വനിതാ തടവുകാരോട് പോലും മാന്യത കാട്ടാത്ത ഇസ്രായേല്‍

അടുത്തിടെ ഇസ്രായേല്‍ ജയിലുകളില്‍ നിന്ന് ബന്ദി കൈമാറ്റത്തില്‍ മോചിപ്പിക്കപ്പെട്ട മൂന്ന് ഫലസ്തീന്‍ വനിതാ തടവുകാരുടെ തിക്താനുഭവങ്ങളുടെ വിവരണങ്ങള്‍, ടി.ആര്‍.ടി വെബ് പോര്‍ട്ടലിലൂടെ പുറം ലോകത്തെ അറിയിച്ചിരിക്കുകയാണ്, പ്രമുഖ ഫലസ്തീന്‍ എഴുത്തുകാരി ഫൈഹ ഷാലാഷ്.  Islamonweb വായനക്കാര്‍ക്കായി, സഹദ് അഞ്ചരക്കണ്ടി തയ്യാറാക്കിയ വിവര്‍ത്തനം

ഒക്ടോബര്‍ 26 ന് പുലര്‍ച്ചെ, അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഹെബ്രോണിന് തെക്ക് ഭാഗത്തുള്ള ദുറ എന്ന പട്ടണത്തില്‍ അവരുടെ വീടിന്റെ വാതില്‍ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് 23 കാരിയായ റുഖിയ അംറും കുടുംബവും ഉണര്‍ന്നത്. ഉറങ്ങിക്കിടന്ന തന്റെ മക്കളെ വിളിച്ചുണര്‍ത്താന്‍ അവളുടെ ഉമ്മ പട്ടാളം...പട്ടാളം എന്ന് ഉറക്കെ അലറി. ഈ റെയ്ഡിന്റെ ലക്ഷ്യം തന്റെ മകളെ അറസ്റ്റ് ചെയ്യലാകുമെന്ന് അവര്‍ ഒരിക്കല്‍ പോലും കരുതിയിരുന്നില്ല. പട്ടാളക്കാര്‍ വീട്ടില്‍ ക്രൂരമായി തെരച്ചില്‍ നടത്തുകയും ഫര്‍ണിച്ചറുകള്‍ തകര്‍ക്കുകയും വീട്ടു സാധനങ്ങള്‍ നിര്‍ദ്ദയം നശിപ്പിക്കുകയും ചെയ്തു. ആരാണ് റുഖയ?, പട്ടാളക്കാരിലൊരാള്‍ ചോദിച്ചു. ഹെബ്രോണ്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ അവള്‍ താനാണെന്ന് ഉത്തരം പറഞ്ഞപ്പോള്‍ പട്ടാളക്കാര്‍ അവളുടെ കൈകള്‍ കെട്ടി. കണ്ണുകള്‍ തുണി കൊണ്ട് മൂടി.

അന്നു രാത്രി, ഇസ്രായേല്‍ സൈന്യം അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍, ഒക്ടോബര്‍ 7 മുതല്‍ നടത്തി വരുന്ന പ്രതിദിന അറസ്റ്റുകളുടെ പട്ടികയില്‍ ഫലസ്തീനിയന്‍ സ്ത്രീകളെയും ഉള്‍പ്പെടുത്താന്‍ തുടങ്ങി. എന്നാല്‍ ഒക്ടോബറിനുമുമ്പ് തന്നെ, പരിക്കേറ്റവരും പ്രായപൂര്‍ത്തിയാകാത്തവരും ഉമ്മമാരും ഉള്‍പ്പെടെ ഡസന്‍ കണക്കിന് സ്ത്രീകളെ ഇസ്രായേല്‍ ജയിലുകളില്‍ തടവിലാക്കിയിരുന്നു. ഹമാസും ഇസ്രയേലും തമ്മിലുള്ള ബന്ദി കൈമാറ്റ ഇടപാട് ഉള്‍പ്പെടെയുള്ള ഏഴ് ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ ഉടമ്പടി പ്രഖ്യാപിച്ചതിന് ശേഷം, നിരവധി ഫലസ്തീന്‍ വനിതാ തടവുകാരെ മോചിപ്പിച്ചതോടെയാണ്, അവിടെ അവര്‍ക്ക് ലഭിച്ച പെരുമാറ്റത്തെയും ചികിത്സാ രീതിയെയും കുറിച്ച് ഹൃദയഭേദകമായ വിവരങ്ങള്‍ പുറം ലോകം അറിയുന്നത്.

ഫലസ്തീന്‍ പ്രിസണേഴ്സ് അഫേഴ്സ് അതോറിറ്റിയുടെ കണക്കനുസരിച്ച്, ജറുസലേമില്‍ നിന്നും അധിനിവിഷ്ട പ്രദേശങ്ങളില്‍ നിന്നുമുള്ള മൂന്ന് വനിതാ തടവുകാര്‍ ഇസ്രായേല്‍ ജയിലുകളില്‍ തുടരുന്നു, കൂടാതെ ഗസ്സയില്‍ നിന്നും സുരക്ഷിത ഇടനാഴിയെന്ന് പേരുള്ള സലാഹുദ്ദീന്‍ തെരുവിലൂടെ യാത്ര ചെയ്യുന്നതിനിടയില്‍ അസംഖ്യം സ്ത്രീകളെയും അവര്‍ തടവിലാക്കി. റുഖയ അംറിനെ ഹെബ്രോണിന് കിഴക്കുള്ള കിര്യത്ത് അര്‍ബ സെറ്റില്‍മെന്റിന് സമീപമുള്ള ഒരു തടങ്കല്‍ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. റുഖിയക്കൊപ്പം അറസ്റ്റിലായ മറ്റൊരു യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയായ മറിയം സല്‍ഹാബും ഉണ്ടായിരുന്നു.

'അവര്‍ അവളെ നിലത്തേക്ക് തള്ളുന്നതും അവളുടെ പുറത്ത് കയറി നടക്കുന്നതും ചെരുപ്പ് കൊണ്ട് അവളുടെ തലയില്‍ അടിക്കുന്നതും ഞാന്‍ കണ്ടു. പുറകില്‍ കൈകെട്ടിയിരുന്ന അവള്‍ നിശബ്ദമായി കരയുകയായിരുന്നു,' റുഖിയ്യ മാധ്യമങ്ങളോട് പറഞ്ഞു. മണിക്കൂറുകളോളം രണ്ടു സ്ത്രീകളും ഇസ്രായേല്‍ സൈനികരുടെ കാരുണ്യത്തിന് വേണ്ടി കെഞ്ചിക്കൊണ്ടിരുന്നു. അവഹേളനങ്ങള്‍ക്കും ഭീഷണികള്‍ക്കും ആട്ടും തുപ്പലുകള്‍ക്കും അവര്‍ നിരന്തരം വിധേയരായി. അതിനുശേഷം, ഇരുമ്പ് സീറ്റുകളുള്ള ബസ് വഴി റുഖിയയെ ഓഫര്‍ ജയിലിലേക്ക് മാറ്റി. പട്ടാളക്കാര്‍ അവളെ സീറ്റില്‍ ഇരിക്കാന്‍ അനുവദിച്ചില്ല, പകരം കൈകള്‍ കെട്ടിയിട്ട അവള്‍ കണ്ണടച്ചിരിക്കുമ്പോള്‍ തറയിലേക്ക് തള്ളുകയാണ് ചെയ്തത്.

'വഴിയിലുടനീളം ഞാന്‍ ബസ്സിന്റെ തറയില്‍ കിടന്നു, ഒന്നും കണ്ടില്ല. എന്റെ കൈകളിലും മുതുകിലും കഴുത്തിലും എന്തോ ശക്തിയായി അടിക്കുന്നതായി എനിക്ക് തോന്നി. പട്ടാളക്കാര്‍ എന്നെ തല്ലുകയായിരുന്നോ അതോ ഞാന്‍ ഇരുമ്പ് സീറ്റുകളില്‍ ചെന്ന് ഇടിക്കുകയായിരുന്നോ എന്ന് എനിക്കറിയില്ലായിരുന്നു,' റുഖിയ പറഞ്ഞു. ജയിലില്‍ എത്തിയപ്പോള്‍, റുഖിയയെ ചോദ്യം ചെയ്യുകയും സര്‍വകലാശാലയിലെ യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തതായി ആരോപിക്കുകയും ചെയ്തു. തുടര്‍ന്ന് അവളെ മറ്റ് തടവുകാര്‍ക്കൊപ്പം ഹഷറോണ്‍ ജയിലിലെ തടങ്കല്‍ മുറിയിലേക്ക് മാറ്റി.

ജയിലിലെ മോശമായ അവസ്ഥകള്‍ റുഖിയ ഓര്‍ക്കുന്നതിങ്ങനെയാണ്: 'അവിടെ സ്ഥിതി വളരെ മോശമായിരുന്നു. കുടിവെള്ളം പോലും നല്‍കിയില്ലെന്ന് മാത്രമല്ല, നല്‍കിയ ഭക്ഷണം പഴകിയതായിരുന്നു. ഞങ്ങള്‍ പ്രവേശിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജയില്‍ ഒഴിഞ്ഞ് പോയ ഒരു ഇസ്രായേലി ക്രിമിനല്‍ തടവുകാരന്റെ മുറിയിലാണ് അവര്‍ ഞങ്ങളെ ആക്കിയത്. അയാള്‍ രോഗിയായിരുന്നു, അയാള്‍ ഉപയോഗിച്ച വസ്തുക്കളിലും ഉപകരണങ്ങളിലും സ്പര്‍ശിക്കരുതെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അവിടെ എഴുതി വെച്ചിട്ടുണ്ടായിരുന്നു. കിടക്കയില്‍ അയാള്‍ ഛര്‍ദ്ദിച്ചത് പോലും അതുപോലെയുണ്ടായിരുന്നു. മുറി വൃത്തിയാക്കാന്‍ പോലും അവര്‍ ഞങ്ങളെ അനുവദിച്ചില്ല,

വീണ്ടും സ്ഥലം മാറ്റി വനിതാ തടവുകാര്‍ക്കായുള്ള ഡാമൗണ്‍ ജയിലില്‍ എത്തുന്നതോടെ റുഖിയയുടെ ശരീരത്തില്‍ മുറിവുകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. 'ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം അവരുടെ തിരച്ചിലായിരുന്നു. ഞങ്ങള്‍ ഒന്നും കൊണ്ടുപോകുന്നില്ലെന്ന് അവര്‍ക്കറിയാമായിരുന്നിട്ടും പരിശോധനയുടെ ഭാഗമെന്ന വ്യാജേന ഞങ്ങളുടെ വസ്ത്രങ്ങള്‍ പോലും അഴിക്കാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിച്ചു. ഇത് അപമാനകരമായ ഒരു സാഹചര്യമായിരുന്നു, അതിനിടയില്‍ ഞാന്‍ ഏതാണ്ട് കരഞ്ഞു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

ഒക്ടോബര്‍ 26ന് രാത്രിയാണ് 65 കാരിയായ സുഹൈര്‍ അല്‍ ബര്‍ഗൂത്തിയെ റാമല്ലയുടെ വടക്ക് കോബര്‍ പട്ടണത്തിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. തന്റെ രണ്ട് ആണ്‍മക്കള്‍ ഇസ്രായേലി ജയിലുകളില്‍ തടവിലായതിനാലും 2018 ല്‍ മൂന്നാമന്‍ സൈനികരുടെ വെടിയുണ്ടകളാല്‍ കൊല്ലപ്പെട്ടതിനാലും ഇസ്രായേല്‍ സൈനികര്‍ തന്നോട് പരുഷമായി പെരുമാറിയെന്നും ഒറ്റയ്ക്ക് താമസിക്കുന്ന അവളുടെ വീട്ടില്‍ തിരച്ചില്‍ നടത്തിയെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

'പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും അനുഭവിക്കുന്നയാളാണ് ഞാന്‍. പക്ഷേ അവര്‍ എന്നെ മരുന്ന് കഴിക്കുന്നതില്‍ നിന്ന് പോലും തടഞ്ഞു. അവര്‍ എന്നെ സൈനിക വാഹനത്തിലേക്ക് ശക്തമായി തള്ളിയിടുകയും എന്റെ കൈകള്‍ വളരെ ദൃഡമായി ബന്ധിക്കുകയും ചെയ്തു. എന്റെ കൈ മുറിക്കപ്പെട്ടുവെന്ന് എനിക്ക് തോന്നി,' അവര്‍ പറഞ്ഞു. റുഖിയ നേരിട്ട അതേ വെല്ലുവിളികള്‍ അല്‍ ബര്‍ഗൂതിയും നേരിട്ടു. അവളുടെ പ്രമേഹത്തെക്കുറിച്ച് ജയില്‍ ഗാര്‍ഡുകളെ അറിയിച്ചിട്ടും മണിക്കൂറുകളോളം ശുചിമുറി ഉപയോഗിക്കുന്നതില്‍ നിന്ന് പോലും അവരെ തടയുകയും പരിഹസിക്കുകയും ചെയ്തു. ഡാമൗണ്‍ ജയിലില്‍ കഴിയുന്ന സമയത്ത്, അല്‍ ബര്‍ഗൂതി ജയില്‍ അധികാരികളോട് മരുന്ന് നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്ലിനിക് അടച്ചിട്ടിരിക്കുകയാണെന്നോ മറ്റെന്തെങ്കിലും ഒഴികഴിവുകളോ ആയിരുന്നു അവരുടെ പ്രതികരണം.
വളരെ വിഷമകരമായിരുന്നു അവസ്ഥകള്‍. മൂന്ന് കിടക്കകള്‍ മാത്രമുള്ള ഒരു മുറിയില്‍ അവര്‍ 11 വനിതാ തടവുകാരെയാണ് പാര്‍പ്പിച്ചിരുന്നത്. കവറുകളില്ല, മെത്തകളില്ല, ആവശ്യത്തിന് ഭക്ഷണമില്ല, ഓരോ തടവുകാര്‍ക്കും ഒരു മുട്ട വീതമാണ് നല്‍കുക, അല്‍ ബര്‍ഗൂതി പറഞ്ഞു. അറസ്റ്റിന് രണ്ട് ദിവസത്തിന് ശേഷം, എക്‌സ്‌ചേഞ്ച് ഇടപാടില്‍ അവളെ മോചിപ്പിക്കുന്നതിന് മുമ്പ്, ഒരു ചാര്‍ജും കൂടാതെ പുതുക്കാവുന്ന, അഡ്മിനിസ്‌ട്രേറ്റീവ് തടങ്കലിലേക്ക് ആറ് മാസത്തേക്ക് ബര്‍ഗൂത്തിയെ അവര്‍ മാറ്റി. സ്ത്രീ തടവുകാരില്‍ പലരും മര്‍ദിക്കപ്പെട്ടു. അവരില്‍ ചിലരുടെ ശരീരത്തില്‍ ഇരുമ്പ് വടികളുടെ പാടുകള്‍ ഇപ്പോഴും ഉണ്ട്. എന്നാല്‍ ജയിലിലേക്ക് മടങ്ങിപ്പോകേണ്ടിവരുമോ എന്ന ഭയത്താല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ ഭയപ്പെടുകയാണ് അധികപേരും, അല്‍ ബര്‍ഗൂതി കൂട്ടിച്ചേര്‍ത്തു. 

ഒക്ടോബര്‍ 7ന് മുമ്പ്, ഇസ്രായേല്‍ ജയിലുകളില്‍ 40-ലധികം ഫലസ്തീന്‍ വനിതാ തടവുകാരുണ്ടായിരുന്നു. അവരില്‍ ഏറ്റവും മുതിര്‍ന്നയാളെ 2015-ല്‍ കത്തികൊണ്ട് ആക്രമണം നടത്താന്‍ ശ്രമിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്യുകയും 16 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തതാണ്. ജയില്‍ സാഹചര്യങ്ങള്‍ സ്ത്രീ തടവുകാര്‍ക്ക് എല്ലായ്‌പ്പോഴും ഏറെ ക്ലേശകരമാണ്. എന്നാല്‍ ഒക്ടോബര്‍ 7 ന് ശേഷം, അത് കൂടുതല്‍ വശളായി മാറി.

33 വയസ്സുള്ള ഫാത്തിമ ഷഹീന്‍ ഹെബ്രോണിന് വടക്ക് ആക്രമണം നടത്താന്‍ ശ്രമിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ ഏപ്രിലിലാണ് അറസ്റ്റിലായത്. ഇസ്രായേല്‍ പട്ടാളക്കാര്‍ വെടിയുതിര്‍ക്കുകയും വെടിയുണ്ടകളേറ്റ് അവള്‍ക്ക് രക്തസ്രാവമുണ്ടാകുകയും ചെയ്തു. ഇതിന്റെ ഫലമായി ഭാഗികമായി അവര്‍ക്ക് ശാരീരികപക്ഷപാതം പിടിപെട്ടു. വീല്‍ചെയറിലിരുന്നാണ് എക്സ്ചേഞ്ച് ഇടപാടില്‍ ഷഹീന്‍ വിട്ടയക്കപ്പെട്ടത്. ഇനി മുതല്‍ തന്റെ ഉമ്മയ്ക്ക് പരസഹായമില്ലാതെ നടക്കാന്‍ കഴിയില്ലെന്നറിയാതെ അവളുടെ അഞ്ച് വയസ്സുള്ള മകള്‍ അയ്‍ലൂല്‍ ആ വരവ് കാത്തിരിക്കുന്നുണ്ടായിരുന്നു.

ഒക്ടോബര്‍ 7 ന് ഗാസയ്ക്ക് ചുറ്റുമുള്ള സെറ്റില്‍മെന്റുകളിലേക്ക് ഹമാസ് പോരാളികളുടെ വരവിനെക്കുറിച്ച് വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങി. അതിനാല്‍ വനിതാ തടവുകാര്‍ അവരുടെ മുറികളിലെ ചെറിയ ടിവി കാണാന്‍ ഒത്തുകൂടിയെന്നും അവര്‍ ടിആര്‍ടിയോട് പറഞ്ഞു. 'ആ നിമിഷം, ജയില്‍ അധികാരികളുടെ നിര്‍ദ്ദയരായ ഗുണ്ടകള്‍ തങ്ങളുടെ മുറികളിലേക്ക് ഇരച്ചുകയറി. അവര്‍ ഞങ്ങളെ അടിച്ചു, ഞങ്ങളെ വേര്‍പെടുത്തി, ഞങ്ങളുടെ മുറികളില്‍ നിന്ന് എല്ലാം എടുത്തു, ടിവി, റേഡിയോ, വസ്ത്രങ്ങള്‍, സാധനങ്ങള്‍, അങ്ങനെ എല്ലാം,' അവര്‍ പറഞ്ഞു.

ശുദ്ധവായു ശ്വസിക്കാന്‍ പോലും അനുവദിക്കാതെ ജയിലര്‍മാര്‍ തടവുകാരുടെ മുറികളിലേക്ക് ഗ്യാസ് ബോംബ് പ്രയോഗിച്ചു. അവരില്‍ ചിലര്‍ ബോധംകെട്ടുവീണു. വനിതാ തടവുകാരുടെ പ്രതിനിധിയായിരുന്ന മറാഹ് ബക്കീറിനെ ഏകാന്തതടവിലേക്ക് മാറ്റി. എക്‌സ്‌ചേഞ്ച് ഇടപാടില്‍ മോചിപ്പിക്കപ്പെടുന്നതിന് മുമ്പ് അമ്പത് ദിവസം അവര്‍ അവിടെയായിരുന്നു. അന്നുമുതല്‍, വനിതാ തടവുകാരെ പുറം ലോകവുമായി ബന്ധപ്പെടുന്നതില്‍ നിന്ന് വിലക്കുകയും അവരുടെ കുടുംബവുമായി ബന്ധപ്പെടുന്നതില്‍ നിന്ന് പോലും തടയുകയും ചെയ്തു. അവരുടെ ദൈനംദിന ജീവിതത്തിലും അഭൂതപൂര്‍വമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ബന്ദി കൈമാറ്റ ഇടപാടില്‍ മോചിതരായവരെ അക്കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. ജയിലര്‍മാര്‍ മുറികളില്‍ പ്രവേശിച്ച് അവരില്‍ ചിലരെ കൊണ്ടുപോകും, ബാക്കിയുള്ളവര്‍ അവരെ അന്വേഷണത്തിനായി കൊണ്ടുപോയതാണെന്നാണ് കരുതിയിരുന്നത്, ഷഹീന്‍ പറഞ്ഞു.

മുറിവുകളുണ്ടായിട്ടും ഷഹീന് ജയിലില്‍ മതിയായ ചികിത്സ ലഭിച്ചില്ല. അതേക്കുറിച്ച് അധികാരികളോട് ആവശ്യപ്പെട്ടപ്പോഴെല്ലാം നിങ്ങള്‍ക്കാവശ്യമായ ചികിത്സ ഇവിടെ ലഭ്യമല്ലെന്നാണവര്‍ പറഞ്ഞത്. 

'ചികിത്സയ്ക്കായി ജയിലില്‍ നിന്ന് പുറത്തുകടക്കണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഇത്തരം അടിസ്ഥാനപരമായ അവകാശം പോലും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടു. ഞാന്‍ ഇപ്പോള്‍ ഭാഗികമായി തളര്‍വാതത്തിലാണ്, പക്ഷേ ഞാന്‍ വീണ്ടും ഈ കാലുകള്‍ കൊണ്ട് നടക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. എന്റെ മകളോടൊപ്പം കളിക്കാനും എന്റെ അഭാവം നികത്താനും ഞാന്‍ ആഗ്രഹിക്കുന്നു,' മോചിതയായ ശേഷം, ചികില്‍സ ലഭിക്കുന്നതോടെ തന്റെ കാലുകള്‍ക്ക് പുതു ജീവന്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഷഹീന്‍. അല്ലെങ്കിലും, ഇതുപോലെയുള്ള പ്രതീക്ഷകള്‍ മാത്രമാണല്ലോ ഗസ്സക്കാര്‍ക്ക് ഇനി ബാക്കിയുള്ളത്. എല്ലാം സഹിക്കാന്‍ അവരെ പ്രാപ്തരാക്കുന്ന പതറാത്ത വിശ്വാസവും.

Source: https://www.trtworld.com/magazine/how-israel-treats-palestinian-women-prisoners-16153010

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter