ഇഖ്റഅ് 12- തുടക്കവും ഒടുക്കവും മണ്ണെന്ന പുസ്തകത്തില്‍ തന്നെ...

സൃഷ്ടിച്ച നാഥന്റെ നാമത്തില്‍..
അതില്‍ നിന്ന് നിങ്ങളെ നാം സൃഷ്ടിച്ചു. അതിലേക്കു തന്നെ നിങ്ങളെ നാം മടക്കും; അതില്‍ നിന്നു തന്നെ മറ്റൊരിക്കല്‍ നിങ്ങളെ നാം പുറത്തേക്കു കൊണ്ടുവരികയും ചെയ്യുന്നതാണ്.

മനുഷ്യപിതാവായ ആദം (അ)നെ സൃഷ്ടിച്ചത് വെള്ളവും മണ്ണും ചേര്‍ന്ന കളിമണ്ണ് കൊണ്ടായിരുന്നു എന്നത് അവിതര്‍ക്കിതമാണ്. അഥവാ, മനുഷ്യന്റെ അടിസ്ഥാനചേരുവയാണ് മണ്ണ് എന്നര്‍ത്ഥം. ഭൂമിയിലെ വിവിധ വസ്തുക്കള്‍ നിര്‍മ്മിതമായിരിക്കുന്നത് വിവിധ ചേരുവകളാലാണ്. സ്വര്‍ണ്ണവും വെള്ളിയും ഇരുമ്പുമെല്ലാം അവയില്‍ ചിലത് മാത്രം. എന്നാല്‍ മനുഷ്യനെന്ന ഏറ്റവും ഉത്തമ സൃഷ്ടിയുടെ ചേരുവയായി, പ്രപഞ്ചനാഥന്‍ തെരഞ്ഞെടുത്തത് മണ്ണിനെയായിരുന്നു. അവസാനം, ജീവന്‍ നഷ്ടപ്പെട്ട് നാഥനിലേക്ക് തിരിച്ചുപോകാന്‍ തെരഞ്ഞെടുത്ത വഴിയും മണ്ണ് തന്നെ. 

മണ്ണിനെ കുറിച്ച് ആലോചിക്കും തോറും, അതിന്റെ വിശേഷങ്ങള്‍ കൂടിക്കൂടി വരുന്നതായി കാണാം. അശുദ്ധമായവയെ ശുദ്ധിയാക്കാന്‍ ഇസ്‍ലാം നിര്‍ദ്ദേശിക്കുന്ന രണ്ട് വസ്തുക്കളില്‍ ഒന്ന് മണ്ണാണ്. സ്വയം ശുദ്ധിയാണെന്ന് മാത്രമല്ല, മറ്റുള്ളതിനെ ശുദ്ധിയാക്കാന്‍ പോലും അത് പര്യാപ്തമാണ് എന്നര്‍ത്ഥം. ഉല്‍കൃഷ്ടാഹാരങ്ങളെന്ന് പറയുന്ന പാലിനും തേനിനും പോലുമില്ലാത്ത പ്രത്യേകതയാണ് അത്. അഥവാ, മണ്ണിന് ശക്തിയേറെയാണ് എന്നര്‍ത്ഥം. 

എത്ര മലിനമായതിനെയും മണ്ണ് ശുദ്ധമാക്കുന്നു, വെള്ളത്തെപോലും.  കലങ്ങിമറിഞ്ഞ് വരുന്നതോ എത്ര വലിയ അശുദ്ധിയും പേറി വരുന്നതോ ആവട്ടെ, മണ്ണിനടിയിലൂടെ സഞ്ചരിച്ച് അപ്പുറത്തെത്തുമ്പോഴേക്ക് ഏത് വെള്ളവും ശുദ്ധമായി മാറും. കേട് വന്നതും ചീഞ്ഞ് നാറിയതുമെല്ലാം അവസാനം പോകുന്നത് മണ്ണിലേക്കാണ്. അതോടെ, ദിവസങ്ങള്‍ക്കകം അവയെല്ലാം അപ്രത്യക്ഷമായി മാറുകയും മണ്ണ് അതിനെ ഏറ്റവും നല്ല മറ്റൊരു ഉല്പന്നമോ അത്തരം ഉല്പന്നത്തിനുള്ള വളമോ വെള്ളമോ ആക്കി അതിനെ മാറ്റുകയും ചെയ്യുന്നു.

സ്വാദിഷ്ടമായ പഴങ്ങളും നയനമനോഹരങ്ങളായ പൂക്കളുമുണ്ടാവുന്ന മരങ്ങളെല്ലാം വളര്‍ന്നുവരുന്നത് മണ്ണിനടിയില്‍നിന്നാണ്. ആ രുചികളും വര്‍ണ്ണങ്ങളും ഗന്ധങ്ങളുമെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്നത് മണ്ണിനടിയിലാണോ എന്ന് തോന്നിപ്പോവും.

Read More: റമദാന്‍ ഡ്രൈവ് - നവൈതു -12

ജീവന്‍ വെടിയുന്നതെല്ലാം നിക്ഷേപിക്കപ്പെടുന്നതും മണ്ണില്‍ തന്നെ. അവയെ ശുദ്ധീകരിക്കാനോ ഇതരര്‍ക്ക് പ്രയാസമാവാത്ത വിധം സംസ്കരിച്ചെടുക്കാനോ മണ്ണല്ലാതെ മറ്റൊന്നിനും സാധിക്കില്ലെന്നത് കൊണ്ട് തന്നെയാവാം അത്. മനുഷ്യനും അവസാനം അടക്കം ചെയ്യപ്പെടുന്നത് മണ്ണിലാണ്. അവസാനവസ്ത്രത്തിന്റെ ചെറിയ മറ പോലും നീക്കി ഏറ്റവും ഉത്തമാവയവമായ മുഖം മണ്ണോട് ചേര്‍ത്ത് വെക്കുമ്പോള്‍, മനുഷ്യനും മണ്ണും ഒന്നായി മാറുന്നതാണ് നാം കാണുന്നത്.

അവസാനദിനത്തിലെ വിചാരണയില്‍ പ്രയാസപ്പെടുന്ന മനുഷ്യനും അറിയാതെ വിളിച്ചുപോവുന്നത് മണ്ണിനെയാണ്, ഞാന്‍ മണ്ണായിരുന്നെങ്കിലെന്നാണ് അവിശ്വാസി ആ വേളയില്‍ പറഞ്ഞുപോവുന്നത്.

നാം ഒട്ടും പരിഗണിക്കാതെ നിത്യവും ചവിട്ടി നടക്കുന്ന ഈ മണ്ണും എത്രമാത്രം മഹത്തരവും അര്‍ത്ഥ തലങ്ങളുള്ളതുമാണ്. നാഥാ, എല്ലാം നിന്റെ സൃഷ്ടി വൈഭവങ്ങള്‍...!!!

നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter