ഇഖ്റഅ് 23- സ്വനതന്ത്രികള്‍, അവയും സംസാരിക്കുന്ന ഗ്രന്ഥങ്ങള്‍ തന്നെ
_സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...
അവന് നാം രണ്ടു കണ്ണുകള്‍ നല്‍കിയില്ലേ, ഒരു നാവും രണ്ടു ചുണ്ടുകളും ഉണ്ടാക്കിക്കൊടുക്കുകയും (ചെയ്തില്ലേ) – (സൂറതുല്‍ ബലദ്)
സംസാര ശേഷി മനുഷ്യന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ആശയ സംവേദനം ഏറെക്കുറെ ജീവികളെല്ലാം നടത്തുന്നുണ്ടെങ്കിലും അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ചുള്ള സ്പഷ്ടവും സുവ്യക്തവുമായ ആശയ വിനിമയ രീതിയായ സംസാരം എന്നത് മനുഷ്യന് മാത്രമുള്ള സവിശേഷതയാണ്. അതിനായി മനുഷ്യശരീരത്തില്‍ ഒരുക്കപ്പെട്ട സംവിധാനങ്ങള്‍ അല്‍ഭുതാവഹമാണ്.
നാവിലും ചുണ്ടിലും തുടങ്ങി തൊണ്ട വരെയുള്ള ഭാഗങ്ങളിലായി സംവിധാനിക്കപ്പെട്ട വിവിധ സ്വനതന്ത്രികളാണ് സംസാരം സാധ്യമാക്കുന്നത്. ഈ തന്ത്രികളുടെ തനിച്ചോ ചേര്‍ത്തോ ഉള്ള ഉപയോഗവും അതേ സമയം അകത്തേക്കോ പുറത്തേക്കോ ഉള്ള വായുപ്രവാഹത്തിന്റെ തോതുമെല്ലാം ചേര്‍ന്നാണ് അക്ഷരവൈവിധ്യങ്ങളുടെ വിസ്മയം തീര്‍ക്കുന്നത്.
ശീലിക്കുന്ന മുറക്ക് ഏത് അക്ഷരവും ഉച്ചരിക്കാവുന്ന വിധമാണ് ഏതൊരു മനുഷ്യനിലും ഈ തന്ത്രികളുള്ളത്. വിവിധ ഭാഷകളിലെ അക്ഷരങ്ങളുടെ എണ്ണത്തിലെ വ്യത്യാസം ഇതാണ് സൂചിപ്പിക്കുന്നത്. 12 അക്ഷരങ്ങള്‍ മാത്രമുള്ള, ആസ്ട്രേലിയന്‍ ഉപദ്വീപായ ന്യൂഗിനിയയിലെ റോട്ടോകാസ് മുതല്‍ ആയിരക്കണക്കിന് അക്ഷരങ്ങളുള്ള ജപ്പാനീസ് ഭാഷ വരെ സംസാരിക്കപ്പെടുന്നത് ഇതേ സ്വനതന്ത്രികള്‍ ഉപയോഗിച്ചാണ്.
Read More: റമളാൻ ഡ്രൈവ് (ഭാഗം 23) നവൈതു
സംസാരത്തിലൂടെ ആശയം മാത്രമല്ല സംവേദനം ചെയ്യപ്പെടുന്നത്. ഉദ്ദേശിക്കുന്ന ആശയത്തോടൊപ്പം അതിന്റെ വികാരങ്ങള്‍ കൂടി, ശബ്ദവ്യത്യാസത്തിന്റെ നിംനോന്നതങ്ങളിലൂടെ സംവേദനം ചെയ്യപ്പെടുന്നുണ്ട്. അതിലുപരി, ഏതൊരു മനുഷ്യമനസ്സിനെയും ഹഠാദാകര്‍ഷിക്കുന്ന സപ്തസ്വരങ്ങളാല്‍ സമ്പന്നമായ ഏത് മാസ്മര സംഗീതവും പുറപ്പെടുന്നതും ഇതേ തന്ത്രികളില്‍ നിന്ന് തന്നെ.
അതോടൊപ്പം, ഇതേ അവയവങ്ങള്‍ മറ്റു ധര്‍മ്മങ്ങള്‍ കൂടി നിര്‍വ്വഹിക്കുന്നു എന്നതും അതിലേറെ അല്‍ഭുതമാണ്. രുചിച്ചറിയാനാവശ്യമായതെല്ലാം സംവിധാനിക്കപ്പെട്ടിരിക്കുന്നത് ഇതേ നാവുകളിലാണ്. മുഖഭാവം തീരുമാനിക്കുന്നതും അന്നപാനീയങ്ങളുടെ പ്രവേശന കവാടമായി വര്‍ത്തിക്കുന്നതുമെല്ലാം ചുണ്ടുകളാണ്. മനുഷ്യശരീരത്തെ ആകമാനം പൊതിഞ്ഞ് നില്ക്കുന്ന ചര്‍മ്മമെന്ന ഏറ്റവും വലിയ ജ്ഞാനേന്ദ്രിയം അവസാനിക്കുന്നത് ചുണ്ടുകളിലാണ്.
ആലോചിക്കും തോറും അല്‍ഭുതങ്ങളുടെ പുതിയ പുതിയ വാതിലുകള്‍ നമുക്ക് മുമ്പില്‍ തുറക്കുന്നതായി കാണാം. എല്ലാം പ്രപഞ്ചനാഥന്റെ സൃഷ്ടിവൈഭവങ്ങള്‍. നാഥാ, നിനക്കാണ് സര്‍വ്വ സ്തുതിയും.
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment