ഇസ്‌ലാമോഫോബിക് സിനിമകൾ: മുസ്‍ലിം വിദ്വേഷം വർദ്ധിപ്പിക്കാനുള്ള പുതിയ ട്രെൻഡ്

സമീപ വർഷങ്ങളിലായി ഇന്ത്യൻ സിനിമ മേഘലയിൽ മുസ്‌ലിം വിരുദ്ധ സിനിമകൾ വർദ്ധിച്ചുവരുകയാണ്. 2014ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം കഴിഞ്ഞ ഒമ്പത് വർഷമായി മുസ്‌ലിംകളെ വികലമായി ചിത്രീകരിക്കുന്ന നിരവധി ബോളിവുഡ് സിനിമകളാണ് റിലീസായത്.

ദ കശ്മീർ ഫയൽസ് (2022), പദ്മാവത് (2018), ലിപ്സ്റ്റിക്ക് അണ്ടർ മൈ ബുർഖ (2016), തൻഹാജി (2020), അടുത്തിടെ റിലീസിനെത്തിയ ദി കേരള സ്റ്റോറി (2023) തുടങ്ങി അനവധി സിനിമകളാണ് മുസ്‍ലിം സമുദായത്തെ തീവ്രവാദികളും മതഭ്രാന്തരുമായി ചിത്രീകരിച്ചിട്ടുള്ളത്. ഇസ്‍ലാമിനെ പ്രാകൃതവും പുരുഷമേധാവിത്വപൂര്‍ണ്ണവും അപരിഷ്‌കൃതവുമായി ചിത്രീകരിച്ച് മതവിശ്വാസികളായ ഇന്ത്യൻ മുസ്‌ലിം സമൂഹത്തെ കുറ്റപ്പെടുത്തുന്ന ഈ പ്രവണത മുസ്‍ലിം വിദ്വേഷത്തിന്റെ ഭാഗമായി രൂപപ്പെട്ടതാണ്. ഇന്ത്യയുടെ ബഹുസ്വര സാമൂഹിക ഘടനയെ എന്നെന്നേക്കുമായി തകർക്കുക എന്നതാണ് ഇത്തരം സിനിമകളുടെ ലക്ഷ്യം.

ഇന്ത്യൻ മുസ്‍ലിംകളെ ആക്രമിക്കാനായി ബോളിവുഡ് വളരെക്കാലമായി സിനിമ എന്ന മാധ്യമം ഉപയോഗിക്കുന്നു. മുസ്‌ലിംകളെ മൂന്നാംകിട പൗരന്മാരാക്കി പരിമിതമായ അവകാശങ്ങൾ മാത്രം നൽകി രാജ്യത്തിന്റെ മുഖ്യധാരയില്‍നിന്ന് മാറ്റിനിര്‍ത്തി ഹിന്ദു രാഷ്ട്രം നിർമ്മിക്കാനുള്ള ആർഎസ്‌എസിന്റെയും ബി ജെ പിയുടെയും ഹിഡൻ അജണ്ടയുടെ ഭാഗമാണ് ഇത്തരം സിനിമകൾ.

ഹിന്ദു-മുസ്‌ലിം സാഹോദര്യവും സാമുദായിക സൗഹാർദ്ദവും പ്രോത്സാഹിപ്പിക്കുന്ന സിനിമകളായിരുന്നു പഴയകാലത്ത് ബോളിവുഡ് ചിത്രീകരിച്ചിരുന്നത്. ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ അവരെ നികുതി രഹിതരായി പ്രഖ്യാപിച്ചിരുന്നു. സമൂഹത്തിൽ വിദ്വേഷവും ഭിന്നിപ്പും വളർത്തുന്ന സിനിമകൾ നിർമ്മിക്കുകയും അത്തരം സിനിമകൾ നികുതി രഹിതമാക്കുകയും ചെയ്യുന്നതാണ് ഇപ്പോൾ ഏറ്റവും പുതിയ ട്രെൻഡ്. 

ഇത്തരം സിനിമകൾ നിർമ്മിക്കുന്നതിന്റെ മറ്റൊരു ഉദ്ദേശ്യം വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, സാമ്പത്തിക ഞെരുക്കം തുടങ്ങിയ യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്നും ജനങ്ങളുടെ മനസ്സിനെ തിരിച്ചുവിടുക എന്നതാണ്. ഇത്തരം സിനിമകൾ പ്രചരിപ്പിക്കുന്നതിലും രാജ്യത്തെ രാഷ്ട്രീയ വ്യവഹാരങ്ങൾ മാറ്റിമറിക്കുന്നതിലും പ്രാദേശിക മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. മാധ്യമങ്ങൾ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചോ മറ്റ് നിർണായക വിഷയങ്ങളെക്കുറിച്ചോ ചർച്ച ചെയ്യുന്നതിനുപകരം പുതുതായി പുറത്തിറങ്ങിയ മുസ്‌ലിം വിരുദ്ധ സിനിമയെക്കുറിച്ച് സംസാരിക്കുകയും യഥാർത്ഥ പ്രശ്‌നങ്ങളെ മറക്കുകയുമാണ്. അധികാരികള്‍ അവിടെയും വിജയം വരിക്കുന്നു.

കർണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ‘ ദി കേരള സ്റ്റോറി’ എന്ന സിനിമയുടെ പരസ്യപ്രചാരണം നടത്തിയിരുന്നു. കർണാടകയിലെ ബല്ലാരിയിൽ നടന്ന റാലിയിൽ അദ്ദേഹം ജനക്കൂട്ടത്തോട് പറഞ്ഞു: കേരള സ്റ്റോറി ഒരു തീവ്രവാദ ഗൂഢാലോചനയെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് തീവ്രവാദത്തിന്റെ ഭീകര ചിത്രം പ്രദർശിപ്പിക്കുകയും തീവ്രവാദികളുടെ താത്പര്യങ്ങള തുറന്നുകാട്ടുകയും ചെയ്യുന്നു. നുണപ്രചാരണത്തിന്റെ അപ്പോസ്തലനായ അദ്ദേഹം, ഈ സിനിമ കാണണമെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

മോദി പരസ്യമായി ഈ സിനിമയെ പ്രോത്സാഹിപ്പിച്ചതിന് പിന്നാലെ നിരവധി ബിജെപി രാഷ്ട്രീയക്കാരും ചിത്രത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേരള സ്റ്റോറി റിലീസ് ചെയ്യുകയും നികുതി രഹിതമായി പ്രഖ്യാപിക്കുകയും ചെയ്തു. തൽഫലമായി വിദ്വേഷം ചുമക്കുന്ന ഇത്തരം സിനിമകളുടെ ജനപ്രീതി മുതലെടുത്ത് ദശലക്ഷക്കണക്കിന് രൂപയാണ് സിനിമ സമ്പാദിച്ചത്. കശ്മീരി മുസ്‌ലിംകൾക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കാനും ഇന്ത്യൻ സമൂഹത്തിൽ വർഗ്ഗീയ ധ്രുവീകരണം നടപ്പിലാക്കാനുമായി വൻതുക മുതൽ മുടക്കി കാശ്മീർ ഫയലുകൾ എന്ന സിനിമ നിർമ്മിച്ചതും ഇതേ ലക്ഷ്യത്തിനാണ്.

സിനിമയെ കലാ ആസ്വാദനപരമായി സമീപിക്കുന്നതിനു പകരം ബിസിനസ്സ് എന്ന സാമ്പത്തിക ലക്ഷ്യം മാത്രം കണ്ടു കൊണ്ടാണ് സമീപകാലങ്ങളിൽ സിനിമ നിർമ്മിക്കാറുള്ളത്. കൂടുതൽ പണം സമ്പാദിക്കുന്ന തരത്തിലുള്ള വിനിമയ സംവിധാനങ്ങളും പരിവർത്തന പ്രവണതകളുമാണ് സിനിമയിൽ ഉപയോഗിക്കുന്നത്. ഇക്കാലത്ത് പണം സമ്പാദിക്കാനുള്ള മികച്ചതും വേഗത്തിലുള്ളതുമായ മാധ്യമം കൂടിയാണ് ഇത്തരത്തിലുള്ള സിനിമകള്‍. ചെറിയ നിക്ഷേപത്തിലൂടെ ഉയർന്ന വരുമാനം ഉറപ്പാക്കുന്ന ഒരു മാര്‍ഗ്ഗമായി മാറിയിരിക്കുന്നു ഇത്. അതോടൊപ്പം, അധികാരികളുടെ കണ്ണില്‍ നല്ല കുട്ടിയായിത്തീരുകയും അതിലൂടെ മറ്റു പലതും മറച്ച് വെക്കാന്‍ അവസരമൊരുങ്ങുകയും കൂടി ചെയ്യുന്നു മറ്റു ലാഭങ്ങളും. കാശ്മീർ ഫയലും കേരള സ്റ്റോറിയുമെല്ലാം ഇതാണ് പറയുന്നത്.

സംഭവങ്ങളുടെ ചരിത്രമോ രൂപപ്പെട്ട സാഹചര്യമോ കണക്കിലെടുക്കാതെ ഭാഗിക വിവരങ്ങൾ മാത്രം ചിത്രീകരിക്കുന്നതാണ് മുസ്‌ലിം വിരുദ്ധ സിനിമയുടെ പ്രധാന പ്രശ്‌നം. ഈ സിനിമകളിലൂടെ പ്രേക്ഷക മനസ്സിൽ ചരിത്രത്തെ വളച്ചൊടിക്കുകയും ഭൂരിപക്ഷം വരുന്ന ഭരണകക്ഷികളുടെ രാഷ്ട്രീയ അജണ്ടയ്ക്ക് പ്രേരണ നൽകുകയും ചെയ്യുന്നു. കാശ്മീർ ഫയലുകളെന്ന സിനിമയിൽ കശ്മീരി മുസ്‍ലിംകളെ കുറ്റപ്പെടുത്തുകയും ന്യൂനപക്ഷമായ ഹിന്ദുവിഭാഗത്തെ മാത്രം മാന്യന്മാരായും അക്രമിക്കപ്പെട്ടവരായും ചിത്രീകരിക്കുകയും ചെയ്യുന്നു. 32,000 ഹിന്ദു സ്ത്രീകളെ ഇസ്‍ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുകയും ജിഹാദികളുടെ സേവകരായി ഇറാഖിലേക്കും സിറിയയിലേക്കും അയക്കുകയും ചെയ്തതായാണ് കേരള സ്റ്റോറിയെന്ന സിനിമയിൽ പറയുന്നത്. 3 സ്ത്രീകളെയാണ് ദാസി വേലകൾ ചെയ്യുന്നവരായി സിനിമയിൽ കാണിച്ചിട്ടുള്ളത്.

രാഷ്ട്രീയ ലക്ഷ്യങ്ങൾ നേടിയെടുക്കാനും തങ്ങളുടെ അനുയായികളായി ഒരു വിഭാഗം പ്രേക്ഷക വൃന്ദത്തെ കൂടെനിർത്താനും നിയന്ത്രിക്കാനും സ്വാധീനിക്കാനും നാസി ജർമ്മനിയുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ ചലച്ചിത്ര വ്യവസായം പ്രവർത്തിക്കുന്നതെന്നത് വ്യക്തമാണ്. ഇന്ത്യൻ മുസ്‍ലിംകളോട് നിസ്സംഗത വളർത്തിയെടുക്കാൻ ഹിന്ദു ജനസമൂഹത്തെ "വലിയ നുണ" തന്ത്രം ഉപയോഗിച്ച് കൂടെനിർത്തുന്ന ഫാഷിസ്റ്റ് രീതി തന്നെയാണ് ഇവിടെയും.

മുസ്‍ലിം വിദ്വേഷ സിനിമകൾക്ക് സ്ക്രീനിംഗ് സർട്ടിഫിക്കറ്റ് ലഭിക്കാൻ സിനിമയിൽ അഭിനയിക്കുന്ന സെൻസർ ബോർഡിലെ അംഗങ്ങളുടെ റോളുകളാണ് ഭയാനകരമായ മറ്റൊരു പ്രവണത. സെൻസർ ബോർഡിലെ അംഗങ്ങൾ സർക്കാർ നേരിട്ട് തിരഞ്ഞെടുത്തവരും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തോട് കൂറുപുലർത്തുന്നവരുമാണ്. സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അവഗണിച്ചാണ് അവർ ഇത്തരം സിനിമകൾക്ക് പ്രദർശന സർട്ടിഫിക്കറ്റ് നൽകുന്നത്.

പണ്ടുകാലങ്ങളിലൊന്നും സെൻസർ ബോർഡ് ഇത്തരം വർഗീയ വിഷം തുപ്പുന്ന ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ അനുമതി നല്കിയിരുന്നില്ല. എന്നാൽ ഇപ്പോൾ ബിജെപി ഭരണത്തിന് കീഴിൽ രാജ്യത്തെ സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതിന്റെ ഭാഗമായി അത്തരം സിനിമകൾക്കാണ് വളരെ വേഗം അനുവാദം നല്കപ്പെടുന്നത്. 

വിദ്വേഷ ചിത്രങ്ങളിലൂടെ ബോളിവുഡിന്റെ നാശത്തിനാണ് ഇന്ത്യയിലെ നവതലമുറ സാക്ഷ്യം വഹിക്കുന്നത്. ഇത് ഇന്ത്യൻ സമൂഹത്തെ തിരിച്ചൊരു മടക്കം സാധ്യമാകാത്ത ധ്രുവീകരണത്തിലേക്ക് നയിക്കുകയാണ്. ഈ സിനിമകൾ കാണുന്നവർ കഥയുടെ പ്രചാരകരാകുന്ന ഉദ്ദേശ്യത്തോടെയാണ് ഓരോ സീനുകളും നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകർ അത്തരം ആശയങ്ങളെ സത്യമായി അംഗീകരിക്കുകയും ഒടുവിൽ സിനിമയുടെ തന്നെ കഥാപാത്രങ്ങളായി മാറുകയും ചെയ്യുന്നു.

ഈ സിനിമകൾ സൃഷ്ടിക്കുന്ന വിദ്വേഷത്തെ പ്രോത്സാഹിപ്പിക്കുന്നത് രാജ്യവിരുദ്ധ പ്രവർത്തനമായി കണക്കാക്കണം. ഈ സിനിമകൾ വർഗീയത വളർത്തുകയും ഇന്ത്യൻ സമൂഹത്തിൽ വിദ്വേഷത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇന്ത്യൻ സിനിമയുടെ നീതിബോധം അപ്രത്യക്ഷമാകുന്നത് നോക്കി നിൽക്കുകയെന്നല്ലാതെ അത്തരമൊരു അപകടകരമായ പ്രവണതയ്‌ക്കെതിരെ പ്രതിഷേധത്തിന്റെ ശബ്ദം ഉയർത്താൻ ആരും ധൈര്യപ്പെടുന്നില്ല. ഇത് സമകാലിക ഇന്ത്യ സാക്ഷ്യം വഹിക്കുന്ന ദുരന്താവസ്ഥയുടെ നേർസാക്ഷ്യമാണ്.

സ്വതന്ത്ര വിവർത്തനം : നിയാസ് അലി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter