കിതാബുശ്ശിഫാഅ്: ഇശ്ഖില്‍ ചാലിച്ച രചനാ വൈഭവം
shifa.മുത്തുനബി(സ്വ)യുടെ ജീവിതവുമായി ചേര്‍ന്നുനില്‍ക്കുന്ന മഹോന്നതമായ സുവിശേഷങ്ങളുടെ സമാഹാരമാണ് ഈ മഹദ് ഗ്രന്ഥം. ആത്മാവില്‍ ഏതു നേരവും ഉണര്‍ന്നുനില്‍ക്കേണ്ട പ്രവാചകീയാനുഭവങ്ങളെ വശ്യസുന്ദരമായ ശൈലിയിലാണ് കിതാബുശ്ശിഫാഅ് അവതരിപ്പിക്കുന്നത്. ഇമാം ഖാളീ ഇയാളെന്ന ജ്ഞാനസൂര്യന്‍ കത്തിച്ചുവച്ച പുണ്യനബി(സ്വ)യുടെ ജീവിതത്തിന്റെ ഓര്‍മക്കുറിപ്പുകള്‍ ഏത് കടുത്ത ഹൃദയത്തെയും മാറ്റിയെടുക്കാന്‍മാത്രം ശക്തമാണ്. കിതാബുശ്ശിഫാഅ് എന്ന പ്രവാചക ചരിത്ര ഗ്രന്ഥത്തിലൂടെയുള്ള ഒരു ഓട്ടപ്രദക്ഷിണമാണിത്. പരന്നുകിടക്കുന്ന പ്രവാചക ജീവിതത്തിന്റെ കൈവഴികളിലൂടെയുള്ള ചെറിയൊരു പാദ ചലനങ്ങള്‍ മാത്രം. ആകെ നാലു ഭാഗങ്ങളാണ് ഈ ഗ്രന്ഥത്തിനുള്ളത്. ഓരോ ഭാഗങ്ങള്‍ക്കും വ്യത്യസ്ത അധ്യായങ്ങളുണ്ട്. ഇവയെ വിഷയങ്ങള്‍ക്കനുസരിച്ച് വിവിധ ഉപ വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. ഭാഗം ഒന്ന്/മുത്ത് നബി(സ്വ) മഹത്വത്തിന്റെ വഴിയടയാളങ്ങള്‍ അല്ലാഹു മുത്ത് നബി(സ്വ)ക്ക് കല്‍പ്പിച്ചുനല്‍കിയ ബഹുമാനാദരവുകളുടെ വൈവിധ്യങ്ങള്‍ നിറഞ്ഞ ചിത്രങ്ങളെയാണ് ഒന്നാം ഭാഗത്തില്‍ വിവരിക്കുന്നത്. ഇവിടെ ആകെ നാല് അധ്യായങ്ങളാണുള്ളത്. ഓരോന്നിനും വ്യത്യസ്ത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വിവിധ ഭാഗങ്ങളുണ്ട്. അനിര്‍വചനീയമായ മഹത്വങ്ങള്‍ക്കുടമയാണ് മുത്ത് നബി(സ്വ). നമ്മുടെ അളവുകോലുകള്‍ക്കപ്പുറത്താണ് നബി(സ്വ)യുടെ സ്ഥാനം. ആ മഹത്വം മനസ്സിലാക്കാന്‍ വലിയ ബുദ്ധിശേഷിയുടെയോ വൈജ്ഞാനിക സമ്പത്തിന്റെയോ ആവശ്യമില്ല. അല്ലാഹു സര്‍വ സൃഷ്ടി ജാലങ്ങളെക്കാളും ബഹുമാനാദരവുകള്‍ നബി(സ്വ)ക്ക് നല്‍കിയിട്ടുണ്ട്. പേനകള്‍ക്കും നാവുകള്‍ക്കും ആ വര്‍ണനകളെ കൃത്യമായി ഫലിപ്പിക്കുന്നതിനു മുന്നില്‍ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളൊന്നുമില്ല. നമ്മുടെ ആവിഷ്‌കാരങ്ങള്‍ക്കും അപരാഭിദാനങ്ങള്‍ക്കുമപ്പുറമാണ് മുത്തുനബി(സ്വ)യുടെ സ്ഥാനം. ഇതു കേവലം ആലങ്കാരിക ഭാഷയല്ല. അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വ്യക്തമാക്കിത്തന്ന യാഥാര്‍ത്ഥ്യമാണത്. നബി(സ്വ) ജീവിത മാഹാത്മ്യത്തിന്റെ സുന്ദരമായ ചിത്രങ്ങള്‍ എത്ര ഉദാത്തവും ഉല്‍കൃഷ്ടവുമാണെന്ന് ഖുര്‍ആന്‍ നമ്മെ തെര്യപ്പെടുത്തുന്നുണ്ട്. അത്ഭുതപരതന്ത്രരായി മാത്രമേ ആ സ്വഭാവ വൈശിഷ്ട്യത്തിനു മുന്നില്‍ നമുക്ക് നിലകൊള്ളാന്‍ സാധിക്കുകയുള്ളൂ. അല്ലാഹു മറ്റാര്‍ക്കും നല്‍കാത്ത അമാനുഷികതകള്‍ നല്‍കി നബി(സ്വ) തങ്ങളെ ഏറെ മഹത്വവല്‍ക്കരിക്കുകയാണ് ചെയ്തത്. ഉല്‍കൃഷ്ട സ്വഭാവത്തിന്റെയും സൗന്ദര്യത്തിന്റെയും സംസ്‌കരണത്തിന്റെയും പരമ ഉന്നതി അവിടെ നമുക്ക് ദര്‍ശിക്കാനാകും. മനുഷ്യ വ്യക്തിത്വത്തിന്റെ പൂര്‍ണതക്കുടമ മുത്ത് നബി മാത്രമായിരുന്നല്ലോ . അല്ലാഹു നബി(സ്വ) തങ്ങളെ ബഹുമാനിക്കുകയും ശുദ്ധിയാക്കുകയും സംസ്‌കരിക്കുകയും ചെയ്തു. തുടര്‍ന്ന്, ആ മഹിതമായ അവസ്ഥാവിശേഷത്തെക്കുറിച്ച് വാഴ്ത്തിപ്പറഞ്ഞു. മറ്റുള്ളവരോട് ആ ജീവിതം പ്രതിഫലിപ്പിക്കുന്ന പ്രഭാകിരണങ്ങളിലൂടെ നോക്കും നടപ്പും ക്രമീകരിക്കാന്‍ ആവശ്യപ്പെടുകയുമുണ്ടായി. കൂടെ നടന്നവരും അനുഭവിച്ചവരും കണ്ടവരും കേട്ടറിഞ്ഞവരുമെല്ലാം ആ മഹത്വത്തിന് മുന്നില്‍ നമ്ര ശിരസ്‌കരാവുന്നതാണ് നമുക്ക് അനുഭവവേദ്യമാകുന്ന സത്യം. ഹൃദയത്തില്‍ ഈമാന്റെ വെളിച്ചമുള്ളവരെല്ലാം ആ പ്രഭയില്‍ കണ്ണു മഞ്ഞളിച്ച് അന്ധാളിച്ച് നില്‍ക്കുകയായിരുന്നു. ശേഷമെല്ലാവരും ആ വെളിച്ചത്തിലേക്ക് മനസ്സില്‍നിന്നും ശരീരത്തില്‍നിന്നും കൈവഴികള്‍ തീര്‍ക്കാന്‍ മത്സരിക്കുന്ന കാഴ്ചകള്‍ ഇവിടെ നിത്യ സംഭവമായി. മനുഷ്യര്‍ മാത്രമല്ല, അചേതനവും സചേതനവുമായ സകല സൃഷ്ടി ജാലങ്ങളും ആ മഹത്വത്തിനു മുന്നില്‍ അടിയറവ് പറയുകയാണ് ചെയ്തത്. സ്രഷ്ടാവായ അല്ലാഹു തന്നെ ബഹുമാനിച്ചാദരിക്കാന്‍ തീരുമാനിച്ച മുത്ത് നബി(സ്വ)യെ മറികടക്കാന്‍ പ്രപഞ്ചത്തിലൊരു കണികക്ക് പോലും ആവില്ലെന്നത് സുവിദിതമാണല്ലോ. അനസ്(റ) റിപ്പോര്‍ട്ട് ചെയ്ത ഒരു ഹദീസില്‍ ഇപ്രകാരം കാണാം. ഇസ്‌റാഇന്റെ രാത്രിയില്‍ നബി(സ്വ) തങ്ങളുടെ അടുത്തേക്ക് ബുറാഖിനെ കടിഞ്ഞാണിടപ്പെട്ട നിലയില്‍ കൊണ്ടുവന്നു. നബി(സ്വ)യെ കണ്ടപാടെ ആ മൃഗമൊന്ന് മോട്ടുകാട്ടി. ഇതു കണ്ട ജിബ്‌രീല്‍(അ)അതിനോട് ഇപ്രകാരം ചോദിച്ചു: ''മുഹമ്മദ്(സ്വ)യോടാണോ നീ ഇപ്രകാരം കാണിക്കുന്നത്. ഇദ്ദേഹത്തെക്കാള്‍ റബ്ബിന്റെയടുക്കല്‍ മഹത്വമുള്ള ഒരാളും ഇതു വരെ നിന്നെ വാഹനമായി ഉപയോഗിച്ചിട്ടില്ല. ഇതു കേട്ടപ്പോള്‍ അതടങ്ങുകയുണ്ടായി. പ്രവാചക വ്യക്തിത്വ സൗന്ദര്യത്തിന്റെ സകല ഭാഷകളും ഇവിടെ നിന്നും നമുക്ക് വായിച്ചെടുക്കാനാകുന്നതാണ്. അധ്യായം:1 അല്ലാഹു പുകഴ്ത്തിയ മുത്തുനബി(സ) തിരുനബി(സ്വ)യുടെ സുവിശേഷങ്ങളടങ്ങിയ നിരവധി ആയത്തുകള്‍ വിശുദ്ധ ഖുര്‍ആനില്‍ നമുക്ക് കാണാനാവുന്നതാണ്. എല്ലാം ആ വ്യക്തിത്വത്തിന്റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നതും സൗന്ദര്യത്തെ വാഴ്ത്തിപ്പറയുന്നതുമാണ്. വ്യത്യസ്തമായ പത്ത് തലങ്ങളിലായി അതിനെ വിശദീകരിക്കുകയാണിവിടെ. ഭാഗം1 വിശുദ്ധ ഖുര്‍ആനില്‍ നബി(സ്വ)യെ പുകഴ്ത്തുകയും ഗുണഗണങ്ങളെ എണ്ണിപ്പറയുകയും ചെയ്ത ആയത്തുകളെയാണിവിടെ വിശദീകരിക്കുന്നത്. സൂറത്തുത്തൗബ 128ാം സൂക്തത്തില്‍ ഇപ്രകാരം കാണാം: ''നിങ്ങള്‍ക്ക് നിങ്ങള്‍ക്കിടയില്‍ നിന്നുതന്നെ ഒരു പ്രവാചകന്‍ വന്നിരിക്കുന്നു.'' ഇവിടെ 'നിങ്ങള്‍' എന്ന അഭിസംബോധന ആരോടാണെന്ന കാര്യത്തില്‍ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്കിടയില്‍ അഭിപ്രായാന്തരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അത് മക്കക്കാരോ വിശ്വാസികളായ ആളുകളോ അറബികളോ ലോകത്തെ മുഴുവന്‍ ജനങ്ങളോ അടക്കമുള്ള ആരുമാകാമെന്ന അഭിപ്രായമാണ് വിവിധ പണ്ഡിതന്മാര്‍ക്കുള്ളത്. നബി(സ്വ) തങ്ങള്‍ പ്രവാചകനായി നിയോഗിക്കപ്പെട്ട സമൂഹം തിരുമേനിയെ നല്ലപോലെ അറിയുകയും ഉന്നതസ്ഥാനത്തെ അംഗീകരിക്കുകയും സ്വഭാവ സവിശേഷതയെയും സത്യത്തെയും വിശ്വസ്തതയെയും മനസ്സിലാക്കുകയും ചെയ്തിരുന്നു. നബി(സ്വ)യുടെ മേല്‍ അവരൊരിക്കലും കളവാരോപണമുന്നയിക്കുകപോലും ചെയ്തിട്ടില്ല. ഏതു സന്ദര്‍ഭത്തിലും അവരോട് ഗുണകാംക്ഷയുള്ള ആളായിരുന്നു പ്രവാചകന്‍. കാരണം, ആ നബി(സ്വ) അവരില്‍ പെട്ട ഒരാള്‍ തന്നെയായിരുന്നുവല്ലോ. നബി(സ്വ)യുമായി ഏതെങ്കിലുമൊക്കെ നിലയില്‍ ബന്ധമില്ലാത്ത ഒരു ഗോത്രവും അറബികള്‍ക്കിടയിലുണ്ടായിരുന്നില്ല. വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്റെ അടിമകള്‍ക്ക് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്. ''നീ പറയുക; അതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്റെ പേരിലുള്ള സ്‌നേഹമല്ലാതെ.'' (ശൂറ: 23) എന്ന ആയത്തിലെ അടുത്ത ബന്ധത്തിലെ സ്‌നേഹമല്ലാതെ എന്ന വാക്കുകൊണ്ട് ഇതാണര്‍ത്ഥമാക്കുന്നതെന്നാണ് ഇബ്‌നുഅബ്ബാസ് തങ്ങളുടെ അഭിപ്രായം. സ്വ സമുദായത്തിന്റെ മേല്‍ കരുണക്കടലായി പരന്നൊഴുകുകയായിരുന്നു റസൂല്‍(സ്വ)യെന്ന് ഖുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്. അവരുടെ പുരോഗതിക്കും രക്ഷയ്ക്കും വേണ്ടി അത്യധികം ഉത്സാഹിച്ചിരുന്നു മുത്തുനബി(സ്വ). അവര്‍ക്ക് ഇസ്‌ലാമിക മൂല്യങ്ങള്‍ പകര്‍ന്നു നല്‍കാനും നേര്‍മാര്‍ഗത്തില്‍ വഴി നടത്താനും ദുന്‍യാവില്‍ നിന്നും ആഖിറത്തില്‍ നിന്നും സമുദായമനുഭവിക്കുന്ന ബുദ്ധിമുട്ടുകളില്‍നിന്ന് സംരക്ഷിക്കാനും സാന്ത്വനത്തിന്റെ വഴികള്‍ സമര്‍പ്പിക്കാനും സദാ സമയവും സന്നദ്ധനായിരുന്നു നബി(സ്വ) തങ്ങളെന്ന് അല്ലാഹു വാഴ്ത്തിപ്പറയുന്നുണ്ട്. അല്ലാഹുവിന്റെ നാമ വിശേഷണങ്ങളില്‍ പെട്ട റഹീം (കാരുണ്യവാന്‍), റഊഫ്(കൃപയുള്ളവന്‍) എന്നിവ അല്ലാഹു മുത്ത് നബിക്ക് കൂടി നല്‍കിയിരുന്നുവെന്ന് ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹു നബി(സ്വ)യെ സമുദായത്തിന് അനുഗ്രഹമായി നിയോഗിച്ചതിനെപ്പറ്റി സൂചിപ്പിക്കുന്ന നിരവധി ആയത്തുകളുണ്ട്. 'തീര്‍ച്ചയായും സത്യവിശ്വാസികളില്‍ അവരില്‍നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു മഹത്തായ അനുഗ്രഹമാണ് അവര്‍ക്ക് നല്‍കിയിട്ടുള്ളത്. (ആലുഇംറാന്‍: 164) ''അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക് വായിച്ചു കേള്‍പ്പിക്കുകയും അവരെ സംസ്‌കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍(ജുമുഅ: 2) 'നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് ഓതിക്കേള്‍പ്പിച്ചുതരികയും നിങ്ങളെ സംസ്‌കരിക്കുകയും നിങ്ങള്‍ക്ക് വേദവും വിജ്ഞാനവും പഠിപ്പിച്ച് തരികയും നിങ്ങള്‍ക്കറിവില്ലാത്തത് നിങ്ങള്‍ക്കറിയിച്ചു തരികയും ചെയ്യുന്ന, നിങ്ങളുടെ കൂട്ടത്തില്‍നിന്നു തന്നെയുള്ള ഒരു ദൂതനെ നിങ്ങളിലേക്കു നാം നിയോഗിച്ചത് (വഴി നിങ്ങള്‍ക്ക് ചെയ്ത അനുഗ്രഹം) പോലെത്തന്നെയാകുന്നു ഇതും.'' (അല്‍ ബഖറ: 151) പ്രവാചകന്‍(സ്വ)യുടെ മാതാപിതാക്കളുടെ പരമ്പരയില്‍, കുടുംബ ബന്ധമോ ചേര്‍ച്ചാ ബന്ധമോ ആകട്ടെ, മോശപ്പെട്ട നിലയില്‍ ബന്ധത്തിലേര്‍പ്പെട്ട ഒരാളെ പോലും കാണാന്‍ സാധ്യമല്ല. എല്ലാവരും നിയമ വിധേയമാക്കപ്പെട്ട നികാഹിലൂടെ മാത്രമാണ് പരമ്പര നിലനിറുത്തിയതെന്ന് അലി(റ)വില്‍നിന്ന് നിവേദനം ചെയ്യപ്പെട്ടതായി കാണാവുന്നതാണ്. ഇബ്‌നുല്‍ കല്‍ബി(റ) എന്ന മഹാന്‍ പറയുന്നത് കാണുക: നബി(സ്വ)യുടെ ഉമ്മമാരുടെ പരമ്പരയില്‍ പെട്ട അഞ്ഞൂറാളുകളുടെ പേര് ഞാനെഴുതി. പക്ഷേ, അവരില്‍ വേശ്യാവൃത്തിക്കാരികളോ ജാഹിലിയ്യാ കാലഘട്ടത്തിലെ മറ്റേതെങ്കിലും തിന്മകളില്‍ ഏര്‍പ്പെട്ട ഒന്ന് പോലുമെനിക്ക് കണ്ടെത്താനായില്ല.'' സൂറത്തു ശുഅറാഇലെ 219ാമത്തെ ആയത്തായ സാഷ്ടാംഗം ചെയ്യുന്നവരുടെ കൂട്ടത്തിലുള്ള നിന്റെ ചലനവും' (കാണുന്നവന്‍)' എന്നത് നബി(സ്വ) തങ്ങള്‍ വ്യത്യസ്ത പ്രവാചകന്മാരിലൂടെ കടന്നുവന്ന് അവസാനം അന്ത്യപ്രവാചകനായി നിയോഗിക്കപ്പെടുകയായിരുന്നു എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ഇബ്‌നു അബ്ബാസ് (റ) അഭിപ്രായപ്പെട്ടിട്ടുണ്ട്. ജഅഫറുബ്‌നു മുഹമ്മദ്(റ) മുത്തുറസൂല്‍(സ്വ)യുടെ പ്രവാചകത്വത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത് കാണുക: ''അല്ലാഹു തന്റെ സൃഷ്ടികളിലേക്കു നേരിട്ട് സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കാതെ സൃഷ്ടികളില്‍നിന്ന് തന്നെയുള്ള ഒരാളെ തന്റെ ദൂതനായി നിയോഗിക്കുകയാണു ചെയ്തത്. ഇതാണ് ദുര്‍ബല ചിത്തരായ സൃഷ്ടികള്‍ക്ക് കൂടുതല്‍ സഹായകരമാകുകയെന്നത് കൊണ്ടാണ് ഇത്തരമൊരു രീതിശാസ്ത്രം സ്വീകരിച്ചത്. തന്റെ അടിമകള്‍ക്കും തനിക്കുമിടയില്‍ ഇടയാളനായി ഒരാളെ തെരഞ്ഞെടുക്കുകയും ആ ദൂതന് കാരുണ്യവും കരുണയുമടക്കമുള്ള തന്റെ വിശേഷണങ്ങള്‍ പകര്‍ന്നു നല്‍കുകയും ചെയ്തു. ശേഷം, ആ ദൂതന് വഴിപ്പെടുന്നത് തനിക്ക് വഴിപ്പെടുന്നതിനും ആ ദൂതന്റെ നിലപാടുകളെ അനുസരിക്കുന്നത് തന്നെ അനുസരിക്കുന്നതിനും തുല്യമാണെന്നു പ്രഖ്യാപിക്കുകയും ചെയ്തു.''ആരെങ്കിലും തന്റെ ദൂതന് വഴിപ്പെട്ടാല്‍ അവന്‍ നിശ്ചയം അല്ലാഹുവിനാണ് വഴിപ്പെട്ടിരിക്കുന്നതെ'ന്ന് '(സൂറത്ത് നിസാഅ്: 80) അല്ലാഹു വ്യക്തമാക്കുന്നുണ്ട്. അല്ലാഹു തന്റെ അടയാളമായ കാരുണ്യം മുത്തുനബി(സ്വ)യിലേക്ക് കൂടി ചേര്‍ത്തവെക്കുക യുണ്ടായി. ലോകര്‍ക്കൊന്നടങ്കം കാരുണ്യമായിട്ടാണ് താങ്കളെ നാം നിയോഗിച്ചിരിക്കുന്നതെന്ന് അല്ലാഹു പ്രഖ്യാപിക്കുന്നുണ്ട്. (സൂറത്തുല്‍ അമ്പിയാഅ്: 107) അബൂബക്കര്‍ മുഹമ്മദുബ്‌നു ത്വാഹിര്‍ എന്ന മഹാന്‍ പറയുന്നത് കാണുക: ''മുഹമ്മദ് നബി(സ്വ)യെ അല്ലാഹു കാരുണ്യത്തിന്റെ മേലാപ്പ് ആ സ്വഭാവത്തോട് ചാര്‍ത്തി ഭംഗിയാക്കുകയുണ്ടായി. പിന്നീട് ആ തിരുജീവിതം എല്ലാ ജീവികള്‍ക്കും കാരുണ്യമായി മാറി. ആ കരുണക്കടലില്‍ നിന്നും ചെറിയൊരു കൈവഴിയെങ്കിലും ആരുടെയെങ്കിലും ഹൃദയത്തിലേക്ക് ഒഴുകിയെങ്കില്‍ ഇരു ലോകത്തും അയാള്‍ വിജയിക്കുന്നതാണ്. '' നബി(സ്വ)യെ ലോകര്‍ക്കൊന്നടങ്കം കാരുണ്യമായാണു നാം നിയോഗിച്ചിരിക്കുന്നതെന്ന്'അത് കൊണ്ടാണ് അല്ലാഹു പറഞ്ഞത്. മുത്തുനബി(സ്വ)യുടെ ജീവിതവും വഫാത്തുമെല്ലാം നമുക്ക് അനുഗ്രഹമാണ്. 'എന്റെ ജീവിതവും മരണവും സമുദായത്തിന് അനുഗ്രഹമാണെ'ന്ന് പ്രവാചകന്‍(സ്വ) തന്നെ സൂചിപ്പിച്ചിട്ടുണ്ട്. മറ്റൊരിക്കല്‍ നബി(സ്വ) തങ്ങള്‍ ഇങ്ങനെ പ്രതിവചിക്കുകയുണ്ടായി: അല്ലാഹു ഒരു സമൂഹത്തിന് നന്മ ഉദ്ദേശിച്ചുകഴിഞ്ഞാല്‍ അവരുടെ നബിയുടെ റൂഹ് ആദ്യം പിടിക്കുകയും ആ നബിയെ അവര്‍ക്ക് വേണ്ടതെല്ലാം തയ്യാര്‍ ചെയ്തുവയ്ക്കാനുള്ള മുന്‍ഗാമിയാക്കുകയും ചെയ്യും.''' ലോകര്‍ക്കൊന്നടങ്കം കാരുണ്യമാണെന്നത് കൊണ്ടര്‍ത്ഥമാക്കുന്നത് ജിന്ന് വര്‍ഗത്തിനും മനുഷ്യകുലത്തിനുമാണെന്ന് ഇമാം സമര്‍ഖന്ദി അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍, എല്ലാ വിഭാഗം ആളുകള്‍ക്കും നബി(സ്വ) തങ്ങള്‍ അനുഗ്രഹമാണെന്നും പറയപ്പെട്ടിട്ടുണ്ട്. വിശ്വാസികളായ ആളുകള്‍ക്ക് ഹിദായത്തിലേക്ക് വെളിച്ചം കാട്ടിയും കപട വിശ്വാസികള്‍ക്ക് കൊലയില്‍നിന്നുള്ള സംരക്ഷണമായും കാഫിറുകള്‍ക്ക് ശിക്ഷയെ പിന്തിക്കുക വഴിയും തുടങ്ങി എല്ലാ വിഭാഗക്കാര്‍ക്ക് മുന്നിലും മുത്തുനബി(സ്വ) അനുഗ്രഹമായി പെയ്തിറങ്ങി.പ്രവാചക പുംഗവര്‍(സ്വ)വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും അനുഗ്രഹമാണെന്ന് ഇബ്‌നുഅബ്ബാസ്(റ) വ്യക്തമാക്കിയിട്ടുണ്ട്. ഒരവസരത്തില്‍ നബി(സ്വ) ജിബ്‌രീല്‍(അ)നോട് ഇപ്രകാരം ചോദിക്കുകയുണ്ടായി: ''താങ്കള്‍ക്ക് ഈ കാരുണ്യത്തില്‍നിന്നു വല്ലതും ലഭ്യമായിട്ടുണ്ടോ?'' ജിബ്‌രീല്‍(അ): ''അതെ, ഞാന്‍ അല്ലാഹുവിന്റെ ശിക്ഷയെ ഭയപ്പെട്ടിരുന്നു. എന്നാല്‍ അല്ലാഹു എന്നെ പുകഴ്ത്തിക്കൊണ്ട് ആയത്തിറക്കിയപ്പോഴാണ് എനിക്ക് ആശ്വാസമായത്.'തീര്‍ച്ചയായും ഇത് മാന്യനും ശക്തിയുള്ളവനും സിംഹാസനസ്ഥനായ അല്ലാഹുവിങ്കല്‍ സ്ഥാനമുള്ളവനും അവിടെ അനുസരിക്കപ്പെടുന്നവനും വിശ്വസ്തനുമായ ഒരു ദൂതന്റെ വാക്കാകുന്നു.'''(സൂറത്തു തക്‌വീര്‍: 19,20,21) എന്ന ആയത്താണ് എന്നെക്കുറിച്ചിറങ്ങിയത്. സൂറത്തുല്‍ വാഖിഅയിലെ 'എന്നാല്‍, അവന്‍ വലതു പക്ഷക്കാരില്‍ (സജ്ജനങ്ങള്‍) പെട്ടവനാണെങ്കിലോ, വലതു പക്ഷക്കാരില്‍ പെട്ട നിനക്ക് സമാധാനം എന്നായിരിക്കും (അവന് ലഭിക്കുന്ന അഭിവാദ്യം)' എന്ന ആയത്തിന്റെ വിവക്ഷ അവരുടെ രക്ഷ മുഹമ്മദ് നബി(സ്വ)യുടെ അമാനുഷികത കൊണ്ടാണെന്നാണ് ഇമാം ജഅ്ഫറുബ്‌നു മുഹമ്മദ് സ്സ്വാദിഖ് (റ) എന്നവര്‍ അഭിപ്രായപ്പെട്ടത്. വിശുദ്ധ ഖുര്‍ആനിലെ സൂറത്തുന്നൂറിലെ 35ാം വചനത്തിന്റെ ആന്തരികാര്‍ത്ഥങ്ങള്‍ മുത്ത് നബിയുടെ ശ്രേഷ്ടതകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് നിരവധി പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വചനം കാണുക: ''അല്ലാഹു ആകാശഭൂമികളുടെ പ്രകാശമാണ്. അവന്റെ പ്രകാശത്തിന്റെ ഉദാഹരണമിതാ-ഒരു മാടം. അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികത്തിനകത്ത്. സ്ഫടികം ഒരു ജ്വലിക്കുന്ന നക്ഷത്രം പോലെയിരിക്കുന്നു. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍നിന്നാണ് അതിന് ഇന്ധനം നല്‍കപ്പെടുന്നത്. അതായത്, കിഴക്കുഭാഗത്തുള്ളതോ പടിഞ്ഞാറ് ഭാഗത്തുള്ളതോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ തട്ടിയിട്ടില്ലെങ്കില്‍ പോലും പ്രകാശിക്കുമാറാകുന്നു. (അങ്ങനെ) പ്രകാശത്തിനു മേല്‍ പ്രകാശം. അല്ലാഹു തന്റെ പ്രകാശത്തിലേക്ക് താനുദ്ദേശിക്കുന്നവരെ നയിക്കുന്നു. അല്ലാഹു ജനങ്ങള്‍ക്കുവേണ്ടി ഉപമകള്‍ വിവരിച്ച് കൊടുക്കുന്നു. അല്ലാഹു ഏതു കാര്യത്തെ പറ്റിയും അറിവുള്ളവനത്രെ.'' (നൂര്‍: 35). മഹാനായ കഅബുല്‍ അഹ്ബാര്‍(റ), ഇബ്‌നു ജുബൈര്‍(റ) എന്നിവര്‍ ഈ ആയത്തിലെ രണ്ടാമത്തെ നൂറ് (പ്രകാശം) എന്നത് കൊണ്ടര്‍ത്ഥമാക്കുന്നത് മുഹമ്മദ് നബി(സ്വ)യെ ആണെന്നാണ് വിശദീകരിച്ചത്. സഹലുബ്‌നു അബ്ദില്ലാഹ്(റ) എന്നവര്‍ ഈ ആയത്തിനെ വ്യാഖ്യാനിച്ചത് ഇപ്രകാരമാണ്: ''അല്ലാഹു ആകാശഭൂമികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നവനാകുന്നു. ശേഷം അല്ലാഹു പറഞ്ഞത് പുറത്തേക്കു വരാതെ മുതുകുകളില്‍ സൂക്ഷിക്കപ്പെട്ട നിലയിലായ സന്ദര്‍ബത്തിലും മുഹമ്മദ് നബി(സ്വ)യുടെ പ്രകാശത്തിന്റെ ഉദാഹരണം ഉദൃത വിശേഷണങ്ങളുള്ള വിളക്ക് പോലെയാകുന്നു. വിളക്ക് (മിസ്ബാഹ്) എന്നതിന്റെ അര്‍ത്ഥം നബി(സ്വ)യുടെ ഹൃദയമാണ്. സ്ഫടികം (സുജാജത്ത്) എന്നത് ആ തിരുനെഞ്ചിനെയും സൂചിപ്പിക്കുന്നു. തത്വജ്ഞാനവും ഈമാനും കൊണ്ട് ജ്വലിക്കുന്ന ഒരു നക്ഷത്രം പോലെയായിരിക്കുന്നു അതെന്നര്‍ത്ഥം. (അനുഗൃഹീതമായ വൃക്ഷത്തില്‍ നിന്നുമാണ് അതിന് ഇന്ധനം നല്‍കപ്പെടുന്നത് )എന്നതിന്റെ ആന്തരികാര്‍ത്ഥം പ്രവാചക തറവാട്ടിലെ കാരണവരായ ഇബ്രാഹീം(അ)നബിയുടെ പ്രകാശത്തില്‍ നിന്നുമാണെന്നാണ്. (അതിന്റെ എണ്ണ പ്രകാശിക്കാനടുത്തിരിക്കുന്നു) എന്നത് മുഹമ്മദ് നബി(സ)യുടെ പ്രവാചകത്വം ആളുകള്‍ക്ക് വെളിപ്പെടാന്‍ അടുത്തിരിക്കുന്നു എന്നാണര്‍ത്ഥമാക്കുന്നത്. ഇതല്ലാത്ത മറ്റു വിശദീകരണങ്ങളും ഈ ആയത്തിനെ കുറിച്ച് വന്നിട്ടുണ്ട്. (അല്ലാഹു അഅ്‌ലം.) മറ്റുപല സ്ഥലങ്ങളിലും അല്ലാഹു നബി(സ്വ) തങ്ങളെ പ്രകാശമെന്നും വിളക്കെന്നും അഭിസംബോധന ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങള്‍ കാണുക: ''അല്ലാഹുവില്‍നിന്നും നിങ്ങള്‍ക്ക് വ്യക്തമായ ദൃഷ്ടാന്തങ്ങളും പ്രകാശവും വന്നിരിക്കുന്നു.'' (മാഇദ: 15) നബിയേ, തീര്‍ച്ചയായും നിന്നെ നാം ഒരു സാക്ഷിയും സന്തോഷ വാര്‍ത്ത അറിയിക്കുന്നവനും താക്കീതുകാരനും അല്ലാഹുവിന്റെ ഉത്തരവനുസരിച്ച് അവങ്കലിലേക്ക് ക്ഷണിക്കുന്നവനും പ്രകാശം നല്‍കുന്ന ഒരു വിളക്കും ആയിക്കൊണ്ട് നിയോഗി ച്ചിരിക്കുന്നു.''(അഹ്‌സാബ്: 45,46) സൂറത്തുശര്‍ഹില്‍ മുത്ത് നബി(സ്വ)യെ അല്ലാഹു ആദരിച്ചതിന്റെ വിവിധ രീതികള്‍ നമുക്ക് അനുഭവവേദ്യമാകുന്നുണ്ട്. നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ പ്രവാചകന്‍(സ്വ)യുടെ മഹത്വത്തിന്റെ ഒട്ടനവധി അടയാളങ്ങള്‍ ഈ സൂറത്തിലിഴുകിച്ചേര്‍ന്നിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ചില സൂചനകള്‍ കാണുക: ''നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ, നിന്നില്‍ നിന്റെ മുതുകിനെ ഞെരിച്ചുകളഞ്ഞ ആ ഭാരം നാം ഇറക്കിവയ്ക്കുകയും ചെയ്തു. നിനക്ക് നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.'' (ശര്‍ഹ്: 1,2,3,4) ഇബ്‌നു അബ്ബാസ്(റ) പറഞ്ഞത് ഇസ്‌ലാമിന്റെ പ്രകാശം കൊണ്ട് നബി(സ്വ)യുടെ ഹൃദയത്തെ അല്ലാഹു വിശാലമാക്കിയിരിക്കുന്നുവെന്നാണ്. പ്രവാചകത്വത്തിന്റെ പ്രകാശം കൊണ്ട് ഹൃദയത്തെ വിശാലമാക്കിയിരിക്കുന്നുവെന്ന് സഹ്‌ല്(റ) അഭിപ്രായപ്പെട്ടിരിക്കുന്നു. ഇമാം ഹസ്വനുല്‍ ബസ്വരി(റ)യുടെ അഭിപ്രായത്തില്‍ തത്വജ്ഞാനം കൊണ്ടും അറിവ് കൊണ്ടും ആ ഹൃദയത്തെ നിറച്ചിരിക്കുന്നുവെന്നാണ് ആയത്ത് അര്‍ത്ഥമാക്കുന്നതെന്നാണ്. പൈശാചികമായ ദുര്‍ബോധനങ്ങളില്‍ നിന്നും റസൂല്‍(സ്വ)യുടെ ഹൃദയത്തെ നാം ശുചീകരിച്ചിരിക്കുന്നു എന്നതാണ് ഈ ആയത്തിന്റെ വിവക്ഷയെന്നും പറയപ്പെട്ടിട്ടുണ്ട്. നിന്നില്‍ നിന്റെ മുതുകിനെ ഞെരിച്ചുകളഞ്ഞ നിന്റെ ആ ഭാരം നാം ഇറക്കി വയ്ക്കുകയും ചെയ്തു'എന്ന ആയത്തിന്റെ വിവക്ഷ പ്രവാചകത്വത്തിനു മുമ്പ് യാതൊരുവിധ തെറ്റുകളുമുണ്ടായിട്ടില്ലെന്നാണെന്നും അധര്‍മങ്ങള്‍ അധികാരം ചെലുത്തിയിരുന്ന ജാഹിലിയ്യാ കാലത്തെ ഭാരങ്ങളാണ് ഇവിടെ അര്‍ത്ഥമാക്കുന്നതെന്നും തുടങ്ങിയ വിവിധ അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇമാം മാവര്‍ദിയും സുലമിയും എല്ലാവിധ തെറ്റുകുറ്റങ്ങളില്‍ നിന്നും നബി (സ്വ)ക്ക് സുരക്ഷിതത്വം നല്‍കിയിരിക്കുന്നുവെന്നും അതില്ലായിരുന്നെങ്കില്‍ പിരടികള്‍ ഭാരമുള്ളതായിത്തീരുമായിരുന്നുമെവന്നുമാണ് ആയത്തിന്റെ അര്‍ത്ഥമെന്ന് വിശദീകരിച്ചിട്ടുണ്ട്. നിനക്ക് നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു'എന്ന ആയത്ത് മുത്തുബി(സ്വ)യുടെ കാല-ദേശ-ഭാഷകള്‍ക്കതീതമായുള്ള പ്രശസ്തിയുടെ വര്‍ത്തമാനമാണ്. പ്രവാചകന്‍(സ്വ)യുടെ കീര്‍ത്തി എങ്ങനെയൊക്കെയാണ് അല്ലാഹു ഉയര്‍ത്തിയിരിക്കുന്നതെന്നതുമായി ബന്ധപ്പെട്ട് പണ്ഡിതന്മാര്‍ ധാരാളം ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. യഹ്‌യബ്‌നു ആദം എന്നവരുടെ അഭിപ്രായത്തില്‍ ഇത് നുബുവ്വത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത് എന്നാണ്. എന്നാല്‍, തൗഹീദിന്റെ കലിമത്തായ 'ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹ് എന്നതില്‍ അല്ലാഹുവിന്റെ നാമത്തോടൊപ്പം തന്നെ മുഹമ്മദ് നബിയുടെയും നാമവും സ്മരിക്കുന്നുണ്ട്. അതാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്നുമഭിപ്രായപ്പെട്ട പണ്ഡിതന്മാരുണ്ട്. ബാങ്കിലും ഇഖാമത്തിലും നബി(സ്വ)യുടെ പേര് പരാമര്‍ശിക്കേണ്ടത് അനിവാര്യമാണ്. അതാണ് 'നിങ്ങളുടെ കീര്‍ത്തി ഉയര്‍ത്തിയിരിക്കുന്നു' എന്ന ആയത്തിന്റെ അര്‍ത്ഥമെന്നും വിശദീകരിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു നബി(സ്വ) തങ്ങള്‍ക്കു നല്‍കിയ ഉന്നത സ്ഥാനത്തിലേക്കും മഹത്വത്തിലേക്കുമാണ് ഇതു വിരല്‍ചൂണ്ടുന്നത്. അല്ലാഹു നബി(സ്വ)യുടെ ഹൃദയത്തിലേക്ക് ഈമാനും ഹിക്മത്തും നിറച്ച് അതിനെ എല്ലാ കാലത്തേക്കും നിലനില്‍ക്കുന്ന വെളിച്ചമാക്കി മാറ്റി. ജാഹിലിയ്യാ കാലഘട്ടത്തില്‍ നിലനിന്നിരുന്ന സകലവിധ അനാചാരങ്ങളില്‍ നിന്നും പ്രയാസങ്ങളില്‍നിന്നും നബി(സ്വ)യെ അല്ലാഹു സംരക്ഷിച്ചു. നിലവിലിരുന്ന തിന്മകള്‍ക്കും അസത്യത്തിനുമെതിരേ നബിസ്വ) മുഖേനെ യഥാര്‍ത്ഥ മതത്തെ അവതരിപ്പിക്കുകയും അത് ജനസമൂഹങ്ങളിലെത്തിക്കാനുള്ള അവസരമൊരുക്കിക്കൊടുക്കുകയും ചെയ്തു. അതിനെക്കാളപ്പുറം അല്ലാഹുവിന്റെ നാമം എപ്പോഴൊക്കെ സ്മരിക്കുന്നുണ്ടോ അപ്പോഴെല്ലാം മുത്ത് നബി(സ്വ)യുടെ നാമവും സ്മരിക്കപ്പെടുന്ന നിലയിലുള്ള രീതിശാസ്ത്രത്തിന് ദീനില്‍ പ്രാധാന്യം നല്‍കുകയും ചെയ്തു. അതിനു നിരവധി ഉദാഹരണങ്ങള്‍ നമുക്ക് നിരത്താന്‍ കഴിയുന്നതാണ്. ഇമാം ഖതാദ(റ) പറയുന്നത് കാണുക: അല്ലാഹു നബി(സ്വ)യുടെ കീര്‍ത്തി ദുന്‍യാവിലും ആഖിറത്തിലും ഉയര്‍ത്തിയിരിക്കുന്നു. അഷ്ഹദു അന്‍ ലാഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ റസൂലുല്ലാഹ്.'എന്നു പറയാത്ത ഒരു നിസ്‌കരിക്കുന്നവനോ പ്രഭാഷകനോ സത്യദീന്‍ കൊണ്ട് സാക്ഷ്യംവഹിക്കുന്നവനോ ഉണ്ടാവുകയില്ല. മുത്ത്‌നബി(സ്വ)യുടെ മഹത്വത്തിന്റെ അര്‍ത്ഥവും ആഴവും മനസ്സിലാക്കാന്‍ ഇതു തന്നെ ധാരാളം. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നു പ്രഖ്യാപിച്ച ഉടനെ മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നു ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു എന്ന് പറഞ്ഞെങ്കില്‍ മാത്രമേ വാചകം പൂര്‍ണമാവുകയുള്ളൂ. ആ ഉല്‍കൃഷ്ട വ്യക്തിത്വത്തിന്റെ മഹത്വം തിരിയാന്‍ ഇതിലപ്പുറം എന്ത് വേണം? അബൂ സഈദുല്‍ ഖുദ്‌രി(റ)റിപ്പോര്‍ട്ട് ചെയ്ത ഹദീസ് കാണുക- ഒരിക്കല്‍ നബി(സ്വ) പറഞ്ഞു: ''ഒരവസരത്തില്‍ എന്റെയടുക്കല്‍ ജിബ്‌രീല്‍(അ) വന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു: ''നബിയേ, എന്റെയും നിങ്ങളുടെയും റബ്ബ് എന്നോട് ഇപ്രകാരം ചോദിച്ചു: നിങ്ങളുടെ നാമത്തെ ഞാനെങ്ങനെയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് നിനക്കറിയാമോ? അപ്പോള്‍ ഞാന്‍ ഇല്ലെന്ന് മറുപടി നല്‍കി. ആ സമയത്ത് അല്ലാഹു നല്‍കിയതിങ്ങനെയാണ്: എന്റെ നാമം സ്മരിക്കുന്ന സന്ദര്‍ഭത്തില്‍ നബി(സ്വ)യുടെ നാമവും സ്മരിക്കപ്പെടുന്നു. റബ്ബിനെ സ്മരിക്കുന്ന ഏതു നേരവും നബി(സ്വ) തങ്ങളുടെ നാമം ഓരോരുത്തരുടെയും നാവിന്‍ തുമ്പിലുയരുമെന്നു സാരം. ഈമാന്റെ പൂര്‍ണത സംഭവിക്കുന്നത് എന്നെ സ്മരിക്കുന്നതോടൊപ്പം മുഹമ്മദ് നബി(സ്വ)യെയും സ്മരിക്കുമ്പോഴാണെന്നാണ് അല്ലാഹു ഇതുകൊണ്ടര്‍ത്ഥമാക്കുന്നതെന്ന് ഇബ്‌നു അതാഅ്(റ) എന്നവര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഇതിനെക്കുറിച്ച് ജഅ്ഫറുബ്‌നു മുഹമ്മദ് സ്സ്വാദിഖ്(റ) എന്നവര്‍ പറയുന്നത് കാണുക: ''റുബൂബിയ്യത്തു കൊണ്ട് എന്നെ സ്മരിക്കുന്നവരെല്ലാം പ്രവാചകത്വം കൊണ്ട് നബി(സ്വ)യെയും സ്മരിക്കുമെന്നാണ് ഇതിലൂടെ അല്ലാഹു അര്‍ത്ഥമാക്കിയിരിക്കുന്നത്.'' നാളെ മഹ്ശറയില്‍ വച്ച് അല്ലാഹുവിനോട് അടിമകളുടെ വിഷയത്തില്‍ ശുപാര്‍ശ ചെയ്യാനുള്ള നബി(സ്വ) തങ്ങളുടെ പദവിയെയാണ് മുത്തുനബി(സ്വ)യുടെ കീര്‍ത്തി ഉയര്‍ത്തിയിരിക്കുന്നുയെന്നതിന്റെ വിവക്ഷയെന്നും ചില പണ്ഡിതന്മാര്‍ വിശദീകരിച്ചിരിക്കുന്നു. അല്ലാഹുവിനു വഴിപ്പെടുന്നത് റസൂല്‍(സ്വ)ക്ക് വഴിപ്പെടുന്നതിനോട് അനുസരിച്ച് വരണമെന്നത് പോലെത്തന്നെ അല്ലാഹുവിന്റെ നാമത്തോട് കൂടെ നബി(സ്വ)യുടെ പേരും ചേര്‍ക്കപ്പെട്ടിരിക്കുന്നു. 'നിങ്ങള്‍ അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുക. നിങ്ങള്‍ അല്ലാഹുവിനെക്കൊണ്ടും അവന്റെ പ്രവാചകനെക്കൊണ്ടും വിശ്വസിക്കുക. ഇങ്ങനെ അല്ലാഹുവിന്റെ കൂടെ ചേര്‍ത്ത് പറയുകയെന്നതിന് പ്രവാചകന്‍ (സ്വ)യുടെ നാമത്തിനു മാത്രമേ അര്‍ഹതയുള്ളൂ. മറ്റൊരു സൃഷ്ടിക്കും ഇത് അനുവദനീയമല്ല. ഹുദൈഫ(റ) റിപ്പോര്‍ട്ട് ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം: നബി(സ്വ) പറഞ്ഞു: ''നിങ്ങളിലൊരാളും തന്നെ അല്ലാഹുവും ഇന്നാലിന്ന മനുഷ്യനും ഉദ്ദേശിച്ചിരിക്കുന്നു എന്ന് പറയരുത്. മറിച്ച്, അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നു, പിന്നെ ഇന്നാലിന്ന മനുഷ്യനും ഉദ്ദേശിച്ചിരിക്കുന്നു എന്നാണ് നിങ്ങള്‍ പറയേണ്ടത്. ഇതിനെ കുറിച്ച് ഇമാം ഖതാബി എന്നവരുടെ അഭിപ്രായം കാണുക: മറ്റുള്ളവരുടെ കരുത്തിനെക്കാള്‍ അല്ലാഹുവിന്റെ ഉദ്ദേശ്യമാണ് ആദ്യമുണ്ടാവുകയെന്ന പാഠം സ്വഹാബികള്‍ക്ക് പകര്‍ന്നു നല്‍കുകയാണ് തിരുനബി(സ്വ) ഇതിലൂടെ ചെയ്തത്.'' ഒരിക്കല്‍ ഒരു പ്രഭാഷകന്‍ നബി(സ്വ)യുടെ സദസ്സില്‍ വച്ച് 'ആരെങ്കിലും അല്ലാഹുവിനെയും അവന്റെ പ്രവാചകനെയും വഴിപ്പെട്ടാല്‍ അവന്‍ സന്മാര്‍ഗത്തിലായിരിക്കുന്നു. ആരെങ്കിലും അവരോട് രണ്ടാളോടും എതിരു പ്രവര്‍ത്തിച്ചാല്‍... എന്ന് പറഞ്ഞു. ഇതു കേട്ട നബി(സ്വ) തങ്ങള്‍ മോശപ്പെട്ട പ്രഭാഷകന്‍, നീ ഇവിടെ നിന്നു പോവുക എന്ന് ദേശ്യത്തോടെ പ്രതികരിക്കുകയുണ്ടായി. ദ്വയാര്‍ത്ഥം ധ്വനിപ്പിക്കുന്ന രീതിയിലുള്ള വാചകമുപയോഗിച്ച് അല്ലാഹുവിനെയും റസൂലിനെയും തുല്യമാക്കി പറഞ്ഞതിനാലാണ് നബി(സ്വ) ഈ പ്രഭാഷകനോട് ഈ രീതിയില്‍ പ്രതികരിച്ചതെന്നാണ് അബൂസുലൈമാന്‍ എന്നവര്‍ ഈ ഹദീസിനു നല്‍കിയ വ്യാഖ്യാനം. ചില പണ്ഡിതര്‍, ആരെങ്കിലും അല്ലാഹുവിനും റസൂലിനും എതിരു പ്രവര്‍ത്തിച്ചാല്‍ എന്നു മാത്രം പറഞ്ഞ് ആ പ്രഭാഷകന്‍ നിറുത്തിയതിനാലാണ് നബി(സ്വ) ഇങ്ങനെ അഭിപ്രായപ്പെട്ടതെന്നും പറഞ്ഞിട്ടുണ്ട്. മറ്റൊരു റിപ്പോര്‍ട്ടില്‍ ആരെങ്കിലും എതിരു പ്രവര്‍ത്തിച്ചാല്‍ അവന്‍ പിഴച്ച് പോയിരിക്കുന്നു എന്ന് പൂര്‍ണമായിത്തന്നെ ആ പ്രഭാഷകന്‍ പറഞ്ഞതായി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ അബൂസുലൈമാന്‍ എന്നവരുടെ അഭിപ്രായമാണ് ഇവിടെ കൂടുതല്‍ ശരിയായി വരുന്നത്. (ഈ ഗ്രന്ഥത്തിന് വിശദീകരണമെഴുതിയ അല്ലാമ ശുമുന്നീ എന്നവര്‍ ഇവിടെ ഇമാം നവവി(റ)വിനെ ഉദ്ധരിക്കുന്നുണ്ട്. ഈ ഹദീസിനുള്ള മഹാന്റെ വിശദീകണം കാണുക: ''ആ പ്രഭാഷകനെ നബി(സ്വ) ആക്ഷേപിച്ചതിനു കാരണം വ്യക്തമാണ്. അയാളുടെ ശൈലി നബി(സ്വ)ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. പ്രഭാഷകരുടെ ശൈലി ഏതു നേരവും ശ്രോതാക്കള്‍ക്ക് വ്യക്തമാകുന്ന രീതിയിലാകേണ്ടത് അനിവാര്യമാണ്. ദ്വയാര്‍ത്ഥ പ്രയോഗങ്ങളോ തിരിയാത്ത സാഹിത്യങ്ങളോ അവര്‍ ഉപയോഗിക്കുന്നത് നല്ലതല്ല. കാരണം, പ്രവാചകന്‍(സ്വ) ഒരു കാര്യം പറയുന്ന സന്ദര്‍ഭത്തില്‍ അത് മൂന്നു വട്ടം മടക്കി പറയാറുണ്ടായിരുന്നു. ആളുകള്‍ക്ക് വ്യക്തമായി മനസ്സിലാകുന്നതിനു വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തിരുന്നത്. അല്ലാഹുവിന്റെയും റസൂലിന്റെയും നാമം ഒപ്പം പറഞ്ഞതു കൊണ്ട് മാത്രമല്ല ഈ നിരോധത്തിന്റെ അടിസ്ഥാനം. കാരണം, നബി(സ്വ) തങ്ങള്‍ തന്നെ പലപ്പോഴായി അങ്ങനെ പറഞ്ഞിട്ടുണ്ട്.) 'അല്ലാഹുവും മലക്കുകളും നബി(സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുന്നു' എന്ന ആയത്തുമായി ബന്ധപ്പെട്ടും വിവിധ വ്യാഖ്യാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഈ ആയത്തിലെ സ്വലാത്ത് ചൊല്ലുന്നു എന്നത് അല്ലാഹുവിലേക്കും മലക്കുകളിലേക്കും ഒരുപോലെ ചേരുന്നതാണെന്നും, അതല്ല അല്ലാഹു സ്വലാത്ത് ചൊല്ലുന്നു, മലക്കുകളും സ്വലാത്ത് ചൊല്ലുന്നു എന്ന് ഇവിടെ സങ്കല്‍പിക്കണമെന്നും തുടങ്ങിയ വ്യത്യസ്ത അഭിപ്രായങ്ങള്‍ നിലനില്‍ക്കുണ്ട്. ഉമര്‍(റ)വില്‍നിന്ന് ഇപ്രകാരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി കാണാം. മഹാന്‍ പറഞ്ഞു: ''നബി(സ്വ)തങ്ങളുടെ മഹത്വം കാരണം പ്രവാചകന് വഴിപ്പെടുന്നത് അല്ലാഹുവിന് വഴിപ്പെടുന്നതു പോലെ കണക്കാക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നത് ഇപ്രകാരമാണ്: ''ആരെങ്കിലും റസൂലിനു വഴിപ്പെട്ടാല്‍ അവന്‍ അല്ലാഹുവിന് വഴിപ്പെട്ടിരിക്കുന്നു.'' (നിസാഅ്: 80) ആലുഇംറാന്‍ സൂറത്തിലെ മുപ്പത്തിയൊന്നാമത്തെ വചനമായ (നബിയേ) പറയുക: 'നിങ്ങള്‍ അല്ലാഹുവിനെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും നിങ്ങളെ സ്‌നേഹിക്കുകയും ചെയ്യുന്നതാണ്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ.'' (ആലു ഇംറാന്‍: 31) എന്ന ആയത്തിറങ്ങിയപ്പോള്‍ മക്കക്കാരായ ആളുകള്‍ ക്രിസ്ത്യാനികള്‍ ഈസാ(അ)നെ ആക്കിയതുപോലെ നാം അദ്ദേഹത്തെ ആക്കി മാറ്റാനാണ് മുഹമ്മദ് ഉദ്ദേശിക്കുന്നത് 'എന്ന് പറയുകയുണ്ടായി. ഉടന്‍ തന്നെ അല്ലാഹു '(നബിയേ) പറയുക: നിങ്ങള്‍ അല്ലാഹുവിനും അവന്റെ റസൂലിനും വഴിപ്പെടുക' എന്ന ആയത്ത് അവതരിപ്പിക്കുകയുണ്ടായി. മുത്തുനബി(സ്വ)യെ അല്ലാഹു സ്‌നേഹിച്ചതിന്റെയും ആദരിച്ചതിന്റെയും സുന്ദര ചിത്രങ്ങള്‍ ഇവിടെ പാരാവാരം കണക്കെ പരന്നു കിടക്കുന്നുണ്ട്. 'ഞങ്ങളെ നീ നേര്‍മാര്‍ഗത്തില്‍ അഥവാ നീ അനുഗ്രഹിച്ചവരുടെ മാര്‍ഗത്തില്‍' എന്ന സൂറത്തുല്‍ ഫാതിഹയിലെ ആയത്തും റസൂല്‍(സ്വ)യെ അല്ലാഹു ആദരിച്ചതിലേക്കാണ് വിരല്‍ചൂണ്ടുന്നതെന്ന് നിരവധി പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. അബുല്‍ ആലിയ(റ), ഇമാം ഹസനുല്‍ ബസ്വരി(റ) എന്നിവര്‍ പറയുന്നത് കാണുക: ''ഇവിടെ നേരായ മാര്‍ഗം എന്നതിന്റെ വിവക്ഷ പ്രവാചകന്‍(സ്വ)യും അഹ്‌ലുബൈത്തും സ്വഹാബത്തുമാണ്.'' അബുല്‍ഹസ്വന്‍ മാവര്‍ദി, മക്കിയ്യ്, അബുല്ലൈസ് സമര്‍ഖന്ദി, അബ്ദുറഹ്മാനുബ്‌നു സൈദ്(റ) എന്നിവരെല്ലാം ഇതുപോലെയുള്ള അഭിപ്രായം പ്രകടിപ്പിച്ചവരാണ്. ദുര്‍മൂര്‍ത്തികളെ അവിശ്വസിക്കുകയും അല്ലാഹുവിനെ വിശ്വസിക്കുകയും ചെയ്തവന്‍ പിടിച്ചിട്ടുള്ളത് പൊട്ടിപ്പോകാത്ത ബലമുള്ള ഒരു കയറിലാകുന്നു എന്ന് സൂറത്തുല്‍ ബഖറയിലെ 156ാം വചനത്തില്‍ കാണാം. ഇവിടെ ബലമുള്ള കയറ് എന്നതു കാണ്ട് അര്‍ത്ഥമാക്കുന്നത് മുഹമ്മദ്(സ്വ)യാണെന്ന് ചില പണ്ഡിതര്‍ പറഞ്ഞതായി അബ്ദുറഹ്മാന്‍ സ്സുലമിയ്യ് എന്നവര്‍ ഉദ്ധരിച്ചതായി കാണാം. അപ്രകാരംതന്നെ ഇതുകൊണ്ടുള്ള ഉദ്ദേശ്യം ഇസ്‌ലാമാണെന്നും തൗഹീദ് കൊണ്ട് സാക്ഷ്യംവഹിക്കലാണെന്നുമൊക്കെ പലരും വിശദീകരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിനെ എണ്ണി തിട്ട പ്പെടുത്താനാകില്ല'(നഹ്‌ല്: 18) എന്ന സൂക്തത്തിലെ അനുഗ്രഹമെന്നതിന്റെ വിവക്ഷ മുഹമ്മദ് നബി(സ്വ)യെക്കൊണ്ട് അല്ലാഹു നമുക്ക് ചെയ്തുതന്ന അനുഗ്രഹമാണെന്ന

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter