പാശ്ചാത്യ മ്യൂസിയങ്ങളിലെ മുസ്‍ലിം ശേഷിപ്പുകള്‍
ലണ്ടന്‍ സ്ഥിരതാമസക്കാരനായ, എഴുത്തുകാരനും ഫോട്ടോഗ്രാഫറുമാണ് സിറാര്‍ അലി. വടക്കേ ആഫ്രിക്ക മുതല്‍ ഖുറാസാന്‍ വരെ യാത്ര നടത്തിയ അദ്ദേഹം കിഴക്കിനെ കാണാനും പഠിക്കാനും ശ്രമിച്ചുകൊണ്ടേയിരിക്കുന്ന പാശ്ചാത്യനാണ്. ഇസ്‍ലാമിക സംസ്കാരവും തനിമയും പാശ്ചാത്യര്‍ക്ക് പരിചയപ്പെടുത്തുകയാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. അല്ലാമാ മുഹമ്മദ് ഇഖ്ബാലിന്റെ കവിതകളുടെ ഇംഗ്ലീഷ് പരിഭാഷ പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം ഇപ്പോള്‍. ബ്രിട്ടീഷ് മ്യൂസിയങ്ങളിലെ മുസ്‍ലിം പൈതൃകങ്ങളെ കുറിച്ച് അദ്ദേഹം എഴുതിയ ലേഖനത്തിന്റെ വിവര്‍ത്തനം
2003-ല്‍ ഞാന്‍ ലണ്ടനിലെ വിക്ടോറിയയിലെ ജമീൽ ഗാലറിയും ആൽബർട്ട് മ്യൂസിയവും സന്ദർശിച്ചത് ഇന്നും ഞാൻ ഓർക്കുന്നു. അന്നെനിക്ക് പതിനേഴ് വയസ്സാണ് പ്രായം. ഇറാഖിൽ അമേരിക്കയുടെ അധിനിവേശം ആരംഭിച്ചതിന്റെ ഉടനെയായിരുന്നു അത്.
അമേരിക്കൻ, യൂറോപ്യൻ പൗരന്മാർ രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിൽ ആവേശഭരിതരായി മ്യൂസിയത്തിന്റെ മാർബിൾ തറകളിലൂടെ നടക്കുന്നത് കണ്ടപ്പോള്‍, മനുഷ്യ ചരിത്രത്തിലെ ഏറ്റവും പുരാതന നാഗരികതകളിലൊന്നായ ഇറാഖ് ബോംബിട്ട് തകര്‍ക്കാന്‍ ഇവര്‍ക്ക് എങ്ങനെ കഴിയുന്നു എന്ന് എന്റെ മനസ്സ് അല്‍ഭുതപ്പെട്ടു. കാലക്രമേണ, അതിനുള്ള ഉത്തരവും ആ മ്യൂസിയങ്ങളിലുണ്ടെന്ന് ഞാൻ മനസ്സിലാക്കി. സാമ്രാജ്യത്വ വിജയത്തിന്റെ പ്രതീകമായാണ് അവ ഇന്നും നിലകൊള്ളുന്നത്.
1753-ൽ ബ്രിട്ടീഷ് മ്യൂസിയം ആരംഭിച്ചപ്പോള്‍ അതിലുണ്ടായിരുന്നത് 71,000 ഇനങ്ങളായിരുന്നു. അടുത്ത 250 വർഷങ്ങളിൽ, കോളനിവൽക്കരണത്തിന്റെ ഫലമായി അതിവേഗം വികസിച്ച് നിരവധി ശാഖകൾ വരെ തുറന്നു. ഇന്ന്, ഗ്രീസിലെ എൽജിൻ മാർബിളുകൾ മുതൽ ഈജിപ്തിലെ റോസെറ്റ സ്റ്റോൺ ഉൾപ്പെടെ എട്ട് ദശലക്ഷം വസ്തുക്കളുണ്ട് ആ മ്യൂസിയത്തിൽ. ഒന്നാം ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി മുതലാളിമാരുടെ വീടുകളില്‍നിന്നും സഭയിൽ നിന്നും കൊള്ളയടിക്കപ്പെട്ട 537 ചിത്രങ്ങളുമായാണ്, 1793-ൽ പാരീസിൽ ലവ്റെ മ്യൂസിയം തുറന്നത്. നെപ്പോളിയൻ ബോണപാർട്ടിന്റെ സൈനിക മുന്നേറ്റങ്ങളിലൂടെ അതും അതിവേഗം വികസിച്ചു.
കൊളോണിയലിസത്തിന്റെ ആഗോള വ്യാപനത്തോടെ യൂറോപ്പിലുടനീളം അനേകം മ്യൂസിയങ്ങളാണ് തുറന്നത്. കോളനി രാഷ്ട്രങ്ങളിലെ പുരാവസ്തു ശേഖരങ്ങളിൽ നിന്ന് കടത്തിക്കൊണ്ടുവന്ന കലാ സൃഷ്ടികള്‍, പുരാവസ്തുക്കൾ, ചരിത്രപരമോ മതപരമോ ആയി പ്രാധാന്യമുള്ള സ്ഥലങ്ങളിലെ അപൂർവ രേഖകൾ, അമൂല്യമായ കൈയെഴുത്തുപ്രതികൾ, തുടങ്ങി പുരാതന് മനുഷ്യന്റെ അവശിഷ്ടങ്ങൾ വരെ ഇത്തരത്തില്‍ യൂറോപിലെത്തി.
ഭൂഖണ്ഡങ്ങളിലും സമുദ്രങ്ങളിലും വ്യാപിച്ചുകിടക്കുന്ന ലോകത്തിലെ സംസ്‌കാരങ്ങളെ ഒരു മേൽക്കൂരയ്ക്കുകീഴിൽ കൊണ്ടുവന്നുവെന്നാണ് ബ്രിട്ടീഷ് മ്യൂസിയം അഭിമാനത്തോടെ പറയാറുള്ളത്. എന്നാല്‍, കോളനി വല്ക്കരണത്തിന്റെ മറവില്‍ നടന്ന സാംസ്കാരിക കൊള്ളയിലൂടെയാണ് അത് സാധ്യമാക്കിയത് എന്ന് ഇത് വരെ അത്ര ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി പലരും ഇത് ഉയര്‍ത്തിക്കൊണ്ടിരിക്കുന്നു. പാശ്ചാത്യ മ്യൂസിയങ്ങളിലെ പലതിനും ചരിത്രപരമായ രേഖകളോ തെളിവുകളോ ഇല്ലെന്നത് ഇതിനോട് ചേര്‍ത്ത് വായിക്കപ്പെടുന്നു. യൂറോപ്യൻ മ്യൂസിയങ്ങളിലുള്ള ഇത്തരം വസ്തുക്കൾ അവയുടെ ഉറവിടങ്ങളിലേക്ക് തന്നെ തിരികെ നൽകണമെന്നുള്ള പ്രചാരങ്ങളും ചില രാജ്യങ്ങളിൽ നിന്ന് ഇയ്യിടെയായി ഉയർന്നിട്ടുണ്ട്. മുസ്‍ലിം രാജ്യങ്ങളില്‍നിന്നും ഇത്തരം അനേക പൈതൃകശേഷിപ്പുകളാണ് യൂറോപ്പിലേക്ക് കടത്തപ്പെട്ടതും ഇന്നും അവിടത്തെ മ്യൂസിയങ്ങളില്‍ സൂക്ഷിക്കപ്പെട്ടിരിക്കുന്നതും.
1798-ൽ നെപ്പോളിയൻ ഈജിപ്തിൽ കാലുകുത്തിയത് മുതൽ, പുരാതന സംസ്കാരങ്ങളുടെ ഈറ്റില്ലമായിരുന്ന അറബ് (മുസ്‍ലിം) ലോകത്തായിരുന്നു യൂറോപ്യരുടെ കണ്ണ്. ലോക ചരിത്രത്തിൽ തങ്ങളുടേതായ യഥാര്‍ത്ഥ സ്ഥാനം മനസ്സിലായതോടെ അപകര്‍ഷത അനുഭവപ്പെട്ട യൂറോപ്യർ, അത് മറക്കാനായി മുസ്‍ലിംകളെ കുറിച്ച് അപവ്യാഖ്യാനങ്ങൾ നിർമ്മിക്കാൻ തുടങ്ങി. ഈ പ്രതിപ്രവര്‍ത്തനമാണ് പിന്നീട് ഓറിയന്റലിസം എന്നറിയപ്പെട്ടത്. പാശ്ചാത്യ ഭാവനയുടെ രൂപീകരണത്തിലും പുനർരൂപകൽപ്പനയിലും, മുസ്‍ലിം ലോകത്ത് നിന്നുള്ള പൈതൃക വസ്തുക്കളുടെ ശേഖരണവും പ്രദർശനവും വരെ അവര്‍ സമര്‍ത്ഥമായി ഉപയോഗപ്പെടുത്തി.
അറബ് ലോകത്തെ, ഇരുണ്ട മരുഭൂമിയായി പരിചയപ്പെടുത്തിയ അവര്‍, അവിടത്തെ നാടോടികളും ദാരിദ്ര്യ ബാധിതരുമായ ആളുകളായിരുന്നില്ല, പുരാതന സംസ്കാരങ്ങളുടെ വക്താക്കളെന്ന് വരുത്തിത്തീര്‍ത്തു. ലോകം ഭരിക്കുകയും ജ്യോതിശാസ്ത്രം അടക്കമുള്ള വിവിധ ശാസ്ത്ര മേഖലകളിൽ ഇതിഹാസം സൃഷ്ടിക്കുകയും ചെയ്തവരായിരുന്നു അവരെന്നത് മനപ്പൂര്‍വ്വം അവര്‍ മറച്ച് പിടിച്ചു. അവിടങ്ങളിലെ പൈതൃകവസ്തുക്കളെ സംരക്ഷിക്കേണ്ടത് വെള്ളക്കാരുടെ ബാധ്യതയാണെന്നും അതിന് വേണ്ടിയാണ് അവയെല്ലാം യൂറോപ്പിലേക്ക് കടത്തിയതെന്നും അവര്‍ പ്രചരിപ്പിച്ചു. അല്ലാത്ത പക്ഷം, അവയുടെ വിലയറിയാത്ത ആ ജനങ്ങള്‍ അത് നശിപ്പിക്കുമെന്ന് വരെ അവര്‍ പറഞ്ഞുണ്ടാക്കി. അതോടെ, യാതൊരു വിധ സാംസ്കാരിക ചരിത്രവും ഇല്ലാതിരുന്നിട്ട് കൂടി, യൂറോപ്യന്‍ മ്യൂസിയങ്ങള്‍ സമ്പന്നമായി. അവയെല്ലാം അവരുടെ സമ്പന്നചരിത്രത്തിന്റെയും പൈതൃകത്തിന്റെയും പ്രതീകങ്ങളായി അവതരിപ്പിക്കപ്പെട്ടു.
ഇന്ന്, ലവ്റെ, ന്യൂയോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ട്, വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം, ലണ്ടനിലെ ബ്രിട്ടീഷ് ലൈബ്രറി, ബെർലിനിലെ പെർഗമോൺ മ്യൂസിയം എന്നിവയെല്ലാം, വിശാലവും പുരാതന സംസ്കാരങ്ങളാല്‍ സമ്പന്നവുമായ മുസ്‍ലിം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച അപൂർവ്വവും അമൂല്യവുമായ വസ്തുക്കളുടെ ശേഖരങ്ങളാണെന്ന് തന്നെ പറയാം. ആയിരം വർഷത്തെ സംസ്കാരവും കലയും ഏതാനും റൂമുകളില്‍ ഏകീകരിച്ചിരിക്കുന്നു എന്ന് അവര്‍ അഭിമാനിക്കുന്നത് അവ ഉപയോഗപ്പെടുത്തിയാണ്.
യൂറോപ്യൻ ഭാവനയിൽ ശരിയായും കൃത്യമായും ഇടം പിടിക്കാന്‍ മുസ്‌ലിംകൾ എന്നും പാടുപെട്ടിട്ടുണ്ട്. അവരുടെ അപനിര്‍മ്മിത ധാരണകളെ തിരുത്താന്‍ ഒട്ടേറെ ശ്രമങ്ങള്‍ സമീപ വർഷങ്ങളിലായി നടക്കുന്നു എന്നതും പ്രസ്താവ്യമാണ്. മുസ്‌ലിം സംഘടനകൾ തന്നെ ഫണ്ട് ചെയ്ത് നടത്തുന്ന പ്രദർശനങ്ങൾ ചരിത്രപരമായ തെറ്റിദ്ധാരണകൾ തിരുത്താൻ അല്‍പമെങ്കിലും സഹായകമായിട്ടുണ്ട്. 2009-ൽ, വിക്ടോറിയ ആൻഡ് ആൽബർട്ട് മ്യൂസിയം, ആർട്ട് ജമീൽ എന്ന സ്വകാര്യ സൗദി ഗ്രൂപ്പുമായി സഹകരിച്ച് ‘ദി ജമീൽ പ്രൈസ് മത്സരം’ ആരംഭിച്ചത് ഇതിന്റെ ഭാഗമായിരുന്നു. സൗദി കലാകാരനായ അജ്‌ലാൻ ഗാരിമിന്റെ 'പറുദീസയ്ക്ക് നിരവധി കവാടങ്ങളുണ്ട്' എന്ന കൃതിയായിരുന്നു ഇതിൽ ഒന്നാം സമ്മാനം നേടിയത്. ഈ കൃതിയുടെ തലക്കെട്ട് ഖുർആനിൽ വിവരിച്ചിരിക്കുന്ന സ്വർഗത്തിലേക്കുള്ള വ്യത്യസ്ത പാതകളെയാണ് സൂചിപ്പിക്കുന്നതെന്നാണ് ഗ്രന്ഥകാരന്‍ തന്നെ പറയുന്നത്.
2020-ന്റെ തുടക്കത്തിൽ, ബ്രിട്ടീഷ് മ്യൂസിയം 'കിഴക്കിന്റെ പ്രചോദനം: ഇസ്‌ലാമിക ലോകം പാശ്ചാത്യ കലയെ എങ്ങനെ സ്വാധീനിച്ചു' എന്ന പേരിൽ ഒരു എക്സ്ബിഷൻ നടത്തി. കിഴക്കിന്റെ സ്വാധീനത്തേക്കാളേറെ, പടിഞ്ഞാറ് എങ്ങനെയാണ് കിഴക്കിനെ വീക്ഷിച്ചതും ഇപ്പോഴും വീക്ഷിക്കുന്നതും എന്നായിരുന്നു ഇത് കാണിച്ചുതന്നത് എന്ന് പറയാതെ വയ്യ. എങ്കിലും ആ ശ്രമം ആഗോള തലത്തില്‍ തന്നെ ഏറെ പ്രശംസിക്കപ്പെട്ടു.
മുസ്‍ലിംകൾക്ക് അവരുടെ സംസ്കാരവും ചരിത്രവും പ്രദർശിപ്പിക്കാൻ യൂറോപ്യൻ മ്യൂസിയങ്ങൾ അവസരം നൽകുന്നത് വളരെ വിരളമാണ്. എങ്കിലും മുസ്‌ലിം പൈതൃകത്തിന്റെയും സ്വത്വത്തിന്റെയും പ്രദർശനത്തിന് വേദികള്‍ ഉണ്ടാക്കാവുന്നതേയുള്ളൂ. പക്ഷേ, പലർക്കും അത് വ്യക്തമാക്കാനും തുറന്ന് കാണിക്കാനും വേണ്ടത്ര ധൈര്യമോ താല്പര്യമോ ഇല്ലെന്നതാണ് അതേക്കാള്‍ നിരാശാജനകം.
വിവ: സ്വാദിഖ് ചുഴലി
കടപ്പാട്: TRT
Leave A Comment