വിവാഹപ്രായത്തിലെ ശരീഅത് വിരുദ്ധത, പിടിച്ചതിലും വലുതല്ലേ മാളത്തില്‍?

മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട കോലാഹലങ്ങളെ ആസ്പദിച്ച്, സൈറ്റിന്‍റെ സ്ഥിരം സന്ദര്‍ശകയും ഗുണഭോക്താവുമായ ഒരു സഹോദരി അയച്ചു തന്ന കുറിപ്പ്.

Dowry_Systemമുസ്‍ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായമാണ് ഇന്ന് എവിടെയും ചര്‍ച്ച ചെയ്യപ്പെടുന്നത്. ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും ബുദ്ധിജീവികള്‍ക്കുമെല്ലാം അത് ഏറെ പിടിച്ചിരിക്കുന്നു. വിവാഹപ്രായം പതിനെട്ട് ആക്കി നിശ്ചയിക്കുന്നതിലൂടെ ശരീഅത് അനുവദിക്കുന്ന സ്വാതന്ത്ര്യത്തിന്മേലാണ് കടന്നുകയറിയിരിക്കുന്നതെന്നും അത്തരം കടന്നുകയറ്റങ്ങള്‍ മുളയിലേ നുള്ളേണ്ടതുണ്ടെന്നും കാലേകൂട്ടി മനസ്സിലാക്കി മതപണ്ഡിതര്‍ പ്രസ്തുത നിയമത്തിനെതിരെ ഒന്നിച്ചുചേര്‍ന്നതോടെ പ്രശ്നത്തിന് ഒരു ബോക്സിംഗ് മല്‍സരത്തിന്‍റെ രൂപവും ഭാവവും പോലും കൈവന്നിരിക്കുന്നു എന്ന് വേണം പറയാന്‍.

ശരീഅത്ത് നിയമപ്രകാരം ജീവിക്കുന്നവര്‍ക്ക് അത് അനുവദിക്കുന്ന സ്വാതന്ത്ര്യം വകവെച്ച് കൊടുക്കണമെന്നത് ന്യായമാണ്. ഓരോ മതസമൂഹത്തെയും അവരുടെ വിശ്വാസാചാരങ്ങളും മതനിയമങ്ങളുമനുസരിച്ച് ജീവിക്കാന്‍ അനുവദിക്കുന്നതാണല്ലോ നമ്മുടെ ഭരണഘടന. അത്തരം സ്വാതന്ത്ര്യത്തിന് മേല്‍ നടക്കുന്ന കൈയ്യേറ്റങ്ങളെ അതത് സമുദായങ്ങള്‍ മാത്രമല്ല, മുഴുവന്‍ മതവിശ്വാസികളും ഇന്ത്യയുടെ മതേതരത്വത്തില്‍ അഭിമാനിക്കുന്നവരും ഒന്നടങ്കം എതിര്‍ക്കേണ്ടത് തന്നെയാണ്.

എന്നാല്‍ അതൊന്നുമല്ല ഈ കുറിപ്പില്‍ ഞാന്‍ സൂചിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. മറിച്ച് ശരീഅത് നിയമങ്ങള്‍ക്ക് നേരെ സമുദായം തന്നെ നടത്തുന്ന ചില കൈയ്യേറ്റങ്ങള്‍ക്ക് ഈ മതനേതൃത്വവും മതപണ്ഡിതരും പലപ്പോഴും കൂട്ടുനില്‍ക്കുകയോ അവയെ ഇരുകൈയ്യും കെട്ടി നോക്കിനില്‍ക്കുകയോ ചെയ്യുന്ന ദാരുണമായ ചില സാമൂഹ്യവ്യവസ്ഥിതികളെ ഒന്ന് ശ്രദ്ധയില്‍ കൊണ്ട് വരിക മാത്രമാണ് ലക്ഷ്യം. ഇത് ആരെയും നോവിക്കാനോ പഴിക്കാനോ വേണ്ടിയല്ലെന്ന് ആദ്യമേ പറയട്ടെ. ഇത് വായിച്ച് ഒരാളെങ്കിലും ഈ ദുരാചാരത്തില്‍നിന്ന് വിട്ട് നില്‍ക്കാന്‍ പ്രേരകമായെങ്കിലെന്ന ആത്മാര്‍ത്ഥ ചിന്ത മാത്രമാണ് ഇതിന് പിന്നില്‍.

വിവാഹവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കയാണ് ഇന്ന് സ്ത്രീധനം. വിശുദ്ധ ഇസ്‍ലാമിന്റെ പ്രമാണങ്ങളിലൂടെയോ ശരീഅതിന്റെ നിയമങ്ങളിലൂടെയോ കണ്ണോടിക്കുമ്പോള്‍, ഇന്ന് കേരളീയ മുസ്‍ലിംകള്‍ക്കിടയില്‍ നടന്ന് പോരുന്ന സ്ത്രീധനാധിഷ്ഠിതമായ വിവാഹങ്ങള്‍ തീര്‍ത്തും ഇസ്‍ലാമിന് അപരിചിതമാണെന്ന് പറയാതെ വയ്യ.

പ്രവാചകര്‍ (സ) യുവാക്കളെ അഭിസംബോധന ചെയ്തുകൊണ്ട് പറയുന്നത് ഇങ്ങനെയാണ്,  നിങ്ങളില്‍ വിവാഹത്തിന് സാധിക്കുന്നവര്‍ (ഭാര്യക്ക് ചെലവ് കൊടുക്കാനും മഹ്റ് തുടങ്ങിയ മറ്റു ചെലവുകള്‍ക്കും) വിവാഹം ചെയ്തുകൊള്ളട്ടെ, അല്ലാത്തവര്‍ നോമ്പ് അനുഷ്ഠിച്ചുകൊള്ളട്ടെ, അത് വികാരശമനത്തിന് സഹായകമാണ്. ഏറ്റവും സ്വീകാര്യരായ ഹദീസ് പണ്ഡിതരായ ബുഖാരിയും മുസ്‍ലിമും ഉദ്ധരിച്ച ഈ ഹദീസിന്‍റെ സ്വീകാര്യതയില്‍ മുസ്‍ലിം സമൂഹത്തിലെ ഒരു വിഭാഗത്തിനും ഒരു പണ്ഡിതനും അഭിപ്രായവ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ഇന്നത്തെ കേരളീയ സാഹചര്യത്തില്‍, വിവാഹചെലവുകള്‍ താങ്ങാനാവത്തതിനാല്‍ നോമ്പ് അനുഷ്ഠിക്കേണ്ടിവരുന്ന ഒരു പുരുഷനെയെങ്കിലും നമുക്ക് കാണാനാവുന്നുണ്ടോ.

മറിച്ച്, മകളെ കെട്ടിച്ചയക്കാന്‍ ആവശ്യമായ പണം പിതാവിന്‍റെ കൈയ്യിലില്ലാത്തതിന്‍റെ പേരില്‍, പുര നിറഞ്ഞ് നില്‍ക്കുന്ന, അവിഹിതമായി ഒളിച്ചോടുന്ന, നിഷിദ്ധമായ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ വികാര പൂര്‍ത്തി നേടുന്ന നൂറ് കണക്കിന് പെണ്‍കുട്ടികളുടെ കഥകള്‍ നമുക്ക് പറയാനാവും. കണ്ണീരും നെടുവീര്‍പ്പുമായി, തങ്ങളുടെ പെണ്‍മക്കള്‍ക്ക് മനസ്സുറപ്പ് നല്‍കണേ എന്ന് അഞ്ചുനേരത്തെ നിസ്കാരശേഷവും കരളുരുകി പ്രാര്‍ത്ഥിക്കുന്ന എത്രയെത്ര ഉമ്മമാരാണ് ഈ സമുദായത്തിലുള്ളത്. കെട്ടിക്കാനായ മകളുണ്ടെന്നോ വിവാഹം ഉറപ്പിച്ചിട്ടുണ്ടെന്നോ പറഞ്ഞ് സഹായക്കത്തുമായി വീട് വീടാന്തരം കയറിയിറങ്ങുന്ന എത്രയെത്ര ആളുകളുണ്ട് നമുക്കിടയില്‍... ജുമുഅക്ക് ശേഷം പള്ളികള്‍ക്ക് മുമ്പില്‍ കൈകാട്ടി ഇരിക്കുന്ന ഉമ്മമാരും പള്ളിക്കുള്ളില്‍ മുണ്ട് വിരിച്ച് ഇതരര്‍ ഇട്ടുതരുന്ന നാണയത്തുട്ടുകള്‍ക്കായി ഇരന്ന് നടക്കുന്ന വാപ്പമാരും ഈ സമുദായത്തിലെ നിത്യകാഴ്ചകളല്ലേ.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ്, മറ്റൊരുത്തന്‍റെ കൂടെ അവിഹിതമായി ബന്ധത്തിലേര്‍പ്പെട്ടത് പിടികൂടാനെത്തിയ നാട്ടുകാരോട്, ആവശ്യമായ സമയത്ത് ഒരു ഭര്‍ത്താവിനെ കണ്ടെത്തി എന്നെ കെട്ടിച്ചയക്കാന്‍ നിങ്ങളാരുമുണ്ടായില്ലല്ലോ, എന്റെ പിതാവിനെകൊണ്ട് സാമ്പത്തികമായി അതിനാവില്ലെന്ന് എനിക്കറിയാം, എന്ന് പറഞ്ഞത് ഒരു മുസ്‍ലിം സഹോദരിയായിരുന്നു. സമുദായപ്രശ്നങ്ങളില്‍ ഇടപെടേണ്ട പണ്ഡിതരുടെയും മഹല്ല് ഭാരവാഹികളുടെയും സര്‍വ്വോപരി ഇത്തരം ദുരാചാരങ്ങള്‍ കൊണ്ടുനടക്കുന്ന മുഴുവന്‍ സമുദായാംഗങ്ങളുടെയും നെഞ്ചകങ്ങളിലാണ് ആ സഹോദരിയുടെ ചോദ്യശരങ്ങള്‍ ഒരു കൂരമ്പ് പോലെ ചെന്നുകൊള്ളുന്നത്. അതിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് അധികമാര്‍ക്കും ഒഴിഞ്ഞുമാറാനാവില്ലെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

എന്തേ ഇതൊന്നും ഈ സമുദായ നേതൃത്വത്തിനും പണ്ഡിതര്‍ക്കും വിഷയീഭവിക്കാതെ പോയത് എന്നത് പലപ്പോഴും എന്നെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്. ഏതാനും ചില മതസംഘടനകള്‍ സ്ത്രീധനത്തിനെതിരെ ശബ്ദിക്കാന്‍ തയ്യാറാവുന്നുണ്ടെന്നത് പറയാതെ വയ്യ. എന്നാല്‍ ആ സംഘടനയുടെ അംഗങ്ങള്‍ പോലും പ്രവൃത്തി പഥത്തില്‍ ഇതില്‍ പരാജയപ്പെടുന്നു എന്നതാണ് അവര്‍ തന്നെ സമ്മതിക്കുന്ന സത്യം. കാരണം, ഈ ദുരാചാരം സമൂഹത്തെ അത്രമേല്‍ വരിഞ്ഞ്മുറുക്കിയിരിക്കുന്നു എന്ന് വേണം പറയാന്‍.

ഇയ്യിടെ സാമൂഹ്യരംഗത്ത് സജീവമായ ഒരു കൂട്ടുകാരിയുമായി ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍, അവള്‍ പറഞ്ഞത് ഏറെ സങ്കടപ്പെടുത്തി. നേതൃത്വത്തിലിരിക്കുന്ന പലര്‍ക്കും സ്വന്തം പെണ്‍മക്കളുടെ വിവാഹം ലാഭക്കച്ചവടമാണത്രെ. അനുയായികളെയും പ്രസ്ഥാനബന്ധുക്കളെയും മുഴുവന്‍ വിവാഹത്തിലേക്ക് ക്ഷണിക്കുന്നതിലൂടെ, കൊടുക്കാനുള്ള പണ്ടവും പണവും കല്യാണചെലവുകളുമെല്ലാം കഴിച്ചാലും വലിയ തുകയാണത്രെ അവരില്‍ പലര്‍ക്കും ബാക്കിയാവുന്നത്. മഹല്ലുകളിലെ ഇത്തരം വിവിധ വിഷയങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ മുന്‍കൈയ്യെടുക്കേണ്ട ഖാളിമാരില്‍ പലരും അധികാരമഹല്ലുകളിലേക്ക് വരുന്നത് പോലും സ്വന്തം മക്കളുടെ കല്യാണങ്ങള്‍ക്ക് നാട്ടുകാരെ ക്ഷണിക്കാന്‍ മാത്രമാണ്. സംഘടനയും ഗ്രൂപ്പും നോക്കി മാത്രം ഖാളിമാരെ നിശ്ചയിക്കുന്ന മഹല്ലുകാര്‍ക്ക് ഇതിലപ്പുറം പ്രതീക്ഷിക്കാനുള്ള യോഗ്യതയില്ലെന്നതും പറയാതെ വയ്യ. അത് കൊണ്ട് തന്നെ, നേതൃനിരയിലുള്ളവരില്‍ അധികപേര്‍ക്കും സമുദായത്തിലെ സാധാരണക്കാര്‍ അനുഭവിക്കുന്ന ഈ ദുരിതം എന്താണെന്ന് മനസ്സിലാക്കാനുള്ള അവസരം പോലും ലഭിക്കുന്നില്ലെന്നതാണ് സത്യം.

എന്നാല്‍, ഇത്തരം വൈയക്തിക കാര്യങ്ങളില്‍ ആരെയും ആശ്രയിക്കാതെ, എല്ലാം സ്വന്തമായി തന്നെ നടത്തി യഥാര്‍ത്ഥ പാത പിന്തുടരുന്ന നിസ്വാര്‍ത്ഥ നേതാക്കള്‍ ചിലരെങ്കിലും ഇപ്പോഴും ബാക്കിയുണ്ടെന്നതും പറയാതെ പോയിക്കൂടാ. ഇത്തരത്തില്‍, തനിക്ക് അനന്തരമായി ലഭിച്ച സ്വത്തിന്‍റെ മുക്കാല്‍ ഭാഗവും സ്വന്തം പെണ്‍മക്കളെ കെട്ടിച്ചയക്കാനായി വില്‍ക്കേണ്ടിവന്നിട്ടും ഒരാളോട് പോലും അക്കാര്യം അറിയിക്കുക പോലും ചെയ്യാത്ത, സമസ്തയുടെ ഉപാധ്യക്ഷ പദവി വരെ അലങ്കരിച്ച ഒരു വലിയ പണ്ഡിതനെ എനിക്ക് തന്നെ നേരിലറിയാം.

ശരീഅത് നിയമം കൃത്യമായി നടപ്പിലാക്കുന്ന അറബ് നാടുകളില്‍ മഹ്റ് നല്കാന്‍ സാധിക്കാത്തതിന്‍റെ പേരില്‍ വിവാഹം കഴിക്കാനാവാതെ നോമ്പെടുക്കുന്ന ചെറുപ്പക്കാരെ നമുക്ക് കാണാം, ഇടക്കിടെ അത്തരം ചെറുപ്പക്കാര്‍ക്കായി അവിടത്തുകാര്‍ നടത്തുന്ന സമൂഹവിവാഹവും അവിടങ്ങളില്‍ പതിവാണ്, അതാണല്ലോ ഇസ്‍ലാമിക വിവാഹത്തിന്റെ ശരിയായ രീതിയും. എന്നാല്‍ നമ്മുടെ നാട്ടില്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞിരിക്കുകയാണ്. വിവാഹവുമായി ബന്ധപ്പെട്ട ശരീഅത് നിയമങ്ങളാണ് ഇവിടെ തകിടം മറിക്കപ്പെട്ടിരിക്കുന്നത്.

ആയതിനാല്‍, വിവാഹപ്രായം നിശ്ചയിക്കുന്നതിലുള്ള ശരീഅത് വിരുദ്ധതയേക്കാള്‍ അതിഭീകരമാം വിധം സമുദായത്തെ ബാധിക്കുന്ന ഈ ശരീഅത് വിരുദ്ധത ഇനിയും കാണാതിരുന്നുകൂടാ.  വിവാഹപ്രായം നിശ്ചയിക്കുന്നതിലെ ശരീഅത് വിരുദ്ധതക്കെതിരെ ശബ്ദിക്കാനും അത് ശരീഅതനുസൃതമാക്കിയെടുക്കാന്‍ കോടതിയെ സമീപിക്കാനും വേണ്ടി കൂടിയിരിക്കുന്നത് വേണ്ടത് തന്നെ, എന്നാല്‍ ആ ഇരുത്തത്തിലെ ഒരവസാന അജണ്ടയെങ്കിലുമാക്കി സ്ത്രീധനത്തിനെതിരെ നിലപാടെടുക്കാനും അതിലടങ്ങിയ ശരീഅത് വിരുദ്ധതയെ തുറന്ന് കാട്ടാനും ഇനിയെങ്കിലും തയ്യാറാവണമെന്ന് സദുദ്ദേശത്തോടെയും ഗുകാംക്ഷയോടെയും സമുദായ നേതൃത്വത്തോടും പണ്ഡിതരപ്രമുഖരോടും സവിനയം അപേക്ഷിക്കട്ടെ.

ഈ ദുരാചാരത്തെ നിരുല്‍സാഹപ്പെടുത്താന്‍ ഏതെങ്കിലും ചില സംഘടനകള്‍ ഒറ്റപ്പെട്ട ശബ്ദങ്ങളുയര്‍ത്തുന്നതിന് പകരം, സംഘടനാനേതൃത്വങ്ങളെല്ലാം ഒന്നിച്ചിരുന്ന് ഇവ്വിഷയകമായി കൃത്യമായ നിലപാടെടുക്കുകയും അത് ഒന്നിച്ചൊരു പത്രസമ്മേളനത്തിലൂടെ സമൂഹത്തെ അറിയിക്കുകയും മഹല്ല് തലങ്ങളിലേക്ക് സന്ദേശം കൈമാറുകയും ചെയ്യുന്നതിലൂടെ തന്നെ ഇതിന് വലിയൊരളവോളം പരിഹാരമാകുമെന്ന് പ്രതീക്ഷിക്കാം. വിവാഹപ്രായനിര്‍ണ്ണയത്തിനെതിരെ ശബ്ദിക്കാന്‍ മുന്‍കൈയ്യെടുത്ത, ഭൂരിഭാഗ കേരളമുസ്‍ലിംകളെയും പ്രതിനിധീകരിക്കുന്ന സമസ്ത നേതൃത്വം തന്നെ വേണം ഇതിനും മുന്‍കൈയ്യെടുക്കാന്‍, എങ്കിലേ അത് പ്രായോഗികമാവൂ.

തങ്ങളെ വിവാഹത്തിന് ക്ഷണിക്കാനെത്തുന്ന അനുയായികളോട്, നിങ്ങള്‍ സ്ത്രീധനം വാങ്ങുന്നുണ്ടോ എന്ന് അന്വേഷിക്കാനും ഉണ്ട് എന്നാണ് മറുപടിയെങ്കില്‍ അത് വേണ്ടായിരുന്നു എന്ന് ഒരു വാക്കെങ്കിലും പറയാനും നമ്മുടെ നേതാക്കളും പണ്ഡിതരും ഇനിയെങ്കിലും തയ്യാറാവട്ടെ. ആ ഒരു വാക്കിന് തന്നെ, സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങള്‍ വരുത്താനാവും, തീര്‍ച്ച.

-ഉമ്മു സഹല വേങ്ങര-

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter