വീണ്ടും സംഘർഷഭരിതമാകുന്ന ഇറാഖീ രാഷ്ട്രീയം
2003-ലെ അമേരിക്കൻ അധിനിവേശത്തിന് ശേഷം സമാധാനപൂർണമായ ഒരു വർഷം പോലും ഇറാഖിൽ കടന്നുപോയിട്ടില്ല. പലസ്തീനിലും അഫ്ഗാനിസ്ഥാനുിലും ഇറാഖിലും ലബനാനിലും ലിബിയയിലുമടക്കം ഭീകരതക്കെതിരെയുള്ള യുദ്ധമെന്ന പേരിൽ അമേരിക്ക നടപ്പിലാക്കിയ കിരാതവാഴ്ചയുടെ അനന്തരഫലമായുണ്ടായ സാമുഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ തകർച്ചയിൽ നിന്ന് മുക്തിനേടാൻ മധ്യേഷ്യൻ രാജ്യങ്ങൾക്ക് ഇതുവരെയും സാധിച്ചിട്ടില്ല.
ഇറാഖിന്റെ രാഷ്ട്രീയഭൂപടത്തിൽ ബാഹ്യശക്തികൾ കളം വരക്കാൻ തുടങ്ങിയതോടു കൂടിയാണ് തീരാ പ്രതിസന്ധികൾക്ക് നാന്ദി കുറിക്കുന്നത്. ഇറാഖിലെ നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ ഉറവിടം അന്വേഷിച്ചാലും എത്തിച്ചേരുക ബാഹ്യശക്തികളുടെ അനാവശ്യ ഇടപെടലിലായിരിക്കും. 1990-കൾ മുതലേ ഇറാഖ്-ഇറാൻ യുദ്ധം കാരണവും കുവൈത്ത് അധിനിവേശം വഴിവെച്ച അന്താരാഷ്ട്രതലത്തിലുള്ള ഉപരോധങ്ങൾ കാരണവും അവസാനിക്കാത്ത പ്രതിസന്ധികളുടെ പടുക്കുഴിയലകപ്പെട്ട ഇറാഖ് ഇന്ന് മറ്റൊരു ആഭ്യന്തര യുദ്ധത്തിന്റെ കൂടി ഭീതിയിലാണ്.
2021 ഒക്ടോബറിൽ നടന്ന പാർലമെന്റെറി തെരഞ്ഞെടുപ്പോടുകൂടിയാണ് നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് തുടക്കമാവുന്നത്. തെരഞ്ഞെടുപ്പ് അവസാനിച്ച് പത്തുമാസം പൂർത്തിയായിട്ടും ഗവണ്‍മെന്റ് രൂപികരിക്കാന്‍ ഇറാഖിന് സാധിച്ചിട്ടില്ല. വർധിച്ചുവരുന്ന ഇറാനി സ്വാധീനം തീർത്ത ആശങ്കകളും പരാജയപ്പെട്ട ഗവണ്മെന്റ് രുപീകരണ ശ്രമങ്ങൾക്ക് ശേഷം ഉയർന്നുവന്ന ഇറാഖിലെ പ്രമുഖ ശിയാ പാർട്ടികളുടെ നേതാക്കള്‍ തമ്മിലുളള കുടിപ്പകയുമെല്ലാമാണ് അമേരിക്കൻ അധിനിവേശത്തിനു ശേഷമുള്ള എറ്റവും വലിയ രാഷ്ട്രീയപ്രതിസന്ധിയിലേക്ക് ഇന്ന് ഇറാഖിനെ കൊണ്ടെത്തിച്ചിരിക്കുന്നത്.
2021 ഒക്ടോബറില്‍ നടന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ 329 സീറ്റിൽ 73 സീറ്റ് കരസ്ഥമാക്കി പ്രമുഖ ശിയാ നേതാവായ മുഖ്തദാ സദ്റ് നയിക്കുന്ന സദ്റിസ്റ്റ് മൂവ്മെന്റായിരുന്നു ഏറ്റവും മുന്നില്‍. പക്ഷേ ഇറാഖില്‍ കാലങ്ങളായി തുടർന്നുവരുന്ന ദേശീയ പൊതുസമ്മതമായ ഗവണ്മെന്റ് രുപികരണ രീതിക്ക് അത്യാവശ്യമായ പാർലമെന്റിലെ മൂന്നിൽ രണ്ട് എന്ന സമ്പൂർണ ഭൂരിപക്ഷം പോയിട്ട് കേവല ഭൂരിപക്ഷം പോലും ഒരു പാര്‍ട്ടിക്കും നേടാനായില്ലെന്നത് തന്നെ അവിടത്തെ സ്ഥിതിഗതികള്‍ എത്രമേല്‍ ഛിന്നഭിന്നമാണ് എന്ന് അറിയിക്കുന്നുണ്ട്.
ഇറാഖി ഭരണഘടന പ്രകാരം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റിന്റെ ആദ്യ ചുമതല പ്രസിഡന്റിനെ തെരഞ്ഞെടുക്കലാണ്. പ്രസിഡന്റാണ് സഭയിലെ ഭുരിപക്ഷകക്ഷിയോട് പ്രധാനമന്ത്രിയുടെ പേര് നിർദേശിക്കാൻ ആവശ്യപ്പെടുന്നതും പ്രധാനമന്ത്രിയെ നിയമിക്കുന്നതും. എന്നാൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ആവശ്യമായ സഭയിലെ രണ്ടിൽ മൂന്ന് ഭാഗം ജനപ്രതിനിധികൾ ഹാജറാവണമെന്ന വ്യവസ്ഥയും പല അവസരങ്ങളിലായി വിവിധ കക്ഷികളുടെ ഇറങ്ങിപ്പോക്കും അസാന്നിധ്യവും കാരണം ഇതുവരെ പാലിക്കപ്പെടാൻ കഴിഞ്ഞിട്ടില്ല.
എതിർ പാർട്ടികളുടെ നിരന്തരമായ പാർലമെന്റ് ബഹിഷ്കരണത്തിൽ പ്രതിഷേധിച്ചാണ് മുഖ്തദാ സദ്റ് തന്റെ പാർട്ടിയിലെ എല്ലാ ജനപ്രതിനിധികളോടും പാർലമെന്റെ് അംഗത്വം രാജിവെച്ചൊഴിയാൻ ആവശ്യപ്പെട്ടത്. ഇറാഖിലെ തെരഞ്ഞെടുപ്പു നിയമമനുസരിച്ച് ഒഴിവുവന്ന സീറ്റുകളിൽ എറ്റവും കൂടുതൽ വോട്ടു ലഭിച്ച രണ്ടാമത്തെ സ്ഥാനാർത്ഥിയാണ് അതോടെ അംഗമാവുക. ഇതുപ്രകാരം ശിയാ നേതാവും മുൻ പ്രധാനമന്ത്രിയും മുഖ്തദാ സദ്റിന്റെ കടുത്ത എതിരാളിയുമായ നൂർ അൽ മാലിക്കി നയിക്കുന്ന ഇറാൻ അനുകൂല ശിയാ പാർട്ടികളുടെ സഖ്യമായ കോർഡിനേഷൻ ഫ്രയിംവർക്ക് സദ്റിന്റ പാർട്ടി രാജിവെച്ചതു കാരണം ഒഴിവുവന്ന അധിക സീറ്റുകളിലും വിജയികളായി കയറി. അതോടെ കോർഡിനേഷൻ ഫ്രയിംവർക്ക് പാർലമെന്റിലെ ഭൂരിപക്ഷ കക്ഷിയായി മാറി. പിന്നീട് പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നിയമിക്കുന്നതിന് വേണ്ടി ഇറാനി ചായ്‍വുള്ള മുഹമ്മദ് ശിയാ അൽ സുദാനിയുടെ പേര് നൂർ അൽ മാലിക്കി നിർദേശിച്ചത്, ഇറാഖിലെ ഇറാനി ഇടപെടലിനെ നഖശിഖാന്തം എതിർക്കുന്ന മുഖ്തദാ സദ്റിന് ഇത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല.
അത് കൊണ്ട് തന്നെ, പാർലമെന്റ് നഷ്ടമായ സദ്റ് ശക്തമായ പ്രക്ഷോഭത്തിനായി തെരുവിലിറങ്ങാൻ ജനങ്ങളോട് ആവശ്യപ്പെടുകയായിരുന്നു. പിന്നീട് പല തവണ പ്രക്ഷോഭകാരികൾ റിപ്പബ്ലിക്കൻ പാലസും ഭരണസ്ഥാപനങ്ങളുമൊൾകൊള്ളുന്ന ബാഗ്ദാദിലെ അതിസുരക്ഷാ മേഖലയായ ഗ്രീൻസോൺ വരെ അതിക്രമിച്ചു കയറി പ്രതിഷേധിച്ചു. എത്രയും പെട്ടെന്ന് തന്നെ പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കലാണ് മുഖ്തദാ സദ്റിന്റെയും അനുകൂലികളുടെയും പ്രധാന ആവശ്യം. ഇറാഖിലെ നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം അവസാനിപ്പിക്കാനുള്ള എക മാർഗവും അത് തന്നെ.
ഇറാഖിലെ ശിയാ ആത്മീയ നേതാവായിരുന്ന ആയത്തുള്ള അൽ ഹാരി ആ സ്ഥാനം രാജിവെച്ചതും കഴിഞ്ഞ ആഴ്ചകളിലായിരുന്നു. അടുത്ത ആത്മീയ നേതാവ് വരുന്നത് വരെ ജനങ്ങളെല്ലാം ഇറാനിലെ പരമോന്നത നേതാവായ ആയതുള്ള ഖാംനാഇയിൽ നിന്ന് മാർഗനിർദേശങ്ങൾ കൈകൊള്ളണമെന്ന് അദ്ദേഹം തന്നെ ജനങ്ങളോട് നിർദേശിച്ചു. ഇറാഖിലെ സർവവിധ മേഖലകളിലും വർധിച്ചുവരുന്ന ഇറാനിയൻ സ്വാധീനത്തിൽ ആശങ്കകുലനായിരുന്ന മുഖ്തദാ സദ്റിന് ഈ പ്രസ്താനവയും സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതേ തുടര്‍ന്ന് സദ്ർ അനുകുലികളും സുരക്ഷ സംഘവും തമ്മിലുണ്ടായ സംഘർഷങ്ങളിൽ നാൽപതോളം പേര്‍ കൊല്ലപ്പെട്ടു.
ആരാണ് മുഖ്തദാ സദ്റ്
കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലായി ഇറാഖി രാഷ്ട്രീയത്തിലെ ശക്തമായ സാന്നിധ്യമായി മാറിയ ശിയാ പണ്ഡിതനാണ് മുഖ്തദാ സദ്റ്. അമേരിക്കൻ അധിനിവേശത്തിനെതിരെ പോരാടാന്നുതിന് വേണ്ടി രൂപീകരിച്ച മഹ്ദി ആർമി എന്ന സായുധ സംഘടനയുടെ നേതാവായിരുന്നു അദ്ദേഹം. തന്റെ അനുയായികളിൽ പലരും വ്യത്യസ്ത ഭരണസ്ഥാനങ്ങൾ അലങ്കരിച്ചപ്പോഴും അധികാരരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്ന സദ്റ് തികഞ്ഞ ദേശീയവാദിയായും പാവപ്പെട്ടവരുടെ നേതാവായും വൈദേശിക ഇടപെടലുകളുടെ ശത്രുവായും അറിയപ്പെടാനാണ് ആഗ്രഹിച്ചത്. ഭരണകൂടങ്ങൾക്കെതിരെയുളള ഒരുപാട് വർഷത്തെ പോരാട്ടങ്ങൾക്കു ശേഷം മഹ്ദി ആർമിയെ സറായ സലാം എന്ന പേരിൽ പുനസംഘടിപ്പിക്കുകയും ഭരണപരിഷ്കാരവും അഴിമതിവിരുദ്ധതയും ഉത്ഘോഷിച്ചു കൊണ്ട് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് അദ്ദേഹം കാലെടുത്തുവെയ്ക്കുകയും ചെയ്തു.
ചുരുക്കം വാക്കുകൾ കൊണ്ട് ജനങ്ങളെ സംഘടിപ്പിക്കാനും കയ്യിലെടുക്കാനുമുളള ശേഷിയാണ് അദ്ദേഹത്തെ മറ്റുളള നേതാക്കളിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. ഇറാഖിലെ തൊഴിലാളി വിഭാഗവും പാവപ്പെട്ടവരുമാണ് മുഖ്തദാ സദ്റിന് പിന്നില്‍ പ്രധാന ശക്തികളായി നിലകൊള്ളുന്നത്.
സദ്ദാം ഹുസൈന്റെ കാലത്ത് നജ്ഫിലാണ് മുഖ്തദാ സദ്റ് ജനിക്കുന്നത്. തന്റെ പിതാവ് മുഹമ്മദ് സാദിഖും അടുത്ത ബന്ധുവായിരന്ന മുഹമ്മദ് സ്വാലിഹും ഇറാഖിലെ പ്രമുഖ ശിയാ പണ്ഡിതരായിരുന്നു. സദ്ദാമിന്റെ നിർദേശത്താൽ വധിക്കപ്പെട്ടവരെന്ന് പറയപ്പെടുന്ന ഇവരെ ശിയാക്കൾ ശുഹദാക്കളായിട്ടാണ് നോക്കിക്കാണുന്നത്. ഇന്നും ഇറാഖിലെ ശിയാക്കൾക്കിടയിലും പാവപ്പെട്ടവർക്കിടയിലും വലിയ രീതിയിൽ സ്വാധീനമുള്ള വ്യക്തിത്വത്തങ്ങളാണ് ഇവർ. പണ്ഡിതനായിട്ടാണ് പൊതുവെ അറിയപ്പെടുന്നതെങ്കിലും തന്റെ പിതാവിനെ പോലെ ഫത്‍വ നൽകാനുളള അധികാരമൊന്നും മുഖ്തദാ സദ്റിനില്ല.
ഇറാഖി സമുഹത്തിൽ വളർന്നുവരുന്ന ലിബറൽ ആശയങ്ങളോട് അദ്ദേഹം എന്നും എതിരായിരുന്നു. എൽ.ജി.ബി.ടി.ക്യു വിഷയത്തിലും ലിംഗനിരപേക്ഷയാശയങ്ങളോടും അദ്ദേഹം കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്.
2021-ലെ പാർലമെന്റെറി തെരഞ്ഞെടുപ്പ് സദ്റിന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രധാന ചുവടുവെപ്പായിരുന്നു. കേവല ഭൂരിപക്ഷമെങ്കിലും ലഭിക്കുമെന്നും പാര്‍ലമെന്റ് രൂപീകരിക്കാമെന്നുമെല്ലാമായിരുന്നു അദ്ദേഹത്തിന്റെ കണക്ക് കൂട്ടല്‍. പക്ഷെ, കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ലെന്ന് ഫലം വന്നതോടെ അദ്ദേഹത്തിനും ബോധ്യപ്പെട്ടു. പാർലമെന്റ് പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക എന്നതാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ആവശ്യം. വരും ദിനങ്ങളില്‍ എന്ത് സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്ന് കാണാം. അറബിക്കഥയുടെ റാണിയായ ബഗ്ദാദിനും പുരാതന സംസ്കാരങ്ങളുടെ കളിത്തൊട്ടിലായ ഇറാഖിനും ഇനിയെങ്കിലും സമാധാനത്തിന്റെ ദിനങ്ങള്‍ കൈവരട്ടെ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം.
Leave A Comment