അത്താർ: അനശ്വര പ്രണയത്തിന്റെ വക്താവ്
"അത്താർ അനശ്വര പ്രണയത്തിന്റെ ഏഴ് നഗരങ്ങളും ചുറ്റി സഞ്ചരിച്ചിരിക്കുന്നു. നാമാകട്ടെ ഒന്ന് പോലും കണ്ട് തീർക്കാനാവാതെ ഇവിടെ റോന്ത് ചുറ്റിക്കൊണ്ടിരിക്കയാണ്"(റൂമി).
പേർഷ്യൻ സൂഫി സാഹിത്യകാരന്മാർകിടയിൽ റൂമിക്ക് താഴെയായിട്ടാണ് അത്താറിനെ എണ്ണപ്പെടാറുള്ളതെങ്കിലും റൂമിയിൽ നിന്നും അത്താറിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ പ്രണയാവിഷ്കാരത്തിന്റെ ശൈലി തന്നെയാണ്. 'മൻത്വിഖുത്തുയൂർ' എന്ന തന്റെ വിഖ്യാത ഗ്രന്ഥത്തിൽ ദിവ്യാനുരാഗത്തിന്റെ വ്യത്യസ്ത മാനങ്ങളെ അദ്ദേഹം മനോഹരമായി ചർച്ചയ്ക്ക് എടുത്തത് കാണാം.
ഫരീദുദ്ദീൻ അത്താർ എന്ന ഇദ്ദേഹത്തിന്റെ കൃത്യമായ ജീവചരിത്രം ഇന്ന് ലഭ്യമല്ല. പിതാവിനെ പോലെ സുഗന്ധദ്രവ്യ വ്യാപാരിയായത് കൊണ്ടാണ് അദ്ദേഹത്തിന് അത്താർ എന്ന പേര് സിദ്ധിച്ചത്. അത്താർ ദിവ്യാനുരാഗിയായി തീർന്നതിന് പിന്നിൽ ഒരു ചരിത്രമുണ്ട്. പേർഷ്യയിലെ കൊട്ടാരത്തിനു മുമ്പിൽ സുഗന്ധദ്രവ്യങ്ങൾ വിൽപ്പന നടത്തുകയായിരുന്ന അത്താറിന്റെ അടുത്തേക്ക് ഒരു ദർവീശ് കടന്നുവന്നു. കീറിപ്പറിഞ്ഞ വസ്ത്രവും പിച്ചചട്ടിയും മാത്രം സ്വന്തമായിട്ട് ഉണ്ടായിരുന്ന അദ്ദേഹം അത്താറിന്റെ വിലയേറിയ സുഗന്ധദ്രവ്യങ്ങളുടെ ഗന്ധം കുറച്ചു സമയം ആസ്വദിച്ച്നിന്നു. പെട്ടെന്ന് എന്തോ മനസ്സിലോർത്തു നിന്ന ഫഖീർ വിതുമ്പിക്കരയാൻ തുടങ്ങി. ഇത് കണ്ട് അത്താർ പുച്ചസ്വരത്തിൽ പറഞ്ഞു: "ഇതിവിടെ ചിലവാകില്ല, നീങ്ങണം". ഫഖീർ പറഞ്ഞു: "നീങ്ങാം, നിങ്ങളുടെ ഈ കടയുടെ മുമ്പിൽ നിന്നോ ഈ ലോകത്തിൽ നിന്നോ നീങ്ങിപ്പോകുന്നതിൽ എനിക്ക് യാതൊരു പ്രയാസവുമില്ല. കാരണം ഈ ലോകവുമായി എന്നെ ബന്ധിപ്പിക്കുന്നത് എന്റെ കീറിപ്പറിഞ്ഞ വസ്ത്രവും പിച്ചച്ചട്ടിയും മാത്രമാണ്. പക്ഷേ അത്താർ, നിങ്ങളുടെ കാര്യത്തിൽ എനിക്ക് വേവലാധിയുണ്ട്. ഈ സുഖാഢംബരങ്ങളെല്ലാം ഉപേക്ഷിച്ച് നിങ്ങളെങ്ങനെ ദൈവത്തിലേക്ക് മടങ്ങും? നിങ്ങൾക്ക് അതിന് സാധിക്കുമോ? അവിടെ കൂടിനിന്നവരിലൊരാൾ ചോദിച്ചു. ഫഖീർ ഒന്ന് പുഞ്ചിരിച്ചു. പിന്നീട് തന്റെ പിച്ചപാത്രം നിലത്ത് വെച്ച് അതിന്മേൽ തലവെച്ചുകിടന്ന് അന്ത്യശ്വാസം വലിച്ചു. ഈ സംഭവമാണ് അത്താറിന്റെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ചത്. ഇതിന് ശേഷം അദ്ദേഹം സർവ്വമുപേക്ഷിച്ച് ദിവ്യാനുരാഗത്തിലലിഞ്ഞു.
എന്റെ പ്രണയിനിയുടെ കഥ പറഞ്ഞ് എന്റെ നാവ് അറുക്കപ്പെട്ടിരിക്കുന്നു. എന്റെ ഹൃദയം രഹസ്യങ്ങളുടെ കലവറയാണ്. പക്ഷെ എന്റെ നാവ് ആണിയടിക്കപ്പെട്ടിരിക്കുന്നു, അത്താറിന്റെ വാക്കുകളാണിവ. ഇതുപോലെ അത്താറിന്റെ കൃതികളിലുടനീളം ദിവ്യപ്രണയം തണൽ വിരിച്ചിരിക്കുന്നതായി കാണാം. മനുഷ്യ ജീവിതത്തിന്റെ അടിസ്ഥാനം ബുദ്ധിയല്ല, പ്രണയമാണ് എന്നതാണ് അത്താറിന്റെ വാദം. പ്രണയം കൊണ്ടാണ് ബുദ്ധി പ്രകാശിക്കേണ്ടത്. അബൂബക്കർ എന്നവർ തിളങ്ങിയത് പ്രവാചകരിൽ നിന്നുള്ള പ്രകശത്താലാണല്ലോ. അപ്രകാരം തന്നെയാണ് ബുദ്ധിയുടെ വിഷയത്തിലും.
ഹല്ലാജിന്റേതിനു സമാനമായ ജീവിതമായിരുന്നു അത്താറിന്റേതും. ഹല്ലാജ് അനൽഹഖ് എന്നുരുവിട്ടത് പോലെ അത്താറും 'അന അള്ളാഹ്' എന്ന് ഉരുവിട്ടിരുന്നു. അതിനാൽ തന്നെ ഹല്ലാജിന്റെതിന് സമാനമായ ദാരുണാന്ത്യം തന്നെയായിരുന്നു അത്താറിനും എന്ന് പലയിടത്തും കാണാം. ഹല്ലാജിന്റെ ആത്മാവ് അത്താറിലും കുടികൊള്ളുന്നു എന്ന് റൂമി പറഞ്ഞതായി കാണാം. ആ വാക്കുകളെ അർത്ഥവത്താക്കുന്ന തരത്തിലുള്ള ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. അനശ്വര പ്രണയത്തിന്റെ കൊടുമുടിയിൽ റൂമിയെ പോലെ ഞൊടിയിടകൊണ്ട് പറന്നെത്താൻ അത്താറിനോ ഹല്ലാജിനോ സാധിച്ചിട്ടില്ല. അവർ ഒരുപാട് ക്ലേശങ്ങൾക്കൊടുവിലാണ് പൂർണതയിൽ എത്തിച്ചേർന്നത്.
അത്താറിന്റെ കൃതികളിലേക്ക് നോക്കുകയാണെങ്കിൽ അവയിൽ പലതും ഇന്ന് ലഭ്യമല്ല. ദീവാൻ, അസർ നാമ, മൻത്വിഖുതുയൂർ, മഖാമാതുതുയൂർ, മുസ്വീബത് നാമ ഇവയാണ് ലഭ്യമായിട്ടുള്ളത്. ഇവയിൽ മൻത്വിഖുതുയൂർ പ്രത്യേകം എടുത്ത് പറയേണ്ടത് തന്നെയാണ്. ഒരു കൂട്ടം പക്ഷികളിലൂടെ പുരോഗമിക്കുന്ന കഥ ആയാണ് ഇത് പറഞ്ഞുപോവുന്നത്. പക്ഷി ലോകത്തിന് ഒരു നേതാവിനെ വേണം എന്ന ആവശ്യവുമായി ലോകത്തുള്ള എല്ലാ പക്ഷികളും ഹുദ്ഹുദ് പക്ഷിയുടെ അടുത്തേക്ക് വരുന്നു. ഹുദ്ഹുദ് അവർക്ക് ഏഴ് പർവ്വതങ്ങൾക്കപ്പുറത്തുള്ള സിമർഗ് എന്ന പക്ഷിയെ പരിചയപ്പെടുത്തി കൊടുക്കുന്നു. സിമർഗിന്റെ വിശേഷണങ്ങൾ അറിഞ്ഞ പക്ഷിലോകം സിമർഗിനെ നേതാവായി വരിക്കാൻ തീരുമാനിച്ചു. സിമർഗിന്റെ അടുത്തേക്ക് പോകാൻ ഹുദ്ഹുദ് എല്ലാ പക്ഷികളെയും പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും ദുർബലരായ പലരും ആ ഉദ്യമത്തിൽ നിന്നും പിന്മാറി. ബാക്കി വന്ന പക്ഷികളെല്ലാം കൂടി യാത്ര തുടങ്ങിയെങ്കിലും ഏഴ് പർവതങ്ങൾക്കിടയിൽ വെച്ച് അവയിൽ പലതും ചത്തൊടുങ്ങി. ഒടുക്കം മുപ്പത് പക്ഷികൾ മാത്രമാണ് സിമർഗിന്റെ അടുത്ത് എത്തിച്ചേർന്നത്. കഥയിൽ ഹുദ്ഹുദ് മുർഷിദായ ശെയ്ഖിനെയും പക്ഷികൾ മുരീദുകളെയും സിമർഗ് ഏകനായ അല്ലാഹുവിനെയുമാണ് പ്രതിനിധീകരിക്കുന്നത്.
ഈ കഥയുടെ തുടക്കത്തിൽ ഹുദ്ഹുദ് യാത്രയുടെ ഒടുക്കം അവർ എത്തിച്ചേരാൻ പോകുന്ന അത്മീയാനുഭൂതിയെകുറിച്ച് അവരെ ബോധവാന്മാരാക്കുന്നുണ്ടെങ്കിലും യാത്രയിൽ നേരിടേണ്ടി വന്ന പ്രയാസങ്ങൾ അവർക്ക് വിലങ്ങ് തടിയായിത്തീർന്നു. യാത്രയിൽ അവർക്ക് മറികടക്കാനുണ്ടായിരുന്ന ഏഴ് പർവ്വതങ്ങൾ ദിവ്യാനുരാഗത്തിന്റെ ഏഴ് ഘട്ടങ്ങളായി തിരിക്കാം. ആഗ്രഹം, സ്നേഹം, തിരിച്ചറിവ്, സ്വാതന്ത്ര്യം, ഏകത്വം, ആശ്ചര്യം, മരണം എന്നിവയാണവ. ആദ്യ പർവ്വതത്തിൽ ഒരു വസ്തുവിൽ അങ്കുരിക്കുന്ന തീവ്രമായ ആഗ്രഹം അവസാന പർവ്വതത്തിൽ മരണവുമായി കണ്ടുമുട്ടുന്നതോടെ ആ വസ്തുവിലലിഞ്ഞ് ഒന്നായിത്തീരും. കഥയിൽ പക്ഷികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഹുദ്ഹുദ് നൽകുന്ന വിശദീകരണങ്ങളിലൂടെ സൂഫി ചിന്തകളുടെ ആഴിപ്പരപ്പിലേക് വായനക്കാരൻ എത്തിച്ചേരുന്നു. പക്ഷികളുടെ ഈ സഞ്ചാരം നാഥനിലേക്കുള്ള സൂഫിയുടെ ആത്മീയ പ്രയാണമായി രൂപാന്തരപ്പെടുന്നു.
'അത്താർ അതുല്യനാണ്, അടുത്ത നൂറ്റാണ്ടിലൊന്നും അദ്ദേഹത്തെ പോലെ ഒരാളെ കാണാൻ സാധിക്കില്ല, സൂഫി ദാർശനികന്മാർക്കിടയിൽ അത്താറിന്റെ സ്ഥാനം വരച്ചു കാട്ടുന്ന വാക്കുകളാണിവ. ദിവ്യാനുരാഗത്തിന്റെ ഉന്മത്തതയിൽ പലപ്പോഴും അത്താർ 'അനല്ലാഹ്' 'ഞാൻ എന്റെ ഹബീബിന്റെ മുഖം ദർശിച്ചിരിക്കുന്നു' എന്നിങ്ങനെ പലതും ഉരുവിട്ടതായി കാണാം. എന്നാൽ അദ്ദേഹത്തിന്റെ കൃതികളിൽ തസവ്വുഫിനെ കുറിച്ച് കൂടുതൽ പരാമർശിച്ചതായി കാണില്ല. കാരണം അത്താർ എപ്പോഴും സംസാരിച്ചത് തന്റെ ഹൃദയത്തോടും ഹൃദയത്തിൽ വസിക്കുന്ന നാഥനോടുമായിരുന്നു. അതിനെ വിശദീകരിക്കാൻ കേവലം വാക്കുകൾ അപ്രാപ്യമാണ്.
അത്താറിന്റെ മരണത്തെ കുറിച്ചോ ജനനത്തെ കുറിച്ചോ കൃത്യമായ രേഖകളൊന്നും ലഭ്യമായിട്ടില്ല. മംഗോളിയൻ പടയോട്ടകാലത്താണ് അദ്ദേഹം മരണപ്പെട്ടത് എന്നതിന് തെളിവുകളുണ്ട്. അല്ലാഹു ആ മഹാനുഭാവന്റെ കൂടെ നമ്മെയും സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടട്ടെ, ആമീൻ.
Leave A Comment