കസിലെത്തിയത്. ഖുദ്സിന്റെ മോചനം സാധ്യമാക്കിയ, നാടിന്റെ വീരപുത്രനെ ഒരു നോക്ക് കാണാനും അഭിവാദ്യങ്ങളര്‍പ്പിക്കാനുമായി പല ഭാഗത്ത് നിന്നും ആളുകള്‍ തടിച്ചുകൂടിയിരുന്നു. പണ്ഡിതരും കവികളും പൊതുജനങ്ങളുമെല്ലാം അക്കൂട്ടത്തിലുണ്ടായിരുന്നു. 

ഖുദ്സിന്റെ മോചനം സാധ്യമാക്കിയത് തങ്ങളുടെ നാട്ടുകാരനാണല്ലോ എന്നതില്‍ ഡമസ്കസുകാര്‍ ഒന്നടങ്കം അഭിമാനം കൊണ്ടിരുന്നു.. അത് കൊണ്ട് തന്നെ അദ്ദേഹത്തിന് സമുചിതമായ സ്വീകരണം കൊടുക്കണമെന്ന് അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതിന്റെ ഭാഗമായി, നാട്ടുകാര്‍ അദ്ദേഹത്തിന് സമ്മാനിക്കാനായി ഒരു പ്രത്യേക കൊട്ടാരം തന്നെ പണിതിരുന്നു. 

പുതിയ കൊട്ടാരത്തിലേക്ക് താമസം മാറ്റാന്‍ നാട്ടുകാര്‍ അയ്യൂബിയെ ഏറെ സ്നേഹത്തോടെ ക്ഷണിച്ചു. അല്‍പസമയം ആ കൊട്ടാരത്തിന്റെ സൗന്ദര്യവും പ്രൌഢിയും നോക്കി നിന്ന അയ്യൂബി പുഞ്ചിരിച്ച് കൊണ്ട് ഇങ്ങനെ പ്രതിവചിച്ചു, നമ്മളാരും ഇവിടെ എന്നെന്നും താമസിക്കാന്‍ വന്നവരല്ലല്ലോ. മരണം പിന്നാലെയുള്ളവര്‍ക്ക് ഇതിലൊക്കെ എങ്ങനെ താമസിക്കാനാവും. അല്ലാഹുവാണ് സത്യം, സ്വര്‍ണ്ണക്കൂമ്പാരവും മണല്‍ കുന്നും എന്റെ മുന്നില്‍ തുല്യമാണ്. ഈ കൊട്ടാരത്തേക്കാള്‍ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നത്, കാറ്റത്ത് ആടിയുലയുന്ന ഒരു കൊച്ചു തമ്പാണ്. 

അയ്യൂബിയുടെ വാക്കുകള്‍ കേട്ട് കൂടി നിന്നവരെല്ലാം ആ വിശ്വാസദാര്‍ഢ്യത്തിന് മുന്നില്‍ തല കുനിച്ചു. പറങ്കിപ്പട ഒന്നായി വന്നിട്ടും ധൈര്യസമേതം അവരെ നേരിടാനായതും വിജയം വരിക്കാനായതും സാധിച്ചതിന് പിന്നിലെ രഹസ്യം മനസ്സിലാക്കാന്‍ ആ വാക്കുകള്‍ മാത്രം മതിയായിരുന്നു. അവരായിരുന്നു യഥാര്‍ത്ഥ വിശ്വാസികള്‍. അധികാരത്തിന്റെ സോപാനത്തിലിരിക്കുമ്പോഴും അല്ലാഹുവിനെ മറക്കാത്ത യഥാര്‍ത്ഥ അടിയാറുകള്‍.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter