പെരുന്നാളിലും വേദനകളോടെ ജനീനും ദാര്‍ഫൂറും

രണ്ടാം നഖ്ബയെന്നാണ് ജനീനിലെ സമകാലിക സംഭവവികാസങ്ങൾ വിശേഷിപ്പിക്കപ്പെടുന്നത്. ഫ്രാൻസിനെ പ്രക്ഷുഭ്ധമാക്കിയ പ്രക്ഷോഭവും പ്രകോപനപരമായ സ്വീഡനിലെ ഖുർആൻ കത്തിക്കലും കൂടാതെ ഹജ്ജും ബലിപെരുന്നാളുമായിരുന്നു കഴിഞ്ഞ വാരത്തിലെ മുസ്‍ലിം ലോകത്തെ പ്രധാന സംഭവങ്ങൾ. ഈ ആഴ്ച്ചയിലെ മുസ്‍ലിം ലോക വിശേഷങ്ങൾ വായിക്കാം.

ജനീനിലെ ഇസ്രായേലി റൈഡ്
വെസ്റ്റ് ബാങ്കിലെ ജെനീൻ അഭയാർത്ഥി ക്യാമ്പിൽ കഴിഞ്ഞയാഴ്ച്ച നടന്ന അതിക്രമങ്ങളും തിരിച്ചടികളും കഴിഞ്ഞ വാരത്തെ മുസ്‍ലിം ലോക വിശേഷങ്ങളിലെ പ്രധാന വിഷയമായിരുന്നു. എന്നാൽ ദിവസങ്ങൾ കൊണ്ട് തീരുന്നതായിരുന്നില്ല അതിന്റെ അനുരണനങ്ങൾ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജനീൻ അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ സേന നടത്തിയ റൈഡിൽ കൊല്ലപ്പെട്ടത് അഞ്ച് കുട്ടികളടക്കം പന്ത്രണ്ടോളം ഫലസ്തീനികളാണ്. പതിനാലായിരത്തോളം ഫലസ്തീനികൾ പാർക്കുന്ന ജനീൻ അഭയാർത്ഥി ക്യാമ്പിലെ വലിയ ഒരു ശതമാനവും ഈ റൈഡോടെ ക്യാമ്പ് വിടാൻ നിർബന്ധിതരായിരിക്കുകയാണ്. 

2002- ലെ രണ്ടാം ഇൻതിഫാദയുടെ സമയത്തും ഇസ്രായേൽ നരനായാട്ട് കാരണം ജനീൻ ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാം നഖ്ബയായിട്ടാണ് ജനീൻ കേന്ദ്രീകരിച്ചുള്ള സമകാലിക സംഭവവികാസങ്ങളെ പലരും നോക്കിക്കാണുന്നത്. നരവേട്ടയിൽ പ്രതിഷേധിച്ചുകൊണ്ട് ലണ്ടനിലും മറ്റു നഗരങ്ങളിലും ആയിരക്കണക്കിനു പേർ പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. ജനീൻ രക്തസാക്ഷികളുടെ ഖബറടക്കത്തിനു പങ്കെടുക്കാൻ വന്ന ഫലസ്തീൻ അതോറിറ്റി നേതാക്കളെ, ഇസ്രായേൽ അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ അനാസ്ഥ കാണിച്ചുവെന്ന് പറഞ്ഞ് ജനക്കൂട്ടം തടയുക വരെ ചെയ്തു. 

ഫ്രാൻസിലെ പൊലീസ് വംശീയത

     


സമാനകാലത്ത് നടന്ന ഏറ്റവും വലിയ പൗരപ്രക്ഷോഭത്തിനാണ് ഫ്രാൻസ് ഒരാഴ്ച്ചയോളമായി സാക്ഷ്യം വഹിച്ചത്. നാഹിൽ എന്ന അള്‍ജീരിയൻ വംശജനായ പതിനേഴുകാരന്റെ കൊലപാതകത്തെ ചൊല്ലിയാണ് പാരീസിലെ തെരുവുകളിൽ പൊലീസിനെതിരെയും ഭരണകൂടത്തിനെതിരെയും വമ്പൻ ജനപങ്കാളിത്തത്തോടെ ശക്തമായ സമരങ്ങൾ അരങ്ങേറിയത്. ജനകീയരോഷം ആളിക്കത്തിയ സമരത്തിൽ പൊലീസ് വാഹനങ്ങളും കെട്ടിടങ്ങളും സമരക്കാർ അഗ്നിക്കിരയാക്കുകയുണ്ടായി. ട്രാഫിക്ക് ചെക്കിങ്ങിനിടെ ലൈസൻസ് ഇല്ലാത്തതിനാൽ പൊലീസ് പരിശോധനയിൽനിന്ന് രക്ഷപ്പെടാനായി വേഗത്തിൽ വാഹനം ഓടിച്ച നാഹിലിനെ പൊലീസ് പിടികൂടി പോയന്റ് ബ്ലാങ്കിൽ നെഞ്ചിലേക്ക് വെടിയുതിർക്കുകയായിരുന്നു. കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഫ്രാൻസ് പൊലീസിന്റെ ഭാഗത്തു നിന്നും ഇത്തരം സംഭവങ്ങൾ ഒരുപാട് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സമരത്തിൽ പങ്കെടുത്തവരിൽ അധികവും ഫ്രാൻസിലേക്ക് കുടിയേറിപ്പാർത്തവരാണെന്നതാണ് ശ്രദ്ധേയം. കാലങ്ങളായി പൊലീസിന്റെയും അതോറിറ്റിയുടെയും ഭാഗത്തുനിന്ന് അതിക്രമങ്ങളും അനീതികളും നേരിടുന്നവരാണ് കുടിയേറ്റക്കാരും അഭയാർത്ഥികളുമെല്ലാം. ഫ്രാൻസിനെ പ്രക്ഷുബ്ധമാക്കിയ ഈ സമരം വംശീയതക്കെതിരെയുള്ള അവരുടെ പ്രതിഷേധ സ്വരം കൂടിയായിരുന്നു.

ബലിപെരുന്നാളിലെ മുസ്‍ലിം ലോകം

     

ലോകമെമ്പാടുമുള്ള മുസ്‍ലിംകള്‍ ബലിപെരുന്നാൾ ആഘോഷിച്ച വാരമായിരുന്നു കഴിഞ്ഞുപോയത്. ലോകത്തിലെ എറ്റവും വലിയ വിശ്വാസി സംഗമമായ ഹജ്ജിൽ ഈ വർഷവും ലോകത്തിന്റെ വിവിധയിടങ്ങളിൽ നിന്നായി ലക്ഷകണക്കിനു ഹാജിമാർ പങ്കെടുക്കുകയുണ്ടായി. സൗദിയുടെ ഔദ്യോഗിക കണക്കനുസരിച്ച് രണ്ടര ദശലക്ഷം പേരാണ് ഇത്തവണ ഹജ്ജ് നിർവഹിച്ചത്. കൊറോണ മഹാമാരിക്കു ശേഷം പൂർണമായും വിശാല പങ്കാളിത്തതോടെ നടക്കുന്ന ആദ്യ ഹജ്ജെന്ന് ഈ വർഷത്തെ ഹജ്ജിനെ വിശേഷിപ്പിക്കാം. 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈവിധ്യമാർന്ന രീതിയിൽ ബലിപെരുന്നാളാഘോഷങ്ങൾ നടക്കുകയുണ്ടായി.  മോസ്കോയിലെ നഗരവീഥിയിൽ നടന്ന വമ്പൻ ഈദ് ഗാഹിന് കൂടുതൽ മാധ്യമ ശ്രദ്ധ ലഭിച്ചു. അധിനിവേശ അതിക്രമങ്ങൾക്കിടയിലും ആശ്വാസത്തിന്റെ വെട്ടമേകി ഫലസ്തീനികളും പെരുന്നാളാഘോഷിച്ചു. എന്നാൽ സുഡാനികൾക്കിത് സങ്കടപെരുന്നാളായിരുന്നു. ദാർഫൂറിലും മറ്റു നഗരങ്ങളിലുമെല്ലാം സംഘർഷങ്ങൾ അയവില്ലാതെ പെരുന്നാൾ ദിനത്തിലും തുടർന്നുകൊണ്ടിരുന്നു. പെരുന്നാൾ പ്രമാണിച്ച് പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ പ്രഖ്യാപനങ്ങൾ സാധാരണപോലെ തന്നെ ലംഘിക്കപ്പെടുകയും ഇരുകക്ഷികളും പരസ്പരം പോരിലേർപ്പെടുകയും ചെയ്തു.

സ്വീഡന്റെ പ്രകോപനം

     

ബലിപെരുന്നാൾ ദിവസം ഖുർആൻ കത്തിക്കാൻ സ്വീഡനിലെ അതോറിറ്റി അനുമതി നൽകിയ സംഭവത്തിൽ എറെ അമർഷത്തോടെയാണ് മുസ്‍ലിം ലോകം പ്രതികരിച്ചത്. ലോകമുസ്‍ലിം രാജ്യങ്ങളും ഓർഗനൈസേഷൻ ഓഫ് ഇസ്‍ലാമിക് കണ്ട്രീസ് അടക്കമുള്ള ആഗോള മുസ്‍ലിം സംഘടനകളുമൊന്നടങ്കം എതിർത്ത സംഭവത്തിന് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിലായിരുന്നു അതോറിറ്റികൾ അനുവാദം നൽകിയത്. പെരുന്നാൾ ദിവസം പള്ളിയുടെ മുൻവശത്തിരിന്നുകൊണ്ട് പൊലീസ് സുരക്ഷയോടെ, ഔദ്യോഗിക അനുമതിയോടെയാണ് വിശുദ്ധ ഗ്രന്ഥം കത്തിച്ചത്. ഈ വർഷാദ്യം സ്റ്റോക്ക്ഹോമിലെ തുർക്കിയ എംബസിക്കു സമീപം നടന്ന സമരത്തിലും ഖുർആൻ കത്തിക്കപ്പെട്ടിരുന്നു. നാറ്റോ അംഗത്വത്തിനു വേണ്ടി ശ്രമിച്ചുകൊണ്ടിരിക്കുന്ന സ്വീഡന് ഇനി തുർക്കിയുടെ അനുവാദം ലഭിക്കൽ അസാധ്യമാണെന്ന് തന്നെ പറയാം. 

സമാനമായ സംഭവം ന്യൂ മെക്സിക്കോയിലും അരങ്ങേറുകയുണ്ടായി.  നഗരത്തിലെ നിസ്കാര പള്ളി തകർത്ത അക്രമികൾ ഇസ്‍ലാമിക് സെന്ററിൽ അതിക്രമിച്ചു കയറുകയും ഖുർആൻ കത്തിക്കുകയും അതിനു മീതെ ബീര്‍ ഒഴിച്ച് ആഘോഷിക്കുയുമാണ് അവിടെ ചെയ്തത്.

ചുരുക്കത്തില്‍ ബലി പെരുന്നാളിന്റെ ആഘോഷദിനങ്ങളിലും മുസ്‍ലിം ലോകത്തിന് സങ്കടങ്ങളാണ് കൂടുതലെന്ന് പറയാം. നല്ല നാളെകള്‍ക്കായി ഇനിയും ധാരാളം ത്യജിക്കേണ്ടിവരുമെന്ന് തന്നെ സാരം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter