ഇഖ്റഅ് 20- സദാ മിടിക്കുന്ന ഗ്രന്ഥമാണ് ഹൃദയം
_സൃഷ്ടിച്ച നാഥന്റെ നാമത്തില്‍...
അറിയുക, തീര്‍ച്ചയായും ശരീരത്തില്‍ ഒരു കൊച്ചുഭാഗമുണ്ട്, അത് നന്നായാല്‍ ശരീരം മുഴുക്കെ നന്നായി, അത് മോശമായാല്‍ ശരീരം മുഴുക്കെ മോശമാവും, അറിയുക, അതാണ് ഹൃദയം (മുസ്‍ലിം)
മനുഷ്യശരീരത്തിലെ ഒരു കൊച്ചു അവയവമാണ് ഹൃദയം എന്ന് പറയാം. മുഷ്ടിയോളം മാത്രം വരുന്ന ഇത് നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍ അനവധിയാണ്. മനുഷ്യശരീരത്തെ ജീവസ്സുറ്റതും ചലനാത്മകവുമാക്കി നിര്‍ത്തുന്നതില്‍ സുപ്രധാനമായ പങ്കാണ് ഇത് വഹിക്കുന്നത്. അല്‍ഭുതങ്ങളുടെ കലവറയായ മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനമായ ഭാഗമാണ് ഹൃദയം എന്ന് പറയാം.
ഒരു മിനുട്ടില്‍ അറുപത് മുതല്‍ നൂറ് വരെ പ്രാവശ്യം മിടിച്ചുകൊണ്ടിരിക്കുന്ന ഒരു സാധാരണ ഹൃദയം, ഏകദേശം 7600 ലിറ്റര്‍ രക്തം ഒരു ദിവസം പമ്പ് ചെയ്യുന്നുവെന്നാണ് കണക്ക്. ഓക്സിജന്റെ അളവ് വേണ്ടത്രയില്ലാത്ത രക്തത്തെ ഓക്സീകരണ ഭാഗത്തേക്കും ഓക്സിജന് വേണ്ടത്രയുള്ളതിനെ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും എത്തിക്കുന്ന, മനുഷ്യശരീരത്തിലെ ഒരു പമ്പ് ഹൌസാണ് ഹൃദയം. അതോടൊപ്പം ഹോര്‍മോണ്‍ തുടങ്ങിയ മനുഷ്യ ശരീരത്തിന് ആവശ്യമായ പല ഘടകങ്ങളെയും ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നതും ഹൃദയം തന്നെ. രക്തം സമ്മര്‍ദ്ധം കൂടാതെയും കുറയാതെയും സൂക്ഷിക്കുന്നതും ഈ കൊച്ചു അവയവമാണ്.
ആധുനിക വൈദ്യശാസ്ത്രത്തില്‍ ഹൃദയസംബന്ധമായ രോഗങ്ങളും അവയുടെ ചികില്‍സയും നിര്‍ണ്ണായകമാണ്. ഹൃദയത്തിന് അസുഖം ബാധിക്കുകയോ ഹൃദയം പ്രവര്‍ത്തന രഹിതമാവുകയോ ചെയ്താല്‍, മറ്റു അസുഖങ്ങളെല്ലാം അപ്രസക്തമായി മാറുന്നു. അതോടെ പ്രഥമ പരിഗണനയും അടിയന്തര ശ്രദ്ധയും ഹൃദയത്തിനാവുകയും ചെയ്യുന്നു. അഥവാ, ആധുനിക വൈദ്യശാസ്ത്രം പോലും ഹൃദയകേന്ദ്രീകൃതമാണെന്നര്‍ത്ഥം.
Read More: റമളാൻ ഡ്രൈവ് (ഭാഗം 20) നവൈതു
മനുഷ്യസംസ്കരണത്തിലും ഹൃദയത്തിന് തന്നെയാണ് ഏറ്റവും പങ്കുള്ളതായി പറയപ്പെടുന്നത്. മേല്‍പ്രസ്താവിക്കപ്പെട്ട പ്രവാചക വചനം സൂചിപ്പിക്കുന്നതും അത് തന്നെയാണ്. ഇമാം ഗസാലിയുടെ ഇഹ്‍യാഉലൂമിദ്ദീന്‍ എന്ന ഗ്രന്ഥത്തില്‍ ഹൃദയത്തിന്റെ അല്‍ഭുതങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്ന പ്രത്യേക അധ്യായം തന്നെ കാണാം. ഹൃദയ രോഗങ്ങളെ കുറിച്ചും അദ്ദേഹം പ്രത്യേകം ഉണര്‍ത്തുന്നു.
ചുരുക്കത്തില്‍ അല്ലാഹുവിന്റെ അല്‍ഭുതസൃഷ്ടികളിലെ മറ്റൊന്നാണ് ഹൃദയം. വിശുദ്ധ ഖുര്‍ആനില്‍ പലവുരു ഈ പദം പരാമര്‍ശിക്കപ്പെട്ടത് തന്നെ, അതിന്റെ പ്രാധാന്യമാണ് വിളിച്ചോതുന്നത്. നാഥാ, എല്ലാം നിന്റെ സൃഷ്ടിവിലാസങ്ങള്‍. നീയെത്ര സമുന്നതന്‍...
നമുക്ക് വായന തുടരാം... നാഥന്റെ നാമത്തില്‍...
Leave A Comment