ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍

ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച് അയര്‍ലന്‍ഡ്, നോര്‍വേ, സ്പെയിന്‍ എന്നീ യൂറോപ്യന്‍ രാജ്യങ്ങള്‍. ഈ തീരുമാനം ഇസ്രയേലിന് എതിരല്ല, സമാധാനത്തിന് വേണ്ടിയാണെന്ന് സ്പെയിന്‍ പ്രതികരിച്ചു. തീരുമാനം ഫലസ്തീന്‍ സ്വാഗതം ചെയ്തു. ഇതിന്പിന്നാലെ അയര്‍ലന്‍ഡിലെയും, നോര്‍വെയിലെയും അംബാസഡര്‍മാരെ ഇസ്രയേല്‍ തിരിച്ചുവിളിച്ചു. ഇതുവരെ ഐക്യരാഷ്ട്ര സഭയിലെ 140 രാജ്യങ്ങളാണ് ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടുള്ളത്. അമേരിക്കയും ബ്രിട്ടനും ഇതുവരെ ഫലസ്തീനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിട്ടില്ല.

എന്നാല്‍ ഫലസ്തീൻ രാഷ്ട്ര പ്രഖ്യാപനം നടന്ന് പതിറ്റാണ്ടുകളായിട്ടും അംഗീകരിക്കാൻ മടിച്ച്‌ വിട്ടുനിന്ന യൂറോപ് ഒടുവില്‍ കൂട്ടമായി അംഗീകാരം അറിയിക്കുമ്പോള്‍ ശരിക്കും പ്രതിക്കൂട്ടില്‍ കയറി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു.അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചതിനുടനാണ് യൂറോപ് പുതിയ നീക്കവുമായി എത്തുന്നത്. 

ഒരു രാഷ്ട്രമെന്ന നിലക്ക് എല്ലാ അവകാശങ്ങളും നല്‍കിയാണ് ഫലസ്തീനെ അംഗീകരിക്കുകയെന്ന് നോർവേ, അയർലൻഡ്, സ്പെയിൻ എന്നീ മൂന്നു രാജ്യങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. കിഴക്കൻ ജറൂസലം, വെസ്റ്റ് ബാങ്ക്, ഗസ്സ എന്നിവ ഉള്‍പ്പെടുന്ന 1967നു മുമ്പുള്ള അതിർത്തികള്‍ പ്രകാരമാണ് അംഗീകാരമെന്നും അവർ വ്യക്തമാക്കുന്നു. 

''ഒരു രാജ്യത്തെ അംഗീകരിക്കുമ്പോള്‍, ആ സമയത്തെ ഭരണകൂടത്തെയല്ല അംഗീകരിക്കുന്നത്. നിർണിത അതിർത്തികളുള്ള രാജ്യത്തെ സ്ഥിരം ജനതയെ ആണ്. ഇവിടെ 1967ലെ അതിർത്തികള്‍ പ്രകാരമാണ്''- അയർലൻഡ് വിദേശകാര്യ മന്ത്രി പ്രഖ്യാപിച്ചു. ഫ്രാൻസ്, ജർമനി എന്നിവ ഉടൻ അംഗീകാരം നല്‍കാനില്ലെന്ന് പ്രതികരിച്ചെങ്കിലും സ്വതന്ത്ര ഫലസ്തീൻ എന്ന ആശയത്തെ പിന്തുണക്കുന്നുവെന്ന് അറിയിച്ചിട്ടുണ്ട്. 

ഫലസ്തീൻ മധ്യസ്ഥ വിഷയങ്ങളില്‍ കാലങ്ങളായി മുന്നില്‍നില്‍ക്കുന്ന നോർവേ പുതിയ പ്രഖ്യാപനം നടത്തിയത് ഇസ്രായേലിനെതിരെ ലോകം കടുത്ത നിലപാടിലേക്ക് നീങ്ങുന്നുവെന്ന സൂചന നല്‍കുന്നതാണ്. യു.എസും പ്രസിഡന്റ് ബൈഡനും ആയുധങ്ങളും ഉറച്ച പിന്തുണയും നല്‍കി ഇസ്രായേലിന്റെ ക്രൂരതകള്‍ക്ക് കൂട്ടുണ്ടെങ്കിലും സമ്മർദം ശക്തമാകുന്നത് അവരെയും കുരുക്കിലാക്കും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter