റമളാൻ ഡ്രൈവ് (ഭാഗം 23) നവൈതു
വിശുദ്ധ റമദാന്‍, ദാനധര്‍മ്മങ്ങളുടെ പെരുമഴക്കാലം കൂടിയാണ്. അടിച്ചുവീശുന്ന കാറ്റിനേക്കാള്‍ വേഗമായിരുന്നു റമദാനില്‍ പ്രവാചകരുടെ ദാനധര്‍മ്മങ്ങള്‍ക്കെന്ന് ഹദീസുകളില്‍ കാണാം.
ഐഛിക ദാനങ്ങളോടൊപ്പം നിര്‍ബന്ധദാനമായ സകാതും പലരും കൊടുത്ത് വീട്ടുന്നത് റമദാനിലാണ്. അല്ലാഹു നിങ്ങളെ ഏല്പിച്ച സമ്പത്ത് എന്നാണ് ഖുര്‍ആനില്‍ പലയിടത്തും സമ്പത്തിനെ കുറിച്ച് വിശേഷിപ്പിക്കുന്നത്.
തന്റെ കൈയ്യിലെത്തുന്ന സമ്പത്തും ധനവും ഭൌതിക സൌകര്യങ്ങളുമെല്ലാം തനിക്ക് മാത്രമുള്ളതല്ലെന്നും, അത് ഇല്ലാത്തവര്‍ക്ക് കൂടി പങ്ക് വെക്കാനായി നാഥന്‍ തന്റെ കൈയ്യില്‍ ഏല്‍പിച്ചതാണെന്നും തിരിച്ചറിയുന്നവനാണ് വിശ്വാസി. ചോദിച്ച് വരുന്നവര്‍ക്കും ഇല്ലാത്തവര്‍ക്കും അവരുടെ സ്വത്തില്‍ അവകാശം നല്കുിയവരായിരുന്നു അവര്‍ എന്നാണ്,
സ്വര്‍ഗ്ഗാരാമങ്ങളില്‍ പരിലസിക്കുന്ന ഭക്തജനങ്ങളുടെ ഗുണഗണങ്ങള്‍ പറയുന്നിടത്ത് വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിക്കുന്നത് തന്നെ.
അല്ലാഹുവിന്റെ പ്രതിനിധികളായി ഭൂമിയിലേക്ക് നിയോഗിക്കപ്പെട്ട മനുഷ്യവര്‍ഗ്ഗത്തിന്, അല്ലാഹുവിന്റെതായി ചെയ്യാനുള്ള ജോലിയും അത് തന്നെയാണ്. ഇല്ലാത്തവര്‍ക്ക് കൂടി വീതം വെച്ച്, ഇതരരുടെ പ്രയാസങ്ങളകറ്റുക എന്നത്. ഒരു കവി പറയുന്നത് ഇങ്ങനെ വായിക്കാം, ഈ ലോകത്തെ മുഴുവന്‍ ജനങ്ങള്‍ക്കും ആവശ്യമായതെല്ലാം വേണ്ടവിധം നല്കാന്‍ കഴിവുള്ളവന്‍ തന്നെയാണ് പടച്ച തമ്പുരാന്‍. പക്ഷേ, അത് ചെയ്യാതെ, ചിലര്‍ക്ക് ധാരാളം നല്കുകയും മറ്റു ചിലര്‍ക്ക് ഒന്നും നല്കാതിരിക്കുകയും ചെയ്തത് തന്നെ, ജനങ്ങള്‍ പരസ്പര സഹവര്‍ത്തിത്വത്തോടെ അങ്ങോട്ടുമിങ്ങോട്ടും പങ്ക് വെക്കാനും അതിലൂടെ ഈ ജീവിതം സന്തോഷഭരിതമാക്കാനുമാണ്.
Also Read:റമളാൻ ഡ്രൈവ് (ഭാഗം 22) നവൈതു
ഇത്തരം പങ്ക് വെക്കലുകളാണ് ജീവിതം ആസ്വാദ്യകരമാക്കുന്നത്. ഒരാള്‍ വയറ് നിറച്ച് ഉണ്ണുകയും തൊട്ടടുത്തുള്ളവന്‍ വിശന്നിരിക്കുകയും ചെയ്യുന്നതിനേക്കാള്‍, എത്രയോ സുഖകരമാണ് രണ്ട് പേരും അരവയര്‍ പട്ടിണിയുമായി കഴിയുന്നത്. ആ പങ്ക് വെപ്പിന്റെ സുഖവും സംതൃപ്തിയും അനുഭവിക്കുമ്പോഴേ അറിയാനാവൂ.
വിശുദ്ധ റമദാന്‍ നമ്മെ അനുഭവിപ്പിക്കുന്നതും ശീലിപ്പിക്കുന്നതും അത് കൂടിയാണ്. ഈ വലിയ മനസ്സ് ജീവിതത്തിലുടനീളം തുടരാനായാലോ. ഭൂമി തന്നെ സ്വര്‍ഗ്ഗമായി മാറും. ഈ റമദാനിലെ നമ്മുടെ ഒരു നവൈതു അത് കൂടി ആയിരിക്കട്ടെ. എനിക്ക് ലഭിച്ചതെല്ലാം എനിക്ക് മാത്രമുള്ലതല്ലെന്ന ചിന്ത.. അതില്‍, ലഭിക്കാതെ പോയ എന്റെ ബന്ധുക്കള്‍ക്കും അയല്‍ക്കാര്‍ക്കും നാട്ടുകാര്‍ക്കുമെല്ലാം അവകാശമുണ്ടെന്ന തിരിച്ചറിവ്.. അത് കൊണ്ട് തന്നെ, എന്റെ ആവശ്യങ്ങള്‍ കഴിഞ്ഞ് ബാക്കി വരുന്നതെങ്കിലും ഞാന്‍ ആവശ്യക്കാര്‍ക്ക് പങ്ക് വെക്കുമെന്ന ഉറച്ച കരുത്ത്. നാഥന്‍ തുണക്കട്ടെ.
Leave A Comment